Friday, August 29, 2014

വിഷാദവിത്തുകള്‍

വിഷാദവിത്തുകള്‍
------------------------------------------
പെണ്ണേ, നിനക്കാരു തന്നൂ തുടിക്കുന്ന
കണ്‍കോണിലിത്ര വിഷാദമേഘങ്ങളെ?
പെയ്യാന്‍ വിതുമ്പുന്ന കണ്ണീര്‍മഴത്തുള്ളി
കയ്യാല്‍ തുടച്ചൊന്നടക്കാന്‍ തുനിഞ്ഞതും,
മെയ്മാസമേഘം കണക്കെ നിന്‍ മോഹങ്ങള്‍
പെയ്യാതെ നെഞ്ചില്‍ കനം വച്ചുറഞ്ഞതും
എണ്ണവറ്റി, കരിന്തിരിയായ്, പുകഞ്ഞു പോം
കല്‍വിളക്കിന്‍ നോവിരുട്ടില്‍ പടര്‍ന്നതും,
പെണ്ണേ, നിനക്കാരു തന്നൂ തുടിക്കുന്ന
കണ്‍കോണിലിത്ര വിഷാദമേഘങ്ങളെ?
ഇന്ദ്രകാമത്തിന്‍ ഇരയാമഹല്യതന്‍
കലികാലരൂപിണീ, ശിലയായ് ഉറഞ്ഞുവോ?
നടവഴിയിലെവിടെയും പാര്‍ത്തിരിക്കും നവ
‘മാര്‍ജ്ജാര’വൃന്ദമീ കാമാര്‍ത്തരിപ്പൊഴും
എല്ലാം മറക്കുക, നിനക്കു നീ നല്‍കുക
ശാപമോക്ഷം, സ്വയം കണ്ണീര്‍ തുടയ്ക്കുക
കണ്ണില്‍ തെളിയ്ക്കുക പ്രതീക്ഷതന്‍ നെയ്ത്തിരി
മണ്ണില്‍ വിഷാദമേ പോയ്‌ മറഞ്ഞീടുക.
 
ദീപക് ജി നായര്‍

Saturday, August 23, 2014

ദേഹി

ദേഹി

കറുത്തചരടൊന്നുജപിച്ചുകെട്ടിഞാൻ
ഇടഞ്ഞദേഹിയെപ്പിടിച്ചു നിര്‍ത്തുവാന്‍..
മനസ്സു പിന്നെയും പറന്നുപോകുന്നി-
തടക്കിനിര്‍ത്തുവാനുപായമെന്തെടോ?

ദീപക് ജി നായര്‍

മണമില്ലാത്ത മുല്ല

മണമില്ലാത്ത മുല്ല

മണമില്ലാത്ത മുറ്റത്തെമുല്ലയ്ക്ക്
തെരുവിലെ പൂക്കടയില്‍ പിടിവലി..
മുറ്റത്തു കൊഴിഞ്ഞു വീണ പൂക്കള്‍ക്ക്
പൂക്കടയിലെത്താനും,
പൂക്കടയിലെ ചൂടാതെ വാടിയ പൂക്കള്‍ക്ക് തിരികെ
ആ മുറ്റത്തൊന്നു കൊഴിഞ്ഞു വീഴാനും മോഹം..

ദീപക് ജി നായര്‍

വേഴാമ്പലും നീയും

വേഴാമ്പല്‍ 

ഒരു മഴയ്ക്കായ് കൊതിച്ചു കൊതിച്ച്
വരള്‍ച്ചയെ വരിച്ച വേഴാമ്പല്‍...
കണ്ണീര്‍മഴയില്‍ കുതിര്‍ന്ന് 
ഒരു വെയിലിനെ സ്വപ്നം കണ്ട് നീയും...

ദീപക് ജി നായര്‍

മരണം

മരണം

ഉടലുവെന്തൊരുപിടിച്ചാരമായെങ്കിലും
എരിയുന്നു കനലുകള്‍ നെഞ്ചിലായിപ്പൊഴും
കരയുന്ന മക്കള്‍ തന്‍ കണ്ണീരിനൊപ്പമി-
ന്നിയലുന്നു ചാമ്പലിന്നിടയിലും കണ്ണുനീര്‍..

