Friday, February 28, 2014

മഷിപ്പേന


മഷിപ്പേന 

എന്റെ ഉടലിൽ മുറുകി പിടിച്ചു
രക്തമുനയിലൂടെ,നിന്റെ തലച്ചോറിലെ
മിന്നല്‍പ്പിണരുകള്‍ക്കൊപ്പം   നീ ഊറ്റിയെടുത്ത
എന്റെ ജീവരക്തം വെളുത്തു മരവിച്ച പ്രതലത്തില്‍ പരന്ന് ...
അക്ഷരങ്ങളായ്‌ .. വാക്കുകളായ് ...

എല്ലാം നിന്റേതു എന്ന് തീറെഴുതി നീ അഹങ്കരിക്കാതെ ..

ഈ പുതുമ നശിക്കുമ്പോള്‍ നിന്റെ കണ്ണുകള്‍ വീണ്ടും എന്നിലേക്കെത്തും..
രക്തം വറ്റി ഉണങ്ങി തളര്‍ന്ന എന്റെ സിരകളില്‍  വീണ്ടും നീ ചുവന്ന രക്തം കുത്തി വച്ച് നിരാശയുടെ ഇരുണ്ട ആഴങ്ങളില്‍ നിന്നും ഉണര്‍ത്തി ..
ആ പഴയ ആവേശത്തോടെ ... ഉടലില്‍ ചുറ്റിപ്പിടിച്ച്...

അക്ഷരങ്ങളുടെ അച്ഛന്‍ നീയാണെങ്കിലും,
അമ്മ ഞാന്‍ ആണെന്ന ബോധം ഒട്ടും ഇല്ലാതെ .............................

ദീപക് ജി നായർ

ജീവിതചക്രം

ജീവിതചക്രം

തലമുറകളിൽ നിന്നും തലമുറകളിലേക്ക്
ജീവന്റെ കയ്യൊപ്പ് പകർന്ന് ഒരു  അമാനുഷികനായ വൃദ്ധന്‍.
മണ്ണിലെ കാളകൂടം കുടിച്ചു കണ്ഠം കലങ്ങിയ ജടാധാരികള്‍.
മുഷിഞ്ഞ ഉടുപ്പഴിച്ചു തീയിൽ അലക്കുവാൻ ഇട്ട്,
ഉയരങ്ങളിൽ പുത്തന്‍ ഉടലുടുപ്പ് തേടി അലയുന്ന ഒരു ആത്മാവ് ...
ദിക്കുകള്‍ ആരക്കാലുകള്‍ ആക്കി പിന്നെയും തിരിയുന്ന കാലചക്രം.
സൃഷ്ടിക്കും സംഹാരത്തിനും ഇടയില്‍ നാവു നക്കി നുണയുന്ന
ചിതകള്‍ക്ക് നടുവില്‍, പല്ലിളിക്കുന്ന തലയോട്ടികള്‍.
ഇതിനിടയില്‍ എവിടെയോ വീണു നഷ്ടപ്പെടുന്ന  ജീവിതം....


