Tuesday, October 8, 2019

കനവിൻ നിറമിറ്റടർത്തി മുന്നിൽ,
അണയും തിരി, നാളമൊന്നുയർത്താം.
ചിറകറ്റു ചിതയ്ക്കു കാവൽ നില്ക്കും,
പരനുള്ളിലിടം കൊടുക്കാം.
മിഴിനീരു വിതച്ചു പോയ മഴയിൽ,
ഇഴപാകിയെടുത്ത സൗഹൃദങ്ങൾ!
ഇനിയൊട്ടുമടർന്നിടാതെ നെഞ്ചിൽ
കിനിയും കുളിരായ് നിറയ്ക്കാം.

ദീപക് ജി നായർ

ചാറി വീഴും മഴത്തുള്ളി പോലെന്‍റെ
നേരിലേക്കന്നു പെയ്തിറങ്ങീ, നിറം
മാഞ്ഞ ജീവിതത്താളുകൾക്കുള്ളിൽ നീ
നൂറു വർണ്ണചിത്രങ്ങൾ, വരച്ച നാൾ.
ഇരുളിലാകെപ്പകച്ചു നില്ക്കേ, നിലാ-
വൊളികണക്കെപ്പരന്നെന്റെ നെഞ്ചിലെ
തിരിതെളിച്ചുള്ളിലായിരം മൺചെരാ-
തിരുളകറ്റി , ചിരിച്ചു നീ നിന്ന നാൾ.
ചുട്ടുപൊള്ളും വെയിൽത്തീ കുടിച്ചുയിർ
വിട്ടകന്നിടാനായുന്ന നേരമെൻ
ചുറ്റിലും ചാരുഹാസക്കുളിർ ചൊരി-
ഞ്ഞുറ്റ തോഴിയായ് ചാരെ നീ വന്ന നാൾ.
നാളതോരോന്നുമോരോ ത്രിസന്ധ്യയിൽ
നാമമോതിക്കൊഴിഞ്ഞിരുൾപ്പാതയിൽ,
നാളെ വീണ്ടും വരാമെന്ന വാക്കുതന്നോ-
ടിയോടി മറഞ്ഞങ്ങു പോകവേ,
കാത്തു നില്ക്കുന്നു വീണ്ടും വിദൂരമാം
പൂത്ത പുലരി തൻ പൂമണം തേടി ഞാൻ.

ദീപക് ജി നായർ

Thursday, March 28, 2019

വീണ്ടുമൊരു പുലരിക്കു കാത്തിരിക്കുന്നു നാം
ആരോ ഉദിച്ചതിലുണ്മയില്ലെന്നൊരാൾ,  
ഉദയത്തിലൂറ്റം കുറഞ്ഞു പോയെന്നൊരാൾ ,
ഉദയമേയല്ലെങ്ങുമിരുളെന്നു വേറൊരാൾ,
വീണ്ടുമൊരു പുലരിക്കു കാത്തിരിക്കുന്നു നാം 
മറ്റൊരു സൂര്യനായ് കാത്തിരിക്കാതിന്നു  
സൂര്യനായ് തീരുക, സ്വയം പ്രകാശിക്കുക 
പുലരി തൻ വെട്ടം പരത്തുക ചുറ്റിലും. 
മലരിതൾ പോലെ ചിരിക്കുക നിത്യവും.

ദീപക് ജി നായർ



Wednesday, March 27, 2019

ദൂരെയല്ലതിദൂരെയാണു നീ,
ചാരെ വന്ന നാളോർമ്മയിൽ
ദൂരെയാണു, പരതുന്നു പാതയിൽ,
കണ്മറഞ്ഞന്നു പോയ നാൾ .
പോയ്‌വരാമെന്നു ചൊല്ലിനൊമ്പര -
പ്പൂവെറിഞ്ഞു നീ പോകവേ,
പാതിമെയ്യതു പകുത്ത പോൽ, കരൾ
നീറി നിന്നതോർക്കുന്നു ഞാൻ.

ദീപക് ജി നായർ
ദൂരത്തിരുന്നു ചിരിക്കുന്നൊരമ്പിളി
ചേലൊന്നെടുത്തു തൻ  നെഞ്ചിൽ വച്ചും
പാതി മയക്കത്തിലിള  മേനി പുൽകി-
ക്കടന്നു പോം കാറ്റിനൊരുമ്മ നൽകി,
ദാഹിച്ചു ചുണ്ടു വരണ്ട മണ്ണിൽ നിലാ-
ച്ചേല പുതച്ചു ചുരുണ്ടു നീണ്ടും,
ആലസ്യനിദ്ര തൻ മടിയിലെല്ലാം
മറന്നോമലാളിന്നുമുറക്കമായി .   

ദീപക് ജി നായർ