Friday, August 30, 2013

കുഷ്ഠം ഒരു കുറ്റമല്ല ?

കുഷ്ഠം ഒരു കുറ്റമല്ല  ?
-------------------------------------

അടച്ചിട്ട ഇരുട്ടിൽ നിന്നകലേയ്ക്കു 

നീളുന്ന മിഴികളിൽ,

എണ്ണ വറ്റിക്കരിഞ്ഞ ‍ചെരാതുകൾ.


തിണൽകൊടുത്ത തീരാവ്യഥകളിൽ,  

തണൽ കെടുത്തിക്കരിഞ്ഞ പുൽനാമ്പുകൾ 


നിർവികാരമായ് കുമ്പിട്ടിരിക്കുന്ന
 
നിസ്സഹായതക്കുണ്ടോ മരുന്നുകൾ ?



അംഗുലീയങ്ങൾ അറ്റുവീഴ്ത്തീടുന്ന 

അന്തസ്സറ്റതാം രാക്ഷസരോഗമോ! 


രക്തബന്ധങ്ങൾ കീഴ്മേൽ മറിച്ചിടും 

ഭ്രഷ്ടു കല്പിച്ചു നാടു കടത്തിടും 


കല്ലെറിഞ്ഞു നിൻ കാടത്ത മത്സരം 

പുല്ലു പോലുമറയ്ക്കുന്നു തീണ്ടുവാൻ 


ഭ്രമരമൊത്തു മദിച്ചിടും പുഷ്പമേ 

ഭ്രാമരം നാളെ വറ്റിടും നിന്നിലും 


ഇന്നു നിൻ മധുവൂറ്റുമീ ശലഭങ്ങൾ 

മധുരമിറ്റുന്ന പൂക്കളെത്തേടിടും 


ഒന്നു മാത്രമറിയുകയപ്പോഴും 

മണ്‍ചെരാതിലെരിഞ്ഞ കരിന്തിരി 

നിന്നെ മാത്രമോർത്തോർത്തു  പുകഞ്ഞിടും 


ദീപക് ജി നായർ 
 

Thursday, August 29, 2013

തെരുവോരം

നിർമാല്യമില്ലാതെ

നിലവിളക്കില്ലാതെ

നിശബ്ദ ദൈവങ്ങളുറങ്ങുമീ മണ്ണിൽ


കർമ്മമാം ഭക്തി നിറച്ചു നീയിന്നലെ

ധർമ്മമറിഞ്ഞു തുറന്ന ശ്രീകോവിലിൽ


നിത്യവുമന്നദാനം നീ നടത്തി

സത്യത്തെയെന്നുമണച്ചുനീ നിർത്തി


കണ്ണുനീർ പോലുമുറവിടാക്കണ്ണിൽ നീ

കത്തിച്ചു വച്ച പ്രതീക്ഷ തൻ പൊൻതിരി


കണ്‍കണ്ട ദൈവമേ കരുണാ നിധേ - നിന്റെ

നന്മയ്ക്കു മുൻപിൽ ഞാൻ കുമ്പിടുന്നു ...


ദീപക് ജി നായർ

(തെരുവോരം എന്ന പേരിൽ ശ്രീ  മുരുകൻ കൊച്ചിയിൽ നടത്തുന്ന നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്കു  മുൻപിൽ അക്ഷരം കൊണ്ട്  ഒരു എളിയ അർച്ചന, ഒപ്പം എല്ലാ ഭാവുകങ്ങളും )

Wednesday, August 28, 2013

നാണയം

നാണയം 

വിയർപ്പൊഴുക്കിയ , ഉറച്ച കൈകളിൽ 

ചുരുണ്ടിരുന്നു നീ , ചിരിച്ചിരുന്നതും 

ഉടുത്ത മുണ്ടു മുറുക്കി, സ്വപ്നങ്ങളടച്ച

മണ്പാത്രമതിൽ നിറച്ചതും 

മറന്നിടാതെയുണർന്നിരിക്കുക 

ഉറച്ചകാൽകളാലുയർന്നു നില്ക്കുക 



കൊടി പിടിച്ചു നാം, പടനയിച്ചു പണ്ട -

തിരിനപ്പുറം പടിയടച്ചൊരാ 

ഉലക ജന്മികൾ, പടച്ചെടുത്തതാം 

നശിച്ച നാണയം.

അതിനുമുന്നിൽ നിറുത്തിനിൻ

തുണിയുരിഞ്ഞു വിലകുറച്ചപഹസിക്കയോ ?

ചാരിനില്ക്കുവാൻതൂണുവേണ്ട നിൻ 

വേരുറച്ചൊരീ വേദഭൂമിയിൽ .


