Wednesday, December 24, 2014

നേരം വെളുക്കുവാൻ നേരമായില്ലിത്ര
നേരത്തെയെന്തിന്നെഴുന്നേല്ക്കണം
സ്കൂളിന്നവധിയാണത്രേ! സമരം, അടുത്തുള്ള
'ബാറു' തുറക്കുവാനത്രേ!
മൂടിപ്പുതച്ചു കിടന്നുറങ്ങാം, അൽപ്പനേരം,
വിശപ്പിൻ വിളികളെത്തും വരെ .

ഉമ്മറത്തിന്നും പതിഞ്ഞ ശബ്ദം, അച്ഛനെ-
ന്നത്തെയും പോലെണീറ്റതാകാം.
"വൈകുവാനാകില്ല പെണ്ണേ, വിതയ്ക്കണം
ചെല്ലട്ടെ ഞാനത്രടം വരേയ്ക്കും"
കോരന്നു കഞ്ഞിയുമായുച്ച നേരത്ത്
പോരണം എന്നു പറഞ്ഞു താതന്‍,
തോളില്‍ തുരുമ്പിച്ച തൂമ്പയുമേന്തി നെല്‍-
പ്പാടത്തിലേയ്ക്കു നടന്നു മെല്ലെ.   

തോടുമുറിച്ചൂ കടന്നൂ, വരമ്പിലൂ-
ടായം പിടിച്ചു  നടന്നൂ.
അല്‍പദൂരത്തിതാ കണ്ടൂ, വിളക്കിന്റെ
കൊച്ചുവെളിച്ചത്തിലായി,
കോരന്‍ വരമ്പിലിരുന്നു കൊണ്ടാരോടോ
തോരാതെയെന്തോ പറഞ്ഞു
പാടത്തു വിത്തു വിത കഴിഞ്ഞു, കോര-
നാര്‍ക്കോ കൊടുക്കുന്നു കൂലി.

വെള്ളിടി പോലെ മനസ്സില്‍ തെളിഞ്ഞു,
താന്‍ കണ്ടതു  സ്വപ്നമാണെന്നോ?
ഇന്നലെയല്ലോ പണം തന്നു, കോരനീ
പാടം വിലയ്ക്കു വാങ്ങിച്ചൂ.
പെട്ടെന്നെഴുന്നേറ്റു ചെന്നു, ഉമ്മറ-
ത്തമ്മയിരുന്നു കേഴുന്നു .
ഒന്നുമറിയാതെയച്ഛന്‍, നെഞ്ചിന്‍
നീറ്റലണയ്ക്കുന്നു തെക്കായ്.

ദീപക് ജി നായര്‍
 

Sunday, December 21, 2014

മറവിയുമായി ഒരു ഒത്തുതീര്‍പ്പ്..
ഇതുവരെയുള്ള ഓര്‍മ്മകളെ തിരികെ തന്നാല്‍ ഇനിയുള്ളതെല്ലാം പകരം തരാം...
ഇന്നലെകളെയും നാളെകളെയും, ഓര്‍മ്മകളെയും മറവിയെയും ഇന്നുകൊണ്ടൊരു പകുത്തെടുക്കല്‍..

ദീപക് ജി നായര്‍

Saturday, December 20, 2014


ഇനിയുമൊരിക്കലെന്നോതിപ്പിരിഞ്ഞന്നു
കിനിയാതെ കണ്ണീരൊളിപ്പിച്ച മിഴിയുമായ്
വനികയിൽ പൂത്തപൂമൊട്ടുകൾ പൂക്കളായ്
കനികളായ് കാലത്തിനലയില്‍ കൊഴിഞ്ഞുപോയ്.
പൊഴിയുന്നിതോര്‍മ്മകള്‍ തന്‍ മഴത്തുള്ളികള്‍
നനയുന്നു ഞാനതില്‍ തിരയുന്നിതാ മണം 

 ശുഭദിന ആശംസകള്‍...

 ദീപക് ജി നായര്‍

മണ്ണില്‍ ജനിച്ചനാള്‍തൊട്ടുനാമെല്ലാരും
ഉള്ളില്‍ ഭയക്കുന്നതൊന്നുമാത്രം.
കയ്യില്‍ ചുരുട്ടിയ പാശവും പേറി, യമ-
നെന്നാഗമിക്കുമെന്നുയിരെടുപ്പാന്‍.
ഉള്ളത്രകാലമിതുതന്നേ നിനച്ചു നാം
സര്‍വ്വത്ര പാഴാക്കിടുന്നതീ  ജീവിതം
ഇല്ലായ്മ ചെയ്ക ഭയമിന്നേ മനസ്സതില്‍
നിന്നും നിരാശകളറുത്തകറ്റീടുക.
ആശതൻ തേർ തെളിച്ചിന്നേ തുടങ്ങുക 
മോശമല്ലാതുള്ള കർമ്മങ്ങളൊക്കെയും 
 
ദീപക് ജി നായർ 
ജനലഴിയില്‍നിന്നും
വഴിയിലേക്ക് നീട്ടി വച്ച കരിന്തിരിക്കണ്ണുകള്‍

മറവിയിലേക്ക് മറിച്ചിട്ട അമ്മിഞ്ഞപ്പാല്‍ മണം

ഇരുട്ടുമുറിയില്‍  നെഞ്ചിന്‍കൂട്  കത്തിപ്പുകച്ച
കുന്തിരിക്കത്തിന്‍ മരണമണം.

ദീപക് ജി നായര്‍


 
പുതുവർഷത്തിൽ 
             പുനർജ്ജനിക്കുന്ന 
                                            സ്വപ്‌നങ്ങൾ 

ചിതലെടുത്തൊരെൻ ഭൂതകാലത്തിന്റെ
ചുമടുതാങ്ങിത്തളർന്നിരിക്കുമ്പൊഴും
ചിറകടിച്ചെങ്ങു പായുന്നു കാലമേ
തിരികെ നല്കുകെൻ ചായങ്ങളൊക്കെയും.

ഇനി മറിയ്ക്കാത്ത പുസ്തകത്താളുകൾ-
ക്കിടയിലെന്തെനിയ്ക്കായ്‌ നീ കുറിച്ചുവോ
കൊടിയ വേനലോ, കണ്ണീർത്തടങ്ങളോ?
കുളിരു തേവുന്ന തണ്ണീർക്കുളങ്ങളോ ?

കവിത പൂക്കുന്ന കാവ്യാങ്കണത്തിലെ
കവനഹാരം കൊരുക്കുവാനക്ഷര -
ക്കളരിതന്നിൽ ഹരിശ്രീ കുറിച്ചൊന്നു
പുലരുവാൻ കാത്തിരിക്കയാണിപ്പൊഴും.

ഇടറിവീഴുന്നുറക്കത്തിലേക്കു നൽ-
ക്കനവിലുണരുന്ന പുലരിയിൽ, പൂക്കളായ്
പുനർജ്ജനിക്കുന്നു, പൂത്തുമ്പിയായ് മധു-
നുകരുമാനന്ദ ശലഭങ്ങളായ് മനം.

ഇതളടർന്നു  വീഴുന്നൊരീ വർഷത്തി-
നിടയില്‍ വീണു മരിച്ച കിനാവുകള്‍-
ക്കുയിരുമായ് വരും പുതുവത്സരത്തിന്റെ
വരവു കാത്തിന്നുണർന്നിരിക്കുന്നു ഞാൻ .

ദീപക് ജി നായർ

Wednesday, December 17, 2014

കേഴുന്ന പിതൃത്വം

കേഴുന്ന പിതൃത്വം
-------------------------------
കണ്ണുനീർ വീണു പടർന്ന തന്‍ കണ്ണട, ഊരി -
ക്കരങ്ങളാല്‍ ഇമകള്‍ രണ്ടും,
പൊത്തിപ്പിടിച്ചൊന്നു, പൊട്ടിക്കരഞ്ഞുവോ?
കൊത്തിപ്പടുത്ത ശിലാശരീരം.
കാല്ക്കലായ് അർപ്പിച്ച കപടപുഷ്പങ്ങളിൽ,
ഒരുതുള്ളി കണ്ണീരുതിർന്നലിഞ്ഞോ?
ചർക്കയില്‍ നീ നൂറ്റെടുത്ത സംസ്കാരമി-
ന്നര്‍‍ഥമില്ലാതായ് പൊലിഞ്ഞടങ്ങി
നഗ്നപാദത്താൽ നടന്നു വിതച്ചതാം
നന്മ തൻ വിത്തുകൾ നാടിതെങ്ങും
ചെന്നിണം തൂകുവാനായിരുന്നില്ലെന്നു
ചൊല്ലുവാനായുന്നിതാത്മനോവാല്‍.
ആട്ടിയകറ്റിയ പാശ്ചാത്യ സംസ്കൃതി-
യ്ക്കാരാധ്യവൃന്ദങ്ങളേറിടുമ്പോള്‍,
എന്തിന്നു വേണ്ടി നാം പടനയിച്ചു?
അടരാടി മരിച്ചതുമാര്‍ക്കു വേണ്ടി?
അരുത്‌, വിളിക്കരുതെന്നെപ്പിതാവെന്നു
കേഴുന്നിതാ വൃദ്ധബിംബമിന്നും ..

ദീപക് ജി നായര്‍

Saturday, December 13, 2014

മഞ്ഞുതുള്ളി

മഞ്ഞുതുള്ളി

വെയിലേറ്റു വാടിത്തളര്‍ന്ന പൂവിതളിലൊരു
കുളിരേകി വീണൊരെന്‍ മഞ്ഞുതുള്ളീ
ആരു പറഞ്ഞൂ! നിന്‍ കാതിലീ നൊമ്പരം,
ആരോരുമില്ലാതിരുന്ന നേരം.
ഇനിയും വിടര്‍ന്നിടാ മൊട്ടുകള്‍ തന്‍ നീല -
മിഴികളില്‍ നോവായ്‌ പടര്‍ന്നതെന്തേ!
തേന്‍കൂടു വറ്റിച്ചകന്ന പൂമ്പാറ്റകള്‍
തേടുന്നു നിന്നിലും മധുകണങ്ങള്‍.
നെഞ്ചിലായ് എരിയും നെരിപ്പോടില്‍ വീണു ,സ്വയ-
മെന്തിനായ് മൃത്യു വരിച്ചു നീയും
ഇതളില്‍ നിന്നൂര്‍ന്നു വീണായിരം മുള്ളുകള്‍-
ക്കിടയിലൊരു നിണമായുറഞ്ഞതെന്തേ?
ഒടുവിലീ വരളുന്ന വേനലില്‍ ദാഹമോടു -
ഴറുന്ന തീനാവു നീട്ടി നില്‍ക്കും
ചുടുമണ്ണില്‍ വീണലിഞ്ഞകലുന്ന നിന്നിലെന്‍
പ്രണയം മരിയ്ക്കുന്നു മഞ്ഞുതുള്ളീ...

ദീപക് ജി നായര്‍

 

മോക്ഷം

മോക്ഷം

ഭ്രാന്തനെന്നു വിളിക്കുവാനാരാണ്,
ഭ്രാന്തനല്ലാത്തതെന്നു നിനയ്ക്ക നീ
ഭാരമോരോന്നിറക്കിച്ചുമന്നു നാം
ഭാഗ്യമൊന്നേ തിരഞ്ഞു പോം മണ്ണിതില്‍.

ഭാണ്ഡമൊന്നൊന്നെടുത്തു നാം ജീവിത
കാണ്ഡമോരോന്നു താണ്ടിപ്പലേവഴി
മൂഡ്ഡസ്വപ്‌നങ്ങള്‍ കണ്ടൂ, പരസ്പ്പരം
ഗാഡ്ഡബന്ധങ്ങളാല്‍ സ്വയം ബന്ധിതര്‍.

ദേഹദേഹിതന്നന്തരം തേടി നാം
ദ്വേഷരോഷങ്ങളെല്ലാമടക്കി നല്‍ -
ദാഹമോടലഞ്ഞന്തിയില്‍, പുക്കുവാന്‍
ദ്വാരകാനാഥസന്നിധി തന്നിലായ്.
ഭാഷവേഷങ്ങളെല്ലാം ക്ഷരം, പരം
മോക്ഷമാണെന്നറിക നീ സന്തതം
സാക്ഷിയാകുവനല്ല സത്ക്കര്‍മ്മമോ-
ടക്ഷരത്തിലേക്കെത്തുവാനാകണം.

ദീപക് ജി നായര്‍

Saturday, November 22, 2014

പിടിതരാതെ വെട്ടിപ്പറക്കുന്ന തുമ്പികള്‍ക്കു പിന്നാലെയെന്ന പോലെ, ഓര്‍മ്മകളെ എത്തിപ്പിടിക്കാനുള്ള ആയാസങ്ങള്‍ക്കിടയിലാണ് ഞാനും മറവിയെന്ന മഹാമാറാലയെ ശപിച്ചു പോയത്...

എത്ര തട്ടിക്കുടഞ്ഞിട്ടും ചിന്തയിലേക്ക് വേരാഴ്ത്തി തലയുയര്‍ത്തി നില്ക്കുമ്പോള്‍ ഇനിയെന്തു ശാപമോക്ഷത്താല്‍ ഈ ഓര്‍മ്മകളെ ഞാന്‍ എരിച്ചടക്കും......  

ദീപക് ജി നായര്‍
ഒരു ചെറുനോവിനാലന്നെന്റെ ഹൃദയമാം
ശിലയില്‍ നീ വെറുതേ കുറിച്ചിട്ടൊരോര്‍മ്മകള്‍
തിരയടങ്ങാതാര്‍ത്തലച്ചടിക്കുന്നെന്റെ
സിരകളില്‍ ലഹരി പടര്‍ന്നൊരീ സന്ധ്യയില്‍

നിറയൗവ്വനത്തിന്റ മധുരം തുളുമ്പുന്ന
നറുമലരായ്, നിലാവൊഴുകുന്ന രാത്രികള്‍.
കനവിന്‍ മണല്‍ക്കോട്ടകെട്ടി എന്‍ മനസ്സിന്റെ
പുകയുന്ന ചൂളയില്‍ ചുട്ടുറപ്പിച്ച നാള്‍.

ഇരുളിന്റെ മറവില്‍ നിന്നിരതേടി,
കരയിലേയ്ക്കലിയുവാനണയുന്ന
തിരപോലെ വന്നതും,
എരിയുന്ന വേനലില്‍ പൊഴിയുന്ന മഴപോലെ
ഉരുകുന്ന നെഞ്ചിന്‍ തുടിപ്പായതും,
തിരികെയെന്നണയുമെന്നറിയാതെ
വിടപറഞ്ഞകലുന്ന തിരപോലകന്നതും,
ഓര്‍മ്മതന്‍ തിരയായ് അലച്ചാര്‍ത്തടിക്കുന്നു,
സിരകളില്‍ ലഹരിപടര്‍ന്നൊരീ സന്ധ്യയില്‍, പിന്നെയും.

ദീപക് ജി നായര്‍
ഒരുചിറകൊടിഞ്ഞൊരെന്‍ പൈങ്കിളീ
നിനവിന്റെ ചിറകടിച്ചാകാശമാകെപ്പറക്കുക!
കനിവിനായ് ചുറ്റിലും തിരയാതിരുട്ടിന്റെ
നടയിലൊരു നിലവിളക്കായ് നീ വിളങ്ങുക!
തെളിയുമൊരു പുലരിയതിലുയരുമൊരു ഗീതം അണയുമതിനുറവിനെത്തേടിയീലോകം.

