Saturday, August 24, 2024

വീട്ടിലേക്കുള്ള വഴികളിൽ കണ്ണുകൾ 

നീട്ടിയെന്നെ നീ കാത്തിരിക്കുന്നുവോ 

കൂട്ടിനുള്ളിൽ കിടന്നു കൊണ്ടോർമ്മ തൻ 

ചൂട്ടു വെട്ടം തെളിച്ചു നിർത്തുന്നുവോ ?

കൂട്ടു കൂടുവാൻ ആരുണ്ടെനിക്കിനി 

തോട്ടിൽ വന്നൊട്ടു നീന്തി തുടിക്കുവാൻ 

നാട്ടു  വഴികളിൽ കൂട്ടായ്  നടക്കുവാൻ 

പാട്ടു കേട്ടെന്റെ മടിയിൽ മയങ്ങുവാൻ 

തൊട്ടുരുമ്മി കളിച്ചു തിമിർക്കുവാൻ 

കൂട്ടിനായ് നിനക്കാരുണ്ടവിടെയും?

ദീപക്‌ ജി നായർ 



Sunday, October 24, 2021

ഇരുൾ മൂടിയ വഴികളിൽ, അറിവിൻ
തിരിനാളമുയർത്തും സൂര്യൻ!
കരിമൂടിയ ചിന്തയിൽ, നിറവിൻ 
ചിരിനാളമുയർത്തും പുലരി!!

ശുഭദിനാശംസകൾ
ദീപക് ജി നായർ
പുലർകാലസന്ധ്യയിൽ, ഇരുൾമാറ്റിയൂഴിതൻനിലവിളക്കായ് വന്നുദിക്കുമർക്കൻ.

അലകൾക്കു മേലെയൊരു 
കുങ്കുമം ചാർത്തി വ-
ന്നുലകിന്നു വെട്ടം പകർന്നു നല്കും. 

ശുഭദിനാശംസകൾ !       

ദീപക് ജി നായർ
ഊഴിതന്നുമ്മറത്താരോ തിരിവച്ച -
പോലെയീസന്ധ്യയിലുദിച്ചൂ ദിവാകരൻ!!
കാലങ്ങളെത്ര കൊഴിഞ്ഞു വീണെങ്കിലും,
ചേലിൽ കെടാവിളക്കായ്ത്തെളിയുന്നു നീ.

 *ശുഭദിനാശംസകൾ* 🌴🌿

Tuesday, August 24, 2021

തിരികേ മടങ്ങുകയാണു ഞാൻ
 ജീവിതത്തിരിനീട്ടി വയ്ക്കുവാനായി മാത്രം
ചിരിയല്ല, ചിന്തകളാണെൻ തൃസ്സന്ധ്യ തൻ
തിരികെടും മുൻപൊന്നു തിരികെയെത്താൻ
ഇനിയുള്ള വഴികളിൽ നിയതിയ്ക്കുമപ്പുറം
തിരയുന്നു ഞാനെന്റെ നീതി ശാസ്ത്രം

ദീപക് ജി നായർ
പ്രണയമേ, നീ രണ്ടു കരിനിഴൽ പോലവേ,
പരിണയത്തിണ്ണയിൽ കാത്തു നിൽക്കുന്നുവോ?

വിടരുവാൻ വെമ്പുന്ന മൊട്ടുകൾ നിങ്ങളിൽ,
അടരുവാനാകാതലിഞ്ഞതാം. പ്രണയമേ!
പറയുകയെന്തിനായ് പരിണയത്തിണ്ണയിൽ
തലകുനിച്ചിന്നും തളർന്നു നില്ക്കുന്നു നീ?

ദീപക് ജി നായർ
ചിതയിൽ നിന്നും 
ചിറകടിച്ചണയുന്നു,
ചകിതനായൊരു
ഓർമ്മ പക്ഷി!!