Wednesday, March 26, 2014

മുഖം നഷ്ടമായവര്‍


       മുഖം നഷ്ടമായവര്‍
------------------------------------------
ഇനിയുമൂറ്റിക്കൊടുക്കുക നിന്‍ നിണ
മന്ത്യശ്വാസം വരേയ്ക്കും നിലയ്ക്കാതെ
ചുളിവാര്‍ന്ന നിന്‍ ദേഹമറിയാതെ, യൗവനം
അകലുന്ന വഴിയിലും അണപൊട്ടിയൊഴുകുന്ന,
അതിഥികള്‍ക്കവസാന അത്താഴമേകുക.
ദാഹിച്ചലഞ്ഞു വരുന്നൊരീ യാത്രികര്‍ക്കാ
ലംബമായ് സത്ര നടയില്‍ നീ കാക്കുക
പൂമരച്ഛായയില്‍ പൂത്തു നീ നില്‍ക്കുക
പുഞ്ചിരിപ്പാല്‍മധുരമിറ്റിച്ചിരുത്തുക
വേവുന്ന ചൂടിലൊരു വിശറിപോല്‍ വീശി നിന്‍
നാവിലാ പാപത്തിന്‍ ഉപ്പു രുചിക്കുക
കണ്ണുകളടച്ചു നിന്‍ കാഴ്ച മറയ്ക്കുക
കരളില്‍ നിന്‍ കനവുകള്‍ ഊതിക്കെടുത്തുക
അറിയുക വഴിപോക്കനിവനെന്നു സ്പഷടമായ്
അകതാരില്‍ നീ ശിലയലിയാതെ  കാക്കുക
മുഖപടം മാറാതെ ചേര്‍ത്തു പിടിക്കുക
മിഴികളില്‍ നനവിന്റെ ഉറവ് വറ്റിക്കുക
മൊഴികളില്‍ നോവുകള്‍ പൊഴിയാതെ നോക്കുക
ഒടുവില്‍ നിന്‍ നെഞ്ചിന്‍ മിടിപ്പുകള്‍ ബാക്കിവച്ച -
കലുന്ന നിഴലുകള്‍ക്കെണ്ണം കുറിക്കുക
മഴപെയ്തു തോര്‍ന്നൊരീ മണ്ണില്‍ നിറച്ചാര്‍ത്ത്
വീണ്ടും നിറച്ചു നീ നടയില്‍ നിന്നീടുക
അപ്പൊഴും പെയ്യും മനസ്സാം മരങ്ങള്‍ തന്‍
തേങ്ങും മഴത്തുള്ളി  ചിരിയാല്‍ മറയ്ക്കുക

ദീപക് ജി നായര്‍ 

Friday, March 21, 2014

വിഷുപ്പുലരി

വിഷുപ്പുലരി 

കണികണ്ടുണര്‍ന്നൊരാ മേടപ്പുലരികള്‍ 
കര്‍ണ്ണികാരത്തിന്റെ കനകമണിമുത്തുകള്‍
കണിവിളക്കിന്‍ തിരി, തീപ്പെട്ടിക്കോലുകള്‍ 
കണിയാക്കി, തിരി തെളിച്ചമ്മ വിളിപ്പതും 
കാത്തു കിടന്നൊരാ  സുന്ദര രാത്രികള്‍. 
കണി,കണിയെന്നും പറഞ്ഞമ്മ കണ്‍കളില്‍ 
കൈവിരല്‍ ചേര്‍ത്തു മറച്ചുകൊണ്ടെന്നെയാ 
കണിവിളക്കിന്‍ മുന്നിലേക്കു നയിച്ചതും ,
പ്രപഞ്ചപ്രതീകമാം ഓട്ടുരുളി തന്നിലായ് 
നിറയുന്ന കാലപ്പുരുഷ രൂപത്തിന്റെ 
തലയിലായ് മിന്നുന്ന കൊന്നക്കിരീടവും 
കണിവെള്ളരിച്ചേലുനിറയുന്ന പൂമുഖം 
കണ്ണിന്‍ തിളക്കമായ് കത്തുന്ന തിരികളും 
മനസ്സായ് തെളിഞ്ഞിടും വാല്‍കണ്ണാടിയും 
വാക്കുകള്‍ വഴിയുന്ന ഗ്രന്ഥങ്ങളും 
കാണാതെ കണ്ടു ഞാന്‍, തൊഴുതൂ നിന്നൂ,ഇടം
കണ്ണാല്‍ തിരഞ്ഞെന്റെ കാലണക്കൈ
നീട്ടം അമ്മ തന്‍  കൈകളില്‍ പിന്നെയും പിന്നെയും 
കണ്ണുനീര്‍ വീണു നനഞ്ഞോരാ തുട്ടതില്‍ 
കണ്ണുപായിച്ചന്നു നോക്കി ഞാന്‍ നിന്നതും 
മധുരം പൊതിഞ്ഞോരു വര്‍ണ്ണക്കടലാസിന്‍ 
നിറമെന്റെ ചുണ്ടിലൊരു ചിരിയായ് വിരിഞ്ഞതും 
അയലത്തെ കൂട്ടുകാര്‍ അരികത്തു വന്നെന്റെ 
അയവുള്ള നിക്കറിന്‍ തുളവീണ കീശയില്‍ 
അരുമയായ് ഒരുപിടി ഉപ്പേരി ഇട്ടതും 
ഒരു തുണ്ട്‌ മെഴുതിരിത്തുമ്പില്‍ മനസ്സിലെ 
കനലു കൊളുത്തിപ്പകര്‍ന്ന തീച്ചൂടില്‍ വെന്ത 
ലറിപ്പിളര്‍ന്നിടും ഓലപ്പടക്കത്തിനിടയില്‍ -
നിന്നെരിയാപ്പടക്കം തിരഞ്ഞതും ,
തെളിയുന്നിതോര്‍മ്മയില്‍ മാത്രം വിഷുക്കണി 
നിറയുന്നു കണ്‍കളിൽ നനവായി മാത്രം 