ദീപക് ജി നായര്‍
ഇല്ലെന്നുകണ്ടിടുകിലുള്ളം
തകര്‍ന്നു പലവല്ലായ്മയോടധമ-
കര്‍മ്മങ്ങളെപ്പരമധര്‍മ്മംകണക്കു
കൈക്കൊള്ളാതെയുള്ളതില്‍,
നിന്നും പകുത്തപരനേകി-
ക്കിടയ്ക്കുമൊരു സന്തോഷമാ-
ണുലകിലേറ്റംനിരാമയം.

ദീപക് ജി നായര്‍
ഹേ, മനുഷ്യാ! അറിയുന്നുവോ നിന്റെ 
അധരങ്ങള്‍ തന്നില്‍ നിന്നുതിരുന്ന വാക്കാം 
വിഷത്തിന്റെ വീര്യം. 
അധികാരിയല്ല നീ, അഹമെന്ന ഭാവങ്ങളു-
റയുന്നൊരുടലിന്നുമുടമയല്ലെന്നതും, 
അടിമയല്ലാരുമീയുലകത്തിലേകാന്ത
പഥികരായുഴറുന്നൊരാത്മാക്കള്‍ നമ്മള്‍. 
ഒന്നാകുമുറവില്‍ നിന്നൊഴുകിപ്പിരിഞ്ഞൊടു-
വിലൊന്നായ സാഗരത്തിരയായിടേണ്ടോര്‍. ഒന്നിനോടൊന്നുചേര്‍ന്നൊന്നായിടാം, 
നന്മ പുല്കുവാനൊന്നായ് കരം കോര്‍ത്തിടാം. 

ദീപക് ജി നായര്‍

Saturday, November 8, 2014

അലസത

    അലസത 

    ഇന്നുചെയ്യേണ്ടതൊക്കെപ്പൊതിഞ്ഞതില്‍
    ഭാവിയെന്നെഴുതിയൊട്ടിച്ചു നാളെതന്‍
    കോര്‍ട്ടിലിട്ടൊന്നുറങ്ങാന്‍ കിടന്നു ഞാന്‍
    വര്‍ത്തമാനത്തിനലസമൈതാനിയില്‍

    ദീപക് ജി നായര്‍

വെളുത്ത കാട്

    വെളുത്ത കാട് 

    കറുത്തബോര്‍ഡിലൊരു
    വെളുത്തചോക്കിനാല്‍
    വരച്ചു വാദ്ധ്യാരൊരു കറുത്ത കാട്.
    കറുത്ത കുട്ടികള്‍ വെളുക്കെ നന്നായ്
    ചിരിച്ചു മുന്നിലൊരു വെളുത്ത കാട്
     വെളുത്തനാടൊന്നു തൊടുത്തൊരമ്പാല്‍...
    കറുപ്പുമൂടിയ വെളുത്ത നെഞ്ചില്‍ നിന്നു-
    തിര്‍ന്ന രക്തത്തിനു നിറം ചുവപ്പ്
    വിശന്നു കേഴുന്നൊരു കുഞ്ഞുതന്റെ
    കറുത്ത കണ്ണില്‍നിന്നൊലിച്ച കണ്ണീര്‍
    രുചിച്ചു നോക്കിയതിന്നുമുപ്പ്
    വരണ്ട ചൂണ്ടാണിവിരല്‍നഖത്തില്‍ വെളുത്തചിരിമഴയ്ക്കൊടുവിലെന്നോ
    പുരണ്ട മഷിയതിന്‍ നിറം കറുപ്പ്
    ഉറച്ചകാലൂന്നി നിരന്നു നില്ക്കും, 
    തുടിക്കുമാവേശമോടുയര്‍ന്ന കൈകള്‍ 
    കറുത്തകല്ലുരച്ചുയര്‍ന്നൊരഗ്നി
    കെടാതെ നെഞ്ചിലായ് തെളിച്ചുനിര്‍ത്തൂ

    ദീപക് ജി നായര്‍

ഓര്‍മ്മ

    ഓര്‍മ്മ

    നേര്‍ത്തു നേര്‍ത്തു വന്നാര്‍ത്തിരമ്പുമൊരു
    തേങ്ങലാണെനിക്കോര്‍മ്മകള്‍
    നീറ്റലില്‍ കുളിര്‍ ചേര്‍ത്തുവയ്ക്കുന്ന
    ചാറ്റലാണെനിക്കോര്‍മ്മകള്‍!...
    പെയ്തിറങ്ങുന്ന മാരിപോല്‍ രൗദ്ര-
    ഭാവമേറുന്ന മിന്നല്‍ പോല്‍
    സാന്ത്വനത്തിന്‍ തലോടലായമ്മ
    ശാന്തമായ് പെയ്ത രാത്രികള്‍. 
    ഒട്ടുതോര്‍ന്നുച്ചവെയിലുപോല-
    ച്ഛനെത്തിനോക്കുന്നു പിന്നെയും.
    അമ്മതന്‍ കണ്ണുനീര്‍തുടച്ചെന്റെ,
    നെറുകയില്‍ വെയില്‍ച്ചുംബനം.
    കാട്ടുകല്ലിലിരുന്ന സന്ധ്യയി-
    ലേട്ടനായ് വന്ന കാറ്റിലെന്‍
    കൂട്ടകന്ന കനലാറിയോര്‍മ്മകള്‍,
    കൂട്ടമായ് പെയ്തിറങ്ങവേ,
    കാത്തുവച്ചൊരെന്‍ നൊമ്പരങ്ങളാം
    ഉപ്പുറഞ്ഞ തൂവാലഞാന്‍
    ചേര്‍ത്തുവയ്ക്കുന്നു നെഞ്ചിലായ്
    കുളിര്‍ മാഞ്ഞൊരീ വൃദ്ധസന്ധ്യയില്‍.


    ദീപക് ജി നായര്‍

നിൽപ്പുസമരം

    നിൽപ്പുസമരം 

    പോരിനല്ലപലജീവിതത്തിലൊരു
    നേരുതേടി നിരന്നവര്‍
    കാരിരുമ്പുതറച്ചുമണ്ണിലിരു-
    കാലുനാട്ടി‍നിലകൊള്ളവേ, 
    നാണമോടെ തല താഴ്ന്നിടേണമിള-
    യേകയമ്മയെന്നറിയണം 
    കാണിയാകുവാതായിടേണമൊരു ...
    കണ്ണിയായ് സമരശ്രേണിയില്‍.

    ദീപക് ജി നായര്‍

Saturday, October 25, 2014

തിര

തിര

കടലിൽ തുടിക്കുന്ന
തിരകളായ്ത്തീരണം,
കരയിലെൻ പ്രണയത്തി-
നലയായ് പതയ്ക്കണം,
വരളുന്ന നെഞ്ചിൽ
പടർന്നെന്റെ നോവതിന്‍,
മിഴിനീരിനുപ്പു നിന്‍
മുറിവില്‍ പടര്‍ത്തണം.

ആഴിതന്നാഴത്തില്‍
മുങ്ങിത്തിരഞ്ഞതില്‍ ,
ആഴ്ന്നൊരാ ചേതന-
യ്ക്കന്നം കൊടുക്കണം.
മറവിയാംപൂഴിമണ്ണ-
ടിയില്‍ നിന്നോര്‍മ്മകള്‍,
മറനീക്കിയായിരം
ശംഖുമായ് തെളിയണം.

നിറനിലാവില്‍ മനം
മധുരമായ് പാടവേ,
അലസമാം ലാസ്യമോ-
ടലിയുവാനാകണം.
കാമാഗ്നിയാല്‍ നാഗ
യക്ഷിയായ് ഇഴയണം,
ഉയിരതിന്നുറവുകള്‍
നക്കിത്തുടയ്ക്കണം.

മണ്ണിലെ പാപത്തി
ലുറയുന്ന കറകളെ,
ചെന്നിണം പൂക്കുന്ന
രാജാങ്കണങ്ങളെ,
ശാപം വിതയ്ക്കുന്ന
മൂകാശ്രമങ്ങളില്‍
കേഴുന്ന വിശ്വാസ
നരനാരിരൂപികള്‍
കണ്ണില്‍ തിളയ്ക്കുന്ന
കാമാര്‍ത്തിയാല്‍,
താത ചിന്തമറക്കും
നരാധമ ഭോഗികള്‍
തിരനീട്ടിയെല്ലാമൊടുക്കണം,
നന്മതന്‍, തിരിനീട്ടി ദീപം
തെളിക്കുവാന്‍ ഭാവിയില്‍.

ദീപക് ജി നായര്‍

Sunday, October 12, 2014

സനാഥന്‍

സനാഥന്‍ 

മുറ്റത്തെ നെല്ലിമരത്തില്‍ നിറയെ
അച്ഛന്‍ പറയാതെ പോയ വാക്കുകള്‍....
താഴെ അമ്മ വിരിച്ച തണല്‍പ്പായ ...

വേനല്‍ച്ചൂടില്‍ സനാഥത്വത്തിന്റെ
സാന്ത്വനമായി ഒരു ഒറ്റമരക്കാട്..

ദീപക് ജി നായര്‍

ഒരു ദശാബ്ദത്തിന്റെ ഓര്‍മ്മകളെ
കരിയിലക്കൂട്ടത്തിനടിയില്‍ മറവുചെയ്യാന്‍ ശ്രമിക്കുന്നു ചിലര്‍...

നഷ്ടപ്പെട്ട പ്രതാപകാലത്തെ
കരിയിലക്കൂട്ടങ്ങള്‍ക്കിടയില്‍ ചിക്കിച്ചികയുന്ന മറ്റുചിലര്‍...

കരിയിലകള്‍ വാരിയിട്ട് കത്തിച്ച അടുപ്പില്‍, തിളയ്ക്കുന്ന വയറിലേക്ക് അരിമണികള്‍ വീഴുന്നതും കാത്ത്
വായപിളര്‍ന്നേ ഇരിക്കുന്നൂ, വഴിയരികില്‍ ഒരു പാവം കഞ്ഞിക്കലം...

ദീപക് ജി നായര്‍

വായിച്ചുപോകുന്ന വരികളില്‍ നിന്നും തെന്നിമാറി തിരുത്തുവാനാകാത്ത
കഥാന്ത്യത്തിലേക്ക് എത്തിനോക്കുവാന്‍ വെമ്പുന്നു, മനസ്സ്...

എന്തിനോ നേര്‍ന്ന വഴിപാടുപോലെ ഒരു വായന... ജീവിതവും!

ദീപക് ജി നായര്‍


ചെയ്ത പാപങ്ങളുടെ ഓര്‍മ്മകളെല്ലാം പെറുക്കിക്കൂട്ടി കണ്ണുതുറന്നൊന്നു് നോക്കുവാന്‍ പോലുമാകാതെ മനസ്സുകൊണ്ട് ഒരു യാത്രയ്ക്കൊരുങ്ങുകയാണോ നീ?
കുറ്റബോധത്തിന്റെ മൗനം ചുണ്ടുകളില്‍ പതിപ്പിച്ച്, ഉള്ളിലെ സ്വയം ഉരുക്കലിന്റെയുപ്പുകള്‍ കവിളിലൂടെ അരിച്ചിറങ്ങുമ്പോള്‍, പശ്ചാത്താപത്തിന്റെ അഗ്നിശുദ്ധിയാല്‍ നീ പാപമുക്തനാക്കപ്പെട്ടിരിക്കുന്നു...
തിരികെ വരിക...
പാപങ്ങളുടെ ഈ പറുദീസ നിനക്കായ് ഉറക്കമിളച്ച് കാത്തിരിക്കുന്നു...
പാപങ്ങളുടെ ശയ്യയും പാപമോക്ഷക്കിണറുമുള്ളത് ഈ മണ്ണില്‍ തന്നെ..
പാപവും പാപനാശനവും ചെയ്ത് നീ ഇവിടെത്തന്നെ തുടരുക..


ദീപക് ജി നായര്‍

കാലപ്പകര്‍ച്ച

കാലപ്പകര്‍ച്ച 

മിഴികളില്‍ ഗ്രീഷ്മം
മൊഴികളില്‍ ഹേമന്ദം,
മനസ്സില്‍ ഇലപൊഴിച്ചു കൊണ്ടൊരു ശിശിരവും,
അകപ്പെയ്ത്തിലൂടെ വര്‍ഷവും ഇടകലരുന്നു....
കാലങ്ങളുടെ ഇണചേരലുകളില്‍
ഇനിയും വിടരുവാനാകാതെ വസന്തം

ദീപക് ജി നായര്‍..

മനസ്സിലൊരു ദീപപ്രകാശമായ് നിത്യവും 
മലരിതളിൽ മേവുമെന്നംബേ തെളിയണേ!! 
മനമുരുകി നിൻ നടയിലണയുമീദാസന്റെ 
മതിയിലിരുൾമറ നീക്കി വാണീ തുണയ്ക്കണേ !!

ദീപക് ജി നായർ

Friday, September 26, 2014

കലാലയം

കലാലയം

മൂന്നു സംവത്സരം പിന്നിടുമ്പോള്‍
മുന്നില്‍ മൂകമാം ഓര്‍മ്മകള്‍ വിരുന്നിനെത്തും 
നല്ല വാക്കോതി പിരിഞ്ഞിടാം നാളെകള്‍ 
നന്മകള്‍ നല്‍കാന്‍ അനുഗ്രഹിക്കാം 
കണ്ണുകള്‍ പെയ്യുന്നു , കരളു കരിയുന്നു 
എന്നേയ്ക്കുമായ് വിട ചൊല്ലിടട്ടെ !!

ദീപക് ജി നായര്‍ 

ചിരി

ചിരി

ബൗദ്ധികമായ കൂട്ടിക്കിഴിക്കലുകളുടെ,
യാന്ത്രികമായ പര്യവസാനമാവാതെ
ഹൃദയത്തില്‍ നിന്നും നൈമിഷികമായ്
വിടരുന്ന സൗഗന്ധികപൂക്കളാകണം ചിരി

മനസ്സു തുറന്നു ചിരിക്കുവാന്‍ കഴിയട്ടെ!!

ദീപക് ജി നായര്‍

മംഗള്‍യാന്‍

മംഗള്‍യാന്‍ 

മംഗളമായൊരു മാനസയാത്ര
മംഗള്‍യാനിന്‍ മംഗളയാത്ര
ഭാരതമണ്ണിന്‍ മാനം മാനവ-
രാശിയ്ക്കെന്നും അഭിമാനം

ദീപക് ജി നായര്‍

ഒന്നാമന്‍


ഒന്നാമന്‍ 

നീ തന്നെയായിരുന്നു എന്നും ഒന്നാമന്‍...
നാരായണന്‍ കുട്ടി മാഷിന്റെ വിസില്‍ കേട്ടതും പടക്കുതിരകണക്കേ നീ കുതിച്ചപ്പോള്‍,
ഞാന്‍ എണ്ണാന്‍ തുടങ്ങി..
അന്നും പതിനഞ്ചെത്തും മുന്‍പേ നീ ഒന്നാമനായി ലക്ഷ്യം കണ്ടുകഴിഞ്ഞിരുന്നു...
പിന്നീട് പലവട്ടം എന്റെ ചങ്ങാതീ നീ ഞങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്...

എന്നാല്‍ ഇതല്പം കടുപ്പമായിപ്പോയി...
കഴിഞ്ഞ രണ്ടു ദിവസമായി ഈ പുഴക്കരയില്‍ നീ അഴിച്ചു വച്ച വസ്ത്രങ്ങളുമായിരുന്ന്
ഞാന്‍ എണ്ണാന്‍ തുടങ്ങിയിട്ട്..നിന്റെ കൂടെ നീന്തല്‍ മത്സരത്തിനിറങ്ങിയ എല്ലാവരും
തോറ്റു തുന്നം പാടി തിരികെയെത്തി...ഇവിടെയും എന്റെ ചങ്ങാതീ, നീ തന്നെ ജയിച്ചിരിക്കുന്നു...
നീ ജയിച്ചു വരുന്നതു കാണാന്‍ ഒത്തിരി ആളുകള്‍ തടിച്ചു കൂടിയിട്ടുണ്ട്....
എഴുപത്തിരണ്ടു മണിക്കുറിന്റെ റെക്കോര്‍ഡ് നിനക്കു തന്നെ..
തെറ്റാതെ ഞാന്‍ എണ്ണിക്കൊണ്ടേയിരിക്കാം,
ഈ മൂന്നാംപക്കത്തില്‍ നീ ജയിച്ചു വരുന്നതും കാത്ത്...