ദീപക് ജി നായർ 
 

Tuesday, August 27, 2013

ഗംഗയോട്

ഗംഗയോട് 


ഗംഗേ-----------------

ഹിമവാനു മുൻപേ പിറന്നു
 
ഭാരത മണ്ണിലുണർവേകി നീ
 
പതഞ്ഞൊഴുകിടുമ്പോൾ 
 
പല സംസ്കൃതിക്കു നീ സാക്ഷിയാണന്നു
 
തൊട്ടറിയുന്നതീ മണ്ണിനോരോമിടിപ്പുകളു  
 
മിവിടേ  ജനിച്ചുമരിച്ച സത്യങ്ങളും .
 
 
 
കപിലശാപത്തിന്റെ അഗ്നിയേറ്റുഴറി

യോർക്കഭയമായ് നീ മണ്ണിലവതരിച്ചു  

ദേവപ്രയാഗിൽ നിന്നുറവെടുത്തൂ, മണ്ണിൽ
 
ദേവിയായോഴുകി നീ ശാന്തം
 
വറുതിയിൽ ഈ ശുദ്ധതെളിനീരോഴുക്കി നീ 

മുറജപദീപം തെളിച്ചു വച്ചു  
  
 
അലയുന്നൊരാത്മക്കളലിയുന്നുനിന്നിൽ 

നീയരുളുന്നു മോക്ഷമീമണ്ണിൽവച്ചേ 

അണയുന്നു ഞാനുമെന്നുടലോടെ മോക്ഷ

മോടലിയുവാൻനിൻമടിത്തട്ടിലമ്മേ 


അണകെട്ടിനിൻവഴിതടഞ്ഞോരീ കാട്ടാള

രൊരു കുഴി നിനക്കായൊരുക്കിടുമ്പോൾ 

എവിടെ നീ പോയ്‌ മോക്ഷമടയും? നിൻ

പുണ്യങ്ങളേതു ഗംഗയിൽ നീയൊഴുക്കും 



ദീപക് ജി നായർ 
 
 

Monday, August 26, 2013

പേറ്റു നോവ്‌

 പേറ്റു നോവ്‌ 
 


 
 
അന്ന് 
-----------
 
 
ഉള്ളിലെൻ ‍ ഗർഭപാത്രത്തിലൊരുബീജമായ്
 
ഉയിരായ്, തുടിപ്പായിതറിയുന്നു ഞാൻ ...
 
ഉള്ളം നിറഞ്ഞുതുളുമ്പിയാനിമിഷങ്ങ
 
ളെത്രയോധന്യങ്ങളായിരുന്നു
 
 
 
പൂത്തുവിരിഞ്ഞു, പൂമൊട്ടായ് വിടർന്നു
 
പൂവിതളായ്നിറഞ്ഞു, നീയെൻ ‍ മനസ്സിൽ ‍..
 
കൈവിരൽത്തുമ്പിനാലുദരത്തിലൂടെ
 
ഞാനറിയാതറിഞ്ഞുനിൻചലനങ്ങളെ
 
ഹൃദയത്തിലിന്നേചുരത്തിഞാനമ്മി -
 
ഞ്ഞമധുരമാച്ചുണ്ടുകളിലമൃതേത്തിനായ്
 
നെഞ്ചിലല്പം ചൂടെടുത്തു വച്ചു നിന്നെ
 
ചേർത്തണച്ചൊട്ടിപ്പകർന്നിടാനായ് 
 
താരാട്ടിനീണങ്ങളോർത്തെടുത്തിന്നു നിൻ 
 
താരാട്ടു തൊട്ടിലുമെടുത്തു വച്ചു 
 
പേറ്റുനോവിൻനീറ്റലെത്രയെന്നറിയാതെ 
 
കാത്തിരിക്കുന്നു ഞാനമ്മയാകാൻ ...
 
 
ഇന്ന് 
---------------------------------------------
 
എത്ര സ്വപ്നങ്ങളാണന്നു ഞാൻ നെയ്തത
 
തിലൊക്കെയും പൊട്ടിത്തകർന്നിടുമ്പോൾ 
 
കറ്റ മെതിച്ചും കയർ പിരിച്ചും
 
കരിങ്കല്ലു പിളർത്തിച്ചുമടെടുത്തും 
 
അണയാതെയെണ്ണപകർന്നുഞാനീജന്മ
 
മവനായി മാത്രം മുറിച്ചു നല്കി 
 
ഒടുവിലെല്ലാംകണക്കെഴുതിവച്ചാക്കടം 
 
ഒരുതുണ്ടു കടലാസിലെഴുതി നല്കി ,വൃദ്ധ -
 
 സദനത്തിനെന്നെ  വിലയ്ക്കു നല്കി .
 