ദീപക് ജി നായർ 


Thursday, March 20, 2014

മെഴുകുതിരി

മെഴുകുതിരി 

ഇരുളിൽ നീ തപ്പിത്തടഞ്ഞു വീഴും മുൻപേ 
തെളിയുമെന്നുടൽ നീറ്റിയെന്നുമെന്നും 
അരികിൽ ഞാൻ എന്നുമുണ്ടെങ്കിലും തുണയായി 
വരുവാന്‍  കഴിഞ്ഞതീ ഇരുളിൽ മാത്രം 
ഉരുകിയെന്നുടൽ മണ്ണിൽ വീണുറഞ്ഞെന്നാലും  
ഉതിരുകില്ലൊരു മിഴിപ്പൂവു പോലും
കരയുന്ന മിഴികളതു കാണാതെ, തേങ്ങുമെന്‍ 
കരളിലെ കനലുകള്‍ തെളിച്ചു വച്ചും 
എഴുതി നീ സൂക്ഷിച്ച വരികളിലെവിടെയോ
വികലമെന്‍ രൂപം പതിഞ്ഞിരുന്നു 
 
ദീപക് ജി നായര്‍

Tuesday, March 18, 2014

ഇന്നലെകള്‍

ഇന്നലെകള്‍
---------------------------
ഇന്നലെ ഞാന്‍ കൊണ്ട വെയിലൊന്നു കായുവാന്‍
ഇന്നുമീ  മുറ്റത്തിറങ്ങി നിന്നു
ഇന്നലെക്കണ്ട തിളക്കമുണ്ടെങ്കിലും
ഇന്നതില്‍ ഈര്‍പ്പമലിഞ്ഞിരുന്നു
ഇന്നലെ മുങ്ങിക്കുളിച്ചൊരാ പുഴതന്നില്‍
ഇന്നും കുളിര്‍ തേടിയെത്തി മെല്ലെ
ഇന്നലെകളെല്ലാം ഒഴുക്കി കളഞ്ഞവള്‍
ഇന്നിന്റെയാകാന്‍ കൊതിച്ചു നിന്നൂ
ഇന്നലെക്കണ്ടു ചിരിച്ചോരാ പൂമുഖം
ഇന്നും നുകര്‍ന്നിടാനെത്തി രാവില്‍
ഇന്നലെ പൂത്തു വിടര്‍ന്നൊരാ പൂവുകള്‍
ഇന്നു കരിഞ്ഞു കൊഴിഞ്ഞിരുന്നു
ഇന്നലെ പൈങ്കിളി പാടിയ പാട്ടുകള്‍
ഇന്നു ഞാന്‍ കേള്‍ക്കാന്‍ കൊതിച്ചിരുന്നു
ഇമകളില്‍ ഈറനണിഞ്ഞു കൊണ്ടിന്നവള്‍
ഇളയുടെ മടിയില്‍ കിടന്നിരുന്നു..
ഇന്നലെകളെല്ലാം കൊഴിഞ്ഞു വീഴുമ്പോഴും
ഇന്നില്‍ ഞാനതിനായ് തിരഞ്ഞിരുന്നു

