Sunday, December 15, 2013

മോഹം

മോഹം 

കാറ്റിന്റെ തോളിൽ  വന്നേറെ കൊതിപ്പിച്ചു

പാറി പറക്കുന്നൊരപ്പൂപ്പൻ താടി പോൽ

ഭാരമില്ലാതെ പറക്കുവാനാകാശമാകവേ

ചിറകടിച്ചലയുവാൻ മോഹം.


തോരാതെ പെയ്യുന്ന പേമാരി തന്നിലൂ-

ടാകെ നനഞ്ഞു രസിച്ചു  നടക്കുവാൻ,

വിറകൊണ്ട് കുളിരുമ്പോളമ്മ തൻ കയ്യിൽ

നിന്നൊരു ചൂടുകാപ്പി കുടിക്കുവാൻ മോഹം.


നിറയുന്ന സ്നേഹത്തിൽ അല്പം ശകാരമോ-

ടമ്മയെൻ തലമെല്ലെ തോർത്തി ഉണക്കവേ,

തലകുടഞ്ഞമ്മ തൻ മുഖമാകെ മഴവെള്ള-

ക്കുളിരിൽ നിറയ്ക്കുവാൻ മോഹം.


ഇനിയും വരില്ലെന്നറിഞ്ഞു, തീ കായുവാൻ

ഇമകളടച്ചമ്മ പോകവേ, അവസാന

ചുടുചുംബനം നല്കി, വിതുമ്പി വിളിക്കവേ,

മറുവിളി കേൾക്കുവാൻ മോഹം.
 

ഭ്രാന്തൻ ചിന്തകൾ -7

ഭ്രാന്തൻ ചിന്തകൾ -7 


കരിയിലക്കൂനയിൽ തീക്കനൽ വന്നു വീണ

തിൽ നിന്നും ആളിയോരഗ്നിപോൽ

കത്തിയെരിയുമീ ജീവിതം


കുളിർകാറ്റ് വന്നു തീ ഊതിക്കെടുത്തു

മെന്നൊരു വേള വെറുതെ ഞാൻ

ആശിച്ചഹന്തയാൽ  ..


കാറ്റിലാക്കനൽവീണ്ടുമാളുന്നു, വായുവിൽ

ഒരുപിടി ചാരമായ് അലിയുന്നഹന്തയും
 

Saturday, December 14, 2013

പിന്നോട്ട് പായുന്ന കുതിരകൾ

പിന്നോട്ട് പായുന്ന കുതിരകൾ

കണ്ണുകളടച്ചു ഞാൻ കാണുന്നതൊക്കെയും

കല്ലറയ്ക്കുള്ളിലെ രൂപങ്ങൾ പോലവേ

കണ്ണു തുറക്കാതെ  പരതി നടന്നു ഞാൻ

കൈവിട്ടതെന്തോ തെളിഞ്ഞു കാണുന്ന പോൽ

കനവിതെന്നറിയാതെ  പിന്നെയും കാത്തു ഞാൻ

കാലങ്ങൾ കുതിര  പോൽ പിന്നോട്ട് പായുന്നോ

പകലോൻ പടിയുന്നു   കിഴക്കിലായ് , പാതിരാ

നാഥനുദിക്കുന്നു പടിഞ്ഞാറു ദിക്കിലായ്

പാതകൾ, പാമ്പു കണക്കെ പടങ്ങൾ പൊഴിക്കുന്നു ,  

ഇടവഴി  കോലങ്ങൾ തെളിയുന്നു പിന്നെയും

ദ്രുതതാളമെല്ലാം നിലയ്ക്കുന്നു,സാധനാ -

സ്വരമെങ്ങുമമൃതായ് അലയടിക്കുന്നു..

ഒരു കൊച്ചു കുട്ടിയെ പോലെയീ ഞാനും, എൻ

മിഴികളിൽ ആശതൻ ചാരത്തിൽ  നിന്നും

എരിഞ്ഞു കത്തുന്നൊരീ കനലുകളും...

മരുഭൂമിയായോരെൻ മനസ്സില് മരുപ്പച്ച

കുളിരു കോരുന്നിതു സത്യമോ  മിഥ്യയോ?

പലനിറക്കൊടികൾതൻ കെട്ടുകളഴിഞ്ഞുവീ -

ണൊരു കൊടിക്കീഴിലേക്കൊഴുകുന്ന ലോകം

പലവഴികളൊന്നു ചേർന്നതിരുകൾ ഇടിഞ്ഞു

വീണെവിടെയും കേൾക്കുന്ന ഭാഷയായ് സ്നേഹം

കണ്ണുകൾ തുറക്കുകിൽ കൈമോശമാകുമെൻ

കനവുകളെ ഉണർത്തി, ഉറങ്ങട്ടെ ഞാനും
 

ഭ്രാന്തൻ ചിന്തകൾ - 8

ഭ്രാന്തൻ ചിന്തകൾ - 8 

രണ്ടായതൊന്നായി ഉണ്ടായതൊന്നിൽ

രണ്ടിലും ഇല്ലാത്തതുണ്ടെന്നു കണ്ടാൽ

ഇണ്ടലുകൾ തീണ്ടാതെ മണ്ടിടുക ഒന്നായ്

കുണ്ടിതമുണ്ടാവാൻ എന്തുണ്ട് കാര്യം

 

