Tuesday, April 21, 2020

കൂടശ്ശേരിഭഗവതീ നിൻ 
നടയിലെത്തി നമസ്ക്കരിക്കാൻ
അടിയനൊരുവരമരുളണേ നീ
അംബികേ മായേ
നീയെന്നംബികേ മായേ.

കാലദോഷമകറ്റിയുള്ളി-
ലെരിഞ്ഞിടും കനലാറ്റി ,
നിന്നുടെ കരുണനിറയും 
തൃക്കടാക്ഷമതരുളണേ മായേ 
നീയെന്നംബികേ മായേ.

നടയിൽ വന്നൊരു തിരിതെളി-
ച്ചതി കഠിനമാം വഴി താണ്ടിടുമ്പോൾ,
ഉടലുകാത്തടിപതറിടാ-
തിടനെഞ്ചിലുണരണമേ ,
നീയെന്നംബികേ മായേ.

മാസപൂജദിനത്തിലടിയനൊ-
രാശയുള്ളിലുദിച്ചിടുമ്പോൾ
മനസ്സിലമ്മ നിറഞ്ഞനുഗ്രഹ
മരുളിനില്ക്കുന്നു.
 നീയെന്നംബികേ മായേ.

ദീപക്   ജി നായർ

Tuesday, January 28, 2020

ഇനിയുമുയരങ്ങൾ താണ്ടുവാനാകണം
തനിയെ വെട്ടിത്തെളിച്ചൊരീപ്പാതയിൽ
കിനിയുമെത്രയോ കണ്ണീർ തുടയ്ക്കണം
കനിവു തേടും കരങ്ങളെ,ത്താങ്ങണം.
പിറകിൽ നീളും നടപ്പാത തന്നതാം,
അറിവതിരുളിലെ, തിരിയായ് തെളിയ്ക്കണം
കറകൾ പറ്റാതുണർന്നേയിരിക്കണം.
ചിറകു തളരാതുയർച്ചകൾ കാണണം
കെണികളുണ്ടാമൊരായിരം ചുറ്റിലും
തൃണമതെന്ന പോൽ ത്രാണനം ചെയ്യണം
അണികളാവേശഭരിതരായ് തീർന്നിടാം
നിണമതിൻ ചൂരതെങ്ങും നിറഞ്ഞിടാം
വ്രണിതമനസ്സുകൾക്കെന്നും പ്രതീക്ഷയായ്
ഇനിയുമുയരങ്ങൾ താണ്ടുവാനാകണം.

ദീപക് ജി നായർ

Thursday, January 23, 2020

കാട്ടുപൂവേ നിനക്കെന്തു നൊമ്പരം
കൂട്ടുകാരില്ലയെന്നതോ കാടിതിൽ?
പൂത്തുനില്ക്കുവാനാകുമോയിങ്ങനെ
നാട്ടിലെങ്ങാനുമായിരുന്നെങ്കിൽ നീ
ഓർത്തു നോക്കുക മൊട്ടായിരുന്ന നാൾ
കോർത്തെടുക്കുവാനെത്തിയില്ലാരുമേ
ചേർത്തു നിർത്തിയ ചിത്രശലഭങ്ങളും
പാർത്തതില്ല നിൻ ഇതൾ വിടർന്നീടുവാൻ


ദീപക് ജി നായർ

Tuesday, January 21, 2020

വെയിലെന്നു പരിഭവം ചൊല്ലിയെന്നാലുടൻ
കടലിലൊടുങ്ങുന്നു സൂര്യഗോളം.
ഇരുളെന്നു ചൊല്ലിടും മുൻപേ പരക്കുന്നു
കുളിരുമായ് തിങ്കൾ തൻ ശോഭയെങ്ങും.
നിഴൽ മാത്രമെന്നു നിനച്ചിരിക്കേ, നൂറു
നിറവുമായെത്തുന്നു പുലരി വീണ്ടും.
ഇരുളും വെളിച്ചവും, നിഴലും നിറങ്ങളും
ഇടകലർന്നൊഴുകുന്നതിതു ജീവിതം.

