Sunday, October 13, 2013

മരണമില്ലാത്തവര്‍

മരണമില്ലാത്തവര്‍
 
സ്മൃതിയില്‍ നിന്‍ രൂപം നിറഞ്ഞു നില്ക്കെ
മൃതിയില്‍ നിന്നുയിര്‍ കൊണ്ടു വരിക നീയും
തീച്ചൂള തന്നില്‍ ‍ നിന്‍ ദേഹമുരുക്കി നീ
മൂര്‍ച്ചപ്പെടുത്തിയെടുത്ത നിന്‍ വാക്കുകള്‍
വീണ്ടും വരിക നീ, വിണ്ണിലേക്കുയരും
പുകച്ചുരുള്‍ തന്‍ മറ നീക്കി നീ അണയുക,
ആത്മാവതെന്‍ തനു തന്നില്‍ ഉണര്‍ത്തുക
 
കുറുകുക നീയൊരു വെണ്‍ പ്രാവിനെപ്പോലെ
കുറുനരിക്കണ്ണുകള്‍ ഉള്ളില്‍ തെളിക്കുക
നിന്‍ നിണമുറഞ്ഞോരീ മണ്ണില്‍ മണക്കുക്ക
ഇരകളെ തേടിപ്പറക്കുകീ രാവിലും
ചിതയില്‍ മരിക്കാത്ത അക്ഷര വാളുകൊ
ണ്ടറുതി വരുത്തുകീ ചപല ജന്മങ്ങളെ
എന്നില്‍ ഞാന്‍ എന്നെയുറക്കി വയ്ക്കാം
നിന്നില്‍ അക്ഷര ദീപം തെളിച്ചു വയ്ക്കാന്
മരണമില്ലാത്തവരക്ഷര ദാഹികള്‍
മനസ്സുകള്‍ തന്നില്‍ പുനര്ജ്ജനിക്കെ ‍
ഇനുയുമീ മണ്ണില്‍ ഉണര്ന്നിരിയ്ക്കൂ ,