ദീപക് ജി നായര്‍

സൗഹൃദം


സൗഹൃദം

മനസ്സുകള്‍ കോര്‍ത്തെടുത്ത
സൗഹൃദത്തിന്റെ സ്നേഹനൂലിഴകള്‍...
ഒരിഴയിളക്കത്തില്‍,
ഒരിമയനക്കത്തില്‍
ഓടിയടുക്കുന്ന ഒരേ ആത്മാവിന്റെ
അവതാരരൂപികള്‍..

നീറ്റലുകളെ ആറ്റിയകറ്റുന്ന,
ചാറ്റല്‍മഴപോലെ മനസ്സിലേക്ക് പെയ്തിറങ്ങുന്ന,
പറയാതെ അറിയുന്ന എന്റെ ചങ്ങാതിക്കൂട്ടങ്ങള്‍...

 ദീപക് ജി നായര്‍

ചങ്ങാതി

ചങ്ങാതി

ഇനിയും വേണ്ടി വരില്ലെന്നു കരുതി
ഞാനുടച്ചു കളഞ്ഞ ഈ കണ്ണാടിച്ചില്ലുകള്‍ കൂട്ടി ഒട്ടിക്കട്ടെ...
എത്ര ചേര്‍ത്തു വച്ചിട്ടും മുഖം മാത്രം കാണുവാനാകുന്നില്ല...
അത്രയ്ക്ക് പൊടിഞ്ഞു പോയിരിക്കുന്നു...!!

ദീപക് ജി നായര്‍

ഉറുമ്പുകൂട്ടങ്ങള്‍

ഉറുമ്പുകൂട്ടങ്ങള്‍

ഉറുമ്പിന്‍കൂട്ടങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്
ഒരു മനുഷ്യന്‍ നയിച്ചവഴികളില്‍ വരിവരിയായ് പിന്‍തുടര്‍ന്നു
വിജയക്കൊടി നാട്ടിയ പച്ചമനുഷ്യരെ...

നിശ്ചയദാര്‍ഢ്യത്തിന്റെ നിശ്ശബ്ദസമരത്തെ...
അടച്ചുപൂട്ടപ്പെട്ട വാതിലുകളോ,
പടുത്തുയര്‍ത്തിയ വലിയ മതിലുകളോ
അവറ്റകള്‍ക്കു മുന്നില്‍ നിസ്സാരം..

സ്വാതന്ത്ര്യമധുരം രുചിക്കും വരെ തളരാത്ത യാത്ര...

ഇന്ന് ഉറുമ്പുകൂട്ടങ്ങളും പല വഴി സഞ്ചാരം നടത്തുന്നു...
ഒരേ വീടിന്റെ ഓരോ മുറിയില്‍ പോലും കാണാം പലതരം ഉറുമ്പു കൂട്ടങ്ങള്‍...
പല വരികള്‍ തീര്‍ത്ത്...
ആ പഴയ ഉറുമ്പിന്‍കൂട്ടത്തിന്റെ
ഓര്‍മ്മകള്‍ പോലും തിന്നു തീര്‍ക്കുന്ന
ആധുനികതയിലെ ശവംതീനിയുറുമ്പുകള്‍....

ദീപക് ജി നായര്‍..

ചിരി നാടകം

ചിരി നാടകം

കണ്ടാല്‍ ചിരിക്കുന്ന യന്ത്രം മനുഷ്യന്റെ
മുന്നില്‍ ഘടിപ്പിച്ചതെന്തിന്നുവേണ്ടി നീ?
പിന്നില്‍ക്കൊടും പക, പുകയുംചതിച്ചിത
മുന്നില്‍ത്തിരശ്ശീലപോലെനിന്‍ പുഞ്ചിരി
കണ്ണില്‍ക്കനല്‍വെട്ടമുള്ളില്‍ വിഷപ്പുക
ചുണ്ടില്‍ നീയൊട്ടിച്ചുചേര്‍ത്തൊരീപുഞ്ചിരി
മണ്ണില്‍ച്ചവിട്ടിയാണോര്‍ക്കുകനിന്‍ പാദ
മെന്നുംചരിക്കുന്നതെന്നതും മാനവാ
മണ്ണോടുചേരുകില്‍ മണ്ണിരയ്ക്കൊപ്പമായ്
മണ്ണില്‍ശ്ശയിക്കേണ്ടതാണതുമോര്‍ക്കുക
സത്രമാണീലോകമേവരും യാത്രികര്‍
മാത്രകള്‍ മാത്രമന്തേവാസിയാകുവോര്‍
നാളെകള്‍ക്കായി നാം കാത്തിരിക്കാതിന്നു
നാടകജീവിതമാടുകീവേദിയില്‍...


ദീപക് ജി നായര്‍.

ഇരുകാലികള്‍

ഇരുകാലികള്‍

വഴിയരികില്‍ ആരേയും കൂസാതെ ഇരിക്കുന്നുണ്ട്
ഇനിയും മനുഷ്യരെന്ന് സ്വയം ബോദ്ധ്യപ്പെടാത്ത കുറേ നാട്ടുജീവികള്‍..
ഇടയ്ക്കിടെ കയ്യിലും കാലിലും നോക്കി ചുറ്റുമുള്ള
മനുഷ്യരുമായുള്ള സമാനതകളില്‍ സന്തോഷം കണ്ടെത്തുന്നവര്‍...

അവരുംമനുഷ്യരൂപികളെന്നുറപ്പിയ്ക്കുന്നു
രാത്രിയില്‍ ടാര്‍വീപ്പമറവില്‍ അഴകളവെടുക്കുന്ന
വിയര്‍ത്തു നാറുന്ന നിഴലനക്കങ്ങള്‍...

അടുത്ത ജന്മത്തിലെങ്കിലും 'മനുഷ്യനായ്' പിറക്കാന്‍ കൊതിയ്കുന്ന
ഇരുകാലിജീവികള്‍...

ദീപക് ജി നായര്‍

ഗുരുസ്മരണ

ഗുരുസ്മരണ 

തറയില്‍ നിരത്തിയമണലിലെന്‍ ചൂണ്ടാണി
വിരല്‍പിടിച്ചാദ്യമായെഴുതാന്‍പഠിപ്പിച്ച
ഗുരുരൂപവിഗ്രഹമകതാരിലായിരം
നിറദീപനാളത്തിനൊളിതൂകിയെന്നുമേ
അണയാതെ കാക്കുവാനരുളേണമേ കൃപ-
യവസാനകാലം വരേയ്ക്കും മനസ്സിതില്‍..

ദീപക് ജി നായര്‍

നോവ്‌

നോവ്‌ 

നോവുപെറ്റുവളര്‍ത്തിയകുഞ്ഞെനി-
ക്കാരുനല്കുവാനാണിനി നൊമ്പരം
ചാവുകടലുപ്പുറഞ്ഞൊരീക്കവിളിലി-
ന്നാവുകില്ല നിന്‍ ചുംബനച്ചോപ്പിന്റെ,
ചൂരുവേറിട്ടെടുക്കുവാന്‍ കാമിനീ..
നേരുചൊല്ലുകില്‍ നീറുമെന്‍ ഹൃത്തതില്‍
വേരുറച്ച നിന്‍ രൂപഭാവങ്ങളെ,
കാലചക്രക്കരങ്ങളാല്‍ വേരറുത്തഴലു
മറവിയില്‍ മറവുചെയ്യട്ടെ ഞാന്‍..!!

 ദീപക് ജി നായര്‍

മൃത്യു


മൃത്യു 

മൃത്യുവെന്നൊന്നിനെ കാത്തുകാത്തീജന്മ-
മത്രയും കര്‍മ്മങ്ങളൊന്നുമേ ചെയ്യാതെ
എത്തിടും ജീവപ്പകര്‍ച്ചതന്‍ ദുര്‍ദ്ദിന-
മൊട്ടുമേ കാക്കാതെ കൊത്തിപ്പറന്നുപോം
ചട്ടങ്ങളൊന്നുമേ തെറ്റാതൊരിക്കല്‍ നാം
ചട്ടക്കൂടായിപ്പതിച്ചിടും മണ്ണിതില്‍
അല്പകാലം കൊണ്ടനവധി നന്മതന്‍
ശില്പിയായ്ത്തീരാനനുഗ്രഹാശംസകള്‍!!

 ദീപക് ജി നായര്‍

അനാഥര്‍

അനാഥര്‍ 

പെയ്തൊഴിഞ്ഞ വാനിലെവിടെയോ
പെയ്തിറങ്ങാന്‍ കൊതിച്ച് ഒരു
അനാഥമേഘക്കീറ്...

ചുറ്റും പെയ്ത മഴത്തുള്ളികളിലൊന്നിനെ
കൊതിച്ചൊരു തുണ്ട് മണ്ണ്....

 ദീപക് ജി നായര്‍.

എന്റെ ചിക്കു

എന്റെ ചിക്കു

ഇപ്പൊഴും കിലുങ്ങുന്നുണ്ടോമനേ നിന്‍കാല്‍വള
മുത്തതെന്‍മനസ്സില്‍ നീയിട്ടേച്ചു പോയെങ്കിലും
മൊട്ടുകള്‍ വിടരാത്ത മോണകള്‍ കാട്ടിച്ചിരിച്ചി-
പ്പൊഴുംകുഞ്ഞേ നീയെന്‍ ഹൃത്തതില്‍കളിക്കുന്നു
ഒട്ടുനാളായില്ലഗ്നിസൂര്യനായുദിച്ചിട്ടിന്നസ്ത-
മിച്ചേതോകടല്‍ത്തിരയായ്അലിഞ്ഞേപോയ്
കണ്ണുകള്‍ തുറന്നേ കാത്തിരിപ്പൂ വിണ്ണില്‍
മിന്നും പൊന്നൊളിത്താരം പോലെന്‍
മുന്നില്‍ നീ തെളിഞ്ഞെങ്കില്‍...

ദീപക് ജി നായര്‍

ഓര്‍മ്മയിലെ ഓണം


    ഓര്‍മ്മയിലെ ഓണം 

    ഓണമിങ്ങെത്തി തിരുവോണമെഫ്ബിയില്‍
    പോസ്റ്റുകള്‍ പൂക്കള സമങ്ങളായ് നിറയുന്നു.
    പൂക്കുടയേന്തിയെന്‍ കൂട്ടുകാരൊത്തു ചേര്‍ന്നാ-
    ര്‍പ്പു വിളിച്ചു നടന്നതു പോലവേ
    ലൈക്കും കമന്റും നിറയ്ക്കുവാന്‍ കുട്ടികള്‍...
    കൂട്ടമായ്‌ സ്മാര്‍ട്ട്‌ ഫോണുമേന്തിയിരിക്കുന്നു
    ഓണം കലണ്ടറില്‍ ചോപ്പായ് ചിരിക്കുന്നോ-
    രക്കങ്ങളില്‍ ഒന്നു മാത്രമായ് മാറിയോ?
    വേണം നമുക്കു പൊന്നോണംമനസ്സിലെ
    ക്കോണില്‍മണക്കുന്നൊരോര്‍മ്മയായെങ്കിലും ..

    ദീപക് ജി നായര്‍

ഉണ്ണിക്കുട്ടന്റെ ഓണം

    ഉണ്ണിക്കുട്ടന്റെ ഓണം 


    മുറ്റം മെഴുകണ്ടേ ഉണ്ണിക്കുട്ടാ
    പച്ചപ്പുല്ലില്ലെന്റെ കുഞ്ഞേട്ടായി
    കാടികൊടുത്തൊന്നുനോക്കുകുട്ടാ
    കാലി തൊഴുത്തിലിന്നില്ലയേട്ടാ
    തുമ്പപ്പൂ കൊണ്ടുവാ ഉണ്ണിക്കുട്ടാ ...
    തുമ്പ ചിരിച്ചതില്ലെന്റെയേട്ടാ
    മണ്ണുകുഴച്ചു മാവേലി തീര്‍ക്കാം
    മണ്ടത്തരം വിളമ്പാതെയേട്ടാ
    മണ്ണ് നാം വിറ്റതറിഞ്ഞതല്ലേ
    മുന്നിലീ കോണ്‍ക്രീറ്റടുക്കു മാത്രം
    എന്തിനിച്ചെയുമെന്നുണ്ണിക്കുട്ടാ
    ചന്തയില്‍ പോയ് വരാമിന്നു തന്നെ
    തേങ്ങിയിരിക്കുവാന്‍ നേരമില്ലാ
    വാങ്ങിടാമോണം വിലക്കിഴിവില്‍  

    ദീപക് ജി നായര്‍


Friday, August 29, 2014

വിഷാദവിത്തുകള്‍

വിഷാദവിത്തുകള്‍
------------------------------------------
പെണ്ണേ, നിനക്കാരു തന്നൂ തുടിക്കുന്ന
കണ്‍കോണിലിത്ര വിഷാദമേഘങ്ങളെ?
പെയ്യാന്‍ വിതുമ്പുന്ന കണ്ണീര്‍മഴത്തുള്ളി
കയ്യാല്‍ തുടച്ചൊന്നടക്കാന്‍ തുനിഞ്ഞതും,
മെയ്മാസമേഘം കണക്കെ നിന്‍ മോഹങ്ങള്‍
പെയ്യാതെ നെഞ്ചില്‍ കനം വച്ചുറഞ്ഞതും
എണ്ണവറ്റി, കരിന്തിരിയായ്, പുകഞ്ഞു പോം
കല്‍വിളക്കിന്‍ നോവിരുട്ടില്‍ പടര്‍ന്നതും,
പെണ്ണേ, നിനക്കാരു തന്നൂ തുടിക്കുന്ന
കണ്‍കോണിലിത്ര വിഷാദമേഘങ്ങളെ?
ഇന്ദ്രകാമത്തിന്‍ ഇരയാമഹല്യതന്‍
കലികാലരൂപിണീ, ശിലയായ് ഉറഞ്ഞുവോ?
നടവഴിയിലെവിടെയും പാര്‍ത്തിരിക്കും നവ
‘മാര്‍ജ്ജാര’വൃന്ദമീ കാമാര്‍ത്തരിപ്പൊഴും
എല്ലാം മറക്കുക, നിനക്കു നീ നല്‍കുക
ശാപമോക്ഷം, സ്വയം കണ്ണീര്‍ തുടയ്ക്കുക
കണ്ണില്‍ തെളിയ്ക്കുക പ്രതീക്ഷതന്‍ നെയ്ത്തിരി
മണ്ണില്‍ വിഷാദമേ പോയ്‌ മറഞ്ഞീടുക.
 
ദീപക് ജി നായര്‍

Saturday, August 23, 2014

ദേഹി

ദേഹി

കറുത്തചരടൊന്നുജപിച്ചുകെട്ടിഞാൻ
ഇടഞ്ഞദേഹിയെപ്പിടിച്ചു നിര്‍ത്തുവാന്‍..
മനസ്സു പിന്നെയും പറന്നുപോകുന്നി-
തടക്കിനിര്‍ത്തുവാനുപായമെന്തെടോ?