ദീപക് ജി നായർ 

മേഘമേ, നിന്നിൽ നിന്നടരുന്ന തുള്ളിയിൽ,
ജീവൻ കൊരുത്തെടുത്തൊഴുകുമീക്കുമിളകൾ.
വീർത്ത ജലപാളിതന്നുള്ളിൽ പിടയ്ക്കുന്നു
നേർത്തലിഞ്ഞീടുന്ന പ്രാണന്റെ വേദന.

ദീപക് ജി നായർ

Sunday, January 19, 2020

നീരുതേടുന്നിതാ ചിന്ത തൻ വേരുകൾ
കാലം കുറിച്ചിട്ടൊരോർമ്മതന്നേടതിൽ
നേരു തേടുന്നിതാ കണ്ണുകൾ, കാതുകൾ
കാലത്തിനപ്പുറം ഭാവിതൻ വീഥിയിൽ

ദീപക് ജി നായർ

Saturday, January 11, 2020

തരിക മലയാളമേ പഴയതെൻ നാടിന്റെ
തരി, കലർപ്പില്ലാത്ത താരകപ്പൂമുഖം
ഇരതേടുമായിരം നരിമിഴികളിരുളിലായ്
കുരുതിക്കളങ്ങളാകുന്നെന്റെ കേരളം
ചിരി വഴുതി വീഴുന്നു ചിന്തകൾക്കപ്പുറം
ചിറകറ്റു വീഴുന്നു, ചിരകാല കനവുകൾ
വർണ്ണങ്ങൾ ചാലിച്ച സ്വർഗ്ഗസ്വപ്നങ്ങളിൽ
കർമ്മം മറന്നാർത്തി പൂണ്ടുനില്ക്കുന്നവർ
ധർമ്മമെല്ലാം വെടിഞ്ഞമ്മമലയാളത്തി-
ലങ്കം കുറിക്കുവാൻ , കച്ചകെട്ടുന്നവർ
കാലമേ നീ തന്ന പാഠങ്ങളത്രയും
കാടത്തമേറ്റിക്കുലം മുടിക്കുന്നുവോ?
തരിക മലയാളമേ പഴയതെൻ നാടിന്റെ
തരി, കലർപ്പില്ലാത്ത താരകപ്പൂമുഖം.

ദീപക് ജി നായർ


പശിയൊടുങ്ങാതെ പാതയോരത്തു നാം
പരിഭവക്കൂടു പൊട്ടിച്ചിടാതെ, വെൺ-
പുലരി വരുമെന്ന കനവിന്റെ തോണിയിൽ
തിരയതെണ്ണിക്കഴിഞ്ഞെത്ര രാത്രികൾ

കരയുവാനൊട്ടു കണ്ണുനീരില്ലെന്റെ
കരളുകത്തിക്കരിഞ്ഞു നില്ക്കുന്നു
കരയിലേക്കിളം കുളിരുമായെത്തിടും
തിരയിൽ നിന്നെ തിരഞ്ഞു നില്ക്കുന്നു

ദീപക് ജി നായർ



നേരല്ല നേരല്ലെന്നു ചൊല്ലിടുന്നുള്ളം, ചില
നേരങ്ങൾ നേരിൻ മുഖം,മൂടികളഴിഞ്ഞീടേ.
ചോരുവാൻ തുടങ്ങുന്നു പാരിതിൽ ചിരി, വെറും
ചാരമായ്ത്തീരാനെത്ര നാടകം, വേഷങ്ങളും.
ആരുമല്ലാർക്കും, നിഴൽ പോലുമിന്നന്യം ,പകൽ
ച്ചൂടുകൂടുന്നൂ , സന്ധ്യ, വേഗമിങ്ങടുത്തെങ്കിൽ!

ദീപക് ജി നായർ

ഒത്തിരി സ്നേഹം പകർന്ന പൂമൊട്ടുകൾ
പെട്ടെന്നു വാടിക്കരിഞ്ഞതെന്തേ
നട്ടുച്ച നേരത്തൊരിത്തിരി പൂമഴ
ചിത്തത്തിലെന്നും കൊതിച്ചിരുന്നു.
ഒട്ടൊന്നു പൊട്ടി വിരിഞ്ഞതിൽ തേൻകണം
തൊട്ടെടുത്തിഷ്ടം പറഞ്ഞതല്ലേ
തട്ടം മറച്ചൊരാപ്പൂമുഖച്ചേലതിൽ
മുത്തം പകർന്നൊരു പാട്ടുമൂളി
തത്തിക്കളിച്ചെങ്ങു പാറിപ്പറന്നു പോയ്
തട്ടിക്കളഞ്ഞെന്റെ സ്വപ്നമെല്ലാം.

