എന്നിലെ പ്രണയപതംഗം പറന്നു നിൻ
ഹൃദയ ചില്ലയിലിന്നു കൂടൊരുക്കേ
ഇത് നിനക്കായി ഞാൻ പണിത സ്വർഗം
നിന്നിലലിയുവാനായി പടച്ചൊരോകം
നിൻ ശ്വാസവേഗങ്ങളിണചേർക്കുവാൻ
മണ്ണിൽ ഒരു പ്രേമകാവ്യം കുറിച്ചു വയ്ക്കാൻ
ഇത് നിനക്കായി ഞാൻ പണിത സ്വർഗം
നിന്നിലലിയുവാനായി പടച്ച ഗേഹം
മഴനൂല് നെയ്തു മറച്ചോരാ കൂട്ടിലെ
കുളിരാർന്ന പച്ചിലമെത്ത തന്നിൽ
പരിമളം വീശിപ്പദം വച്ചടുക്കവേ
ഒരു പാരിജാതം വിടർന്ന പോലെ
ചന്ദനം പൂക്കുമാ നെറ്റിത്തടത്തിൽ
പൊടിയും വിയർപ്പു കണങ്ങൾ മെല്ലെ
ചേലതൻതുമ്പാൽ തുടച്ചു നീയെന്നിലേ
പ്രേമഭാവങ്ങളെ തൊട്ടുണർത്തി
ഇന്നലെകളെല്ലാമെടുത്തുചേർത്തിപ്പോഴേ
ഓർമ്മതൻ ചെപ്പിലടച്ചു വച്ചും
കെട്ടഴിച്ചെങ്ങോ പറന്നൊരീ ജീവിതം
കെട്ടിമുറുക്കിപ്പതം വരുത്തി
ഇവിടെ തുടങ്ങിടാം, ഒരുമിച്ചു നാം പുണ്യ
മധുരം, അനശ്വര പ്രണയ യാത്ര
No comments:
Post a Comment