Saturday, September 28, 2013

കടല്‍ പറഞ്ഞ കഥ

കടല്‍ പറഞ്ഞ കഥ

കാറ്റു പറഞ്ഞത് കേട്ടില്ല !

കടല് കരഞ്ഞതറിഞ്ഞില്ല !

കരിമേഘക്കീറകലെ നിരന്നതും

ഇരുള് പരന്നതും കണ്ടില്ല !



ഇനിയുമുണ്ടേറെ തുഴഞ്ഞു പോകാന്‍

കളിവഞ്ചി കാറ്റിലുലഞ്ഞു കേണു

കരയിലീ തോണി കാത്തെത്ര ജന്മം

കരയുവാന്‍ കണ്ണീരു വറ്റി നില്‍ക്കെ

കാറ്റു പറഞ്ഞത് കേട്ടില്ല

കടല് കരഞ്ഞതറിഞ്ഞില്ല

കരിമേഘക്കീറകലെ നിരന്നതും

ഇരുള് പരന്നതും കണ്ടില്ല



നിലയറ്റ നീലക്കടല്‍ത്തിര മേല്‍

വലയെറിഞ്ഞുലയുന്ന വഞ്ചി തന്നില്‍

കനവുകള്‍ ചുണ്ടിലെരിച്ചടക്കി

കരയിലെ കണ്ണുകള്‍ തെളിച്ചു വയ്ക്കാന്‍

തിരയിലെന്‍ കണ്ണുനീരുപ്പു ചേര്‍ത്തു

തുഴകളെറിഞ്ഞു ഞാന്‍ കാത്തിരുന്നു .. 


കലിയോടെ മാനമിരുണ്ടു വീണ്ടും

തിരകള്‍ മദം പൊട്ടിയാര്‍ത്തലച്ചു

വലയെന്റെ കൈയില്‍ നിന്നൂര്‍ന്നു വീണു

ചെറുതോണി മെല്ലെ മറിഞ്ഞു താണു..


കരയുവാന്‍ കണ്ണുനീര്‍ വേണ്ടിനി മേല്‍

കരയും മുഖങ്ങളും കാണ വേണ്ട

കരയിലെ ചെറ്റക്കുടിലിനുള്ളില്‍

എരിയുന്നൊരെണ്ണ വിളക്കു ‍  മുന്നില്‍

ഇനിയും വിശപ്പുകളെരിഞ്ഞുറങ്ങും

അതിനുമീ കടലമ്മ കാവല്‍ നില്‍ക്കും


ദീപക് ജി നായര്‍
 

Friday, September 27, 2013

മുല്ല

മുല്ല
 
 
എന്റെ ആരാമത്തില്‍ ഞാന്‍
 
ഏറെ നാള്‍ കൊതിച്ചെത്ര
 
കാത്തു കാത്തവസാനം
 
ഇന്നവള്‍ വിരിഞ്ഞല്ലോ
 
 
എന്നില്‍ ആഹ്ലാദത്തിന് ശ്രീ ‍
 
സുഗന്ധം പരത്തി നീ
 
കൊച്ചരി പല്ലും  കാട്ടി
 
കൊച്ചനുജത്തിയെ പോല്‍
 
 
എന്തിനായ് പരിഭ്രമം
 
താങ്ങായി ഞാനുണ്ടല്ലോ
 
എന്നിലായ് ചുറ്റി പടര്‍ന്നേറി
 
നീ പൂത്തീടുക
 
 
മല്ലികേ,  മലര്‍വള്ളി
 
പോലെ നിന് ‍വേരീ മണ്ണില്‍
 
പാകി നീ പടര്ത്തുക
 
വേരുറപ്പിച്ചീടുക
 
 
നാളെ നിന്‍ സുഗന്ധത്താല്‍
 
എത്തിടാം ശലഭങ്ങള്‍
 
നാണമായ് നില്‍ക്കും നിന്റെ
 
നെറ്റിയില്‍ ചുംബിച്ചീടാം
 
 
മാലകള്‍ കൊരുക്കുവാന്‍
 
മാലോകരൊന്നൊന്നായ്‌ നിന്‍
 
മാനസപ്പൂക്കള്‍ ഇറുത്താമോദം
 
 ചിരിച്ചീടാം
 
 
അപ്പോഴും താങ്ങായി ഞാന്‍
 
അന്തികത്തിരുന്നീടാം
 
നിന്‍ ചിരി മാത്രം കണ്ടെന്‍
 
മാനസം നിറച്ചീടാം...
 