ദീപക് ജി നായർ

വെട്ടിമാന്തിക്കുഴിച്ചിട്ടും ,
ചുട്ടുപൊള്ളിച്ചെടുത്തിട്ടും
ചിട്ടയോടെ ചിരിച്ചുനില്ക്കുന്നെന്റെ മലയാളം.

ചക്കിലിട്ടവരാട്ടി നോക്കി,
ചുക്കുപോലെ ചുളിച്ചു നോക്കി
ചക്ക പോലെ വളർന്നു നില്ക്കുന്നെന്റെ മലയാളം.

ചുറ്റുകെട്ടതഴിച്ചെടുത്തു,
അറ്റമൊക്കെയറുത്തെടുത്തു,
തെറ്റിവീഴാതൂറ്റമോടെയിതെന്റെ മലയാളം.

കടമെടുത്തവരക്ഷരങ്ങൾ
ഇടയിലിടയിലിടിച്ചുകേറ്റി
തുടലുപൊട്ടിച്ചിടറി വീഴാതെന്റെ മലയാളം.


ദീപക് ജി നായർ
ഇരുളിന്നു മുന്നേ നടക്കുന്നു ഞാൻ, വീണ്ടു-
മിരുളിലേക്കെത്തുവാനായി മാത്രം.
കരളിന്റെ ശാഖിയിൽ തൂങ്ങും കിനാക്കൾക്ക്
നിറമേകുവാനെന്റെ യാത്ര, പാത,
പരതിത്തിരഞ്ഞൊരേ യാത്ര.
മുന്നിലും, പിന്നിലുമിടയ്ക്കൊപ്പമെത്തിയും
ഉന്നം പിഴയ്ക്കാത്ത യാത്ര,
ഊടുതേടിത്തളർന്നുള്ള യാത്ര.

ദീപക് ജി നായർ

അമ്മ തൻ ഗർഭപാത്രത്തിലിത്രനാൾ
കണ്ണടച്ചു തപം ചെയ്തൊരുണ്ണി നീ
വന്നുദിച്ചിതാ ഭൂമിയിൽ , തിങ്കളിൻ
വെണ്മയോലും നിലാവുപോലിന്നലെ.
കൺതുറന്നു നീ കണ്ടതാം കാഴ്ചകൾ
കാതിലെത്തുന്ന മധുരമാം വാക്കുകൾ
പുഞ്ചിരിച്ചെത്തുമോരോ പുലരികൾ
കൊഞ്ചി മായുന്ന കുങ്കുമസന്ധ്യകൾ
എന്തുമേതും നിനക്കു നൽ പാഠമാ-
ണുണ്മ തേടി തുടങ്ങുമീ യാത്രയിൽ.
ദേഹമൊട്ടും തളർന്നിടാതാഗ്രഹ-
പൂരണത്തിന്നനുഗ്രഹാശംസകൾ.

ദീപക് ജി നായർ

എന്റെ മനസ്സിൻ മറവിക്കപ്പുറ-
മെന്നോ മൂടിയൊരാകാശം
കാർമേഘത്തിര പെയ്യാതുള്ളി-
ലുറഞ്ഞമരുന്നൊരു ആകാശം
ഇരുളിലൊളിച്ചു കളിച്ചും , തീ-
വെയിൽ ഇഴയതു നെയ്തു ധരിച്ചും 
ചിറകടി,അറിയാതൊന്നു പറന്നും
ചിരിമഴപെയ്യാതൊന്നു കരഞ്ഞും
കരിനിഴൽ, കണ്ടു ഭയന്നു ചുവന്നും
ഇരുളിൻ, മടിയിലിരുന്നു കിടന്നും,
കരകാണാക്കടലലയിലുരുമ്മി
കഥ പറയുന്നൊരു ആകാശം.
എന്റെ മനസ്സിൻ മറവിക്കപ്പുറ-
മെന്നോ മൂടിയൊരാകാശം.
അവിടെയൊരിത്തിരി നേരം പഴകി-
യൊരോർമ്മച്ചിറകിലുയർന്നീടാൻ
ഇനിയൊരു സന്ധ്യ വരും വരെ വാന-
തിലിടമുറിയാതെ പറന്നീടാൻ
മോഹമുദിച്ച മനസ്സതു മറവിയി-
ലോർമ്മ വരാതെയെരിച്ചൂ ഞാൻ.