ദീപക് ജി നായര്‍

മണമില്ലാത്ത മുല്ല

മണമില്ലാത്ത മുല്ല

മണമില്ലാത്ത മുറ്റത്തെമുല്ലയ്ക്ക്
തെരുവിലെ പൂക്കടയില്‍ പിടിവലി..
മുറ്റത്തു കൊഴിഞ്ഞു വീണ പൂക്കള്‍ക്ക്
പൂക്കടയിലെത്താനും,
പൂക്കടയിലെ ചൂടാതെ വാടിയ പൂക്കള്‍ക്ക് തിരികെ
ആ മുറ്റത്തൊന്നു കൊഴിഞ്ഞു വീഴാനും മോഹം..

ദീപക് ജി നായര്‍

വേഴാമ്പലും നീയും

വേഴാമ്പല്‍ 

ഒരു മഴയ്ക്കായ് കൊതിച്ചു കൊതിച്ച്
വരള്‍ച്ചയെ വരിച്ച വേഴാമ്പല്‍...
കണ്ണീര്‍മഴയില്‍ കുതിര്‍ന്ന് 
ഒരു വെയിലിനെ സ്വപ്നം കണ്ട് നീയും...

ദീപക് ജി നായര്‍

മരണം

മരണം

ഉടലുവെന്തൊരുപിടിച്ചാരമായെങ്കിലും
എരിയുന്നു കനലുകള്‍ നെഞ്ചിലായിപ്പൊഴും
കരയുന്ന മക്കള്‍ തന്‍ കണ്ണീരിനൊപ്പമി-
ന്നിയലുന്നു ചാമ്പലിന്നിടയിലും കണ്ണുനീര്‍..

ദീപക് ജി നായര്‍

മകളുടെ അച്ഛന്‍

മകളുടെ അച്ഛന്‍ 

മകളേ വരുന്നു നിന്‍ കാലടികള്‍ പിന്‍തുടര്‍ന്ന-
കലുമീപ്രണയത്തിനഴല്‍ തിന്നപാതയില്‍...
ഇന്നുനിന്‍വേഗത്തിനൊപ്പമെത്തീടു-
വാനാവാതെ തളരുന്നുവെന്‍ തനുവെങ്കിലും,
തിരികെനീവരുമെന്നുകൊതിയോടെകാത്തുകൊണ്ടു
രുകുന്നനെഞ്ചിന്‍തുടിപ്പുകള്‍ബാക്കി-
വച്ചിരുളിനെ നോക്കിക്കുതിച്ചുപായുന്ന
നിന്നരികിലുണ്ടച്ഛന്‍മനസ്സുകൊണ്ടെപ്പൊഴും

ദീപക് ജി നായര്‍

ചിറകുള്ള ചിന്തകള്‍

ചിറകുള്ള ചിന്തകള്‍ 

ഉയരുവാനാകാതെയതിരുകള്‍ക്കിപ്പുറം
ചിറകൊടിഞ്ഞീമണ്ണിലിടറിവീഴുമ്പൊഴും 
അണയുന്നുനിന്നിലേക്കതിരുഭേദിച്ചെന്റെ 
അണയാത്തചിന്തകള്‍ ചിറകടിച്ചിപ്പൊഴും

ദീപക് ജി നായര്‍

ജീവിതവണ്ടി

ജീവിതവണ്ടി 

കൂകിവലിച്ചും കിതച്ചുമീപ്പാതമേല്‍
ജീവിതത്തീവണ്ടി പായുന്നു പിന്നെയും 
ടിക്കറ്റെടുത്തുമെടുക്കാതെയും ചിന്ത
കുത്തിനിറച്ചൊരെന്‍ചിത്തമാം ബോഗിയില്‍
കൊണ്ടും കൊടുത്തും കളിപറഞ്ഞും 
വിടചൊല്ലിപ്പിരിഞ്ഞും ഇടകലര്‍ന്നങ്ങിനെ 
പച്ചകണ്ടൊന്നുകുതിച്ചും ഇടയ്ക്കെന്റെ 
ദുഖമാം ചോപ്പിലറച്ചും
സ്വച്ഛമാം കാറ്റുപുതച്ചും ജ്വലിക്കുമീ
യുച്ചവെയില്‍ത്തീകുടിച്ചും 
ജീവിതത്തീവണ്ടിപായുന്നു പിന്നെയും 
കാലമാമീപ്പാത തന്നില്‍.

ദീപക് ജി നായര്‍

മഴ

മഴ 

മഴ തന്നെ മഴ....
അകത്തും പുറത്തും തകര്‍ത്തു പെയ്യുന്നു....
പുറത്തു കുളിര്‍ തന്ന മഴ..അകത്ത് കനല്‍ തന്നതും...
പുറത്ത് മഴ പെയ്തു തോരുന്നുണ്ട്...അകത്ത് തോരാതെ പെയ്തുകൊണ്ടേയിരിക്കുന്നു...
പുറത്ത് ആനന്ദത്തിന്റെ തെളിനീര്‍മഴ...
അകമേ ഉപ്പുതിന്ന കണ്ണീര്‍മഴ..
പുറത്ത് കാലവര്‍ഷം..
അകത്ത് കാലഭേദമില്ലാതെ തോരാതെ പെയ്തിറങ്ങുന്ന നോവുവര്‍ഷം

ദീപക് ജി നായര്‍

മോഹം

മോഹം 

അടുപ്പിലിട്ടു ചുട്ട മോഹമൂണുമേശമേല്‍ വിളമ്പി
കണ്ണുനീരിനുപ്പു ചേര്‍ത്തിറക്കുവാന്‍ തുനിഞ്ഞതും,
തികട്ടി വന്നൊരോര്‍മ്മയില്‍ നിറഞ്ഞ നിന്റെ
രൂപമെന്‍റെ ചിന്തയില്‍ പടര്‍ന്നതും,
തനിച്ചു വിട്ടു പോയ കാലമിരുളില്‍ വീണു കേണതും,
ഉയിര്‍ത്തെണീറ്റു വന്നു വീണ്ടുമിത്രയും പടച്ചതും,
നിനച്ചു നിന്നിലലിയുവാന്‍ കൊതിച്ചു ഞാന്‍
മുറിച്ചൊരെന്‍റെ സിരയില്‍ നിന്നിരുണ്ട രക്ത-
മിവിടെ വീണുറഞ്ഞതും,
മരിച്ചു ഞാന്‍ വരുന്നതിന്നു സാക്ഷിയായ്
പകച്ചനിന്നെയരികില്‍ വന്നണച്ചതും, 

കിനാവു മാത്രമെന്നറിഞ്ഞുറക്കമറ്റുണർന്നു പോയ്‌

ദീപക് ജി നായര്‍

Friday, August 15, 2014

പിന്‍വിളി

പിന്‍വിളി
-------------------
പടികടന്നകലുന്ന മകനേ നിനക്കു പിന്‍
വിളിയുമായുമ്മറപ്പടിയിലീയമ്മ
നിറകണ്ണിനാല്‍ മനം നൊന്തു കേഴുന്നു നീ
ഒരുമാത്രയൊന്നു തിരിഞ്ഞു നോക്കീടുകില്‍!!
വിടപറഞ്ഞകലുന്ന നിന്നില്‍ നിനക്കൊരു
തുണയായ് അലിഞ്ഞു ചേര്‍ന്നമ്മ തന്‍ സ്നേഹം
കരയുവാന്‍ കണ്ണീരു തേടിയ നിന്‍ ചുണ്ടി-
ലൊരു ചിരി തേച്ചു വിതുമ്പി നിന്നമ്മ ...
പറയുവാന്‍ ഗദ്ഗദകണ്ഠനായ് നില്ക്കേ
നിറയുന്നു നാവിലൊരു ദേവിയായ് അമ്മ
ഒഴുകുന്നു വാക്കുകളനശ്വരസ്നേഹമായ-
ലിയുന്നഹന്തയീ തണലിലായെന്നും.
പടികടന്നകലുന്ന മകനേ നിനക്കു പിന്‍
വിളിയുമായുമ്മറപ്പടിയിലീയമ്മ
നിറകണ്ണിനാല്‍ മനം നൊന്തു കേഴുന്നു നീ
ഒരുമാത്രയൊന്നു തിരിഞ്ഞു നോക്കീടുകില്‍!!

ദീപക് ജി നായര്‍

Friday, August 8, 2014

കൊഴിയുന്ന ജീവിതം

കൊഴിയുന്ന ജീവിതം

പറയാതെയറിയുമെന്നോര്‍ത്തുപരസ്പരം
പൊഴിയാതെമൊഴികളടക്കിവച്ചും
കൊഴിയാത്തമലരുകളെന്നുനിനച്ചു-
തേന്‍ നുകരാതെയെന്നും കരുതിവച്ചും നിയതിതന്‍പുസ്തകത്താളുകളോരോന്നായ്
വെറുതേ മറിച്ചൂ മരിക്കുവോളം!!


ദീപക് ജി നായര്‍

ഇരുട്ടിന്റെ മൌനം

ഇരുട്ടിന്റെ മൌനം 

ഇരുട്ടു പൂട്ടിയടച്ച മുറിയതില്‍ 
ഇരുമ്പു ചങ്ങലയിലിഴഞ്ഞ മൌനമേ

പൊറുത്തുവെന്നുപറഞ്ഞൊരുള്‍ക്കടല്‍

പുറത്തുകാട്ടാതെയൊളിച്ചതെന്തിനായ്

അടക്കി നിര്‍ത്തിയ കരള്‍ത്തുടിപ്പുകള്‍

കൊരുത്തെടുത്തു നീ കുരുക്കുതീര്‍ത്തതില്‍
മനസ്സു തൂങ്ങി മരിച്ചനാള്‍ മുതല്‍
ഇരുട്ടിലിങ്ങനെ തനിച്ചിരുന്നു കേണു-
റക്കമറ്റൊരീ നശിച്ച രാത്രിയില്‍ !!

ദീപക് ജി നായര്‍

Thursday, August 7, 2014

ഗാസ

                                  

ഗാസ
------------------------------------
ചോര വീണു ചുവന്നൊരീ പൂക്കള്‍ തന്‍
മൂകശാപമതേറ്റു പിടഞ്ഞു നീ
ചോരതുപ്പിയൊടുങ്ങാതെയെന്‍ മിഴി
തോരുകില്ലെന്നറിയുക മാനവാ
മധുനുണഞ്ഞവളമ്മതന്‍ നെഞ്ചിലായ്
മധുരസ്വപ്‌നങ്ങള്‍ കണ്ടു മയങ്ങവേ
കുപിതയൌവനമത്തില്‍ക്കുരുങ്ങി നീ
കുലമറുത്തു നിന്നട്ടഹസിച്ചതും
കുടിലചിന്തകള്‍ക്കൊടുവിലായമ്മ തന്‍ 
കനവകറ്റി നീ മാനം ഭുജിച്ചതും
കരളുനൊന്തുനിന്നലിവിനായ് കേണതും
മറവിയേല്‍ക്കാതെ ഓര്‍മ്മയിലെപ്പൊഴും
മനസ്സു കൊത്തി വലിക്കട്ടെ നിന്നുടെ
മരണനേരം വരേയ്ക്കുമീ മണ്ണിതില്‍.

ദീപക് ജി നായര്‍

പാതിരാ സന്ധ്യ

പാതിരാ  സന്ധ്യ
---------------------------------
തോളുതോളോടുരുമ്മിക്കരിമുകില്‍
വാനിലൂടെപറന്നുല്ലസിക്കവേ
കാറ്റുവന്നുപറഞ്ഞെന്തു കാതിലായ്?
കൂട്ടുവെട്ടിപ്പിരിയുവാന്‍ മാത്രമായ്.
കണ്ണുനീര്‍മഴപെയ്യിച്ചകന്നു പോം
ഖിന്നമേഘങ്ങളംബരവീഥിയില്‍
ഇണകളവര്‍തന്റെ സങ്കടപ്പെരുമഴ
കുളിരുകോരിനിറയ്ക്കുന്നു മണ്ണിതില്‍
നിറകുടം പോല്‍ തുളുമ്പുന്ന പ്രണയമി- 
ന്നുഡുനിലാവുപോലെന്നില്‍ പരക്കവേ
നടവരമ്പിലൂടെന്‍ കൈപിടിച്ചു നീ 
തനുവിലൊട്ടി നനഞ്ഞു നടന്നതും
ഉതിരുമുച്ഛ്വാസവേഗങ്ങളില്‍ മനം
അതിരുകാക്കുവാനമ്പേ കിണഞ്ഞതും
കനവിലാണെന്നറിഞ്ഞുണര്‍ന്നന്തരേ
കരളുനീറിപ്പിടഞ്ഞുകിടക്കവേ
അകലെവാനിലൊരമ്പിളിവെട്ടത്തില്‍ 
ഇണകളാം രണ്ടുകാര്‍മുകില്‍ക്കൂട്ടങ്ങള്‍
ഉടലുരുമ്മിപ്പറക്കുന്നു പാതിരാ -
ക്കനവില്‍ ഞാന്‍ കണ്ട പാതിമെയ്മാതിരി  

ദീപക് ജി നായര്‍

Saturday, July 26, 2014

ദൃഷ്ടിദോഷം

ദൃഷ്ടിദോഷം
----------------------
അന്നൊരു തൃസന്ധ്യയിലെന്‍ പടിവാതിൽക്കൽ
വന്നംബരച്ചുവപ്പും കണ്ടമ്പരന്നിരിക്കുമ്പോൾ
എങ്ങു നിന്നെങ്ങോ നീണ്ടു പോകുമീപ്പാതയോര-
ത്തമ്പിളിപ്പാലാഴിപോൽ നിന്നവൾ ചിരിക്കുന്നു.
കണ്ണുകൾ വിടർത്തിച്ചേലൊത്തവൾ നടക്കുമ്പോൾ
കണ്ണിണ പോലും ഇമചിമ്മുവാൻ മടിക്കുന്നു
അന്തികത്തണയുമ്പോളെന്നകം തുടിക്കുന്നൂ
സുന്ദരീതിടുക്കത്തിൽ എങ്ങു നീ ഗമിക്കുന്നൂ ?
കണ്ടതു പോരെന്നുള്ളം കുണ്ഠിതപ്പെടുന്നെന്റെ
കണ്ണില്‍നിന്നെങ്ങോ ദൂരത്തെന്തിനായ് മറയുന്നു
മെല്ലെയൊന്നെഴുന്നേറ്റു കണ്ണുകള്‍ക്കൊപ്പം നടന്ന
ന്തരാല്‍ ആശിച്ചൊന്നു കാണുവാന്‍ കഴിഞ്ഞെങ്കില്‍
സത്വരം നടക്കുമ്പോള്‍ അല്‍പദൂരത്തായ്ക്കണ്ടു 
കൊച്ചൊരാള്‍ക്കൂട്ടം മുന്നിലെത്തി ഞാന്‍തിടുക്കത്തില്‍
ഒറ്റനോട്ടത്തില്‍ മനംപൊട്ടിരണ്ടായിപ്പിളര്‍ന്ന-
ട്ടഹസിച്ചൂ ദിക്കും, അര്‍ക്കനും മറയുന്നൂ ..
ശുഭ്രമാം മന്താരത്തിന്‍ ദളങ്ങള്‍ ചുവന്നെത്ര
ക്ഷുദ്രജീവികള്‍ ചിത്രം പകര്‍ത്താന്‍ തിടുക്കുന്നു
ഒട്ടൊന്നു കുനിഞ്ഞെടുത്തെന്‍മടിത്തട്ടില്‍ വച്ചു
മുത്തമൊന്നേകി നെറ്റിതന്നിലായ്, വിടചൊല്ലി
ദൃഷ്ടിദോഷത്താലാകാം മൊട്ടിവള്‍ കരിഞ്ഞിത്ര
പെട്ടെന്നതോര്‍ത്തെന്‍ മനമഗ്നിയില്‍ തിളയ്ക്കുന്നു.