 
ഇനിയും നടക്കാമൊരല്പ നേരം

ഇരുളു വീഴുന്നതിന്‍ മുന്‍പേ

ഇലകള്‍ കൊഴിഞ്ഞു വീണഴുകി മണക്കുമീ

ഇടവഴിയിലല്പം നടക്കാം

ഇളവെയിലുകൊണ്ട് ഞാന് പതിയെ നടക്കവേ

ഇരുമിഴികള്‍ മെല്ലെ നിറയുന്നു

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ ഓരോന്നായ്‌

ഇടനെഞ്ചില്‍ വന്നു നിറയുന്നു

ഇതിലേ നടന്നെത്ര ദൂരം! വടിയൂന്നി,

ഇനിയുമൊരല്പം നടക്കാം

കഥ കേട്ടു, കഥ കണ്ടു, കഥ പറഞ്ഞൂ നമ്മള്‍

കഥയായി മാറുവാനെത്ര നേരം

ഇനിയും നടക്കാമൊരല്പ നേരം

ഇരുളു വീഴുന്നതിന്‍ മുന്‍പേ

 

Thursday, September 26, 2013

മരം ഒരു വരം

മരം ഒരു വരം



പച്ചിലകൊണ്ടൊരു പച്ചത്തൊപ്പി

ധരിച്ചു നിരന്നതി മോദത്താല്‍

തലകള്‍ കുലുക്കി തംബുരു മീട്ടി
തണലു വിരിക്കും തരുവല്ലോ

ശിരസ്സില്‍ തീമഴയേറ്റിക്കൊണ്ടവര

വനിയിലെങ്ങും കുളിരേകും

മനസ്സില്‍ പൂമഴ പെയ്യിക്കും ,

കിളി നാദസ്വരമായ് മേളിക്കും

കാറ്റിലിളം കൈ വീശി ചാമര

വിശറികളാകും, സുഖമേകും

ചാറ്റല്‍ മഴക്കൊരു കുടപോലങ്ങിനെ

നീണ്ടു നിവര്‍ന്നു വിടര്‍ന്നീടും

അക്കര പച്ചകള്‍ കണ്ടു കൊതിക്കാ

തെന്നും പച്ച വിരിച്ചീടും

കണ്ണുകള്‍ കൂമ്പി വിതുമ്പിക്കരയും,

ഇലകള്‍ പൊഴിക്കും ശൈത്യത്തില്‍

കടവാവലുകള്‍ തൂങ്ങി മയങ്ങും,

കയറുകള്‍ തൂങ്ങും ശിഖരങ്ങള്‍


ഉടലഴകിന്‍ കോലളവുകള്‍ എണ്ണി കനവുകള്‍ നെയ്യും കുരുടന്മാര്‍

കൈകളരിഞ്ഞു കഴുത്തു മുറിച്ചവരട്ടഹസിക്കും കഴുകന്മാര്‍


മഴമേഘം വന്നോടി മറഞ്ഞു,  പച്ചക്കാടുകള്‍ കാണാതെ

കളനാദങ്ങളകന്നേ പോയി , ചിറകടിയൊച്ച മറന്നേ പോയ്‌

മണ്ണിന്‍ നിശ്വാസങ്ങളുയര്‍ത്തീ, വിണ്ടു പുകഞ്ഞൊരു  മരുഭൂമി


നട്ടു നനച്ചു വളര്‍ത്തുക നമ്മള്‍ , നന്മ നിറഞ്ഞൊരു മലയാളം

മരവും മഴയും മരതകമാക്കും, മലരു  വിരിക്കും മലയാളം

 

Tuesday, September 24, 2013

ദാഹം

ദാഹം .. ദാഹം ... സര്‍വത്ര ദാഹം....