ദീപക് ജി നായര്‍




Sunday, February 23, 2014

പുലരി

പുലരുവാനായി ഞാന്‍ കാത്തിരിപ്പൂ, പൂക്കും
മലരുകള്‍ കാണാന്‍ കൊതിച്ചിരിപ്പൂ
പൂമരക്കൊമ്പില്‍ വന്നൂഞ്ഞാലു കെട്ടുന്ന
പൂവാലി നിന്നെയിന്നോര്‍ത്തിരിപ്പൂ
പൊട്ടി വിരിഞ്ഞ പൂമൊട്ടില്‍ നിറഞ്ഞൊരീ
പൂന്തേന്‍ നുകര്‍ന്ന പൂത്തുമ്പി പോലെ
പാട്ടൊന്നു പാടും കുയില്‍ നാദമായ്, ചെറു
തോട്ടിലെ പായും പരല്‍ വേഗമായ്‌
പിച്ചവച്ചെത്തുന്ന വെയില്‍ നാളമായ് പ്പനം
തത്തകള്‍ കൊഞ്ചുന്ന കിളിമൊഴികളായ്
പുലരിവരുന്നതും കാത്തിരിപ്പൂ, പൂക്കും
മലരുകള്‍ കാണാന്‍ കൊതിച്ചിരിപ്പൂ
മണ്ണിന്‍ മണം പേറിയെത്തും പുതുമഴ -
ത്തുളികള്‍ക്കുള്ളില്‍ വെയില്‍ നിറഞ്ഞു
മഴവില്ലു പോലെന്റെ മനസ്സില്‍ത്തെളിഞ്ഞിടും
മധുരമീ ഓര്‍മ്മ തന്‍ പൂമ്പുലരി
വരിക പൊന്‍ പുലരി നീ ചെമ്പട്ടുടുത്തുനെല്‍
ക്കതിരുകള്‍ തീര്‍ക്കും കൊലുസ്സണിഞ്ഞും
നെറ്റിയില്‍  കുങ്കുമം തൊട്ടു സൂര്യന്‍, നീണ്ട
ചുരുള്‍ മുടിച്ചാര്‍ത്തു  പോല്‍ നീലമേഘം
നാണം കുണുങ്ങിയിങ്ങെത്തുന്ന  പുലരീ നിന്‍
നാദസ്വരത്തിനായ് കാത്തിരിപ്പൂ....

Saturday, February 22, 2014

നഗരം

നഗരം

നഗരമേ! നിൻ നീലനിറമുള്ള സിരകളില്‍
ലഹരി തിളയ്ക്കുന്ന പുതുനാമ്പുകൾ,
പ്രണയവഴികളിൽ  ചുറ്റും  കരിമ്പാമ്പുകള്‍.
നുരയുന്ന, പതയുന്ന, പുകയുന്ന  രാത്രികള്‍!
നിഴലുകള്‍ കെട്ടിപ്പുണര്‍ന്നിടും ഗാത്രികള്‍!

മനസും ശരീരവും നഗ്നമായ്,
ഈ നഗര നരകത്തിലെന്നോ പൂത്ത്, കായ്ച്ച്‌ ,
എരിഞ്ഞമർന്നൊരുപിടി ചുടുചാരമായ്,
പിന്നെ മണ്ണിനും കൊള്ളാതെ,
മരവിച്ചൊരമ്മ തൻ മകളായി നീ

നിറനിലാവിന്‍ സുഗന്ധം കണക്കെ നീ
നിഴലുതേടി തിരഞ്ഞു പോം രാത്രിയില്‍
നിയതിയാകാമതെന്‍ മുന്നില്‍ വന്നതും,
നിര്‍മ്മലം  നീ മനസ്സില്‍ പടര്‍ന്നതും

ഒരു മുളങ്കൂടു മെനഞ്ഞെടുക്കാൻ നമ്മൾ
ഒരുപാടു നാളായ് കൊതിച്ചതും, നിത്യവും
ഓരോ മുളങ്കോലടുക്കീ, മനസ്സിൽ നാം
ഒരു സ്വപ്നഗേഹം പണിഞ്ഞതും
ഒടുവിലീക്കനവില്‍ നീ എന്നെ തനിച്ചാക്കി
ഓര്‍മ്മ തന്‍ കൂട്ടില്‍ തളര്‍ന്നുറങ്ങി

ഇന്നു  നിന്‍ കൂടിന്നു മുകളില്‍, നിന്‍ നെഞ്ചിലായ്
ഒരു തിരി വെട്ടം പകര്‍ന്നു ഞാന്‍, മഞ്ഞണി
മലരിതളര്‍പ്പിച്ചു മനമുരുകി രാവിതില്‍
ഒരു സ്പന്ദനത്തിനായ് കാതോര്‍ത്തിരിക്കവേ
ഉണരുക, ഓർമ്മ തൻ  ചിറകടിച്ചെൻ കൂട്ടിലി-
ണകളായ്കനവു കണ്ടൊരു മാത്രയെങ്കിലും !!