കണ്ണില്‍  ഒരു സ്നേഹകാലം നിറച്ചു വയ്ക്കൂ

Saturday, October 12, 2013

ബാല്യം

ബാല്യം

പുഞ്ചപ്പാടത്തു കൊയ്ത്തു കഴിഞ്ഞു
 
പുന്നെല്ലിന്‍ മണമെങ്ങും നിറഞ്ഞു
 
തൂശനിലകള്‍ നിലത്തു നിരത്തി
 
തുമ്പപ്പൂപുത്തരിച്ചോറു വിളമ്പി
 
 
പുഞ്ചപ്പാടത്തു കൊയ്ത്തു കഴിഞ്ഞില്ല

പുന്നെല്ലിന്‍ മണമെങ്ങും നിറഞ്ഞില്ല

തൂശനിലകള്‍ നിലത്തു നിരത്തീല

തുമ്പപ്പൂപുത്തരിച്ചോറു വിളംബീല
 
 
കേരം തിങ്ങുന്ന കേരള നാട്ടില്‍
 
കോരനു കുമ്പിളില്‍ കഞ്ഞി നിറഞ്ഞേ
 
 താളത്തില്‍  തുള്ളുന്നോരോളപ്പരപ്പില്‍
 
ഓടങ്ങളാടി തിമിര്‍ത്തു തുഴഞ്ഞേ
 
 
കേരം തിങ്ങിയ  കേരള നാടില്ല

കോരനു കുമ്പിളില്‍ കഞ്ഞി നിറഞ്ഞീല  

താളത്തില്‍ തുള്ളുന്നോരോളപ്പരപ്പില്ല

ഓടങ്ങളാടി തിമിര്‍ത്തു തുഴഞ്ഞീല
 
 
പിഞ്ചുകരങ്ങള്‍ പിടിച്ചു കൊണ്ടച്ഛന്‍
 
കൊണ്ടുനടന്നൂ തറവാട്ടിലെങ്ങും
 
ഇലഞ്ഞി തണലു വിരിച്ചോരാ മുറ്റത്ത്
 
ഉഞ്ഞാലു കെട്ടിയോരാ പുളിങ്കൊമ്പും  
 
 
പിഞ്ചുകരങ്ങള്‍ പിടിച്ചതില്ലച്ഛന്‍

കൊണ്ടുനടന്നില്ല, തറവാടുമില്ല

ഇലഞ്ഞി തണലു വിരിക്കാത്ത  മുറ്റത്ത്

ഉഞ്ഞാലു കെട്ടിയോരാ  പുളിങ്കൊമ്പില്ല
 
 
കാലം മായ്ക്കാത്ത കാലമെന്‍ ബാല്യം

കാലത്തിനിപ്പുറം തേങ്ങുന്ന  മൂല്യം ‍
 

Friday, October 11, 2013

വൃദ്ധവിലാപം

വൃദ്ധവിലാപം

പതിയെ നടക്കുകെന്‍ കരവും പിടിച്ചു നീ

സതിയായ്, സതീര്‍ത്ഥ്യനായ്  കൂടെയുണ്ടല്ലോ ഞാനും

കരയാതെ തിരിഞ്ഞൊന്നു നോക്കിടാം പടിക്കല് നാം

കുടിവച്ചു വലതു കാല്‍ പതിച്ചോരീ തറവാട്ടില്‍

ഒത്തിരി പ്രതീക്ഷ തന്‍ പൂത്തിരി വെളിച്ചത്തില്‍

ഒത്തു നാം നട്ട മാവിന്‍ ചുവട്ടിലായ്  അല്‍പ നേരം

നിത്യവും നനച്ചു, നല്തടങ്ങള്‍ തീര്‍ത്തു നമ്മള്‍

മുഗ്ദ്ധമായ് മുകര്‍ന്നു നിന്നെത്ര സന്ധ്യകള്‍ നിന്നെ

ഇന്നവള്‍ വളര്‍ന്നെത്ര  പന്തലിച്ചഴകൊത്ത

വന്മരമായെന്‍  മുന്നില്‍, വമ്പോടെ വിരാജിപ്പൂ

അമ്മമരമാണിന്നവള്‍ ‍, പൂക്കുലനിറഞ്ഞു,

പൂങ്കുരുവികള്‍ വിരുന്നുണ്ടു, മാമ്പഴ മധുരം

നുണഞ്ഞാനന്ദനൃത്തം വയ്ക്കും, അണ്ണാറക്കണ്ണന്മാരും

ഇന്നലെയെങ്ങോ നിന്നും വീശിയാ വിഷക്കാറ്റില്‍

ഇന്നിതു വരെക്കണ്ട സ്വപ്ങ്ങള്‍ തകര്‍ന്നല്ലോ

മാകന്ദമുഖം കറുത്താനന്ദ ഭാവം മാറി

മാങ്കൊമ്പു ചാഞ്ഞു ചരിഞ്ഞാ വീടിന്‍ തലയ്ക്കലായ്

വാര്‍ദ്ധക്യമെത്തും മുന്‍പേ,  മക്കള്‍ ‍ തലയ്ക്കോങ്ങീടുന്ന

വാളിനെപ്പോലാമാവും ഉച്ചിയില്‍ തൂങ്ങീടവേ

അറുക്കാന്‍ കഴിഞ്ഞില്ല  ഞാന്‍ നട്ടൂ നനച്ചാമോദം

വളര്‍ത്തിയ മാവെന്‍ ചിതയൊരുക്കാന്‍ തിടുക്കവേ

ഒത്തിരി പ്രതീക്ഷ തന്‍ പൂത്തിരി വെളിച്ചത്തില്‍

ഒത്തു നാം നട്ട മാവിന്‍ ചുവട്ടിലായ് അല്‍പ നേരം

ഇരിക്കാം, തണുപ്പിറ്റു തരുമോ ആവോ? പിന്നെ

നടക്കാം നിന്‍ കരവും പിടിച്ചേകരായ്, അനാഥരായ്

പതിയെ നടക്കുകെന്‍ കരവും പിടിച്ചു നീ

സതിയായ്, സതീര്‍ത്ഥ്യനായ് കൂടെയുണ്ടല്ലോ ഞാനും

 

Saturday, October 5, 2013

മതിലുകള്‍

മതിലുകള്‍‍

കടല് കടന്നു ഞാന്‍ ഇക്കരെയാകിലും
കരളില്‍ നിന്‍ രൂപം നിറഞ്ഞു നില്‍ക്കും
കാണുവാന്‍ കണ്ണൊന്നടക്കവേ നിന്‍ പ്രിയ
കാമിതരൂപമെന്‍ മനസ്സില്‍ തെളിഞ്ഞിടും