 
മറവിപോലും മറന്നെന്നെ -
 
യെല്ലാമറിഞ്ഞുരുകി
 
വർഷങ്ങൾ കടന്നു പോയവസാന -
 
മൊരുശ്വാസമുണ്ടിന്നു ബാക്കി 
 
അതുമെടുത്തീയരങ്ങൊഴിയുന്നതിൻ മുൻപു 
 
മകനേ, തിരയുന്നു നിന്നെ മാത്രം ...
 
 
 
ദീപക് ജി നായർ 
 
 

Sunday, August 25, 2013

ഇരുട്ടിൽ ചലിക്കുന്ന നിഴലുകൾ

ഇരുട്ടിൽ ചലിക്കുന്ന നിഴലുകൾ

ഇരുട്ടിൽ ചലിക്കുന്ന നിഴലുകൾ 

നിലാവിനെപ്പഴിക്കുന്ന

നിർവികാര രൂപികൾ 

സാക്ഷരതയിലൂറ്റം കൊണ്ട 

അക്ഷര വൈരികൾ 

സാമാന്യബോധത്തെയും കെടുത്തു

മക്ഷരക്കളരികൾ , ദൈവത്തിൻ സ്വന്തം  നാട്ടിലും !



അമ്മതൻ നെഞ്ചിലെയമൃതുകുടിച്ചോരീ മക്കൾ തൻ 

വിശപ്പിന്നു വിലപറഞ്ഞ്,

രക്ത ദാഹിയാക്കുന്നോർ !


ഒന്നു തിരിച്ചറിഞ്ഞീടുകീപ്പിശാചുക്കൾ

തല്ലിതകർക്കുവാനായ്, നുഴഞ്ഞെത്തിയോർ   


മതങ്ങളും വേണ്ട മനുഷ്യ ദൈവങ്ങളു

മവർണ്ണസവർണ്ണാദിയതിർ വരമ്പൊന്നുമേ 


കാവിയും ഖാദിയും ശുഭ്രമാം ളോഹയും 

ചേർത്തു നെയ്തീടാം, നിറ

ഭേദങ്ങൾ മറന്നീടാം 

മതമില്ലിവിടെ, മാനുഷരാണു ഞങ്ങളെന്നു

ശിരോടെ പാടിടാം, പടിയടയ്ക്കാം ...
 
ആ ഭീകരതക്കിന്നു നാം  ചിത കൊളുത്താം 


ദീപക് ജി നായർ 
 

വിദ്യാഭ്യാസം

വിദ്യാഭ്യാസം 


പൂച്ചകുഞ്ഞിനു

വാദ്ധ്യാർ നായക്കുട്ടി 

ബൗ ബൗ - അരിയെത്ര 

മ്യാവൂ മ്യാവൂ - പയറഞ്ഞാഴി 

പൂച്ചകളും കുരച്ചു തുടങ്ങി


ദീപക് ജി നായർ
 

തറവാട്

തറവാട് 
--------------------

 
എത്ര രസമായിരുന്നാക്കാല  
 
മിന്നതിൻ ഓർമ്മകൾ പോലു -
 
മെന്നുറക്കം കെടുത്തവേ 
 
 
 
ആരെല്ലാമുണ്ട്,  തിരിച്ചു പോകാൻ ?
 
കാലനൗക തുഴഞ്ഞു തുഴഞ്ഞു മെല്ലെ..
 
 
മണ്ണിന്റെ മണമൊന്നറിഞ്ഞിടേണ്ടെ 
 
നമ്മളെല്ലാമൊരിക്കൽ, മണ്ണായിടേണ്ടോർ 
 
അന്നു തിരിച്ചറിഞ്ഞീടുവാനാകാതെ 
 
കണ്ണുമടച്ചു കിടന്നിടേണ്ടോർ  
 
 
 
 
മണ്ണിൽ വിതച്ചു വിളയെടുക്കാതെ നാം 
 
വിണ്ണിൽ ദിവാസ്വപ്നം കണ്ടിടുമ്പോൾ 
 
ഉണ്‍മയീമണ്ണുതാനെന്നു നിനയ്ക്കാതെ 
 
അമ്മയാണിവളെന്നറിഞ്ഞിടാതെ 
 
അക്കരെപ്പച്ചകണ്ടോടിത്തളർന്നുനാ 
 
മെത്തിടാമീത്തറവാട്ടിലിന്നേ ...
 
 
ചെത്തിത്തെളിച്ചിടാം ആ പഴയ പൈതൃകം
 
ഉച്ചത്തിലോതുവിൻ - "ഒന്ന്‌ നമ്മൾ "
 
"മലയാളത്തറവാടിൻ മക്കൾ നമ്മൾ "

 
ദീപക് ജി നായർ 
 
 
അന്ന്
 --------------------------

 ശുഭ്ര വസ്ത്രധാരികളായ്

സമാധാനത്തിന്റെ വെളുത്ത കൊടിയുമേന്തി

നിനക്കെതിരെ വായുവിൽ മുഷ്ടി എറിഞ്ഞ് ...