ദീപക് ജി നായര്‍







Monday, March 17, 2014

ഞാനും നീയും

ഞാനും നീയും
------------------------------------
ഒരു ഇത്തിരി പോന്ന ഞാനും, ഒത്തിരി വലിയ നീയും തമ്മിൽ എന്നും മത്സരം ...ആരാണ് വലിയവൻ ?..."ഞാനില്ലെങ്കിൽ കാണാം ... കണ്ണുകൾ തുറക്കാനാകാത്ത, ചിരിക്കുവാൻ കഴിയാത്ത, പുണരുവാൻ ആകാത്ത നിന്നെ ആർക്കു വേണം ...ഞാൻ ഇല്ലാത്ത നിന്നെ ഓർമകളിൽ നിന്നു തന്നെ എരിച്ചു കളയും നിനക്ക് വേണ്ടപ്പെട്ടവര്‍ എന്ന് നീ കരുതുന്നവര്‍  ... ഇത്തിരിപ്പോന്നവനെങ്കിലും ഈയുള്ളവൻ ഉള്ളത് കൊണ്ട് നീ ഇങ്ങിനെ ജീവിച്ചു പോകുന്നു ..
ഒരു നിമിഷ നേരത്തെ ചിത്ത ഭ്രമം കൊണ്ട് , ഒരു കയറിൻ തുമ്പിൽ, ഒരു തുള്ളി വിഷത്തിൽ , നീ പോലും അറിയാതെ ഉറക്കത്തില്‍ .. നിന്നെ ഇല്ലാതാക്കി എനിക്ക് വേണമെങ്കിൽ അനന്തതയുടെ ആകാശത്തേക്കു ചിറകടിച്ചു പറക്കാം.."

ആർക്കും ഇന്നു വരെ കാണാൻ പോലും പറ്റാത്ത നീ എങ്ങിനെ വലിയവനാകും ? അവന്റെ  മറുചോദ്യം ..

"എല്ലാവരും ആസ്വദിക്കുന്നത്,  കൂട്ടുകൂടുന്നത്, കാമിക്കുന്നത് എന്നെയാണ് ... എന്നെ മാത്രമാണ് ... ഞാനില്ലാതെ നീയെങ്ങിനെ കാണും, സല്ലപിക്കും, രുചിക്കും .. എന്നെ വിട്ടു നീ അകലുന്ന നിമിഷം, എന്റെ കര്‍മ്മങ്ങളുടെ വിഴുപ്പു നിന്നില്‍ ചുമത്തി ഞാന്‍ അഗ്നിശുദ്ധി വരുത്തും ... നീ കര്‍മ്മദോഷങ്ങളും മാറാപ്പിലേറി... ശാന്തി കിട്ടാതെ .......

ആരാണ് വലിയവന്‍ ..?

ദീപക് ജി നായര്‍ 

Saturday, March 8, 2014

കര്‍മ്മഫലം

കര്‍മ്മഫലം

പഴമയുടെ  മാറാല മാറ്റി ഞാൻ നോക്കവേ
തെളിയുന്നിതെൻ പൂർവ്വ ജന്മകർമ്മങ്ങള്‍ തന്‍  
ചുരുളുകൾ നീർത്തിയഴിഞ്ഞു വീഴുന്നെന്റെ
നിറമുള്ള ജീവിതചിത്രം മനോഹരം !

സര്‍പ്പമായ് വീണ്ടും ജനിച്ചതെന്തിന്നു  ഞാന്‍
സത്യമായെന്‍ കര്‍മ്മമല്ലേ നിദാനവും
ഇന്നുമീ ഇരുളറയ്ക്കുള്ളില്‍ അഹന്ത തന്‍
പത്തിവിടര്‍ത്തി  വിഷച്ചിന്ത ചീറ്റുന്ന
സര്‍പ്പമായ്, നിധികുംഭ കാവലാളായി ഞാന്‍



ദീപക് ജി നായര്‍

Friday, March 7, 2014

ദാഹം

ദാഹം

വിണ്ടുകീറിക്കിടക്കുന്നൊരെന്‍ ദാഹ -
മിന്നുതേകിയകറ്റിയ മാനവാ
കണ്ടു ഞാനെന്റെ ദൈവമായ് നിന്നെയെന്‍
നെഞ്ചുകീറി നീ വിത്തുപാകും വരെ...