കണ്ണുകള്‍ അടച്ചു അങ്ങിനെ കിടക്കവേ ചുണ്ടില്‍ അമ്മിഞ്ഞ  ഇറ്റിച്ച് അടക്കിയ ആദ്യ  ദാഹം ...

പിന്നെ , ചുണ്ടില്‍ വിരിഞ്ഞ പ്രണയ ദാഹം,
കണ്ണില്‍ തെളിഞ്ഞ കാമ ദാഹം,
പണത്തിനോടുള്ള ദാഹം ,
പേരിനും പ്രശസ്തിക്കും ഉള്ള ദാഹം ....

അങ്ങിനെ തുടങ്ങി കുറെ ദാഹങ്ങളും അതിന്റെ ശമനത്തിനായൊരു ഓട്ടപാച്ചിലും ..

ഒടുവില്‍ വീണ്ടും കണ്ണുകള്‍ അടച്ചു ചന്ദന മെത്തയില്‍ കിടന്നൊരു ദാഹശമനം -  ശവദാഹം...

തുടക്കം പോലെ ഒരു ഒടുക്കവും ... കണ്ണുകള്‍ അടച്ച് ..

ദാഹവും ദാഹശമനവും ... അതിനപ്പുറം എന്താണ് ഈ ജീവിതം ..?
 