Tuesday, February 18, 2014

വേനല്‍ക്കനവ്‌

വേനല്‍ക്കനവ്‌
-----------------------------------------------------------------
വേനലിൽ വരണ്ടു വിണ്ടു കീറിയ എൻ അധരങ്ങളിൽ,
നിൻ കരിമേഘമിഴികളിൽ നിന്ന് ഇറ്റിച്ച ഒരു മഴത്തുള്ളി പതിക്കവെ,
എന്നിൽ നിന്നുയർന്ന ചൂടു നിശ്വാസവും,
എന്റെ തനുവിൽ പടർന്നു നീ പരത്തിയ കുളിരും,
നിന്റെ മനസ്സിൽ ഞാൻ കോരിയിട്ട കനലും,
ഒടുങ്ങാത്ത പ്രണയത്തിന്റെ ഓർമ്മപ്പെടുത്തലുകളായ് ..

ഒടുവിൽ നിത്യതയുടെ ആഴിയിലേക്ക് നീ മടങ്ങിപ്പോകെ,
നിന്റെ ആത്മാവും പേറി വരുന്ന ഒരു പുതുമഴത്തുള്ളിക്കായ്
വീണ്ടും വിണ്ടു കീറിയ അധരങ്ങളോടെ ഞാന്‍ കാത്തിരിക്കാം ...

ദീപക് ജി നായര്‍ 

Thursday, February 13, 2014

പട്ടം

പട്ടം
--------------------------------------
പട്ടം കണക്കെയാണെന്റെ ബാല്യം
നൂലു കെട്ടി വലിച്ചിരുന്നെന്റെയച്ചൻ
ഞെട്ടറ്റ പൂ പോൽ കൊഴിഞ്ഞിടാതെ, വിണ്ണിൽ
തത്തിക്കളിച്ചോരെൻ പുണ്യകാലം
കാറ്റിന്റെ താളത്തിലാടി മെല്ലെ, സൂര്യ-
ഗോളത്തിലേക്ക് കുതിച്ചു ചെല്ലാൻ
അച്ഛന്റെ കൈവലിക്കൊപ്പമായ് പിന്നെയും
ആകാശതീരങ്ങൾ താണ്ടിടുമ്പോൾ
സത്വരം പട്ടമാം എന്റെ പ്രാണൻ വിട്ടു
സത്യലോകം തേടി എന്റെ താതൻ
കാറ്റും മഴക്കാറുമേറിടുമ്പോൾ , വാനിൽ
ദിക്കറിയാതെ പറന്നിടുമ്പോൾ
ഓർമ്മ തൻ നൂലിനാൽ പിന്നെയും ബന്ധിച്ചു
ഓരോ വഴിയും തെളിച്ചു താതൻ
ബന്ധനമല്ലിത്, ബന്ധങ്ങൾ തൻ നൂലു
പൊട്ടിച്ചിടാതെ പറന്നുയരാം.

ദീപക് ജി നായര്‍



Wednesday, February 12, 2014

ബാല്യം

ബാല്യം 

മണലിൽ വിരൽ കൊണ്ടു തീർത്ത രൂപങ്ങളെ
അക്ഷരമെന്നോതി പഠിപ്പിച്ച കളരിയിൽ
അക്കങ്ങൾ, വാക്കുകൾ, അക്ഷരമാലകൾ
അവിടെ തുടങ്ങുമെന്നറിവിന്റെ  ബാല്യം
ചിട്ടയായുള്ളോരു ശിക്ഷണക്കളരികൾ
ചട്ടം നിരത്തിയ ചിത്രങ്ങളും പിന്നെ
ചട്ടമ്പിമാരെന്റെ കൂട്ടുകാരും ...
അച്ചനുറങ്ങാന്‍ കിടക്കുന്ന തക്കത്തില്‍
അമ്മയ്ക്കൊരുമ്മയയും നല്‍കി കളിക്കുവാന്‍
പമ്മി പറക്കുന്ന പാടവരമ്പുകള്‍
കുട്ടിയും കോലും കളിക്കുവാന്‍ കൂട്ടരേ
കാത്തു മുഷിഞ്ഞങ്ങിരിക്കവേ കല്ലുകള്‍
കവണയില്‍ കോര്‍ത്തെറിഞ്ഞടരുന്ന മാങ്ങകള്‍
അതു കല്ലില്‍ വച്ചിടിച്ചുപ്പിലൊന്നൊപ്പിയിട്ടതു
നുകര്‍ന്നാര്‍ക്കുന്ന വികൃതിയാം  ബാല്യം
പുസ്തക സഞ്ചിയില്‍ പലതായ് മടക്കിയ
കുട നിവര്‍ത്താതെയാക്കുളിരുന്ന മഴ നന -
ഞ്ഞൊട്ടിയൊരുടുപ്പുമായ് നനവുള്ള ബാല്യം
ഇന്നു നാം  അറിയുന്നില്ലിന്നിന്‍ മഹത്വം
ബാല്യത്തിലറിഞ്ഞീല ഞാനെന്‍ ബാല്യത്തെയും