ദീപക് ജി നായര്‍

തിരിച്ചറിവ്

തിരിച്ചറിവ്
-------------------------
ആയതില്ലന്നു നല്കുവാനിത്തിരി,
സ്നേഹമീ മണ്ണില്‍ ജീവിച്ചിരിക്കവേ
കാലമെത്ര കടന്നു പോയിന്നു നിന്‍
കാര്യമോര്‍ക്കാതിരിക്കുവാന്‍ വയ്യെനി- 
യ്ക്കഴലുതീര്‍ത്തൊരീത്തിരകളില്‍ മുങ്ങിവന്നൊ-
രുപിടിച്ചോറിലെന്‍കണ്ണുനീരുപ്പുമ-
വനിതന്നിലായ് ചെയ്ത പാപങ്ങളും,
കഴുകി ബന്ധിച്ചു കര്‍മ്മധര്‍മ്മങ്ങളെ-
ക്കരുതിയര്‍പ്പിക്കുമീ ബലിച്ചോറില്‍ നിന്ന-
രികില്‍ വന്നൊരു വറ്റു നീ കൊത്തണേ.
ഉടലുമാത്രം കറുത്ത നിന്‍ നോട്ടമെന്നുയിരു
കൊത്തിവലിക്കുമ്പോളെങ്കിലും,
ഉലകിലറിയാതെ ചെയ്ത പാപങ്ങളില്‍ 
ഉരുകുമോര്‍മ്മ തന്‍ കണ്ണീരുണങ്ങണേ.

ദീപക് ജി നായര്‍

Monday, July 21, 2014

അഹന്ത

അഹന്ത
------------------
ഞെട്ടറ്റു വീണു ഞാന്‍ മണ്ണില്‍ പതിക്കവേ
പൊട്ടിച്ചിരിക്കുന്നു പൂക്കളെല്ലാം
ഒട്ടുനാള്‍ മുന്‍പൊരു മൊട്ടായിരുന്നു ഞാന്‍
പൊട്ടിവീണെത്രയോ കൊച്ചുപൂക്കള്‍!
കണ്ണുകള്‍ ചിമ്മിത്തുറന്നു ചിരിച്ചു ഞാന്‍
മണ്ണില്‍പ്പതിച്ചവര്‍ ഭാഗ്യഹീനര്‍.
വിണ്ണുപൊഴിച്ചോരീ കണ്ണീര്‍മഴത്തുള്ളി-
തന്നില്‍ ഒലിച്ചുപോയ് ആ സുമങ്ങള്‍ ..
കണ്ടും, ചിരിച്ചും, കളിപറഞ്ഞും, ചെടി-
ത്തണ്ടിലായ് തണ്ടോടുലഞ്ഞു കാറ്റില്‍.
കാറ്റിന്‍ ഗതിയൊന്നു മാറി, കരിനിഴല്‍
വീഴ്ത്തി, മദം പൂണ്ട കരികണക്കേ,
വേട്ടമൃഗം പോലെയെന്‍ ചെടിത്തണ്ടിലേ-
ക്കാര്‍ത്തിയായ്, വീശിയടിച്ചു വേഗാല്‍
ഞെട്ടിത്തരിച്ചു വിറച്ചു നില്‍ക്കേയെന്റെ
ഞെട്ടറ്റു പോയ്‌, നിപതിച്ചു മണ്ണില്‍.
വിണ്ണുമീ മണ്ണും ചിരിച്ചുരസിക്കവേ
കണ്ണില്‍ നിന്നിറ്റുവീണെന്നഹന്ത.
    
ദീപക് ജി നായര്‍ 

Saturday, July 5, 2014

യാത്രാമൊഴി

യാത്രാമൊഴി
--------------------------
പോകുവാന്‍ ഒരുക്കങ്ങള്‍ തുടങ്ങാം, പുലരും മുന്‍പാരുമേ
അറിയാതെ പോകണം തിടുക്കത്തില്‍.
ആവതില്ലനവധി നോട്ടങ്ങള്‍, ചോദ്യങ്ങളും,ആധിയാല്‍
നിറയും നിന്റെ മിഴികളും കണ്ടീടുവാന്‍ .
ഓലതന്നുണങ്ങിയ കീറുകള്‍ക്കിടയിലായ്,തേങ്ങലിന്‍
കണ്ണീര്‍മഴ മുത്തുകള്‍ പൊഴിക്കുന്നു.
തോളിലായ് തൂങ്ങും  തുണി സഞ്ചിയില്‍ നിറയ്ക്കുവാന്‍,
കീറാത്തതായിട്ടൊന്നും ഇല്ലയെങ്കിലും, നെഞ്ചില്‍
താങ്ങാത്ത ഭാരത്തിന്റെ സഞ്ചിയും മുറുക്കിഞാന്‍
കാണാത്ത ലോകത്തേക്കായ് ഗമിക്കാന്‍ തുടങ്ങട്ടെ..
അമ്മതന്‍ കാലില്‍ തൊട്ടു കണ്‍കളില്‍ നിറയ്ക്കട്ടെ
കുഞ്ഞിന്റെ ചിരിത്തൂവല്‍ ഒന്നു ഞാന്‍ എടുക്കട്ടെ
നിന്റെയാ നെഞ്ചിന്‍ ചൂടില്‍തിളയ്ക്കും സ്നേഹത്തിന്റെ
നൊമ്പരപ്പൂന്തേന്‍ മധു ഒന്നു ഞാന്‍ രുചിക്കട്ടെ
ഭീരുവായ് മുദ്രചാര്‍ത്തിമറക്കാം നിനക്കെന്നെ
ധീരയായ് വാഴാന്‍ മമമംഗളാശംസകള്‍ ..

ദീപക് ജി നായര്‍ 

Saturday, June 21, 2014

കാമിനി

കാമിനി
---------------
നന്ദിചൊല്ലി പിരിഞ്ഞിടാന്‍  മാത്രമായ്
നിന്ദ്യരെന്തിന്നടുത്തു നാമിത്ര നാൾ
സന്തതമല്ലറിയുന്നുവെങ്കിലും
അന്തികത്തെന്നുമുണ്ടായിരിക്കുവാന്‍
അന്തരേ കൊതിക്കുന്നു ഞാന്‍ നിന്‍ മുഖം
ചന്ദ്രിക തേന്‍ നിലാവിറ്റിച്ചു നിന്‍മുഖ
കാന്തിയെത്തെല്ലൊന്നുണര്‍ത്തുമീ രാത്രിയില്‍
മന്ദസ്മിതം ചൊരിഞ്ഞല്ലയോ കാമിനീ
അന്തരംഗത്തിന്‍ തുടിപ്പുകള്‍ ഏറവേ
ചന്ദനലേപനം ചെയ്ത നിന്‍ നെറ്റിയില്‍
സുന്ദരീ, പടരും വിയര്‍പ്പിന്‍ കണങ്ങളെ
ചന്തത്തില്‍ ഞൊറിവിട്ടുടുത്ത നിന്‍ ചേലതന്‍
കോന്തലകൊണ്ടുതുടച്ചു നീ നില്‍ക്കവേ
മന്ദാരമലരമ്പു കണ്ണാല്‍ തൊടുത്തെന്‍റെ
കാന്തേ, കടാക്ഷമിതു താങ്ങുവാനാകാതെ
കാന്തനാമെന്‍ ചൊല്ലു കേള്‍ക്കൂ മനസ്വിനീ
താന്തയായ് എന്തിന്നകന്നു നില്‍ക്കുന്നു നീ
സന്തോഷസന്താപമെല്ലാം പരസ്പര-
മന്തിയോളം വരെ തമ്മില്‍ പകുത്തിടാം
ഹന്ത കൃതാന്തപുരം പൂകിടും വരെ
സ്വന്തമായെന്നുമിരിക്കാം നമുക്കു നാം

ദീപക് ജി നായര്‍










ജനിമൃതി

ഇനിയൊരല്പം തിടുക്കത്തിലാകണം
അവനിതന്നിലെയനന്ത സഞ്ചാരങ്ങൾ
ഇളയിലിനിയെത്ര കാതം നടക്കുവാൻ 
അറിയുകില്ലെന്നറിഞ്ഞു നാം എപ്പൊഴും
ഇടറി വീഴും വരേയ്ക്കും തളർന്നിടാ -
തൊടുവിലീ മണ്ണിലടിയുന്നിടം വരെ.
കരുതി മുന്നേറിയൊരു ചെളിക്കുണ്ടിലും
വഴുതിവീഴാതെയപ്പുറം കാണണം
ഉടലിൽ നീറും വ്രണങ്ങൾ പഴുത്തിടാം
ഉരഗ ദംശനമേറ്റു പിടഞ്ഞിടാം
ഉയിരുകാത്തുനീ അപ്പുറത്തെത്തണം
ഉലകജീവിതകാണ്ഡം കഴിക്കണം
ഇരുകരങ്ങളിൽ തൂങ്ങുമീ ഭാണ്ഡങ്ങൾ 
അതിൽ നിറയ്ക്കുക നന്മയും തിന്മയും
ഒടുവിലാനദിക്കരയിൽ നീ ചെല്ലണം
ഉടലുടുപ്പുകള്‍ ഊരിയകറ്റണം
ചുമലിലേറ്റിയ ഭാണ്ഡപിണ്ടങ്ങളെ
ഒരു തുലാസിലേക്കേറ്റിയളക്കണം
ജലവിതാനത്തിലൂടെ നിന്‍ ദേഹിയെ
ജനിമൃതിയ്ക്കു മേല്‍ മുക്തമാക്കീടണം

ദീപക് ജി നായര്‍






Saturday, June 14, 2014

ഇടവപ്പാതി

ഇടവപ്പാതി
------------------
ഇടവമാസത്തിലെ കുളിരുന്ന  മഴയിലെൻ
ഇറയത്തിരുന്നു ഞാൻ കണ്ടു
ഇലകൾ തൻ കവിളിണയിലിറ്റിറ്റു വീഴുന്ന
ചെറുമണി
ത്തുള്ളിക്കു നാണം
വിടരാതെ നിന്ന പൂമൊട്ടിന്നു ചുംബന
ക്കുളിരേകിയുതിരും കണങ്ങൾ
കവിയുന്ന പുഴതന്റെ ഓളങ്ങളിൽ കൊച്ചു
കവിതയായ് ഉലയുന്ന തോണി
മുടിയിൽ നിന്നൂറുന്ന തേൻമാരി തൻ മുത്ത്‌
മടിയിലേക്കിറ്റിച്ചു വീഴ്ത്തി
ഉടയാത്തൊരുടലോടെ മണിമുത്തു പൊഴിയുന്ന 
വടിവിൽ  നിറഞ്ഞു  നീ നില്ക്കെ
ഇനിയേതു സ്വർഗ്ഗം തിരഞ്ഞു നാം പോകണം
ഇവിടമല്ലാതേതു സ്വർഗ്ഗം ...

ദീപക് ജി നായര്‍ 

ഒറ്റ ചോദ്യം

ഒറ്റ ചോദ്യം 

നിങ്ങൾ ആരാണെന്ന ചോദ്യത്തിനുത്തരം
എന്തു നൽകേണ്ടതെന്നറിവില്ലതിപ്പൊഴും
നിന്നു പിഴ്യ്ക്കുവാന്‍ മര്‍ത്ത്യരോരുത്തര്‍
ചെന്നു പെടുന്നെത്ര ജീവിതവീഥിയില്‍
നമ്മള്‍  കെട്ടീടുമീ വേഷങ്ങളാല്‍ ലോകം
നമ്മെ വിധിക്കുന്നൂ, നാമതുമാത്രമോ ?

ദീപക് ജി നായര്‍


മലയാണ്മ

മലയാണ്മ
-------------------------------
മല പെറ്റു പുഴ മണ്ണിൽ
ഒഴുകി പരന്നു.
പുഴ പെറ്റതൊക്കെയും
കടലമ്മ തിന്നു.
കടൽ മേലെ വലയെറിഞ്ഞു
ലയുന്ന തോണിയിൽ,
കുടല്‍സര്‍പ്പമിരതേടും
ഉദരങ്ങള്‍ മൂളി.
മലയുടെശിരോമുടി
മുറിച്ചെടുത്താരോ, ...
വിലപേശി വിറ്റു മല
തല ചുട്ടു നിന്നു.
പനിനീർ ചുരത്തിയൊരു
മല തന്റെ മുലകൾ,
കനിവറ്റു തോട്ട
എറിഞ്ഞുടച്ചാരോ.
പുഴയതിൻ അടിവയറു
മാന്തിക്കുഴിച്ചു,
മണൽ വിറ്റു മാളിക
പടുക്കുന്നിതെങ്ങും.
മലയില്ല പുഴയില്ല
മരങ്ങളും ഇല്ലാ...
മലയാളമിതു ഭൂവില്‍
മറയുന്നു മെല്ലെ.

ദീപക് ജി നായര്‍

അപലജന്മം

അപലജന്മം 

കാട്ടുതീപോലെയെന്‍ നെഞ്ചില്‍ പടര്‍ന്നൊരു
നീറ്റലിന്‍ ഹേതുവതെന്തെന്നിരിക്കിലും,
മാറ്റുവാന്‍ വയ്യെനിക്കെന്നെ ഒരിക്കലും,
പേറ്റുനോവാല്‍ പിടഞ്ഞമ്മ തന്‍ മുന്നിലും
മാറ്റൊലിക്കൊള്ളും മനസ്സിന്നഹന്തയാല്‍...
പേര്‍ത്തു ഞാന്‍ സത്യത്തെ വിട്ടകന്നീടിലും
നീറിപ്പുകഞ്ഞിഹവാസം വെടിയിലും
മാറ്റുവാന്‍ വയ്യെനിക്കെന്നെ ഒരിക്കലും
ആറ്റുനോറ്റുണ്ടായതാണെന്നറികിലും
കൂട്ടിന്നു മാതാവു മാത്രമാണെങ്കിലും
നാട്ടുകാരൊക്കെപ്പരിഹസിച്ചീടിലു
മാറ്റുവാന്‍ വയ്യെനിക്കെന്നെ ഒരിക്കലും
തീര്‍ന്നതല്ലിങ്ങനെ തീര്‍ത്തതാണീ മണ്ണില്‍
നോവുകള്‍ നല്‍കി വളര്‍ത്തിയെടുത്തവര്‍
ചുറ്റിലും തെറ്റുകള്‍ കണ്ടു പഠിച്ചെന്റെ
സ്വത്വമതിങ്ങനെ മാറിമറിഞ്ഞു പോയ്‌
തെറ്റുകാരായിപ്പിറക്കാതെ, ജീവിതം
ഒറ്റുകാരായി ചമയ്ക്കുന്നു മര്‍ത്ത്യരെ
നല്ല നടപ്പുകളോതിക്കൊടുക്കുവാന്‍
നന്മ നിറയട്ടെ നമ്മളില്‍ നിത്യവും.

ദീപക് ജി നായര്‍

യക്ഷി


പുലരിയില്‍ പൂത്ത തേന്‍ മാവിന്റെ ചില്ലകള്‍-
ക്കിടയിലൂടാദ്യമായ് എത്തിനോക്കുന്ന പൊന്‍
വെയിലിന്നിളം ചൂടില്‍ ഇരുകൈകള്‍ നീട്ടി നീ
മുടി കോതിയാരെയോ കാത്തിരിക്കുന്നുവോ?