കൂട്ടത്തിൽ ഞാനും


ഇന്ന്


 എല്ലാവരാലും വെറുക്കപ്പെട്ട്

ഈ അടച്ചിട്ട ഇരുട്ടുമുറിക്കുള്ളിൽ എനിക്കൊപ്പം

സമാധാന ദൂതയായ് നീ മാത്രം

സ്വർണനിറത്തിൽ തണുത്തുറഞ്ഞ നിന്നെ

ഞാനെൻ നാവിനാൽ തൊട്ടുണർത്തി ...

അടക്കി വച്ചൊരെൻ അഗ്നിയെ

നീ എന്റെ സിരകളിൽ പടർത്തി

നിന്നെ ഞാനൊന്നൂറ്റിയിറക്കട്ടെ,

വീണ്ടും വീണ്ടുമാ അഗ്നിക്കായ്‌

പകരമെൻ കരൾ

ഞാൻ പകുത്തു നല്കാം


 ദീപക് ജി നായർ

Saturday, August 24, 2013

മദ്യം വിഷ(മ)മാണ്

മദ്യം വിഷ(മ)മാണ് 

------------------------------------------------------------
അന്ന് 

 ആരുമില്ലാത്തൊരായേകാന്തരാവിൽ നീ 

ആരോരുമറിയാതടുത്തു വന്നു

അന്ധകാരത്തിലെന്നവസാനയത്താണി

നീ മാത്രമായിരുന്നന്നെനിക്ക്‌


സ്വർണവർണ്ണം പൂണ്ട സുന്ദരീ നിന്നെയെൻ 

നാവിനാൽ തൊട്ടുനുണഞ്ഞുണർത്തി

എത്ര നാളായ് നീയടക്കിയോരഗ്നിയെൻ

സിരകളിലുന്മാദത്തിരയുയർത്തി



ഒട്ടു കരഞ്ഞു ഞാനുറക്കെചിരിച്ചു

നിന്നഗ്നി കെടാതെയുണർത്തി വച്ചെപ്പൊഴും  
 
ഊറ്റിക്കുടിച്ചുഞാനാമദരസത്തെനീ

യാർത്തിപൂണ്ടെൻകരൾകാർന്നുതിന്നീടവേ


ഇന്ന് 


ഇന്നുനിന്നഗ്നിയെപ്പുൽകുവാനാകാതെ
 
യെണ്ണംപറഞ്ഞൊരീയായുസ്സും ബാക്കിയായ്

നിന്നെയറിഞ്ഞിടാപ്പുത്തൻതലമുറക്കു

ത്തേജനംപകർന്നിപ്പൊഴുംനീസദാ

എൻജന്മമേകിയറിഞ്ഞൊരാപാഠങ്ങ -

ളൊന്നുപകർന്നിടാമീപ്പുതുനാമ്പിനായ്

ഒന്നുയർത്തീടാമെൻമുഷ്ടിയീ വായുവി

ലൊന്നുചുഴറ്റാമെന്നക്ഷരച്ചുരികയും 


ദീപക് ജി നായർ
 

മണൽ

മണൽ 


മുറ്റത്തു നിരത്തിയ നിന്നിൽ 

ചൂണ്ടാണി വിരലുരച്ചു

ഞാൻ ആദ്യാക്ഷരങ്ങൾ കോറിയിട്ടു 

 - നീയെനിക്കാദ്യ ഗുരു 
 

വഴിയറിയാതെ ഞാൻ നില്കെ 

പിന്നെയും നീയാവഴി വന്നു 

സ്വയം വില്പന ചരക്കായി നീ 

- നീയെൻ വഴികാട്ടി 



ഇന്ന് നീ എന്റെ മണിമാളികക്ക് 

ഊടും പാവുമായി, ഇഷ്ടികകൾക്കിടയിൽ

 ശ്വാസം മുട്ടി കാവൽ നില്കെ 

- നീയെനിക്കു കാവലാൾ 


ഒടുവിൽ ഒരു പിടി ചാരമായ് ഞാൻ 

നിളയിൽ ലയിക്കുവാൻ ...........

നീയില്ല ! നിളയില്ല! നിളയിലാക്കുളിരില്ല !

- ഞാൻ നിനക്ക് ആരായിരുന്നു?? 


ദീപക് ജി നായർ 

Friday, August 23, 2013

വെറ്റിലചേർത്തുമുറുക്കിയസന്ധ്യപോൽ

 മുത്തശ്ശിയമ്മയും പോയ്മറഞ്ഞു

മുറ്റത്ത് കോണിലായസ്ഥിത്തറയ്ക്കുള്ളിൽ ...