നിന്‍ മുടിയിഴയിലെ കാച്ചെണ്ണ ഗന്ധമീ
കാറ്റിലലിഞ്ഞു വന്നെന്നെ തലോടവേ
കാത്തിരിക്കുന്നൊരീ ഏകാന്തലോകത്ത്
കൂട്ടിനായ് നിന്നോര്‍മ്മ മാത്രമല്ലേ സഖീ

വീടിന്നുമുന്നിലൂടൊഴുകുമാ പുഴയിലെ
കുളിരുള്ള ഓളപ്പരപ്പില്‍ നീ വിരലിനാല്‍
കുറിമാനമെഴുതി എനിക്കായ് അയച്ചതും,
കരിമേഘവണ്ടുകള്‍ പേറി വന്നാ കുറി

പ്പൊരു വേനല്‍ മഴയായി, അതില്‍ ഞാന്‍ നനഞ്ഞതും
സുഖമുള്ള ഓര്‍മകളാണെനിക്കെങ്കിലും
മുഖമൊന്നു കാണുവാന്‍ കൊതിയാര്‍ന്നിരിപ്പു ഞാന്‍

കണ്ണുനീര്‍ വീണു പടര്‍ന്നൊരാ കത്തുകള്‍
കണ്ണു നിറഞ്ഞു ഞാന്‍ വീണ്ടും നിവര്‍ത്തിടാം
കുഞ്ഞുങ്ങള്‍ കുത്തി വരച്ചോരാ ചിത്രത്തില്‍
കണ്ടു ഞാനെന്‍ രൂപം, അവര്‍ തന്‍ മനസ്സിലും

കടലും കടലാസും ചേര്‍ത്തു ചമച്ചോരീ
മതിലുകള്‍ക്കിരുവശം കാത്തിരിക്കാം
കനവുകള്‍ക്കെണ്ണ പകര്‍ന്നു തെളിച്ചിടാം
കാണുവാനായി നാം കാത്തിരിക്കാം

ദീപക് ജി നായര്‍

Friday, October 4, 2013

വെറുതെ ഒരു സ്വപ്നം

 വെറുതെ ഒരു സ്വപ്നം


കണ്ണുകളടച്ചു ഞാന്‍ തീര്‍ത്തൊരീ ഇരുളില്‍

കത്തി എരിയുമീ നിലവിളക്കിന്‍ തിരി

കത്തുന്ന തിരിയൊന്നു വിരലിനാല്‍ നീട്ടി

തെളിച്ചു തന്നാരോ ശ്രമിക്കുന്നു പിന്നെയും ,


- എന്റെ കണ്ണിനു വെളിച്ചമേകാന്‍ !! 


മഹിഷത്തിന്‍ ചൂര് നിറഞ്ഞൊരാ മുറികളില്‍

ചന്ദനത്തിരിയാല്‍ നിറച്ചവര്‍, സുഗന്ധവും

കുളിരിനാല്‍ ഒന്നു ചുരുണ്ടുവോ? സ്നേഹത്താല്‍

ഒരു വെള്ളമുണ്ട് പുതപ്പിച്ചു തന്നവര്‍

കിറിയില്‍ കിനിഞ്ഞു നിലത്തേക്ക് വീണൊരാ

ചുവപ്പു ‍ മെല്ലെ  തുടച്ചു മാറ്റുന്നവര്‍ ‍

പിന്നെയും പോരാഞ്ഞ്, ഒരു തുണിക്കീറിനാല്‍

താടയെന്‍ തലയോട് ചേര്‍ത്തു മുറുക്കവേ

ചോദിച്ചതില്ലാരും, നിനക്ക്  നോവുന്നുവോ?



ഉള്ളില്‍ ചിരിച്ചു കിടന്നു ഞാന്‍

ആനന്ദക്കണ്ണുനീര്‍ തളം  കെട്ടി നിന്നു .. 

അടഞ്ഞോരാ മിഴികളില്‍, ആരുമറിയാതെ..


എത്രയാണെന്‍ സുഹൃത്തുക്കള്‍, ചുറ്റിലും

അത്രമേല്‍ സ്നേഹത്താല്‍ പരിചരിച്ചീടുന്നു

അല്‍പ നിമിഷങ്ങള്‍ക്കു മുന്നേ അണഞ്ഞവര്‍

ഇത്രയും നാളിലുമെത്താതിരുന്നവര്‍ ‍

ഒരു നോക്കതെങ്കിലും കാണുവാന്‍ കഴിയുമോ

കണ്‍പോളകള്‍ക്ക് മേല്‍ ഭാരമേറുന്ന പോല്‍ .