Saturday, September 21, 2013

ഓർമ്മ പുസ്തകം

ഓർമ്മ പുസ്തകം 

പൊടികൊണ്ടു മൂടിയ പുസ്തകക്കെട്ടുകൾ 

പൊടി തട്ടിയോരോന്നടുക്കി വയ്ക്കേ 

ഇടയിൽ മറഞ്ഞിരുന്നോർമ്മകൾ നെയ്യുന്ന 

മഴമേഘനിറമുള്ള പുസ്തകത്തിൽ 

നിറമുള്ള നാളുകൾക്കവസാന സന്ധ്യയിൽ 

നിറകണ്ണിനാൽ നീ കുറിച്ച വാക്യം 

മഷി പടരാതിത്ര നാളുകൾക്കിപ്പുറം 

നനവു പടർത്തുന്നൊരോർമ്മകളായ് 

 ഇനിയെന്നു കാണുമെന്നെഴുതി വച്ചപ്പൊഴും 

അറിയാതെ പോയൊരീ പരമ സത്യം 

അതിനിപ്പുറം നമ്മൾ  കണ്ടതില്ലിതു വരെ 

ഇനിയെന്നു കാണുമെൻ കൂട്ടുകാരാ 


ഒരു വാഴയിലയിൽ പൊതിഞ്ഞുച്ചഭക്ഷണം 

ഒരുമിച്ചു പങ്കിട്ടെടുത്ത നാളിൽ 

എന്നിൽ തിളച്ച തീ  വേനലിൽ കുളിരുള്ള

 കാറ്റായി വീശിപ്പൊതിഞ്ഞ നാളിൽ  

മഴയത്തു വഴികളിൽ  നിറയുന്ന ചെളിവെള്ള

ക്കുഴികളിൽ കാലിട്ടടിച്ചു കളിച്ചതും 

ഉയരമുള്ളൊരു നാട്ടുമാവിൽ നിറഞ്ഞുള്ള 

മധുരമാം മാമ്പഴം കല്ലെറിഞ്ഞും 

ഒടുവിൽ പുളിയാണു,  മധുരമില്ലെന്നോതി 

മനസ്സിൽ കരഞ്ഞു പിൻവാങ്ങിടുമ്പോൾ 

പറയാതെയെൻ മനമറിഞ്ഞു നീ മാവിന്റെ 

ഉയരത്തിൽ   നെഞ്ചുരച്ചേഞ്ഞു കേറി 

പുളിയുള്ള മാങ്ങയിൽ മധുരം നിറച്ചു നീ 

ചിരിയോടെ കൈയ്യിലേക്കിട്ടു  നല്കി 

എന്നുമെൻ നിഴലായി നീയും നിനക്കു ഞാൻ

തണലുമായിക്കഴിഞ്ഞെത്രയോ നാളുകൾ 

ഇന്നു തുറന്നോരീ  ഓർമ്മക്കുറിപ്പിലൂടെന്നെ 

നോക്കിച്ചിരിതൂകി നീ നില്ക്കവേ 

ഇനിയെന്നു കാണുമെന്നൊരു ചോദ്യമുയരവേ 

എന്നും നിനക്കെന്റെ ഭാവുകങ്ങൾ 


ദീപക് ജി നായർ 
 

ഭ്രാന്തൻ ചിന്തകൾ - 3

ഇരുണ്ട തെരുവിലെ  പുകയുന്ന കനൽ 

കറുത്ത പുകയിലച്ചുണ്ടുകളിൽ

ചുവന്ന രക്തക്കറ 

കണ്ണുകളിൽ ഗാന്ധി സ്നേഹം 

ജീവവായു നല്കി അകന്ന നിശ്വാസം, തിരികെ വന്ന ആശ്വാസം...

കാത്തിരുപ്പിന്റെ  തളർച്ചയിൽ, 

 മയങ്ങിപ്പോയ പ്രതീക്ഷകൾ ..

ലഹരിനിറച്ചു ഉന്മത്തനായി

ആടി അകലുന്ന പ്രേത വഴികൾ..

അങ്ങകലെ , കറുത്ത പർദ്ദയിൽ ഉറങ്ങുന്ന യൗവനം 

ഓരിയിട്ടു കുതിച്ചു പായുന്ന പേപ്പട്ടികൾ 

കണ്ണുകളിറുക്കി അടച്ച്, ഒന്നും കാണാനാകാതെ

ഒരു കുറിഞ്ഞി പൂച്ച ... 

ആ  കൃഷ്ണപക്ഷ രാവിൽ വിരിഞ്ഞ 

മണമറ്റ ചുവന്ന പൂക്കൾ അവിടെ കൊഴിഞ്ഞു വീണു കിടന്നു 

 

Friday, September 20, 2013


എന്നിലെ പ്രണയപതംഗം  പറന്നു നിൻ

ഹൃദയ ചില്ലയിലിന്നു  കൂടൊരുക്കേ 

ഇത് നിനക്കായി  ഞാൻ പണിത  സ്വർഗം

നിന്നിലലിയുവാനായി പടച്ചൊരോകം

നിൻ ശ്വാസവേഗങ്ങളിണചേർക്കുവാൻ

മണ്ണിൽ ഒരു പ്രേമകാവ്യം കുറിച്ചു വയ്ക്കാൻ

ഇത് നിനക്കായി ഞാൻ പണിത സ്വർഗം

നിന്നിലലിയുവാനായി പടച്ച ഗേഹം

മഴനൂല് നെയ്തു മറച്ചോരാ കൂട്ടിലെ

കുളിരാർന്ന പച്ചിലമെത്ത തന്നിൽ

പരിമളം വീശിപ്പദം വച്ചടുക്കവേ

ഒരു പാരിജാതം വിടർന്ന പോലെ

ചന്ദനം പൂക്കുമാ നെറ്റിത്തടത്തിൽ

പൊടിയും വിയർപ്പു കണങ്ങൾ മെല്ലെ

ചേലതൻതുമ്പാൽ തുടച്ചു നീയെന്നിലേ

പ്രേമഭാവങ്ങളെ തൊട്ടുണർത്തി

ഇന്നലെകളെല്ലാമെടുത്തുചേർത്തിപ്പോഴേ

ഓർമ്മതൻ ചെപ്പിലടച്ചു വച്ചും

കെട്ടഴിച്ചെങ്ങോ പറന്നൊരീ ജീവിതം

കെട്ടിമുറുക്കിപ്പതം വരുത്തി

ഇവിടെ തുടങ്ങിടാം, ഒരുമിച്ചു നാം പുണ്യ

മധുരം, അനശ്വര പ്രണയ യാത്ര

 