ദീപക് ജി നായർ
ഇന്നലെ പെയ്ത മഴയിലെൻ മുറ്റത്തൊരു മന്ദാരപുഷ്പം വീണ്ടും തളിർത്തു ചിരിച്ചിതാ
മഞ്ഞിൻ കണം വീണു നനഞ്ഞൊരാ പൂവിതൾ
നെഞ്ചിൽ കുളിർ തന്നു ചാഞ്ചാടീടുന്നു കാറ്റിൽ.
തെന്നൽതൻതൊട്ടിലിൽചേലൊത്തതാമുണ്ണിപോലെ
കൊഞ്ചി നിന്നാടുന്നു നീ, വെണ്മയോലുന്ന പൂവേ.
കഞ്ചുകം തന്നു നീലച്ചന്ദ്രിക ചിരിക്കുമ്പോൾ
അഞ്ചിതൾപ്പൂവേ മനം ചിഞ്ചിലം തുടിയ്ക്കുന്നു.

ദീപക് ജി നായർ
വെറുതെയല്ലെന്നു പറയുവാനെങ്കിലും
വ്രണിതഹൃദയം തുറന്നു വയ്ക്കുന്നു ഞാൻ
മരണമേ നീ ചിരിക്കുന്നു പിന്നെയും
ദുരിതമായെന്റെ ജീവിതപ്പാതമേൽ.

ദീപക് ജി നായർ

കനവിൻ നിറമിറ്റടർത്തി മുന്നിൽ
അണയും തിരിനാളമൊന്നുയർത്താം
ചിറകറ്റു ചിതയ്ക്കു കാവൽ നില്ക്കും
പരനുള്ളിലിടം കൊടുക്കാം
മിഴിനീരു വിതച്ചു പോയ മഴയിൽ
ഇഴപാകിയെടുത്ത സൗഹൃദങ്ങൾ
ഇനിയൊട്ടുമടർന്നിടാതെ നെഞ്ചിൽ
കിനിയും കുളിരായ് നിറയ്ക്കാം.

ദീപക് ജി നായർ
ചാറി വീഴും മഴത്തുള്ളി പോലെന്‍റെ
നേരിലേക്കന്നു പെയ്തിറങ്ങീ, നിറം
മാഞ്ഞ ജീവിതത്താളുകൾക്കുള്ളിൽ നീ
നൂറു വർണ്ണചിത്രങ്ങൾ, വരച്ച നാൾ.
ഇരുളിലാകെപ്പകച്ചു നില്ക്കേ, നിലാ-
വൊളികണക്കെപ്പരന്നെന്റെ നെഞ്ചിലെ,
തിരിതെളിച്ചുള്ളിലായിരം മൺചെരാ-
തിരുളകറ്റി , ചിരിച്ചു നീ നിന്ന നാൾ.
ചുട്ടുപൊള്ളും വെയിൽത്തീ കുടിച്ചുയിർ
വിട്ടകന്നിടാനായുന്ന നേരമെൻ
ചുറ്റിലും ചാരുഹാസക്കുളിർ ചൊരി-
ഞ്ഞുറ്റ തോഴിയായ് ചാരെ നീ വന്ന നാൾ.
നാളതോരോന്നുമോരോ ത്രിസന്ധ്യയിൽ
നാമമോതിക്കൊഴിഞ്ഞിരുൾപ്പാതയിൽ,
നാളെ വീണ്ടും വരാമെന്ന വാക്കുതന്നോ-
ടിയോടി മറഞ്ഞങ്ങു പോകവേ,
കാത്തു നില്ക്കുന്നു വീണ്ടും വിദൂരമാം
പൂത്ത പുലരി തൻ പൂമണം തേടി ഞാൻ.