മുത്തശ്ശിക്കഥകളുറക്കമായി

ഛോട്ടാഭീം ഡോറെമോൻ കാർ‍ട്ടൂണുകൾ 
 
‍ കണ്ടെന്നോമനക്കുഞ്ഞും തളർ‍ന്നുറങ്ങി

വിട

വിട
------------

നാളെയാ സൂര്യോദയം

കാണുവാൻ കഴിയാതെ 

രാവിലീ നിലാവിലൂടൊഴുകും സുഗന്ധമായ്‌ 


നാളെയാ കിളിക്കൊഞ്ചൽ 

കേട്ടിടാതുറക്കത്തിൽ

നാടകം നിറുത്തിയീവേഷങ്ങളഴിക്കവേ 


നിന്മുഖം  മറന്നൊന്നു 

കണ്ണടച്ചീടട്ടെ ഞാൻ

ഓർമ്മകളുണർത്തിയാലാ - 

വതല്ലകന്നീടാൻ .....


നാളെയീ വേഷങ്ങളൊക്കെയും കെട്ടിയാടാൻ, 

ആകണം, ഉറയ്ക്കട്ടെ നിൻ കാലുകൾ, തളരാതെ 


കാണികളില്ലെങ്കിലും,

കർമ്മങ്ങൾ മുടങ്ങാതെയാടു നീ 

യവനികക്കെട്ടഴിഞ്ഞീടും വരെ .................


ദീപക് ജി നായർ
 
വടക്കേ നടയിലെ ചെറിയ ദൈവം തെക്കേ

നടയിലെ വലിയ ദൈവത്തിനെ തൊഴുതു മടങ്ങവേ

ശ്രേഷ്ഠഭാഷാ പണ്ഡിതൻ കൈ കൊട്ടി ചിരിച്ചു ...



"വരമേകുവാനാർത്ഥിച്ചിടാതെ നീ

യുഴലുന്നതെന്തിന്നു  താപസാ

അതിവേഗമെത്തേണ്ടതുണ്ടെത്ര

ബഹുദൂരമീ ക്കൊടുംകാട്ടിലും"


 

ഞാൻ ഉണർന്നു കഴിഞ്ഞു

ഇനി എനിക്ക് ഉറക്കമില്ല

ഞാൻ ആവുന്നത്ര ശ്വാസവായു വലിച്ചെടുത്തു

ഇനി ഞാൻ ശ്വസിക്കില്ല...............

എന്റെ ചുണ്ടുകൾ ഒന്നനങ്ങിയോ ...

ഇന്നു ഞാൻ മൗനവ്രതവും  തുടങ്ങുകയാണ്

എന്റെ കണ്ണുകൾ ഞാൻ മെല്ലെ തുറന്നു ..

എനിക്ക് ഒന്നും കാണാൻ കഴിയുന്നില്ല

"ഉടഞ്ഞു പോയ പളുങ്കു പാത്രം ഇനിയുമെങ്ങിനെ ഉടയും ..."

ദീപക് ജി നായർ 

Monday, August 19, 2013

തിരുവോണം

തിരുവോണം 

ഓണമിങ്ങെത്തി തിരുവോണമെത്രയോ 

കാലമായ്ക്കളിയുംചിരിയുംമറന്നുഞാൻ 


അത്തത്തലേന്നു തുടങ്ങുന്ന ചിന്തകൾ !

എത്ര കണ്ടാലും മതിവരാപൂക്കളമൊത്തു

 ചേർന്നിട്ടതുമോർമകൾമാത്രമായ് !!


പൂക്കൂടയേന്തിയെൻ കൂട്ടുകാരൊന്നിച്ചു 

പൂക്കളെത്തേടിപ്പറന്നൊരെൻ ബാല്യമേ 
 
മുറ്റത്തു ചാണകം മെഴുകുമെന്നമ്മയും  

മുക്കൂറ്റിപൊട്ടിച്ചെടുത്തതെൻമുത്തശ്ശി 

മണ്ണുകുഴച്ചുതിടുക്കമോടച്ഛനും 

മന്നനാം മാവേലിയെത്തീർത്തിടുന്നതും 

ഇന്നലെപോലെയാണെല്ലാമെനിക്കിന്നു 

മണ്ണിൽനിന്നെല്ലാമകന്നുപോയീല്ലയോ .... 

