പരലുകൾ പായും കുളിരലതന്നിൽ
വിരലുകളാലൊരു വര വിരിയുമ്പോൾ
തിരകളിലായിരനിറമായ് മഴവിൽ
തിരി തെളിയിച്ചു ചിരിപ്പൂ സൂര്യൻ
വിരവൊടു ഭാവത്തിരകളിരുണ്ടു
കരിമുകിലകലെയുരുണ്ടു കനത്തു
ചിരിതിരി കാറ്റിലുലഞ്ഞൂ, മിഴിയിൽ
കരിനിഴലാണ്ടു പടർന്നു കരിഞ്ഞു
I dedicate this to my beloved father who left me in between without saying a good bye..... It was on a cloudy morning of 11th January 2002...he just went like that...still heart is painful to let go... Hey dad...come for a moment..just wish to sit with you..nothing more than holding your hands and walking along .... I really miss you... when I go each step up in my life...I hope..if you are there with me..
വീണടിയുന്നതിൻ മുന്നേയെൻ നൊമ്പര -
വീണയിൽ മീട്ടിയ രാഗമായ് നീ
കൂടുവിട്ടെങ്ങോ പറന്നകലും മുൻപേ
കൂടെ പറന്ന നല്ലോർമ്മയായ് നീ
ഒറ്റത്തിരിത്തുമ്പിലിത്തിരി വെട്ടവും
വററിക്കരിഞ്ഞിന്നിരുട്ടു മാത്രം
പിൻവിളിയൊന്നുമേ, കേൾക്കുവാനാകാതെ
പിൻതിരിഞ്ഞൊട്ടൊന്നു, നോക്കുവാനാകാതെ
കണ്ണുകൾക്കപ്പുറം, കാതുകൾക്കപ്പുറം
വിണ്ണിലെ താരമായ് കാത്തിരിക്കാം, ദൂരെ
മണ്ണിൽ നിന്നോർമ്മയായ് കൂട്ടിരിക്കാം
ദീപക് ജി നായർ
മകനേ നിനക്കമ്മ കാവലായ് നില്ക്കുന്നു
മരണത്തിനപ്പുറവുമീത്തെരുവിലിപ്പൊഴും
മിഴിയിൽ നിന്നോർമ്മകളൊലിച്ചിറങ്ങുമ്പൊഴും
മഴയിലും മനമിന്നെരിഞ്ഞു കത്തുമ്പൊഴും
കരിന്തുണിക്കെട്ടുകളഴിഞ്ഞു വീഴുമ്പൊഴും
കരങ്ങളിൽ തുലനം നശിച്ചു താഴുമ്പൊഴും
മകനേ നിനക്കമ്മ കാവലായ് നില്ക്കുന്നു
മരണത്തിനപ്പുറവുമീത്തെരുവിലിപ്പൊഴും
ദീപക് ജി നായർ
വെറുമൊരു പൂജ്യം വട്ടപ്പൂജ്യം
വെറുതേ വീണു കിടക്കുന്നു
ഇടയിലതൊന്നു തിരിഞ്ഞു കറങ്ങും
ഇടതിലിരുന്നാലില്ല വില
വിരുതനവൻ ചിലനേരമുരുണ്ടതി-
വിരുതോടിടയിലിരുന്നെന്നാൽ
വിലയതു പല ദശശതമായീടും
വീര്യമൊരല്പമുയർന്നീടും
ഒന്നിനു പിന്നിൽ പലതായങ്ങിനെ
വന്നു നിരന്നവർ നിന്നെന്നാൽ
ഒന്നിനുമാകില്ലവരുടെ മുന്നിലി-
രുന്നതി വീമ്പു പറഞ്ഞീടാൻ !!
ഒറ്റതിരിഞ്ഞു നടക്കാതല്പം
ഒത്തൊരുമിച്ചു ചരിച്ചീടാം,
ഒപ്പമൊരിത്തിരി ദൂരമതിൽ, ദുര
കത്തിയെരിച്ചു ചിരിച്ചീടാം.
ദീപക് ജി നായർ
പുതിയവാനിതിലുയർന്നു പറക്കുവാൻ
തരിക ത്രാണിയെനിക്കു ജഗദീശ്വരാ
ചിറകു തളരാതെയന്നം തിരഞ്ഞു പോം
വഴിയിലെന്നുമെൻ തുണയായിരിക്കണേ
അരികിലുള്ളവർക്കാലംബമാകുവാൻ
അതിരതില്ലാതനുഗ്രഹിച്ചീടണേ
നിറയുമായിരം മിഴിതുടച്ചീടുവാൻ
ഇരുകരങ്ങളിൽ ശക്തി നല്കീടണേ
എവിടെയാകിലുമസത്യത്തിൽ നിന്നെ
പുതിയവാനിതിലുയർന്നു പറക്കുവാൻ
തരിക ത്രാണിയെനിക്കു ജഗദീശ്വരാ
ദീപക് ജി നായർ
മരമൊന്നു നട്ടു ഞാൻ മണ്ണിലല്ല, മനം
മരവിച്ചിടാ മുഖപ്പുസ്തകത്തിൽ
തടമൊന്നെടുത്തതിൻ ചോട്ടിലല്ല, ജനം
നിറയുന്ന കവലയിൽ കാഴ്ചയാക്കി
വളരുന്നതിലയല്ല, കാണ്ഡമല്ല, വനം
കരിയുന്നൊരഗ്നി തൻ നാവതല്ലോ
പൂത്തതും കായ്ച്ചതും കനികളല്ല, ധനം
പൂത്തിരിക്കും പണപ്പെട്ടി മാത്രം
പെയ്യാതൊഴിഞ്ഞ പേമാരിയല്ല, കനൽ
പെയ്യുന്നൊരീക്കൊടും വേനൽ മാത്രം.
തണ്ണീരു വററിയതല്ല തെല്ലും, തണൽ
തല്ലിക്കെടുത്തി മഴ ചുട്ടു തിന്നോൻ,
മരമൊന്നു നട്ടു നനച്ചെടുക്കാം, മണ്ണിൽ
വരമൊന്നിതെന്നു കുറിച്ചു വയ്ക്കാം.
ദീപക് ജി നായർ