പൂഴിയില്‍ കാലുകള്‍ പൂഴ്ത്തിയിരിക്കുന്ന
മാദകരൂപിണീ, നിനക്കു പേര്‍ യക്ഷിയോ ?
കാണികള്‍ നിത്യം, നിന്‍ മേനിത്തുടിപ്പുകള്‍
കാണുവാന്‍ വന്നണയുന്നോരീ മണ്ണിതില്‍
ആടകളില്ലാത്തൊരാ നഗ്നസൌന്ദര്യ-
മൂറ്റിക്കുടിച്ചു സംതൃപ്തരാകുന്നവര്‍.

കണ്ണുകളടച്ച നിന്‍ കാമരൂപത്തിന്‍റെ
കണ്ണില്‍ നിന്നും നനവൂറിയിറങ്ങിയോ
വെയിലേറ്റു വാടിത്തളർന്ന പൂമേനിയിൽ
പൊടിയുന്നു സ്വേദമിതു ശിലയോ, ശരീരമോ?

മുലയൂട്ടുവാന്‍ വെമ്പി മകളെയും കാത്തു നീ
മലകള്‍, മരങ്ങള്‍ക്കു നടുവിലിന്നേകയായ്
ശിലയായിടട്ടെ നിന്‍ മകളും, മനുഷ്യന്നു
മതിഭ്രംശമില്ലാത്ത കാലം വരേയ്ക്കുമേ
 

ദീപക് ജി നായര്‍


Saturday, June 7, 2014

വിശപ്പ്‌


വിശപ്പ്‌

ഉലയുന്ന ചേലകൾക്കുള്ളിൽ,
നിൻ ഉദരത്തിൽ, ഇഴയും
കുടൽസർപ്പം, ഇരയെത്തിരഞ്ഞു
കൊണ്ടുയരുന്ന ശീല്ക്കാരം
ആരു കേൾക്കാൻ!

ദീപക് ജി നായര്‍ 

Friday, May 30, 2014

മഴ

മഴ
----------------------------
മഴ മഴ മഴ മഴ മഴയാണേ
മാനത്തൂന്നു കലിച്ചു മറിഞ്ഞങ്ങാർത്തു
തിമിർത്തു വരുന്നൊരു മഴയിത്
മഴയാണേ മഴയാണേ ....

ഇടവപ്പാതിയിലെത്ര കുരുന്നുകൾ
ഇലകുടചൂടി ചെറുവഴി താണ്ടി
ചെളിയിലിറങ്ങി കലപില കൂട്ടി
കുളിരു നിറച്ചു വരുന്നതു കണ്ടോ
മഴയാണേ, മഴയാണേ


പാടവരമ്പിലിരുന്നു കരഞ്ഞു
രസിക്കും മാക്രികളുത്സാഹത്തോടാര്‍പ്പു
വിളിച്ചിട്ടോടിച്ചാടിമറിഞ്ഞു കളിക്കും
പേക്രോം പേക്രോം എന്ന് വിളിക്കും
മഴയാണേ, മഴയാണേ....

കാലത്തൊരുമഴ ഉച്ചക്കൊരുമഴ
നാലുമണിക്കെന്‍ പള്ളിക്കൂടവരാന്തയിലെത്തി
മണിയടിയൊച്ചക്കൊപ്പം പെയ്യാന്‍
പാത്തുപതുങ്ങിയിരിക്കും മഴയിതു
മഴയാണേ, കള്ളമഴ

ചുട്ടുപഴുത്തൊരു മണ്ണിന്‍ചുടുനെടു
വീര്‍പ്പുകളെണ്ണി മടുത്തിട്ടാക്കരിമേഘക്കീറു
പകര്‍ന്നൊരു ദാഹജലത്തിനു പേരിത്
മഴയാണേ, മഴയാണേ ...


കട്ടുമുടിക്കും കുരുടന്മാര്‍ പലര്‍
കുത്തകയാക്കും കടല്‍നീരിന്‍ വില
കൊണ്ടറിയാന്‍ മഴ പെയ്യാതങ്ങിനെ
ചുണ്ടു വരണ്ടിവരാര്‍ത്തു കരഞ്ഞാല-
ന്നുതിരും മഴ സ്നേഹമഴ..

ദീപക് ജി നായര്‍

ഒറ്റശ്വാസത്തില്‍ ചൊല്ലാം

ഒറ്റശ്വാസത്തില്‍ ചൊല്ലാം
-----------------------------------------
ചില്ലു ജാലകത്തിനപ്പുറത്തു നീ
വരുന്നതിന്നു കാത്തിരുന്ന കണ്ണുകള്‍
കഴച്ചു ഞാന്‍ കിടന്നുറങ്ങിയപ്പോഴെന്റെ
കനവില്‍ നൂറു മന്ദഹാസ മലര്‍
വിരിച്ചു മന്ദമായ് അണഞ്ഞതും,
തളര്‍ന്ന നിന്റെയുടലിലാകെ
മിഴികളാലുഴിഞ്ഞതും,
ചിരിച്ചു നിന്നൊരിതളുകള്‍
കൊരുത്തു ശ്വാസമാലയാല്‍
വിയര്‍ത്ത ദേഹമൊട്ടിവേഗ
മാര്‍ത്തിപൂണ്ടിറുക്കിമോഹ
വലകളില്‍ക്കുരുങ്ങി ദാഹ
മൊട്ടടക്കിനിദ്രവിട്ടുണര്‍ന്നു
ചില്ലുജാലകത്തിലേക്കുകണ്ണുനട്ടു
നീ  വരുന്നതിന്നു കാത്തു
കാത്തിരുന്നു ഞാന്‍ ...

ദീപക് ജി നായര്‍ 

Wednesday, May 21, 2014

തിരിച്ചു പോക്ക്

തിരിച്ചു പോക്ക്
--------------------------------------------------------
വീണ്ടുമീ മണ്ണിന്‍ മധു നുകര്‍ന്നീടുവാന്‍
വേദാന്ത ഭൂവിന്‍ മധുരം രുചിക്കുവാന്‍
വേദനകളെല്ലാം മറന്നു പറന്നെന്റെ
വേരുകള്‍ തേടി അണയുന്നതിന്നു ഞാന്‍

ആകാശ നീലിമയ്ക്കപ്പുറം പായുന്ന
മേഘത്തിരകള്‍ക്കു മേലെയെന്‍ നാടിന്റെ
നാടിമിടിപ്പിനായ് കാതോര്‍ത്തു; മാത്രകള്‍
നാഴിക പോലെ നിരങ്ങി നീങ്ങുന്നുവോ?

മറവി തന്‍ മച്ചകത്തെന്നോ അടച്ചിട്ട
മധുരമെന്‍ ബാല്യത്തിനോര്‍മ്മകളത്രയും  
മറനീക്കി മെല്ലെ തെളിഞ്ഞൂ, നിലാവിലെ 
മധുചന്ദ്രരൂപം വിടര്‍ന്ന പോല്‍, മനമിതില്‍.

കാവിലെ സര്‍പ്പത്തറയ്ക്കു മേല്‍ തിരിവച്ചു
കാലങ്ങള്‍ മുന്‍പേ പറന്നതാണീക്കിളി
കോമരം തുള്ളുന്ന കോവിലില്‍ നിത്യവും
കോലങ്ങള്‍ കണ്ടു വളര്‍ന്നതാണീക്കിളി

പാടവരമ്പിലിരുന്നു കൊണ്ടെത്രയോ
പാട്ടുകള്‍ പാടി പഠിച്ചതാണീക്കിളി
കാടിന്‍ തണുപ്പു പുതച്ചുകൊണ്ടെത്രയോ
കാട്ടാറില്‍ മുങ്ങിക്കുളിച്ചതാണീക്കിളി
  
കരയോടു തലതല്ലി നൊമ്പരം പറയുന്ന,
തിര തിന്ന കര തന്റെ ആന്തരം തേടുന്ന,
തിര തീര മുകളില്‍ പറന്നിരതേടുന്ന
കടലമ്മ പോറ്റിയ കിളിയായിരുന്നു ഞാന്‍.

കനവുകള്‍ കൊത്തിപ്പെറുക്കി, എന്‍ നാടിന്റെ 
നനവിതു കാണാതെ അക്കരപ്പച്ചകള്‍ 
മനസ്സില്‍ നിറച്ചു പറന്നതാണന്നു നിന്‍ 
പിന്‍വിളിയലിഞ്ഞൊരു സന്ധ്യയിലഹന്തയാല്‍..

തേടിയതൊന്നുമേ കാണാതെ കണ്ണുനീര്‍ 
ഊറ്റിക്കുടിച്ചു കഴിച്ചൊരാ രാത്രികള്‍ 
കാലം പറന്നെത്ര വേഗം, മനസ്സിലും 
കാമാര്‍ത്തി മെല്ലെ കരിഞ്ഞതില്ലേ സ്വയം 

വീണ്ടുമെന്‍ നാടിന്റെ നാദലയങ്ങളെ 
തേടിപ്പറന്നു വരുന്നതാണിന്നു ഞാന്‍
വേദനകളെല്ലാം മറന്നു കൊതിച്ചെന്റെ 
വേരുകള്‍ തേടി അണയുകയാണു ഞാന്‍ 

ദീപക് ജി നായര്‍ 



അനന്തമത്സരം

അനന്തമത്സരം 

തോളുരുമ്മി കുതിച്ചു പായവേ
വെളുക്കെച്ചിരിക്കുന്ന കറും മനസ്സുകള്‍!
ഇടയ്ക്കു കാലിനൊരിടര്‍ച്ചയാല്‍, മണ്ണില്‍
പതിച്ച മര്‍ത്ത്യന്റെ അലര്‍ച്ച കേള്‍ക്കവേ
നിനച്ചു നില്‍ക്കാതെ ഉറച്ചകാലുകൊണ്ടി -
രച്ചു മുന്നേറുമനന്തമത്സരം....

ദീപക് ജി നായര്‍ 

Saturday, May 3, 2014

പഴമയുടെ പുതുമ

പഴമയുടെ പുതുമ
-----------------------------
രാത്രി ചോദിക്കുന്നിതെന്നോട് പിന്നെയും
ആർത്തനായെന്തിനിരിക്കുന്നിതെപ്പൊഴും
കൂരിരുൾ തിങ്ങി നിറഞ്ഞൊരീ പാതയിൽ
ശാപരൂപിപോലെത്രവർഷങ്ങളായ്
മാറാലകെട്ടിയ മനസ്സുതൻ, പ്രതിരൂപമാർന്നു
പിഞ്ചിയ കമ്പിളി പുതച്ചു നീ...?

കാർന്നു തീർന്ന കരൾച്ചില്ലമേല്‍ സ്വപ്ന -
ക്കൂടൊഴിച്ചു  പറന്നു പോയ്‌ പൈങ്കിളി.
കാടൊഴിഞ്ഞു പോയ്‌, കാട്ടാറുറഞ്ഞു പോയ്‌
കാലവീചിയില്‍ കെട്ടുകളുടഞ്ഞുപോയ്‌
പാതയോരത്തിനേകാവകാശിപോൽ
പാതികൂമ്പിക്കുഴിഞ്ഞ കണ്‍കോണിലായ്
നീട്ടിവച്ച നിലവിളക്കിൻ തിരി നാള-
മൊന്നു പടർന്നെരിയുന്നുവോ ...?

അനന്തശയനം കണക്കെക്കിടന്ന നിന്‍
അരികില്‍ നാറും തുണിക്കീറുതന്നിലായ്
എറിഞ്ഞു വീഴുന്ന തുട്ടുകള്‍ കാണാതെ
എരിഞ്ഞു കത്തുവതെന്തിനായ് നിന്നകം
കടന്നു പോകുവതൊക്കെ പുതുമകള്‍
പഴമ കാത്തു നിന്‍ ദേഹം മരിപ്പിനായ്
ചിതയൊരുക്കി കൊതിക്കുന്ന നെഞ്ചകം.

ഉലകമെത്ര തിരിഞ്ഞുപോയ്‌, ആയിരം
ഉയിരു പോയ്‌വന്നു പിന്നെയും പിന്നെയും
മാസചക്രം മുറിഞ്ഞ ഋതുക്കളും
മാറി മാറിക്കനിഞ്ഞു, കടന്നു പോയ്‌
ഭൂതകാലത്തിന്റെ അസ്ഥികൂടം പേറി
കാത്തിരിക്കുന്നു നീയെന്തിനായിപ്പൊഴും.

കാലമേ, പറയട്ടെ നിന്‍ ഭ്രാന്തവേഗത്തില-
ടിതെറ്റിയലയുന്ന പഴമയാകുന്നു  ഞാന്‍!
ഒരു പുല്‍ക്കൊടിത്തുമ്പിലഭയം കൊതിച്ചുകൊ-
ണ്ടൊഴുകട്ടെ നിന്‍ പാപതിരകള്‍ക്കു  മീതെയായ്‌.
ഇനിയും മരിക്കാത്ത ഭൂതകാലത്തിന്റെ
ഇഴകള്‍ വലിച്ചു ചേര്‍ത്തിയലും സുഖത്തിനായ് ..

ദീപക് ജി നായര്‍

Wednesday, March 26, 2014

മുഖം നഷ്ടമായവര്‍


       മുഖം നഷ്ടമായവര്‍
------------------------------------------
ഇനിയുമൂറ്റിക്കൊടുക്കുക നിന്‍ നിണ
മന്ത്യശ്വാസം വരേയ്ക്കും നിലയ്ക്കാതെ
ചുളിവാര്‍ന്ന നിന്‍ ദേഹമറിയാതെ, യൗവനം
അകലുന്ന വഴിയിലും അണപൊട്ടിയൊഴുകുന്ന,
അതിഥികള്‍ക്കവസാന അത്താഴമേകുക.
ദാഹിച്ചലഞ്ഞു വരുന്നൊരീ യാത്രികര്‍ക്കാ
ലംബമായ് സത്ര നടയില്‍ നീ കാക്കുക
പൂമരച്ഛായയില്‍ പൂത്തു നീ നില്‍ക്കുക
പുഞ്ചിരിപ്പാല്‍മധുരമിറ്റിച്ചിരുത്തുക
വേവുന്ന ചൂടിലൊരു വിശറിപോല്‍ വീശി നിന്‍
നാവിലാ പാപത്തിന്‍ ഉപ്പു രുചിക്കുക
കണ്ണുകളടച്ചു നിന്‍ കാഴ്ച മറയ്ക്കുക
കരളില്‍ നിന്‍ കനവുകള്‍ ഊതിക്കെടുത്തുക
അറിയുക വഴിപോക്കനിവനെന്നു സ്പഷടമായ്
അകതാരില്‍ നീ ശിലയലിയാതെ  കാക്കുക
മുഖപടം മാറാതെ ചേര്‍ത്തു പിടിക്കുക
മിഴികളില്‍ നനവിന്റെ ഉറവ് വറ്റിക്കുക
മൊഴികളില്‍ നോവുകള്‍ പൊഴിയാതെ നോക്കുക
ഒടുവില്‍ നിന്‍ നെഞ്ചിന്‍ മിടിപ്പുകള്‍ ബാക്കിവച്ച -
കലുന്ന നിഴലുകള്‍ക്കെണ്ണം കുറിക്കുക
മഴപെയ്തു തോര്‍ന്നൊരീ മണ്ണില്‍ നിറച്ചാര്‍ത്ത്
വീണ്ടും നിറച്ചു നീ നടയില്‍ നിന്നീടുക
അപ്പൊഴും പെയ്യും മനസ്സാം മരങ്ങള്‍ തന്‍
തേങ്ങും മഴത്തുള്ളി  ചിരിയാല്‍ മറയ്ക്കുക