 
ഒന്നു തിരിച്ചു പോകേണമാബാല്യത്തിൽ 

എല്ലാമൊരിക്കലൂടോന്നു രുചിക്കണം 


തെല്ലു തിരിച്ചിടാമീക്കാലചക്രത്തെയു-

ണ്മനിറഞ്ഞൊരാഭൂതകാലത്തിനായ്


ദീപക് ജി നായർ 










 

Sunday, August 18, 2013

'മദേഴ്സ് ഡേ'

'മദേഴ്സ് ഡേ'


കർക്കിടകം കലിച്ചുമറിഞ്ഞാർത്തു

പെയ്തൊരാരാവിലെപ്പോഴോ

പേറ്റുനോവറിഞ്ഞുനീയെന്നെമുറിച്ചുമാറ്റവേ

നിന്റെ ചൂടറിഞ്ഞു സുഖമായ് കണ്ണടച്ചുറ -

ങ്ങിയോരെൻമിടിപ്പുകളിന്നലെവരെനിൻ

ഹൃദയത്തിൻ താളലയങ്ങളിൽ ഞാനും ....



ഇന്നുനീയന്ന്യയാണെനിക്കു, സ്വയംമിടിക്കുന്ന

ഹൃദയമുണ്ടതിൽ, നിറമുള്ളസ്വപ്നങ്ങളും

എഴുതി വയ്ക്കാം നിൻ നാമവും വിലാസവും

നിന്നെയോർക്കാനൊരു ദിനമുണ്ടന്നുഞാനെൻ

പരിചയംപുതുക്കിടാമമ്മയാവുക
 
നീയന്നേക്കു മാത്രമായ് 



ദീപക് ജി നായർ



 

Saturday, August 17, 2013

ഓർ‍മ്മ മരം

ഓർ‍മ്മ മരം
----------------------------------------

ഓർ‍മ്മതൻ‍വിത്തുകൾ‍പാകിക്കിളിർ‍പ്പി -
 
ച്ചൊരോർ‍മ്മമരമുണ്ടിന്നെനിക്കുനാട്ടിൽ
 
മധുരമുള്ളോർ‍മ്മകളിതെത്രയാണാമര-
 
ശ്ശിഖരത്തിനിലകളായ്ത്തൂങ്ങിനില്പൂ 
 
കാലമാമീക്കൊടുങ്കാറ്റിലുമുലഞ്ഞിടാ-
 
വേരുകളുറച്ചുപോയത്രമണ്ണിൽ

കാതങ്ങൾതാണ്ടിപ്പറന്നുവന്നാമര -
 
ക്കൊമ്പിലിരിക്കുമെൻദേശാടനക്കിളി -
 
ക്കേറെപ്പറയുവാനുണ്ടുകളിത്തോ
 
ഴരാരുമില്ലാത്തൊരീയൊറ്റമരക്കാട്ടി -
 
ലേകയായ്ച്ചിറകുമൊതുക്കിയിരിപ്പവൾ

 
 
ദീപക് ജി നായര്‍  
 
 
 

Thursday, August 15, 2013

രോദനം

രോദനം  


മിഴികൾരണ്ടുംതുറന്നെങ്കിലുമിരുട്ടാ-

ണിതറിയുന്നുഞാനെന്റെയപലജന്മം. 



ഉടലൊട്ടിനീണ്ടുഗ്രവിഷസർപ്പമായി

ഞാനുടലോടുചേർന്നങ്ങിഴഞ്ഞിടുമ്പോൾ 



കണ്ണിൽനിന്നുതിരുമീക്കലിയുടെകനൽക്കാറ്റി

ലിന്നൊരുശവംനാറിപൂത്തിടുമ്പോൾ 



കലികാമമൊട്ടിയിന്നിഴചേർന്നുയർത്തിടും 

ശീല്ക്കാരമെങ്ങും മുഴങ്ങിടുമ്പോൾ 



അസുരപാനത്തിന്റെ ലഹരിയെൻ സിരകളി 

ലെങ്ങെങ്ങുയുമഗ്നിയായ് പെയ്തിടുമ്പോൾ 



ഉരുൾപൊട്ടിയൊഴുകിപ്പതഞ്ഞുപോമീത്തിര 

നടുവിൽ നിൻ രോദനമലിഞ്ഞിടുമ്പോൾ 



അറിയുവാനായില്ലയപരാധിയാണു ഞാനൊ

രുപൂമരത്തിലെപൂക്കൾ നമ്മൾ 



ഒരുമിച്ചുനാംപൂത്തുകായ്ച്ചുവിരിഞ്ഞ, തായ് -

മരമിന്നുകാറ്റിലുലഞ്ഞുനില്പ്പൂ 
 


 ദീപക് ജി നായർ 


 