ദീപക് ജി നായർ

ഒഴുകിമാഞ്ഞതാം ഓർമ്മ തൻ പുഴയിൽ- നിന്നൊരു മഴത്തുള്ളി കുളിരുമായെത്തവേ
കുറുകിയുണരുന്നു  വീണ്ടും കിനാവുകൾ
നിറമതേഴും നിറഞ്ഞ മഴ, വില്ലുപോൽ.

ശുഭദിനാശംസകൾ..

ദീപക് ജി നായർ
കണ്ണടച്ചൊന്നുറങ്ങിയുണർന്നിടും 
നേരമെന്നുമൊരു നേരായുദിപ്പു നീ
ചാരെ വന്നിളം വെയിലിൻ കരങ്ങളാൽ
 ചാരുചിത്രം രചിപ്പു നീ പാരിതിൽ

ശുഭദിനാശംസകൾ!!

ദീപക് ജി നായർ
മണ്ണിൻ രസക്കൂടിടിച്ചുപൊളിച്ചിതാ
വിണ്ണിൽ നിന്നെത്തുന്നു മാരി വീണ്ടും
തണ്ണീർത്തടങ്ങൾ നിറച്ചു നീരിന്നിതാ
കണ്ണീർ വിതയ്ക്കുന്നിതുൾത്തടത്തിൽ.

ദീപക് ജി നായർ


പാതി നിർത്തി മടങ്ങുവാനല്ല ഞാൻ
പാരിൽ വന്നു പിറന്നതു നിശ്ചയം
പോരടിച്ചെൻ പരീക്ഷണശാലയിൽ
നേരുതേടുന്നിതോരോ ദിനത്തിലും.
പട്ടുമെത്തയിലൊട്ടിക്കിടക്കിലും
ചുട്ടു പൊള്ളും വെയിൽത്തീ കുടിക്കിലും
പാഠപുസ്തകത്താളിന്നുമപ്പുറം
പാഠമെത്ര പകർന്നതാം പാതകൾ
പാടെ മായും പകൽ വെളിച്ചം, നിലാ-
പ്പാലൊഴുക്കുന്ന പാതിരാപ്പൊയ്കകൾ
കെട്ടിയൊട്ടിച്ച ബന്ധങ്ങൾ,ബന്ധന-
ക്കെട്ടു പൊട്ടിച്ചു പായും 'പരാശ്രിതർ'
തട്ടിമാറ്റുവാനാകാതിരുൾക്കൂടില-
റ്റു വീണുപോം മൊട്ടുകൾ, മൂകമാ-
യൂർദ്ധശ്വാസം വലിക്കും വരാന്തകൾ.
കാലിൽ വന്നുമ്മ തന്നു കിടാങ്ങളെ
കാലനൂരേറ്റുമുഗ്രസർപ്പങ്ങളും
കാതുപൊത്തിപ്പിടിച്ചവർ, കൺകളിൽ
കരുണവറ്റിക്കരിഞ്ഞവർ, പിന്നെയും
കാട്ടുപൂവിനോടിഷ്ടം നടിച്ചവർ.
കൂട്ടുവെട്ടിപ്പിരിഞ്ഞവരങ്ങിനെ
 പട്ടടയ്ക്കുള്ളിലെത്തുന്നിടം വരെ
തൊട്ടറിഞ്ഞീടുമെത്രസത്യങ്ങൾ നാം.

ദീപക് ജി നായർ

വാക്കുകളെല്ലാം മുറിഞ്ഞു വീഴുന്നു
നോക്കുകൾക്കായാസമേറുന്നു വീണ്ടും
ആക്കം കുറഞ്ഞൊരീ പോക്കിലിന്നന്തിത-
ന്നൂക്കമേറുന്നിരുൾ , മൂടുന്നിതെങ്ങും
പൂക്കാതിരിക്കില്ല, പുലരി വീണ്ടും, നിറ-
ച്ചാർത്തേറുമീ വഴിത്താര തന്നിൽ
വാക്കുകൾ, ഉയിർ വച്ചുണർന്നെണീക്കും, നൂറു
നോക്കുകൾ, ചുറ്റും തെളിഞ്ഞു നില്ക്കും.
ചാറ്റൽ മഴത്തുള്ളി വീണു നിൻ മാനസ-
നീറ്റലും, ആറിത്തണുത്തു പോകും
മാറ്റങ്ങളേറെക്കടന്നു നീ ജീവിത-
യാറ്റിലൂടിനിയും തുഴഞ്ഞു പോകും.