ദീപക് ജി നായര്‍ 

Friday, March 21, 2014

വിഷുപ്പുലരി

വിഷുപ്പുലരി 

കണികണ്ടുണര്‍ന്നൊരാ മേടപ്പുലരികള്‍ 
കര്‍ണ്ണികാരത്തിന്റെ കനകമണിമുത്തുകള്‍
കണിവിളക്കിന്‍ തിരി, തീപ്പെട്ടിക്കോലുകള്‍ 
കണിയാക്കി, തിരി തെളിച്ചമ്മ വിളിപ്പതും 
കാത്തു കിടന്നൊരാ  സുന്ദര രാത്രികള്‍. 
കണി,കണിയെന്നും പറഞ്ഞമ്മ കണ്‍കളില്‍ 
കൈവിരല്‍ ചേര്‍ത്തു മറച്ചുകൊണ്ടെന്നെയാ 
കണിവിളക്കിന്‍ മുന്നിലേക്കു നയിച്ചതും ,
പ്രപഞ്ചപ്രതീകമാം ഓട്ടുരുളി തന്നിലായ് 
നിറയുന്ന കാലപ്പുരുഷ രൂപത്തിന്റെ 
തലയിലായ് മിന്നുന്ന കൊന്നക്കിരീടവും 
കണിവെള്ളരിച്ചേലുനിറയുന്ന പൂമുഖം 
കണ്ണിന്‍ തിളക്കമായ് കത്തുന്ന തിരികളും 
മനസ്സായ് തെളിഞ്ഞിടും വാല്‍കണ്ണാടിയും 
വാക്കുകള്‍ വഴിയുന്ന ഗ്രന്ഥങ്ങളും 
കാണാതെ കണ്ടു ഞാന്‍, തൊഴുതൂ നിന്നൂ,ഇടം
കണ്ണാല്‍ തിരഞ്ഞെന്റെ കാലണക്കൈ
നീട്ടം അമ്മ തന്‍  കൈകളില്‍ പിന്നെയും പിന്നെയും 
കണ്ണുനീര്‍ വീണു നനഞ്ഞോരാ തുട്ടതില്‍ 
കണ്ണുപായിച്ചന്നു നോക്കി ഞാന്‍ നിന്നതും 
മധുരം പൊതിഞ്ഞോരു വര്‍ണ്ണക്കടലാസിന്‍ 
നിറമെന്റെ ചുണ്ടിലൊരു ചിരിയായ് വിരിഞ്ഞതും 
അയലത്തെ കൂട്ടുകാര്‍ അരികത്തു വന്നെന്റെ 
അയവുള്ള നിക്കറിന്‍ തുളവീണ കീശയില്‍ 
അരുമയായ് ഒരുപിടി ഉപ്പേരി ഇട്ടതും 
ഒരു തുണ്ട്‌ മെഴുതിരിത്തുമ്പില്‍ മനസ്സിലെ 
കനലു കൊളുത്തിപ്പകര്‍ന്ന തീച്ചൂടില്‍ വെന്ത 
ലറിപ്പിളര്‍ന്നിടും ഓലപ്പടക്കത്തിനിടയില്‍ -
നിന്നെരിയാപ്പടക്കം തിരഞ്ഞതും ,
തെളിയുന്നിതോര്‍മ്മയില്‍ മാത്രം വിഷുക്കണി 
നിറയുന്നു കണ്‍കളിൽ നനവായി മാത്രം 

ദീപക് ജി നായർ 


Thursday, March 20, 2014

മെഴുകുതിരി

മെഴുകുതിരി 

ഇരുളിൽ നീ തപ്പിത്തടഞ്ഞു വീഴും മുൻപേ 
തെളിയുമെന്നുടൽ നീറ്റിയെന്നുമെന്നും 
അരികിൽ ഞാൻ എന്നുമുണ്ടെങ്കിലും തുണയായി 
വരുവാന്‍  കഴിഞ്ഞതീ ഇരുളിൽ മാത്രം 
ഉരുകിയെന്നുടൽ മണ്ണിൽ വീണുറഞ്ഞെന്നാലും  
ഉതിരുകില്ലൊരു മിഴിപ്പൂവു പോലും
കരയുന്ന മിഴികളതു കാണാതെ, തേങ്ങുമെന്‍ 
കരളിലെ കനലുകള്‍ തെളിച്ചു വച്ചും 
എഴുതി നീ സൂക്ഷിച്ച വരികളിലെവിടെയോ
വികലമെന്‍ രൂപം പതിഞ്ഞിരുന്നു 
 
ദീപക് ജി നായര്‍

Tuesday, March 18, 2014

ഇന്നലെകള്‍

ഇന്നലെകള്‍
---------------------------
ഇന്നലെ ഞാന്‍ കൊണ്ട വെയിലൊന്നു കായുവാന്‍
ഇന്നുമീ  മുറ്റത്തിറങ്ങി നിന്നു
ഇന്നലെക്കണ്ട തിളക്കമുണ്ടെങ്കിലും
ഇന്നതില്‍ ഈര്‍പ്പമലിഞ്ഞിരുന്നു
ഇന്നലെ മുങ്ങിക്കുളിച്ചൊരാ പുഴതന്നില്‍
ഇന്നും കുളിര്‍ തേടിയെത്തി മെല്ലെ
ഇന്നലെകളെല്ലാം ഒഴുക്കി കളഞ്ഞവള്‍
ഇന്നിന്റെയാകാന്‍ കൊതിച്ചു നിന്നൂ
ഇന്നലെക്കണ്ടു ചിരിച്ചോരാ പൂമുഖം
ഇന്നും നുകര്‍ന്നിടാനെത്തി രാവില്‍
ഇന്നലെ പൂത്തു വിടര്‍ന്നൊരാ പൂവുകള്‍
ഇന്നു കരിഞ്ഞു കൊഴിഞ്ഞിരുന്നു
ഇന്നലെ പൈങ്കിളി പാടിയ പാട്ടുകള്‍
ഇന്നു ഞാന്‍ കേള്‍ക്കാന്‍ കൊതിച്ചിരുന്നു
ഇമകളില്‍ ഈറനണിഞ്ഞു കൊണ്ടിന്നവള്‍
ഇളയുടെ മടിയില്‍ കിടന്നിരുന്നു..
ഇന്നലെകളെല്ലാം കൊഴിഞ്ഞു വീഴുമ്പോഴും
ഇന്നില്‍ ഞാനതിനായ് തിരഞ്ഞിരുന്നു

ദീപക് ജി നായര്‍







Monday, March 17, 2014

ഞാനും നീയും

ഞാനും നീയും
------------------------------------
ഒരു ഇത്തിരി പോന്ന ഞാനും, ഒത്തിരി വലിയ നീയും തമ്മിൽ എന്നും മത്സരം ...ആരാണ് വലിയവൻ ?..."ഞാനില്ലെങ്കിൽ കാണാം ... കണ്ണുകൾ തുറക്കാനാകാത്ത, ചിരിക്കുവാൻ കഴിയാത്ത, പുണരുവാൻ ആകാത്ത നിന്നെ ആർക്കു വേണം ...ഞാൻ ഇല്ലാത്ത നിന്നെ ഓർമകളിൽ നിന്നു തന്നെ എരിച്ചു കളയും നിനക്ക് വേണ്ടപ്പെട്ടവര്‍ എന്ന് നീ കരുതുന്നവര്‍  ... ഇത്തിരിപ്പോന്നവനെങ്കിലും ഈയുള്ളവൻ ഉള്ളത് കൊണ്ട് നീ ഇങ്ങിനെ ജീവിച്ചു പോകുന്നു ..
ഒരു നിമിഷ നേരത്തെ ചിത്ത ഭ്രമം കൊണ്ട് , ഒരു കയറിൻ തുമ്പിൽ, ഒരു തുള്ളി വിഷത്തിൽ , നീ പോലും അറിയാതെ ഉറക്കത്തില്‍ .. നിന്നെ ഇല്ലാതാക്കി എനിക്ക് വേണമെങ്കിൽ അനന്തതയുടെ ആകാശത്തേക്കു ചിറകടിച്ചു പറക്കാം.."

ആർക്കും ഇന്നു വരെ കാണാൻ പോലും പറ്റാത്ത നീ എങ്ങിനെ വലിയവനാകും ? അവന്റെ  മറുചോദ്യം ..

"എല്ലാവരും ആസ്വദിക്കുന്നത്,  കൂട്ടുകൂടുന്നത്, കാമിക്കുന്നത് എന്നെയാണ് ... എന്നെ മാത്രമാണ് ... ഞാനില്ലാതെ നീയെങ്ങിനെ കാണും, സല്ലപിക്കും, രുചിക്കും .. എന്നെ വിട്ടു നീ അകലുന്ന നിമിഷം, എന്റെ കര്‍മ്മങ്ങളുടെ വിഴുപ്പു നിന്നില്‍ ചുമത്തി ഞാന്‍ അഗ്നിശുദ്ധി വരുത്തും ... നീ കര്‍മ്മദോഷങ്ങളും മാറാപ്പിലേറി... ശാന്തി കിട്ടാതെ .......

ആരാണ് വലിയവന്‍ ..?

ദീപക് ജി നായര്‍ 

Saturday, March 8, 2014

കര്‍മ്മഫലം

കര്‍മ്മഫലം

പഴമയുടെ  മാറാല മാറ്റി ഞാൻ നോക്കവേ
തെളിയുന്നിതെൻ പൂർവ്വ ജന്മകർമ്മങ്ങള്‍ തന്‍  
ചുരുളുകൾ നീർത്തിയഴിഞ്ഞു വീഴുന്നെന്റെ
നിറമുള്ള ജീവിതചിത്രം മനോഹരം !

സര്‍പ്പമായ് വീണ്ടും ജനിച്ചതെന്തിന്നു  ഞാന്‍
സത്യമായെന്‍ കര്‍മ്മമല്ലേ നിദാനവും
ഇന്നുമീ ഇരുളറയ്ക്കുള്ളില്‍ അഹന്ത തന്‍
പത്തിവിടര്‍ത്തി  വിഷച്ചിന്ത ചീറ്റുന്ന
സര്‍പ്പമായ്, നിധികുംഭ കാവലാളായി ഞാന്‍



ദീപക് ജി നായര്‍

Friday, March 7, 2014

ദാഹം

ദാഹം

വിണ്ടുകീറിക്കിടക്കുന്നൊരെന്‍ ദാഹ -
മിന്നുതേകിയകറ്റിയ മാനവാ
കണ്ടു ഞാനെന്റെ ദൈവമായ് നിന്നെയെന്‍
നെഞ്ചുകീറി നീ വിത്തുപാകും വരെ...

 ദീപക് ജി നായർ 

Wednesday, March 5, 2014

കാറ്റിനോട്

കാറ്റിനോട്... 

കണ്ണുരുകി ഊറുമീ ഉപ്പുനീര്‍ത്തുള്ളികള്‍
കാണാതെ പോകുവതെന്തു നീ തെന്നലേ
തന്നു പോ അല്പം കുളിരെനിയ്ക്കോമലേ
തന്നിടാം പകരമൊരു നിറചിരി നിനക്കായി

മനമതില്‍ കത്തുന്ന കനലുകളെരിച്ചിടാന്‍
അറിവെനിക്കില്ലെന്തുപായമെന്നാലുമാ-
ത്തനുവില്‍ പടര്‍ന്നു പകര്‍ന്നിടാമെന്‍ കുളിര്‍
മുകരുമ്പോളാശ്വാസമാകുമെങ്കിൽ സഖേ.

വഴിയില്‍ നീ കണ്ടുവോ കരയുന്ന മിഴികളില്‍
വഴിയും വിഷാദത്തിനലകടല്‍ത്തിരകളെ.
ഉതിരുവാനാകാതെയധരത്തിനിടയിലായ്
ചിറകൊടിഞ്ഞമരുന്ന തേങ്ങൽ നീ കേട്ടുവോ

ഇരുളിൽപ്പതുങ്ങുന്ന നിഴലിനെക്കണ്ടു ഞാൻ
ഇമകളിൽ നനവിന്റെ തൂവലും കണ്ടു ഞാൻ
ഇരവിന്റെ നിശ്വാസഗന്ധത്തിലിഴചേര്‍ന്ന
ഇണ തന്റെ നോവുന്ന തേങ്ങലും കേട്ടു ഞാന്‍

ചിരിതേച്ചമുഖമതില്‍ ചുഴിയുന്ന കണ്ണുകള്‍
ചാകരക്കോളിനായ് തിരയുന്ന കണ്ടുവോ
മണമുള്ള പൂവതില്‍ നിറയുന്ന തേന്‍ കുടിച്ച
കലുന്ന വണ്ടിനെ കണ്ടുവോ കാറ്റേ

പുഞ്ചിരിപ്പൂമുഖംമൂടിയഴിച്ചവര -
ഞ്ചുപേര്‍ കാട്ടിയ പരാക്രമം കണ്ടു ഞാന്‍
പിഞ്ചിളം മേനി ചുവക്കുന്നതും, ചോര-
ക്കണ്ണുകള്‍ കേണു തളര്‍ന്നുറങ്ങുന്നതും
മണ്ണില്‍ മണം പിടിച്ചെത്തുമുറുമ്പുകള്‍
കണ്ണില്‍ പൊതിഞ്ഞതും കണ്ടു ഞാന്‍ രാവിതില്‍

മാംസക്കൊഴുപ്പിതില്‍ മദിച്ചവരൊക്കെയും
മാനം ഭുജിച്ചു മതി വരുത്തിപ്പോകെ
കണ്ണുരുകി ഊറുമീ ഉപ്പുനീര്‍ത്തുള്ളികള്‍
കാണാതെ പോകുവതെന്തു നീ തെന്നലേ
തന്നു പോ അല്പം കുളിരെനിയ്ക്കോമലേ
തന്നിടാം പകരമൊരു നിറചിരി നിനക്കായി

ദീപക് ജി നായര്‍ 

Saturday, March 1, 2014

പിടയുന്ന ഹൃദയം

പിടയുന്ന ഹൃദയം 

എന്തിനോ വേണ്ടി പിടയ്ക്കുന്നിതെൻ മനം
നൊന്തു വലിയ്ക്കുന്നുണ്ടിപ്പൊഴും  നെഞ്ചകം 
മിഴികൾ രണ്ടും തുറക്കുവാനാവാതെ 
ഉടലു നീറിപ്പുകഞ്ഞു കത്തുന്ന പോൽ 
ഇതുവരെ മിടിച്ചോരെൻ ഹൃദയ വീണയ്ക്ക് മേൽ 
ചരടുകൾ ചാട്ടപോൽ വീശിപ്പതിയ്ക്കുന്നു...
കരയുകയാണെന്റെ കുട്ടികൾ ചുറ്റിലും 
തലതിരിച്ചൊന്നങ്ങു നോക്കുവാനാകാതെ -
നിലവിളിക്കുന്നു ഞാൻ ഉള്ളിൽ നിശബ്ദനായ്.

ദീപക് ജി നായര്‍ 

Friday, February 28, 2014

മഷിപ്പേന


മഷിപ്പേന 

എന്റെ ഉടലിൽ മുറുകി പിടിച്ചു
രക്തമുനയിലൂടെ,നിന്റെ തലച്ചോറിലെ
മിന്നല്‍പ്പിണരുകള്‍ക്കൊപ്പം   നീ ഊറ്റിയെടുത്ത
എന്റെ ജീവരക്തം വെളുത്തു മരവിച്ച പ്രതലത്തില്‍ പരന്ന് ...
അക്ഷരങ്ങളായ്‌ .. വാക്കുകളായ് ...

എല്ലാം നിന്റേതു എന്ന് തീറെഴുതി നീ അഹങ്കരിക്കാതെ ..