 ദീപക് ജി നായർ 

Wednesday, March 5, 2014

കാറ്റിനോട്

കാറ്റിനോട്... 

കണ്ണുരുകി ഊറുമീ ഉപ്പുനീര്‍ത്തുള്ളികള്‍
കാണാതെ പോകുവതെന്തു നീ തെന്നലേ
തന്നു പോ അല്പം കുളിരെനിയ്ക്കോമലേ
തന്നിടാം പകരമൊരു നിറചിരി നിനക്കായി

മനമതില്‍ കത്തുന്ന കനലുകളെരിച്ചിടാന്‍
അറിവെനിക്കില്ലെന്തുപായമെന്നാലുമാ-
ത്തനുവില്‍ പടര്‍ന്നു പകര്‍ന്നിടാമെന്‍ കുളിര്‍
മുകരുമ്പോളാശ്വാസമാകുമെങ്കിൽ സഖേ.

വഴിയില്‍ നീ കണ്ടുവോ കരയുന്ന മിഴികളില്‍
വഴിയും വിഷാദത്തിനലകടല്‍ത്തിരകളെ.
ഉതിരുവാനാകാതെയധരത്തിനിടയിലായ്
ചിറകൊടിഞ്ഞമരുന്ന തേങ്ങൽ നീ കേട്ടുവോ

ഇരുളിൽപ്പതുങ്ങുന്ന നിഴലിനെക്കണ്ടു ഞാൻ
ഇമകളിൽ നനവിന്റെ തൂവലും കണ്ടു ഞാൻ
ഇരവിന്റെ നിശ്വാസഗന്ധത്തിലിഴചേര്‍ന്ന
ഇണ തന്റെ നോവുന്ന തേങ്ങലും കേട്ടു ഞാന്‍

ചിരിതേച്ചമുഖമതില്‍ ചുഴിയുന്ന കണ്ണുകള്‍
ചാകരക്കോളിനായ് തിരയുന്ന കണ്ടുവോ
മണമുള്ള പൂവതില്‍ നിറയുന്ന തേന്‍ കുടിച്ച
കലുന്ന വണ്ടിനെ കണ്ടുവോ കാറ്റേ

പുഞ്ചിരിപ്പൂമുഖംമൂടിയഴിച്ചവര -
ഞ്ചുപേര്‍ കാട്ടിയ പരാക്രമം കണ്ടു ഞാന്‍
പിഞ്ചിളം മേനി ചുവക്കുന്നതും, ചോര-
ക്കണ്ണുകള്‍ കേണു തളര്‍ന്നുറങ്ങുന്നതും
മണ്ണില്‍ മണം പിടിച്ചെത്തുമുറുമ്പുകള്‍
കണ്ണില്‍ പൊതിഞ്ഞതും കണ്ടു ഞാന്‍ രാവിതില്‍

മാംസക്കൊഴുപ്പിതില്‍ മദിച്ചവരൊക്കെയും
മാനം ഭുജിച്ചു മതി വരുത്തിപ്പോകെ
കണ്ണുരുകി ഊറുമീ ഉപ്പുനീര്‍ത്തുള്ളികള്‍
കാണാതെ പോകുവതെന്തു നീ തെന്നലേ
തന്നു പോ അല്പം കുളിരെനിയ്ക്കോമലേ
തന്നിടാം പകരമൊരു നിറചിരി നിനക്കായി

ദീപക് ജി നായര്‍ 

Saturday, March 1, 2014

പിടയുന്ന ഹൃദയം

പിടയുന്ന ഹൃദയം 

എന്തിനോ വേണ്ടി പിടയ്ക്കുന്നിതെൻ മനം
നൊന്തു വലിയ്ക്കുന്നുണ്ടിപ്പൊഴും  നെഞ്ചകം 
മിഴികൾ രണ്ടും തുറക്കുവാനാവാതെ 
ഉടലു നീറിപ്പുകഞ്ഞു കത്തുന്ന പോൽ 
ഇതുവരെ മിടിച്ചോരെൻ ഹൃദയ വീണയ്ക്ക് മേൽ 
ചരടുകൾ ചാട്ടപോൽ വീശിപ്പതിയ്ക്കുന്നു...
കരയുകയാണെന്റെ കുട്ടികൾ ചുറ്റിലും 
തലതിരിച്ചൊന്നങ്ങു നോക്കുവാനാകാതെ -
നിലവിളിക്കുന്നു ഞാൻ ഉള്ളിൽ നിശബ്ദനായ്.

ദീപക് ജി നായര്‍