ദീപക് ജി നായർ
വന്നു പോകുന്നു സന്ധ്യകളെത്രയോ
വിണ്ണിൽ സൂര്യൻ പടിഞ്ഞാറൊടുങ്ങിടും
ഒന്നിലെൻ പേരുമുണ്ടാകുമെന്നുടൽ
മണ്ണിലാരോരുമറിയാതുറങ്ങിടും
കണ്ണടഞ്ഞുപോം നേരമെൻ ചുറ്റിലും
കണ്ണുനീർ പൊഴിച്ചായിരം പേർ വരും
വെണ്ണിലാവിൻ ചിരിക്കൂടിനുള്ളിലും
മണ്ണിലോർമ്മതൻ വെണ്ണീർ പൊഴിഞ്ഞിടും

ദീപക് ജി നായർ


പുലരിക്കു മുൻപേ കുറിക്കുന്നതെന്തിനായ്
പുലരുമ്പൊളറിയുന്ന സത്യം
ഇരുളിലൊരു തിരി തെളിച്ചെഴുതുന്നു, കാണാത്ത 
പുലരിതൻ പുതുമയിതസത്യം

ദീപക് ജി നായർ
തണുത്തുറഞ്ഞൊരീ പാതിഭൂവിൽ
വിതച്ചുകൊയ്തുഞാനെത്ര വട്ടം
വരിച്ചതാണിന്നു പുതച്ചു മൂടി,
ഉരിച്ചു പോകുന്നുടലഗ്നി തന്നിൽ
ചിരിച്ചു പെയ്യുക മേഘമേയെൻ
കരച്ചിൽ കാണാതെയൊരിറ്റു നേരം
തിരിച്ചു നൽകുവാനില്ല പാട്ടം
മരിച്ചു ഞാനുമീ മണ്ണിലെത്താം.

ദീപക് ജി നായർ
തണുത്തുറഞ്ഞൊരീ പാതിഭൂവിൽ
വിതച്ചുകൊയ്തുഞാനെത്ര വട്ടം
വരിച്ചതാണിന്നു പുതച്ചു മൂടി,
ഉരിച്ചു പോകുന്നുടലഗ്നി തന്നിൽ
ചിരിച്ചു പെയ്യുക മേഘമേയെൻ
കരച്ചിൽ കാണാതെയൊരിറ്റു നേരം
തിരിച്ചു നൽകുവാനില്ല പാട്ടം
മരിച്ചു ഞാനുമീ മണ്ണിലെത്താം.

ദീപക് ജി നായർ
തണുത്തുറഞ്ഞൊരീ പാതിഭൂവിൽ
വിതച്ചുകൊയ്തുഞാനെത്ര വട്ടം
വരിച്ചതാണിന്നു പുതച്ചു മൂടി,
ഉരിച്ചു പോകുന്നുടലഗ്നി തന്നിൽ
ചിരിച്ചു പെയ്യുക മേഘമേയെൻ
കരച്ചിൽ കാണാതെയൊരിറ്റു നേരം
തിരിച്ചു നൽകുവാനില്ല പാട്ടം
മരിച്ചു ഞാനുമീ മണ്ണിലെത്താം.

ദീപക് ജി നായർ
മാത്രകൾക്കുള്ളിലോർമ്മകൾ മാത്രമായ്
ധാത്രി തന്നിൽ തകർന്നടിഞ്ഞീടവേ
വ്യർത്ഥമാകുന്നതെത്ര കിനാവുകൾ
അർത്ഥമില്ലാതൊടുങ്ങുന്നു ജീവിതം

ദീപക് ജി നായർ