ദീപക് ജി നായര്‍

മകളുടെ അച്ഛന്‍

മകളുടെ അച്ഛന്‍ 

മകളേ വരുന്നു നിന്‍ കാലടികള്‍ പിന്‍തുടര്‍ന്ന-
കലുമീപ്രണയത്തിനഴല്‍ തിന്നപാതയില്‍...
ഇന്നുനിന്‍വേഗത്തിനൊപ്പമെത്തീടു-
വാനാവാതെ തളരുന്നുവെന്‍ തനുവെങ്കിലും,
തിരികെനീവരുമെന്നുകൊതിയോടെകാത്തുകൊണ്ടു
രുകുന്നനെഞ്ചിന്‍തുടിപ്പുകള്‍ബാക്കി-
വച്ചിരുളിനെ നോക്കിക്കുതിച്ചുപായുന്ന
നിന്നരികിലുണ്ടച്ഛന്‍മനസ്സുകൊണ്ടെപ്പൊഴും

ദീപക് ജി നായര്‍

ചിറകുള്ള ചിന്തകള്‍

ചിറകുള്ള ചിന്തകള്‍ 

ഉയരുവാനാകാതെയതിരുകള്‍ക്കിപ്പുറം
ചിറകൊടിഞ്ഞീമണ്ണിലിടറിവീഴുമ്പൊഴും 
അണയുന്നുനിന്നിലേക്കതിരുഭേദിച്ചെന്റെ 
അണയാത്തചിന്തകള്‍ ചിറകടിച്ചിപ്പൊഴും

ദീപക് ജി നായര്‍

ജീവിതവണ്ടി

ജീവിതവണ്ടി 

കൂകിവലിച്ചും കിതച്ചുമീപ്പാതമേല്‍
ജീവിതത്തീവണ്ടി പായുന്നു പിന്നെയും 
ടിക്കറ്റെടുത്തുമെടുക്കാതെയും ചിന്ത
കുത്തിനിറച്ചൊരെന്‍ചിത്തമാം ബോഗിയില്‍
കൊണ്ടും കൊടുത്തും കളിപറഞ്ഞും 
വിടചൊല്ലിപ്പിരിഞ്ഞും ഇടകലര്‍ന്നങ്ങിനെ 
പച്ചകണ്ടൊന്നുകുതിച്ചും ഇടയ്ക്കെന്റെ 
ദുഖമാം ചോപ്പിലറച്ചും
സ്വച്ഛമാം കാറ്റുപുതച്ചും ജ്വലിക്കുമീ
യുച്ചവെയില്‍ത്തീകുടിച്ചും 
ജീവിതത്തീവണ്ടിപായുന്നു പിന്നെയും 
കാലമാമീപ്പാത തന്നില്‍.

ദീപക് ജി നായര്‍

മഴ

മഴ 

മഴ തന്നെ മഴ....
അകത്തും പുറത്തും തകര്‍ത്തു പെയ്യുന്നു....
പുറത്തു കുളിര്‍ തന്ന മഴ..അകത്ത് കനല്‍ തന്നതും...
പുറത്ത് മഴ പെയ്തു തോരുന്നുണ്ട്...അകത്ത് തോരാതെ പെയ്തുകൊണ്ടേയിരിക്കുന്നു...
പുറത്ത് ആനന്ദത്തിന്റെ തെളിനീര്‍മഴ...
അകമേ ഉപ്പുതിന്ന കണ്ണീര്‍മഴ..
പുറത്ത് കാലവര്‍ഷം..
അകത്ത് കാലഭേദമില്ലാതെ തോരാതെ പെയ്തിറങ്ങുന്ന നോവുവര്‍ഷം