ദീപക് ജി നായര്‍

പറയുവാന്‍ ബാക്കിവച്ചത്

പറയുവാന്‍ ബാക്കിവച്ചത് 

നിന്നോടു പറയുവാനുള്ളതെല്ലാം,നിന-
ച്ചെന്നെന്നുമരികിൽ ഞാൻ വന്നിരുന്നു
മുന്നിൽ  നിറചിരിയായി നീയെത്തവേ
മനസ്സില്‍ നിന്നെല്ലാം മറഞ്ഞു പോകും.
നിന്നെക്കുറിച്ച് ഞാൻ പാടിയില്ലിതുവരെ
നിൻ പ്രേമകാവ്യങ്ങളെഴുതിയില്ല
നിന്നിലലിഞ്ഞു ഞാൻ നീയായി മാറവേ
എന്തിന്നു വേണ്ടിയീ കപട കാവ്യം
നീയില്ല, ഞാനില്ല നാമെന്ന സത്യത്തി
ലാകെ മുളച്ചതീ മൊട്ടു മാത്രം.
മൊട്ടു വിരിഞ്ഞു പൂവാകുന്നതിൻ മുൻപേ
ഞെട്ടറ്റു വീഴാതിരിക്കുമെങ്കിൽ,
ഒരു മരക്കൊമ്പിലന്നൊരുമിച്ചു പൂക്കളായ്
ഒരു നല്ല കാവ്യം രചിച്ചിടാം ഞാൻ.

ദീപക് ജി നായര്‍

Sunday, February 9, 2014

ഭ്രാന്തി

ഭ്രാന്തി 

എവിടെനിന്നോ വന്നു,
എവിടെക്കോ ഒഴുകുമീ
പാത തന്നോരത്ത്,
ശൂന്യ മനസ്സുമായ്
കല്ലു കളിക്കുന്ന പെണ്‍കിടാവ്‌ ,
ഇവൾ  തന്റെ പേരാണു ഭ്രാന്തി

ഭ്രാന്തില്ലാ ഭ്രാന്തി

ഭ്രാന്തമാം മനസുകൾക്കിടയിലൊരു ഭ്രാന്തിയായ്
ജീവിത നാടകത്തട്ടിൽ കളിക്കുന്ന ,
നടിയാണിവൾ, കൊച്ചു ഭ്രാന്തി


കല്ലുകൾ താണു പൊങ്ങുന്നതിന്നൊപ്പിച്ചു
കണ്ണും തലയും കുലുക്കി
സത്വരം കയ്യാൽ പിടിച്ചതു പിന്നെയും
വിണ്ണിലെറിഞ്ഞു കളിച്ചു ...

കാണികളെല്ലാം  വഴിയോരക്കാഴ്ച പോൽ
കാണാതെ കണ്ടു പോകുന്നു

ഒട്ടിയാ വയറിലൊരു പശിയാം വിഷസ്സർപ്പ
ശീല്ക്കാര സ്വരമിന്നുയർന്നു
അപ്പൊഴും കണ്‍കളിൽ കവിത വിരിച്ചവൾ
കല്ലു കളിച്ചു രസിച്ചു ...