ഈ പുതുമ നശിക്കുമ്പോള്‍ നിന്റെ കണ്ണുകള്‍ വീണ്ടും എന്നിലേക്കെത്തും..
രക്തം വറ്റി ഉണങ്ങി തളര്‍ന്ന എന്റെ സിരകളില്‍  വീണ്ടും നീ ചുവന്ന രക്തം കുത്തി വച്ച് നിരാശയുടെ ഇരുണ്ട ആഴങ്ങളില്‍ നിന്നും ഉണര്‍ത്തി ..
ആ പഴയ ആവേശത്തോടെ ... ഉടലില്‍ ചുറ്റിപ്പിടിച്ച്...

അക്ഷരങ്ങളുടെ അച്ഛന്‍ നീയാണെങ്കിലും,
അമ്മ ഞാന്‍ ആണെന്ന ബോധം ഒട്ടും ഇല്ലാതെ .............................

ദീപക് ജി നായർ

ജീവിതചക്രം

ജീവിതചക്രം

തലമുറകളിൽ നിന്നും തലമുറകളിലേക്ക്
ജീവന്റെ കയ്യൊപ്പ് പകർന്ന് ഒരു  അമാനുഷികനായ വൃദ്ധന്‍.
മണ്ണിലെ കാളകൂടം കുടിച്ചു കണ്ഠം കലങ്ങിയ ജടാധാരികള്‍.
മുഷിഞ്ഞ ഉടുപ്പഴിച്ചു തീയിൽ അലക്കുവാൻ ഇട്ട്,
ഉയരങ്ങളിൽ പുത്തന്‍ ഉടലുടുപ്പ് തേടി അലയുന്ന ഒരു ആത്മാവ് ...
ദിക്കുകള്‍ ആരക്കാലുകള്‍ ആക്കി പിന്നെയും തിരിയുന്ന കാലചക്രം.
സൃഷ്ടിക്കും സംഹാരത്തിനും ഇടയില്‍ നാവു നക്കി നുണയുന്ന
ചിതകള്‍ക്ക് നടുവില്‍, പല്ലിളിക്കുന്ന തലയോട്ടികള്‍.
ഇതിനിടയില്‍ എവിടെയോ വീണു നഷ്ടപ്പെടുന്ന  ജീവിതം....


ദീപക് ജി നായര്‍




Sunday, February 23, 2014

പുലരി

പുലരുവാനായി ഞാന്‍ കാത്തിരിപ്പൂ, പൂക്കും
മലരുകള്‍ കാണാന്‍ കൊതിച്ചിരിപ്പൂ
പൂമരക്കൊമ്പില്‍ വന്നൂഞ്ഞാലു കെട്ടുന്ന
പൂവാലി നിന്നെയിന്നോര്‍ത്തിരിപ്പൂ
പൊട്ടി വിരിഞ്ഞ പൂമൊട്ടില്‍ നിറഞ്ഞൊരീ
പൂന്തേന്‍ നുകര്‍ന്ന പൂത്തുമ്പി പോലെ
പാട്ടൊന്നു പാടും കുയില്‍ നാദമായ്, ചെറു
തോട്ടിലെ പായും പരല്‍ വേഗമായ്‌
പിച്ചവച്ചെത്തുന്ന വെയില്‍ നാളമായ് പ്പനം
തത്തകള്‍ കൊഞ്ചുന്ന കിളിമൊഴികളായ്
പുലരിവരുന്നതും കാത്തിരിപ്പൂ, പൂക്കും
മലരുകള്‍ കാണാന്‍ കൊതിച്ചിരിപ്പൂ
മണ്ണിന്‍ മണം പേറിയെത്തും പുതുമഴ -
ത്തുളികള്‍ക്കുള്ളില്‍ വെയില്‍ നിറഞ്ഞു
മഴവില്ലു പോലെന്റെ മനസ്സില്‍ത്തെളിഞ്ഞിടും
മധുരമീ ഓര്‍മ്മ തന്‍ പൂമ്പുലരി
വരിക പൊന്‍ പുലരി നീ ചെമ്പട്ടുടുത്തുനെല്‍
ക്കതിരുകള്‍ തീര്‍ക്കും കൊലുസ്സണിഞ്ഞും
നെറ്റിയില്‍  കുങ്കുമം തൊട്ടു സൂര്യന്‍, നീണ്ട
ചുരുള്‍ മുടിച്ചാര്‍ത്തു  പോല്‍ നീലമേഘം
നാണം കുണുങ്ങിയിങ്ങെത്തുന്ന  പുലരീ നിന്‍
നാദസ്വരത്തിനായ് കാത്തിരിപ്പൂ....

Saturday, February 22, 2014

നഗരം

നഗരം

നഗരമേ! നിൻ നീലനിറമുള്ള സിരകളില്‍
ലഹരി തിളയ്ക്കുന്ന പുതുനാമ്പുകൾ,
പ്രണയവഴികളിൽ  ചുറ്റും  കരിമ്പാമ്പുകള്‍.
നുരയുന്ന, പതയുന്ന, പുകയുന്ന  രാത്രികള്‍!
നിഴലുകള്‍ കെട്ടിപ്പുണര്‍ന്നിടും ഗാത്രികള്‍!

മനസും ശരീരവും നഗ്നമായ്,
ഈ നഗര നരകത്തിലെന്നോ പൂത്ത്, കായ്ച്ച്‌ ,
എരിഞ്ഞമർന്നൊരുപിടി ചുടുചാരമായ്,
പിന്നെ മണ്ണിനും കൊള്ളാതെ,
മരവിച്ചൊരമ്മ തൻ മകളായി നീ

നിറനിലാവിന്‍ സുഗന്ധം കണക്കെ നീ
നിഴലുതേടി തിരഞ്ഞു പോം രാത്രിയില്‍
നിയതിയാകാമതെന്‍ മുന്നില്‍ വന്നതും,
നിര്‍മ്മലം  നീ മനസ്സില്‍ പടര്‍ന്നതും

ഒരു മുളങ്കൂടു മെനഞ്ഞെടുക്കാൻ നമ്മൾ
ഒരുപാടു നാളായ് കൊതിച്ചതും, നിത്യവും
ഓരോ മുളങ്കോലടുക്കീ, മനസ്സിൽ നാം
ഒരു സ്വപ്നഗേഹം പണിഞ്ഞതും
ഒടുവിലീക്കനവില്‍ നീ എന്നെ തനിച്ചാക്കി
ഓര്‍മ്മ തന്‍ കൂട്ടില്‍ തളര്‍ന്നുറങ്ങി

ഇന്നു  നിന്‍ കൂടിന്നു മുകളില്‍, നിന്‍ നെഞ്ചിലായ്
ഒരു തിരി വെട്ടം പകര്‍ന്നു ഞാന്‍, മഞ്ഞണി
മലരിതളര്‍പ്പിച്ചു മനമുരുകി രാവിതില്‍
ഒരു സ്പന്ദനത്തിനായ് കാതോര്‍ത്തിരിക്കവേ
ഉണരുക, ഓർമ്മ തൻ  ചിറകടിച്ചെൻ കൂട്ടിലി-
ണകളായ്കനവു കണ്ടൊരു മാത്രയെങ്കിലും !!

Tuesday, February 18, 2014

വേനല്‍ക്കനവ്‌

വേനല്‍ക്കനവ്‌
-----------------------------------------------------------------
വേനലിൽ വരണ്ടു വിണ്ടു കീറിയ എൻ അധരങ്ങളിൽ,
നിൻ കരിമേഘമിഴികളിൽ നിന്ന് ഇറ്റിച്ച ഒരു മഴത്തുള്ളി പതിക്കവെ,
എന്നിൽ നിന്നുയർന്ന ചൂടു നിശ്വാസവും,
എന്റെ തനുവിൽ പടർന്നു നീ പരത്തിയ കുളിരും,
നിന്റെ മനസ്സിൽ ഞാൻ കോരിയിട്ട കനലും,
ഒടുങ്ങാത്ത പ്രണയത്തിന്റെ ഓർമ്മപ്പെടുത്തലുകളായ് ..

ഒടുവിൽ നിത്യതയുടെ ആഴിയിലേക്ക് നീ മടങ്ങിപ്പോകെ,
നിന്റെ ആത്മാവും പേറി വരുന്ന ഒരു പുതുമഴത്തുള്ളിക്കായ്
വീണ്ടും വിണ്ടു കീറിയ അധരങ്ങളോടെ ഞാന്‍ കാത്തിരിക്കാം ...

ദീപക് ജി നായര്‍ 

Thursday, February 13, 2014

പട്ടം

പട്ടം
--------------------------------------
പട്ടം കണക്കെയാണെന്റെ ബാല്യം
നൂലു കെട്ടി വലിച്ചിരുന്നെന്റെയച്ചൻ
ഞെട്ടറ്റ പൂ പോൽ കൊഴിഞ്ഞിടാതെ, വിണ്ണിൽ
തത്തിക്കളിച്ചോരെൻ പുണ്യകാലം
കാറ്റിന്റെ താളത്തിലാടി മെല്ലെ, സൂര്യ-
ഗോളത്തിലേക്ക് കുതിച്ചു ചെല്ലാൻ
അച്ഛന്റെ കൈവലിക്കൊപ്പമായ് പിന്നെയും
ആകാശതീരങ്ങൾ താണ്ടിടുമ്പോൾ
സത്വരം പട്ടമാം എന്റെ പ്രാണൻ വിട്ടു
സത്യലോകം തേടി എന്റെ താതൻ
കാറ്റും മഴക്കാറുമേറിടുമ്പോൾ , വാനിൽ
ദിക്കറിയാതെ പറന്നിടുമ്പോൾ
ഓർമ്മ തൻ നൂലിനാൽ പിന്നെയും ബന്ധിച്ചു
ഓരോ വഴിയും തെളിച്ചു താതൻ
ബന്ധനമല്ലിത്, ബന്ധങ്ങൾ തൻ നൂലു
പൊട്ടിച്ചിടാതെ പറന്നുയരാം.

ദീപക് ജി നായര്‍



Wednesday, February 12, 2014

ബാല്യം

ബാല്യം 

മണലിൽ വിരൽ കൊണ്ടു തീർത്ത രൂപങ്ങളെ
അക്ഷരമെന്നോതി പഠിപ്പിച്ച കളരിയിൽ
അക്കങ്ങൾ, വാക്കുകൾ, അക്ഷരമാലകൾ
അവിടെ തുടങ്ങുമെന്നറിവിന്റെ  ബാല്യം
ചിട്ടയായുള്ളോരു ശിക്ഷണക്കളരികൾ
ചട്ടം നിരത്തിയ ചിത്രങ്ങളും പിന്നെ
ചട്ടമ്പിമാരെന്റെ കൂട്ടുകാരും ...
അച്ചനുറങ്ങാന്‍ കിടക്കുന്ന തക്കത്തില്‍
അമ്മയ്ക്കൊരുമ്മയയും നല്‍കി കളിക്കുവാന്‍
പമ്മി പറക്കുന്ന പാടവരമ്പുകള്‍
കുട്ടിയും കോലും കളിക്കുവാന്‍ കൂട്ടരേ
കാത്തു മുഷിഞ്ഞങ്ങിരിക്കവേ കല്ലുകള്‍
കവണയില്‍ കോര്‍ത്തെറിഞ്ഞടരുന്ന മാങ്ങകള്‍
അതു കല്ലില്‍ വച്ചിടിച്ചുപ്പിലൊന്നൊപ്പിയിട്ടതു
നുകര്‍ന്നാര്‍ക്കുന്ന വികൃതിയാം  ബാല്യം
പുസ്തക സഞ്ചിയില്‍ പലതായ് മടക്കിയ
കുട നിവര്‍ത്താതെയാക്കുളിരുന്ന മഴ നന -
ഞ്ഞൊട്ടിയൊരുടുപ്പുമായ് നനവുള്ള ബാല്യം
ഇന്നു നാം  അറിയുന്നില്ലിന്നിന്‍ മഹത്വം
ബാല്യത്തിലറിഞ്ഞീല ഞാനെന്‍ ബാല്യത്തെയും

ദീപക് ജി നായര്‍

പറയുവാന്‍ ബാക്കിവച്ചത്

പറയുവാന്‍ ബാക്കിവച്ചത് 

നിന്നോടു പറയുവാനുള്ളതെല്ലാം,നിന-
ച്ചെന്നെന്നുമരികിൽ ഞാൻ വന്നിരുന്നു
മുന്നിൽ  നിറചിരിയായി നീയെത്തവേ
മനസ്സില്‍ നിന്നെല്ലാം മറഞ്ഞു പോകും.
നിന്നെക്കുറിച്ച് ഞാൻ പാടിയില്ലിതുവരെ
നിൻ പ്രേമകാവ്യങ്ങളെഴുതിയില്ല
നിന്നിലലിഞ്ഞു ഞാൻ നീയായി മാറവേ
എന്തിന്നു വേണ്ടിയീ കപട കാവ്യം
നീയില്ല, ഞാനില്ല നാമെന്ന സത്യത്തി
ലാകെ മുളച്ചതീ മൊട്ടു മാത്രം.
മൊട്ടു വിരിഞ്ഞു പൂവാകുന്നതിൻ മുൻപേ
ഞെട്ടറ്റു വീഴാതിരിക്കുമെങ്കിൽ,
ഒരു മരക്കൊമ്പിലന്നൊരുമിച്ചു പൂക്കളായ്
ഒരു നല്ല കാവ്യം രചിച്ചിടാം ഞാൻ.

ദീപക് ജി നായര്‍

Sunday, February 9, 2014

ഭ്രാന്തി

ഭ്രാന്തി 

എവിടെനിന്നോ വന്നു,
എവിടെക്കോ ഒഴുകുമീ
പാത തന്നോരത്ത്,
ശൂന്യ മനസ്സുമായ്
കല്ലു കളിക്കുന്ന പെണ്‍കിടാവ്‌ ,
ഇവൾ  തന്റെ പേരാണു ഭ്രാന്തി

ഭ്രാന്തില്ലാ ഭ്രാന്തി

ഭ്രാന്തമാം മനസുകൾക്കിടയിലൊരു ഭ്രാന്തിയായ്
ജീവിത നാടകത്തട്ടിൽ കളിക്കുന്ന ,
നടിയാണിവൾ, കൊച്ചു ഭ്രാന്തി


കല്ലുകൾ താണു പൊങ്ങുന്നതിന്നൊപ്പിച്ചു
കണ്ണും തലയും കുലുക്കി
സത്വരം കയ്യാൽ പിടിച്ചതു പിന്നെയും
വിണ്ണിലെറിഞ്ഞു കളിച്ചു ...

കാണികളെല്ലാം  വഴിയോരക്കാഴ്ച പോൽ
കാണാതെ കണ്ടു പോകുന്നു

ഒട്ടിയാ വയറിലൊരു പശിയാം വിഷസ്സർപ്പ
ശീല്ക്കാര സ്വരമിന്നുയർന്നു
അപ്പൊഴും കണ്‍കളിൽ കവിത വിരിച്ചവൾ
കല്ലു കളിച്ചു രസിച്ചു ...

അച്ഛനെ, അമ്മയെ , കുഞ്ഞനുജത്തിയെ
കണ്ടതായുള്ളോരു ഓര്മ്മ മാത്രം
ഓർമ്മകളെല്ലാം നിറമുള്ളതാണവൾക്കാകെ
നിറമുള്ളതോർമ്മ മാത്രം

ഓർമ്മകളിൽ പൂത്തുലഞ്ഞവൾ
ഓമനപ്പൂമുഖം മെല്ലെ വിടർന്നു വന്നു
പെറ്റിട്ടതല്ല, അനാഥയായീ മണ്ണിൽ
പൊട്ടി മുളച്ചവളല്ല
സ്വപ്‌നങ്ങൾ ഗർഭം ധരിച്ചമ്മ നല്കിയ
പുണ്യമാണിവൾ തന്റെ ജന്മം


ദീപക് ജി നായര്‍