ഭ്രാന്തൻ ചിന്തകൾ - 1

ഭ്രാന്തൻ  ചിന്തകൾ 

പത്തു സെന്റു പാടം ചെളി വരമ്പ് കൊണ്ട് വളഞ്ഞെടുത്തു
ഞാനും ഒരു ജന്മി ആയി

ഉഴുതു മറിച്ച പുഞ്ചപ്പാടത്ത്‌, സ്വപ്‌നങ്ങൾ മുളപ്പിച്ചു വിതയിട്ടു
കണ്ണീരും വിയർപ്പും തേകി...

ഇടതു തോളിലെ മുതലാളിത്തത്തിന്റെ  കസവുമുണ്ട്
അരയിൽ മുറുക്കി കിടന്നുറങ്ങി ...

പതിരു മാറ്റി പതമ്പളന്നു കൊടുത്തപ്പോൾ , ചിരുതപ്പെണ്ണൊന്നു ചിരിച്ചു കാട്ടി

ഇടതു കയ്യിൽ പിടിച്ച അരിവാൾ അവൾ ഒന്ന് മുറുക്കി
പിടിച്ചു...

ചുവന്ന സൂര്യൻ അപ്പോഴും പടിഞ്ഞാറ് തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു  

പത്തായ പലക ഇളക്കി നെല്ല് തിന്നാൻ വന്ന ചുണ്ടെലി
തട്ടിൻ മുകളിൽ നിന്നോടി പോയി ... 

ചിരുതയാകട്ടെ എലിവിഷവും വച്ച് കാത്തിരുന്നു ...

 

Thursday, September 19, 2013

ഇലഞ്ഞി പൂക്കൾ (ഭ്രാന്തൻ ചിന്തകൾ - 2)

ഇലഞ്ഞി പൂക്കൾ 

പൂത്ത ഇലഞ്ഞി മരത്തിന്റെ ശിഖരത്തിൽ

ഇരുന്നു കുറുകുന്ന നിന്നെ ഞാൻ ആദ്യം കാണുമ്പോൾ

നീ അഹങ്കാരി ആയിരുന്നു

എനിക്ക് എത്താത്ത ഉയരത്തിൽ ഇരുന്നു

ഇലഞ്ഞിപ്പഴം ഒറ്റയ്ക്ക് നുണയുന്നതിന്റെ അഹങ്കാരം

പിന്നെ പിന്നെ എന്റെ സങ്കടം കണ്ടു കരളലിഞ്ഞു

നീ കൊത്തി അടർത്തി ഇട്ടു തന്ന നല്ല ചുവന്ന ഇലഞ്ഞി പഴത്തിലൂടെ

നമ്മൾ കൂട്ടുകാർ ആയി...

കുറച്ചു വളർന്നപ്പോൾ ഇണയോടൊത്ത്

ഇലഞ്ഞി മരത്തിൽ ഇരുന്നു കൊക്കുരുമ്മുന്ന നിന്നെ

ഞാൻ അസൂയയോടെ ആണ് നോക്കി നിന്നത്

മേൽച്ചൂട് പകർന്നു അടയിരുന്നു വിരിയിച്ച നിന്റെ രൂപം ഉള്ള

കുഞ്ഞികുറുമ്പൻമാരെനിക്ക് കൌതുകം ആയിരുന്നു...

അവർ കൂട് വിട്ടു പറന്നു പോകും വരെ

ഇന്ന് വീണ്ടും നമ്മൾ ... നീ ഇലഞ്ഞിയുടെ ശിഖരത്തിൽ തനിച്ച് ..

ഞാൻ താഴെയും..