കാലുകള്‍ അനക്കുവാന്‍ ആവതില്ല, ചേര്‍ത്തു

കെട്ടി മുറുക്കി കളിക്കുന്നിതാ  ചിലര്‍

ഒറ്റയാനായി കഴിഞ്ഞിത്ര കാലവും

മുറ്റത്തു പോലും അണഞ്ഞില്ലൊരുത്തരും


ഇന്ന് തളര്‍ന്നൊന്നുറങ്ങാന്‍ കിടന്നതും

വന്നിടുന്നാളുകള്‍,  മുറപോലെ നാട്ടുകാര്‍

ബന്ധുക്കള്‍, ബന്ധം പിരിഞ്ഞവര്‍ , ഉറ്റവര്‍

സ്വന്തമാക്കാന്‍ ‍ നോമ്പു നോറ്റു മടുത്തവര്‍

ചന്തമില്ലാത്തവര്‍, വമ്പു പറഞ്ഞവര്‍

കല്ലു ചുമക്കുവോര്‍ , കള്ള് കുടിക്കുവോര്‍

കള്ളമില്ലാത്തവര്‍,  കനവ് കരിഞ്ഞവര്‍

കള്ളം പഠിക്കുവാന്‍ വെള്ള തയ്പിച്ചവര്‍

കണ്ണീരൊഴുക്കി  കരയുന്നു , കാല്ക്കലായ്

കണ്ണടച്ചിട്ടും കഴിയാത്ത  നാടകം.

 
ആരോ, പിറുപിറുക്കുന്നു, പറയുന്നു

ആറടി മണ്ണിലേക്കാനയിച്ചീടുവാന്‍

ഉള്ളു തണുക്കുന്നു, തീ കായുവാന്‍ നല്ല

ചന്ദനവിറകുകള്‍ നിരത്തി വയ്ക്കുന്നവര്‍

നീണ്ടു നിവര്‍ന്നു കിടന്നിടാം, തീ കാഞ്ഞ്

തീരാത്ത നോവിതില്‍ തീ പടര്‍ത്താം

ഇനിയില്ല ഈ മണ്ണില്‍ ഞാനെന്ന നൊമ്പരം

ഇതുവരെ വട്ടം കറങ്ങിയ ജീവിത പമ്പരം
 
ദീപക് ജി നായര്‍

Wednesday, October 2, 2013

ഗുരുനാഥന്‍


ഗുരുനാഥന്‍
ഇരുള്‍ വീണു മൂടി കിടന്നോരാപ്പാത തന്‍

അരികിലൊരിക്കല്‍ ഞാന്‍ ഏകനായി

ഇലകളും പൂക്കളും നിറമുള്ള പുലരിയും

നിനവില്‍ നിറച്ചു തളര്‍ന്നിരിക്കെ

മിന്നിപ്പറക്കുന്ന പൊന്‍വെട്ടമായി നീ

മുന്നില്‍ പറന്നൂ , വഴി തെളിച്ചൂ..

പിന്നില്‍ ഞാന്‍ മെല്ലെ നടന്നു, നിന്‍ കാമ്പുള്ള

കഥകള്‍ക്ക് കാതോര്‍ത്തു കാതങ്ങളെത്രയോ !‍

കൈപിടിച്ചേറെക്കരുതലോടെന്നെ നീ,

കണ്ണില്‍  പ്രതീക്ഷ തന്‍ തിരി  തെളിച്ചു

തളരുമ്പോള്‍ ഊര്‍ജ്ജം പകര്‍ന്നു നല്‍കി

നല്ല നിറമുള്ള ജീവിതം നീട്ടി നല്‍കി

ഗുരുവായ്  മനസില്‍ ഞാന്‍  കുടിയിരുത്തി

കര്‍മ്മവഴികളില്‍ ഓര്‍മ്മകള്‍ ഉണര്‍ത്തി നിര്‍ത്തി

എങ്ങുമെന്‍ ജീവപ്രകാശമായ് മുന്നില്‍ നീ

എന്നുമീ വഴികളില്‍ തിരി തെളിച്ചീടണേ ..


ദീപക് ജി നായര്‍