അച്ഛനെ, അമ്മയെ , കുഞ്ഞനുജത്തിയെ
കണ്ടതായുള്ളോരു ഓര്മ്മ മാത്രം
ഓർമ്മകളെല്ലാം നിറമുള്ളതാണവൾക്കാകെ
നിറമുള്ളതോർമ്മ മാത്രം

ഓർമ്മകളിൽ പൂത്തുലഞ്ഞവൾ
ഓമനപ്പൂമുഖം മെല്ലെ വിടർന്നു വന്നു
പെറ്റിട്ടതല്ല, അനാഥയായീ മണ്ണിൽ
പൊട്ടി മുളച്ചവളല്ല
സ്വപ്‌നങ്ങൾ ഗർഭം ധരിച്ചമ്മ നല്കിയ
പുണ്യമാണിവൾ തന്റെ ജന്മം


ദീപക് ജി നായര്‍






രാമഴ

രാമഴ 

ആകാശക്കൂടു പൊളിച്ചു
ആനന്ദ  കുളിർ മഴയെത്തി
ആശകൾ തൻ ചിറകടിയേറ്റം
ആമോദത്തിര തിറയാട്ടം

പച്ചിലയില്‍ കുളിരു നിറച്ചു
പച്ചപ്പുല്ലാര്‍ത്തു ചിരിച്ചു
പലതുള്ളികള്‍ വീണക്കമ്പികള്‍
പടിതാണ്ടി  പാണത്തുടികള്‍


ഇടവഴിയില്‍ മണ്ണു മണത്തു
ഇടനെഞ്ചില്‍  കനവു നിറഞ്ഞു
ഇടവത്തിന്‍ രാമഴ പൂമഴ
ഇടനാഴിയില്‍ ശ്വാസപ്പെരുമഴ

നിറദീപമുണര്‍ന്നു ചിരിച്ചു
നടതാളം ചൊല്ലിയടുത്തു
നല്ലെണ്ണ മണത്തിന്‍ മത്തില്‍
നക്ഷത്രക്കണ്ണുകള്‍ ചിമ്മി

നിഴലുകള്‍ തന്‍ നിശ്വാസങ്ങള്‍
നിലവറയില്‍ നിദ്രയുറങ്ങി
നിലവിളക്കിലെരിഞ്ഞൊരു നാളം
നിലവിളിയില്ലാതെ മയങ്ങി

ഇടിവെട്ടിപ്പെയ്യും മഴയുടെ
ഇടതാളം പാതിമുറിഞ്ഞു
ഇറയത്തൂന്നിരുകാലടികള്‍
ഇലചൂടി, ഇടവഴി താണ്ടി


Saturday, February 1, 2014

കിളി

കൂടുവിട്ടു പരന്നകലുമാക്കിളി
കൊഞ്ചലെന്നിനി കേൾക്കുമെന്നോർത്തു ഞാൻ
ആർത്തനായ് നിന്നു നിശ്ചലം ആ മര-
ച്ചോട്ടിലായ് അവൾ തന്റെ കൂട്ടിന്നു കീഴിലായ്.

ഹരിതഭംഗി വിരിച്ചൊരാ പ്പൂമര
ശിഖരമൊന്നിൽ ഞാനാദ്യമായ്ക്കണ്ടതും,
ചിറകടിച്ചു പറക്കുമാസ്സ്വന -
ലഹരിതന്നിലലിഞ്ഞിരുന്നതും,
അരികിലാമരക്കൊമ്പിലിരുന്നവൾ
തലചെരിച്ചൊരു നോട്ടമെറിഞ്ഞതും,
കുറുകി ആദ്യമായ് മൌനം  വെടിഞ്ഞതും,
കനവു നല്കിയെൻ ഹൃത്തിൽ പതിഞ്ഞതും,
കുളിരു പെയ്തൊരാ രാവിലൊരു പൂവിന്റെ
മധുരമെന്നിലേക്കിറ്റിച്ചു തന്നതും,
ചിറകു നീർത്തിയാ മെയ്ച്ചൂടിനാലെന്റെ
കുളിരകറ്റിയാ കൊക്കുകൾ ഉരുമ്മിയും
നറുനിലാവിന്റെ ചില്ലയിലിരുന്നവൾ
നനവിലൊട്ടിയാച്ചിറകു കുടഞ്ഞതും,
മനസ്സിലോര്‍മ്മകള്‍ മാത്രമായ് തന്നവള്‍
മലകള്‍ , കാടുകള്‍ താണ്ടിപ്പറന്നു പോയ്‌
കവിതയായ് നിനക്കേകാം പുനര്‍ജ്ജന്മമ-
തിലുണര്‍ത്തുപാട്ടായ് നിന്റെ കുറുകലും .