നാലു കണ്ണുകളിലും ഒരേ ഭാവം .. ദൈന്യത !!

 

Sunday, September 15, 2013

പ്രിയപ്പെട്ട കൂട്ടുകാരന്

പ്രിയപ്പെട്ട കൂട്ടുകാരന് 


മൗനമേ നിൻ ചിരിമഴയിൽ കുതിർത്തി നീ 

മറ്റാരുമറിയാതൊളിപ്പിച്ച നോവിന്റെ 

നിറമറ്റ മനസിലെ തിര കാണ്‍മതിന്നു ഞാൻ 


കാലമേ നീയെന്നുമവനായി കാത്തൊരാ 

മണമറ്റ പൂക്കൾ കൊഴിഞ്ഞൊരീ വാസന്ത 

തീരത്തു കുതിരക്കുതിപ്പിനായ് വ്യർഥമാം 

മോഹങ്ങൾ കണ്ടശ്ശ്വമേധം നടത്തിയോൻ 


കനലു കത്തിയെരിഞ്ഞിടാതടുപ്പിലെ 

ക്കനലതെല്ലാം നിറച്ച നിൻ നിനവുകൾ 

കടല വിറ്റു നടന്നൊരാ സന്ധ്യകൾ 

കടമെടുത്തൊരാ  പുസ്തക സഞ്ചികൾ 

മുറിവു കൊണ്ടു തളർന്ന നിന് കാലുകൾ 

അറിവു തേടി കുതിച്ചെത്ര  കാതങ്ങൾ 


അലറിപ്പതക്കുന്ന തിരകൾക്കു മീതെയൊരു  

സ്വപ്നചങ്ങാടം തുഴഞ്ഞെങ്ങു പോയി നീ 

കണ്ടതില്ലിത്ര നാളായാതെങ്കിലും നിൻ 

ചുണ്ടിലുണ്ടായിടട്ടെയൊരു പുഞ്ചിരി 

കണ്ണുനീർപ്പൂക്കളൊക്കെ കൊഴിഞ്ഞു പോയ്‌ 

നല്ല നാളേക്കു മംഗളാശംസകൾ !! 


ദീപക് ജി നായർ 

Thursday, September 12, 2013

പകലിനോടിത്തിരി പരിഭവം

പകലിനോടിത്തിരി പരിഭവം 
 
 
പകലിനോടിന്നെനിക്കില്ല പ്രണയം 
 
അകലുകയാണു ഞാനിരുളു തേടി 
 
വഴിവിളക്കില്ലാത്ത വഴികളിൽ നിൻ 
 
കരിനിഴലുകളെത്താത്ത കരയിലൂടെ 
 
പകൽ മുഖംമൂടികളഴിച്ചു വച്ചിന്നു ഞാൻ 
 
അലയുകയാണൊരനാഥനായി ...
 
 
- എനിക്കിരുളിനോടാണിന്നു പ്രണയം ,
 
 
 
കരയോടു തിരചേർന്ന് പ്രണയം പതയ്ക്കുന്ന 
 
തീരത്തു മണൽത്തരി നാണം മറക്കവേ 
 
മണിയറയൊരുക്കിയ മധുചന്ദ്രലേഖയും 
 
മേഘതട്ടത്തിനാൽ മിഴികൾ പൊത്തീടവേ 
 
 
- എനിക്കിരുളിനോടാണിന്നു പ്രണയം ,
 
 
 
പകലിനെ കത്തിച്ചെരിച്ചുഗ്ര കോപമോ
 
ടാഴിതന്നാഴത്തിലാണ്ട തീഗോളമേ 
 
തിര തിന്നു തീരാതെയുണരുമോ നാളെ നീ 
 
തുടരുമോ ഈ മുഖം മൂടികൾ തൻ കഥ 
 
 
 