ദീപക് ജി നായര്‍

മോഹം

മോഹം 

അടുപ്പിലിട്ടു ചുട്ട മോഹമൂണുമേശമേല്‍ വിളമ്പി
കണ്ണുനീരിനുപ്പു ചേര്‍ത്തിറക്കുവാന്‍ തുനിഞ്ഞതും,
തികട്ടി വന്നൊരോര്‍മ്മയില്‍ നിറഞ്ഞ നിന്റെ
രൂപമെന്‍റെ ചിന്തയില്‍ പടര്‍ന്നതും,
തനിച്ചു വിട്ടു പോയ കാലമിരുളില്‍ വീണു കേണതും,
ഉയിര്‍ത്തെണീറ്റു വന്നു വീണ്ടുമിത്രയും പടച്ചതും,
നിനച്ചു നിന്നിലലിയുവാന്‍ കൊതിച്ചു ഞാന്‍
മുറിച്ചൊരെന്‍റെ സിരയില്‍ നിന്നിരുണ്ട രക്ത-
മിവിടെ വീണുറഞ്ഞതും,
മരിച്ചു ഞാന്‍ വരുന്നതിന്നു സാക്ഷിയായ്
പകച്ചനിന്നെയരികില്‍ വന്നണച്ചതും, 

കിനാവു മാത്രമെന്നറിഞ്ഞുറക്കമറ്റുണർന്നു പോയ്‌

ദീപക് ജി നായര്‍

Friday, August 15, 2014

പിന്‍വിളി

പിന്‍വിളി
-------------------
പടികടന്നകലുന്ന മകനേ നിനക്കു പിന്‍
വിളിയുമായുമ്മറപ്പടിയിലീയമ്മ
നിറകണ്ണിനാല്‍ മനം നൊന്തു കേഴുന്നു നീ
ഒരുമാത്രയൊന്നു തിരിഞ്ഞു നോക്കീടുകില്‍!!
വിടപറഞ്ഞകലുന്ന നിന്നില്‍ നിനക്കൊരു
തുണയായ് അലിഞ്ഞു ചേര്‍ന്നമ്മ തന്‍ സ്നേഹം
കരയുവാന്‍ കണ്ണീരു തേടിയ നിന്‍ ചുണ്ടി-
ലൊരു ചിരി തേച്ചു വിതുമ്പി നിന്നമ്മ ...
പറയുവാന്‍ ഗദ്ഗദകണ്ഠനായ് നില്ക്കേ
നിറയുന്നു നാവിലൊരു ദേവിയായ് അമ്മ
ഒഴുകുന്നു വാക്കുകളനശ്വരസ്നേഹമായ-
ലിയുന്നഹന്തയീ തണലിലായെന്നും.
പടികടന്നകലുന്ന മകനേ നിനക്കു പിന്‍
വിളിയുമായുമ്മറപ്പടിയിലീയമ്മ
നിറകണ്ണിനാല്‍ മനം നൊന്തു കേഴുന്നു നീ
ഒരുമാത്രയൊന്നു തിരിഞ്ഞു നോക്കീടുകില്‍!!

ദീപക് ജി നായര്‍

Friday, August 8, 2014

കൊഴിയുന്ന ജീവിതം

കൊഴിയുന്ന ജീവിതം

പറയാതെയറിയുമെന്നോര്‍ത്തുപരസ്പരം
പൊഴിയാതെമൊഴികളടക്കിവച്ചും
കൊഴിയാത്തമലരുകളെന്നുനിനച്ചു-
തേന്‍ നുകരാതെയെന്നും കരുതിവച്ചും നിയതിതന്‍പുസ്തകത്താളുകളോരോന്നായ്
വെറുതേ മറിച്ചൂ മരിക്കുവോളം!!


