Saturday, January 23, 2016

ഉപ്പ്

ഉപ്പ്

വെളുത്ത പിഞ്ഞാണത്തിൽ ഒളിച്ചിരുന്ന വറ്റുകളെ
 മുങ്ങാംകുഴിയിട്ട് കണ്ടെടുത്ത പ്ലാവിലക്കുമ്പിളിലേയ്ക്ക്
ഇറ്റുവീണ രുചിക്കൂട്ട്
ഇരുൾ തന്ന സ്വാതന്ത്ര്യത്തിൽ, തലയിണകളോട് പറഞ്ഞ കഥകൾക്ക് മേൽ
പടർന്നുറഞ്ഞു പോയ സ്വപ്നങ്ങളുടെ ശേഷിപ്പ്
ചാരുകസേരശ്ശീലയിൽ വിയർത്ത നെടുവീർപ്പുകൾക്കൊപ്പം പതിഞ്ഞു പോയ പഴയ പ്രതാപത്തിന്റെ എണ്ണക്കറുപ്പ്
കണ്ണിമാങ്ങാഭരണിയിൽ മുത്തശ്ശി ചേർത്ത ചേരുവകളിൽ കാലത്തെ അതിജീവിച്ച് ഓർമ്മകളിലേയ്ക്ക് നീണ്ടു നില്ക്കുന്ന നാട്ടുരുചി
കൂട്ടുകാരിൽ  നിസ്സാരനെന്ന അപകർഷതാബോധത്തെ കാറ്റിൽ പറത്തി
ഒരു നുള്ളു കൊണ്ട് ലോകം കീഴടക്കിയവൻ
ഇത്തിരികൊണ്ട് ഒത്തിരി നല്കിയ കുഞ്ഞുണ്ണിക്കവിതകളെപ്പോലെ
എളിമയിലും പെരുമ ചോരാതെ നാവിലൂറുന്ന രസം
കല്ലാണെങ്കിലും കരളുറപ്പില്ലാതെ സ്വയം അലിഞ്ഞു തീരുന്നവർ!!

ദീപക് ജി നായർ