മത ജാതി ചിന്തകൾ കൊളുത്തിയ കാട്ടു തീ
ചുടലയായ് ആളിപ്പടർന്നു കത്തീടവേ
 
കുടിലത മാത്രം നിറച്ച വെണ്‍പ്രാവുകൾ
ചടുലമായ് നീക്കും കരുക്കൾ കണ്ടീലയോ
 
 
കാലത്തെ വെല്ലാൻ പഠിപ്പിച്ച നാട്ടിലും 
 
കാമം ഭരിക്കുന്ന കാഴ്ച നീ കണ്ടുവോ 
 
 
കുബേര കുചേലാദി ജാതികൾ,  കോമരങ്ങൾ 
 
പാമരവർഗങ്ങൾ നായകർ , നരാധമർ 
 
ചോരതൻ ചൂരു നിറഞ്ഞൊരാ നാളെകൾ   
 
കരയുവാൻ മാത്രമായ് പുലരികളെന്തിന് 
 
 
- എനിക്കിരുളിനോടാണിന്നു പ്രണയം ,
 
 
പകയില്ല , പരിഭവമുണ്ടെനിക്കിപ്പൊഴും
 
പറയുക  വയ്യിനി പരിദേവനങ്ങൾ 
 
 
ദീപക് ജി നായർ  

Tuesday, September 10, 2013

മുത്തശ്ശി

മുത്തശ്ശി 

ഭസ്മം മണക്കുന്നുവോ !

കണ്ണുകളടച്ചോരെൻ നെറ്റിത്തടത്തിൽ

കത്തുന്ന തിരിനാളം,

കാതുകളിൽ നാമജപമന്ത്രണം  


കാറ്റിലലിഞ്ഞൊരു തുളസിക്കതിർ മണം 

എന്റെ മുടിയിഴകളിൽ, നെറുകയിൽ 

പരതുന്ന വിരലുകൾ,  

തുപ്പൽക്കറ കോറിയിട്ട ചുവന്ന ചിത്രങ്ങൾ 

ഭസ്മം മണക്കുന്നുവോ !


കോടിമുണ്ടിൻ മണം മാറാതടുക്കിയ 

മൂടിപൊട്ടിയോരാമരപ്പെട്ടികൾ 

കരകരായെന്നു കരഞ്ഞിടാറുള്ളൊരാ 

കയർ വലിച്ചിഴ ചേർത്ത കട്ടിലും 

കഥകൾ കേട്ടു കേട്ടു മയങ്ങിയ 

കനവുകുത്തി നിറച്ചൊരാ രാത്രികൾ 

പുകയിലമണം പേറും  കറുത്ത കമ്പളം 

മെലിഞ്ഞ കൈ ചേർത്തു വരിഞ്ഞ,

സ്നേഹാമൃതുവറ്റാത്ത  മാറിടം 

ഭസ്മം മണക്കുന്നുവോ !


ഭിത്തിയിൽ മണമറ്റ പൂമാല ചാർത്തിയ 

ചിത്രമായിപ്പൊഴും ചിരി തൂകി നില്ക്കവേ   

ഭസ്മം മണക്കുന്നുവോ !