ദീപക് ജി നായര്‍

ഇരുട്ടിന്റെ മൌനം

ഇരുട്ടിന്റെ മൌനം 

ഇരുട്ടു പൂട്ടിയടച്ച മുറിയതില്‍ 
ഇരുമ്പു ചങ്ങലയിലിഴഞ്ഞ മൌനമേ

പൊറുത്തുവെന്നുപറഞ്ഞൊരുള്‍ക്കടല്‍

പുറത്തുകാട്ടാതെയൊളിച്ചതെന്തിനായ്

അടക്കി നിര്‍ത്തിയ കരള്‍ത്തുടിപ്പുകള്‍

കൊരുത്തെടുത്തു നീ കുരുക്കുതീര്‍ത്തതില്‍
മനസ്സു തൂങ്ങി മരിച്ചനാള്‍ മുതല്‍
ഇരുട്ടിലിങ്ങനെ തനിച്ചിരുന്നു കേണു-
റക്കമറ്റൊരീ നശിച്ച രാത്രിയില്‍ !!

ദീപക് ജി നായര്‍

Thursday, August 7, 2014

ഗാസ

                                  

ഗാസ
------------------------------------
ചോര വീണു ചുവന്നൊരീ പൂക്കള്‍ തന്‍
മൂകശാപമതേറ്റു പിടഞ്ഞു നീ
ചോരതുപ്പിയൊടുങ്ങാതെയെന്‍ മിഴി
തോരുകില്ലെന്നറിയുക മാനവാ
മധുനുണഞ്ഞവളമ്മതന്‍ നെഞ്ചിലായ്
മധുരസ്വപ്‌നങ്ങള്‍ കണ്ടു മയങ്ങവേ
കുപിതയൌവനമത്തില്‍ക്കുരുങ്ങി നീ
കുലമറുത്തു നിന്നട്ടഹസിച്ചതും
കുടിലചിന്തകള്‍ക്കൊടുവിലായമ്മ തന്‍ 
കനവകറ്റി നീ മാനം ഭുജിച്ചതും
കരളുനൊന്തുനിന്നലിവിനായ് കേണതും
മറവിയേല്‍ക്കാതെ ഓര്‍മ്മയിലെപ്പൊഴും
മനസ്സു കൊത്തി വലിക്കട്ടെ നിന്നുടെ
മരണനേരം വരേയ്ക്കുമീ മണ്ണിതില്‍.

ദീപക് ജി നായര്‍

പാതിരാ സന്ധ്യ

പാതിരാ  സന്ധ്യ
---------------------------------
തോളുതോളോടുരുമ്മിക്കരിമുകില്‍
വാനിലൂടെപറന്നുല്ലസിക്കവേ
കാറ്റുവന്നുപറഞ്ഞെന്തു കാതിലായ്?
കൂട്ടുവെട്ടിപ്പിരിയുവാന്‍ മാത്രമായ്.
കണ്ണുനീര്‍മഴപെയ്യിച്ചകന്നു പോം
ഖിന്നമേഘങ്ങളംബരവീഥിയില്‍
ഇണകളവര്‍തന്റെ സങ്കടപ്പെരുമഴ
കുളിരുകോരിനിറയ്ക്കുന്നു മണ്ണിതില്‍
നിറകുടം പോല്‍ തുളുമ്പുന്ന പ്രണയമി- 
ന്നുഡുനിലാവുപോലെന്നില്‍ പരക്കവേ
നടവരമ്പിലൂടെന്‍ കൈപിടിച്ചു നീ 
തനുവിലൊട്ടി നനഞ്ഞു നടന്നതും
ഉതിരുമുച്ഛ്വാസവേഗങ്ങളില്‍ മനം
അതിരുകാക്കുവാനമ്പേ കിണഞ്ഞതും
കനവിലാണെന്നറിഞ്ഞുണര്‍ന്നന്തരേ
കരളുനീറിപ്പിടഞ്ഞുകിടക്കവേ
അകലെവാനിലൊരമ്പിളിവെട്ടത്തില്‍ 
ഇണകളാം രണ്ടുകാര്‍മുകില്‍ക്കൂട്ടങ്ങള്‍
ഉടലുരുമ്മിപ്പറക്കുന്നു പാതിരാ -
ക്കനവില്‍ ഞാന്‍ കണ്ട പാതിമെയ്മാതിരി  

ദീപക് ജി നായര്‍