Wednesday, August 14, 2013

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം 
 
 
കൂടുതുറന്നുകിടക്കുന്നൊത്തി
 
രിനാളായെൻ‍കിളികണ്ടീല
 
 
കൂട്ടിനകത്തുകിടന്നുചിലച്ച -
 
വളലമുറയിട്ടൂ പറക്കാനായ്
 
 
വർഷംപത്തറുപത്താറായി-
 
ട്ടിത്രവരേയ്ക്കുമറിഞ്ഞില്ലേ
 
 
കിട്ടിയസ്വാതന്ത്ര്യത്തിന്നുള്ളിൽ 
 
ക്കെട്ടിമുറുക്കീനമ്മളെനാം
 
 
പൊട്ടിച്ചെറിയുകകെട്ടുകളെല്ലാം
 
പട്ടംപോലെയുയർന്നീടാം
 
 
ചിന്നിച്ചിതറിയമക്കളെയെല്ലാ
 
മമ്മയ്ക്കരികിൽനിരത്തീടാം
 
 
വാക്കുകൾ ‍,നോക്കുകളെല്ലാമൊന്നാ
 
യൊത്തൊരുമിച്ചുപറന്നീടാം
 
 
ദീപക് ജി നായർ 
 

പുനർജ്ജനി

പുനർജ്ജനി 
 
 
 
ഉടഞ്ഞചേലകൾവലിച്ചുചുറ്റി
 
നീനടന്നുനീങ്ങുമാനിരത്തിലാകവേ 
 
കൊഴിഞ്ഞുവീണൊരാ ചുവന്ന പൂക്കളും 
 
ചിരിച്ചുതള്ളിടും  നിശബ്ദ ജീവിതം  
 
 
 
 
തളർന്നിടാതെനീയണച്ചുചേർത്തിന്നു 
 
കെടുത്തിയെത്രമേൽവിറച്ചൊരഗ്നിയും 
 
കൊടുത്തു സർവ്വവുമെടുത്തിടാതെനീ 
 
യുണർത്തു പാട്ടുകളുയർന്നിടും വരെ 
 
 
 
 
 
ജനിച്ചതല്ലയീച്ചുവപ്പുകോട്ടയിലൊ 
 
ഴുക്കിൽ വന്നങ്ങടിഞ്ഞു പോയതോ?
 
കഴുത്തിനൊപ്പമുയർന്നോരാത്തിര -
 
നടുക്കുനീതുഴയെറിഞ്ഞു നീന്തിയോ ?
 
 
 
 
അകത്തുനിന്നൊരീയഴുക്കതൊക്കെയും 
 
തുടച്ചുദീപങ്ങൾ തെളിച്ചുവയ്ക്കുക 
 
പുന:പ്രതിഷ്ഠയാലുടഞ്ഞ വിഗ്രഹമെ
 
ടുത്തുശ്രീകോവിൽനടക്കൽ വയ്ക്കുക 
 
 
 
ദീപക് ജി നായർ 
 
 
 
 
 

 

Monday, August 12, 2013

നിഴൽ

നിഴൽ 

എനിക്കുനീമാത്രമാണെന്നറിഞ്ഞിട്ടു 
മടുത്തുവന്നൊന്നിരിക്കാത്തതെന്തുനീ
 
കടുത്തതീച്ചൂളയിലെന്റെദേഹമു
 
രുക്കിനിൻതനുകറുത്തിടുമ്പോൾ 
 
ഒരിറ്റുനീരുകുടിച്ചിടാത്തതെന്തയി

ത്തമാണോനിനക്കുമിപ്പൊഴും

തെളിഞ്ഞവെട്ടത്തിലടുത്തുകൂടിനീ 

യിരുട്ടിലെന്നെത്തനിച്ചാക്കിയെപ്പൊഴും

തളർ‍ന്നുഞാനൊന്നിരുന്നുപോയാലിതെ

ത്രയാശ്ചര്യമൊരുകുട്ടിയായിനീ...

ഒരിക്കലെങ്കിലുമുരിയാടിയില്ലനീ

യടുത്തുവന്നില്ലകരുത്തുകാട്ടുവാൻ ‍...

കടങ്ങൾ ബാക്കിയായ്ക്കടന്നുപോകവേ

 യെരിഞ്ഞടങ്ങിയോയെൻ‍ചിതതന്നിൽ നീ...


ദീപക് ജി നായർ 

Tuesday, August 6, 2013

റെഡ് ലൈറ്റ്

റെഡ് ലൈറ്റ്

ചോപ്പുകണ്ടാൽതെളിഞ്ഞിടുംകണ്ണുകൾ

പച്ചകണ്ടൊട്ടുവാടുംകുരുന്നുകൾ


വാൽ മുറിഞ്ഞിട്ടുമാപ്പഴമ്പൈതൃകം

കൈവിടാത്ത മനുഷ്യക്കുരങ്ങുകൾ



പശിയടങ്ങാത്തൊരാരാവിലെപ്പോഴോ

നിഴൽകൊടുത്തോരീ ചോരത്തുടിപ്പുകൾ 



വളയമൊന്നതിൽക്കൂടിനുഴഞ്ഞുതാണു-

യിരുകാക്കുമീവാനരജന്മങ്ങൾ 



ചോപ്പുപച്ചവെളിച്ചത്തിനിടയിലീ

തൂക്കുപാലംചവിട്ടിമരിപ്പവർ


ദീപക് ജി നായർ
















 

Monday, August 5, 2013

ഭാഗീരഥി

 ഭാഗീരഥി 
 
 
കാറ്റുമൂളിക്കൊടുങ്കാറ്റുപോലെ
വന്നാർത്തലച്ചുവീണാക്കരിമ്പാറകൾ ‍.
 