Saturday, December 7, 2013

ഭ്രാന്തന്‍ ചിന്തകള്‍ - 6

ഭ്രാന്തന്‍ ചിന്തകള്‍ - 6

നാടിനെ തിന്നു വളർന്നൊരീ ,  നഗരവും ,

നാട്ടു വഴികള്‍ ചുരത്തുന്ന ലഹരിയും ,

കുശലങ്ങള്‍ കേള്‍ക്കുവാന്‍ കാതോര്‍ത്തിരിക്കുന്ന,

കരിയിലകള്‍ മൂടിയോരിടവഴി പ്രേതങ്ങള്‍ ,

പാവാടത്തുമ്പു തൊട്ട് കൂമ്പിയ  മിഴികളില്‍

കനവുകള്‍ ഉറങ്ങും നാട്ടുതൊട്ടാവാടികള്‍ ,

നാമജപസന്ധ്യയ്ക്ക് തെളിയും തിരിക്കായി

നാലുകെട്ടങ്കണത്തെരിയും തുളസിയും,

നാമങ്ങള്‍  മാത്രമായ്, ഓര്‍മ്മകളതെങ്കിലും

ഓര്‍മ്മകള്‍ ആകാതിരിക്കാട്ടെ മനമതില്‍

ഭ്രാന്തന്‍ ചിന്തകള്‍ - 5

ഭ്രാന്തന്‍ ചിന്തകള്‍ - 5

ജനനത്തില്‍ നിന്നു മരണത്തിലേക്കു നാം

നീട്ടിവലിച്ചൊരു ജീവിത രേഖയാം

നൂൽപ്പാലമിടറാതെ, ആയാസമോടെ

കടക്കവേ, നീളുന്ന കൈകളിൽ സ്വയം

വീഴാതിരിക്കുവാൻ മാത്രം പിടിക്കവേ,

വീണ്ടും മുളക്കുന്നു സ്വാർത്ഥമാം ചിന്തകൾ.


മഴവില്ലിനഴകോലുമേഴുവർണ്ണങ്ങളും

കൊടികളായ് മണ്ണിൽ മതിൽ  പണിഞ്ഞീടവേ

നിറമുള്ള സ്വപ്‌നങ്ങൾ നിറവയർ തന്നിലായ്

നിലവിളി പോലുമാവാതെ മരിക്കവേ ..

വീണ്ടും പിറക്കുന്നു  സ്വാർത്ഥമാം ചിന്തകൾ.


നീയും, ഞാനുമെന്നുള്ളോരു  ചൊല്ലുകള്‍

മരിക്കാതെയിനി   'നമ്മൾ' പിറക്കുകില്ല!


Sunday, December 1, 2013

ഭ്രാന്തൻ ചിന്തകൾ - 4

ഭ്രാന്തൻ ചിന്തകൾ -  4

കരയുന്ന മഴയിലെൻ കണ്ണീരുണക്കി  ഞാൻ 
 
ചിരിയൊന്നു ചുണ്ടിൽ കൊളുത്തി വച്ചു  
 
മഴവില്ല് തെളിയുന്ന മാനത്തു  നോക്കിയെൻ   
 
മനസ്സിലെ  വർണ്ണങ്ങൾ ഓർത്തെടുത്തു 
 
ചകിതനായ്‌ ചിന്തയിലാണ്ടു പോകും  മുൻപേ 
 
മുകിലിന്നു  കൂട്ടായ്  പറന്നു ചെല്ലാം 

കൂമൻ, കുറുനരി കൂട്ടങ്ങൾ പായുന്ന

കാട്ടിലൂടൊറ്റയാനായി, രാവിൽ

കാലത്തെ വെല്ലുവിളിച്ചു, ഞാനേകനായ്

കാതങ്ങൾ താണ്ടി കടന്നു പോകാം 

ചേലറ്റ ചെറ്റക്കുടിലിന്നോലക്കീറി

ലിടയിലെൻ  മിഴികൾ, അടഞ്ഞു കൂമ്പി

പാടത്തു കൊയ്യുവാൻ പോയ, പുലക്കിളി

പാതി പകുത്തെടുത്തോർമ്മയായി
  
കാമപ്പുരക്കിന്നു തീകൊളുത്തി , പാല

പൂവുകളെല്ലാം കൊഴിഞ്ഞു വീണു.

കലശങ്ങൾ താങ്ങി തളർന്നൊരാ നിളയിൽ ഞാൻ 
 
നീരിനായ് വെറുതേ  തിരഞ്ഞു പോയി 
 
കാലിലും, കണ്ണിലും  നനവു പടർത്തി നീർ 
 
ച്ചാലുപോൽ നിള, ശാപമേറ്റു നീറി 

മാറാപ്പു നിറയുമെൻ  ഭ്രാന്തമാം ചിന്തകൾ

മരണം വരേയ്ക്കും നിറച്ചു വയ്ക്കാം.