ദീപക് ജി നായർ 
 

Wednesday, September 4, 2013


വിളിക്കാത്ത അതിഥി 

ഭയമില്ലതെല്ലുമെനിക്കു നിന്നെ

പറയാതെ വന്നൊരതിഥി കണക്കെ നീ

യെന്നകതാരിലെരിഞ്ഞ കിനാക്കളെല്ലാം

ഒരു പാശമെറിഞ്ഞു കെടുത്തിടുമ്പോൾ


അറിയുന്നുവോ, നീയെനിക്കു പ്രിയരായവർ

അരികത്തിരുന്നു പൊഴിച്ചൊരീ കണ്ണുനീർ

ഉടൽ മാത്രമുരിഞ്ഞു കൊടുത്തവർക്കിന്നു നീ

ഉയിരുമായ് പോയതറിയാതെയീ  ഞാനും 


ഒടുവിൽ  നിൻ മുഖമൊന്നു കാണുവാൻ, കാമിനീ

ഒരുവേള മെല്ലെ തുറന്നൊരെൻ മിഴികളെ

 ആരോവിരൽചേർത്തടച്ചതുമറിയാതെ

പോയ്‌വരാമെന്ന പതിവുകളുമില്ലാതെ

അകലെയിരുന്നു ഞാനറിയുന്നു നിൻ ചുടു

 ചോരയാ കണ്കളിലിറ്റിറ്റു വീണതും

ഉയരില്ല കണ്ണീർ തുടക്കുവാനെൻ കൈകളി

നിമേൽ നിനക്കു നീ തന്നെയാണാശ്രയം


ബന്ധമൊരുതീച്ചരടുപോലെയെന്നാത്മാവു

ബന്ധിച്ചിടുന്നു, വലിച്ചിടുന്നു സദാ

പൊങ്ങി പറക്കുന്ന പട്ടം കണക്കെന്നെ

മണ്ണിൽ നീ ബന്ധിച്ചു നിർത്തുന്നതിപ്പോഴും 

 
നിനക്കായ് ഞാനൂരിയെറിഞ്ഞു തന്നൊരെൻ 

ഉടലുടുപ്പുമെടുത്തു കത്തിച്ചവർ 

ഒരുപിടി ചാരമായ് നിൻ ചാരേ കിടക്കവേ 

വിരഹമീ ചിതയിലൊരു കനലായെരിഞ്ഞിടും 


ഇനി  നീ മറക്കുക, കാലത്തിൻ മറവി പടരട്ടെ നിന്നിലും 

ഓർമ്മകൾ തൻ പട്ടച്ചരടു പൊട്ടിച്ചു പറക്കട്ടെ ഞാൻ 

വിടരണം പുത്തനുഷസ്സു നിന്നിലും

വിരിയുക, നീയൊരു പുഷ്പമായ്, സുഗന്ധമായ്‌ 


ദീപക് ജി നായർ 
 

Sunday, September 1, 2013

എന്റെ നാട്

 എന്റെ നാട് 


വിത്തു കാത്തു മടുത്ത നെൽപ്പാടവും 

കതിരുതേടിത്തളർന്ന പൂന്തത്തയും 

കൊറ്റിയൊരു  കാലുയർത്തിത്തപം  ചെയ്ത  

ഞാറ്റു പാട്ടുകളുറങ്ങും വരമ്പുകൾ 


തുമ്പപൂത്തു വെറുതേ കൊഴിഞ്ഞു  പോയ്‌ 

ചേമ്പിലക്കുമ്പിൾ കുത്തുകളഴിഞ്ഞു പോയ്‌ 

തുമ്പിതുള്ളൽപ്പാട്ടുമമ്പേമറന്നു  പോയ്‌, ഓണ

ത്തുമ്പിപൂത്ത വെയിലും തണുത്തു  പോയ്‌ 


ചെമ്പരത്തി തൻ ചോപ്പു കുറഞ്ഞു പോയ്‌ 

ചെമ്പകത്തിൻ സുഗന്ധം കൊഴിഞ്ഞു പോയ്‌ 

മാമ്പഴത്തിൻ മധുരം മറന്നു പോയ്‌ 

കൊമ്പു കുഴൽ മേളമെങ്ങുമകന്നു പോയ്‌  


എന്റെ കൂട്ടുകാരൊക്കെ പലേ വഴി 

നന്മ തേടി തിരഞ്ഞു പോയെവിടെയോ 

കണ്ടു മുട്ടിയതെത്ര നാൾ കഴിഞ്ഞത്ര  

കണ്ടതില്ല ഞാനാ കണ്ണിലും കിനാവുകൾ 


യന്ത്രമാണു നാമിന്നു നശിപ്പിനായ് 

തന്ത്രമെത്ര മെനഞ്ഞു കൂട്ടുന്നവർ 

ചന്ദ്രലോകത്തു ചേക്കേറുവാൻ സ്വയം 

മണ്ണിൽ വീണു മലക്കം മറിഞ്ഞവർ 
 

ദീപക് ജി നായർ