ചേർത്തുവച്ചെൻശിരസ്സുനിൻമാറിലേ
ക്കൂറ്റിയുറച്ചൊരീചോപ്പുനിൻനെറ്റിമേൽ 
 
കണ്ടതില്ലനീയെൻ കളിത്തോഴിനീ 
യെന്തിതിത്രപരിഭവംകാട്ടുവാൻ ‍..
 
കണ്ണുനീർ‍ച്ചാലുകീറിയകവിൾ‍ത്തടമെ
ന്തിതിത്രചുവന്നുതുടുക്കുവാൻ ..
 
കണ്ണുമൂടിയ ഗാന്ധാരി പോലെ നീ
യന്ധയായിന്നുറക്കം നടിക്കയോ 
 
നിന്നിൽ ‍നിന്നുമുതിർന്നൊരീത്തീച്ചൂ
ടിലെത്രജന്മങ്ങൾ ‍ചുട്ടെരിഞ്ഞീടുന്നു
 
പുണ്യപാപങ്ങൾ കൈകോർ‍ത്തുകൊണ്ടു
നിന്നാമടിത്തട്ടിൽ ‍വീണുകിടക്കവേ...
 
പൊറുക്കുക, ഭാഗീരഥീയടക്കുക നിൻകോപം,
ചുരത്തുക സ്നേഹാമൃതം, പരക്കെയീ മണ്ണിൽ നീ....
 
 
ദീപക് ജി നായർ 
 

Friday, August 2, 2013

ബലിക്കാക്ക

ബലിക്കാക്ക 

നാളെ വരുമച്ഛനെന്നമ്മ പറഞ്ഞു ഞാൻ

ചാരെയിരുന്നൂണുരുട്ടിക്കൊടുക്കണം.

 
ഇത്രയുംനാൾകൂടിയെത്തുന്നതാണച്ചനെ

ത്രയുംനല്ലോരുടുപ്പിട്ടു നില്ക്കണം

 
ഒട്ടിയെൻ കവിളും പടർന്നൊരൽപ്പംകറു-

പ്പൊറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞീടുമോ?



ഓടിയടുത്തൊരാ നെഞ്ചോടു ചേർന്നുനി

ന്നാദ്യമേ ചോദിക്കുമിച്ചോദ്യമിങ്ങനെ

 
എവിടെയാണച്ചനന്നോടിമറഞ്ഞതുമു

മ്മ തരാതെയുറക്കം നടിച്ചതും

 
രാത്രിയെന്നമ്മയോടൊട്ടി ക്കിടന്നുകൊ

ണ്ടോർത്തെടുത്തോരോ പഴങ്കഥയിങ്ങനെ 



അമ്മ വിളിച്ചതു കേട്ടുകൊണ്ടാണുഞാ-

നന്നുപുലർച്ചെയുറക്കമുണർന്നതും

 
മുറ്റത്തു വച്ച വിളക്കും നിരത്തിയ

ദർഭയുമെള്ളുമാ, ച്ചന്ദനമുട്ടിയും

 
ഈറനുടുപ്പിച്ചിരുത്തിയാക്കിണ്ടിതൻ

വാലിലൂടെപ്പകർന്നഞ്ചുനീരെപ്പൊഴും
 
 
കുത്തരിച്ചോറതുരുട്ടിവച്ചു - പച്ച

വാഴയിലക്കീറതിൻതലയ്ക്കൽ.

 
അച്ഛനെന്തിനിയുമണഞ്ഞതില്ലാ, യിനി 
 
ക്കൊച്ചുപിണക്കം മറന്നതില്ലെങ്കിലോ ...
 
 
 
തെക്കോട്ടുവച്ചുഞാനാപടച്ചോറുമെന്ന
 
ച്ഛനോടൊത്തിരുന്നൂണുകഴിക്കണം 
 
 
കൊത്തിയെടുത്തുപറന്നുപോയാക്കാക
 
നച്ഛന്നുവച്ചൊരാനെന്മണിമുത്തുമായ്  
 
 
 
ഏട്ടനാണപ്പോൾപ്പറഞ്ഞതെന്നുണ്ണിനിന്ന-

ച്ഛനാണീബലിക്കാക്കയായ് വന്നതും ....

 
 
ദീപക് ജി നായർ