വാക്കുകളിൽ കല്ലു കെട്ടി താഴ്ത്തി ,
ചിന്തകളുടെ ഓളം ഒളിപ്പിച്ച്
പരന്നു കിടക്കുന്നുണ്ട് ,
തണുത്തുറഞ്ഞ തടാകം;
ഓളമുണർത്തി,
കെട്ടു പൊട്ടിച്ച്,
വാക്കുകൾ പൊന്തിവരുന്ന
മൂന്നാം പക്കത്തിലേയ്ക്ക്
മൂകസാക്ഷിയായി കാത്തിരിക്കുന്നവൾ.
ദീപക് ജി നായർ
I dedicate this to my beloved father who left me in between without saying a good bye..... It was on a cloudy morning of 11th January 2002...he just went like that...still heart is painful to let go... Hey dad...come for a moment..just wish to sit with you..nothing more than holding your hands and walking along .... I really miss you... when I go each step up in my life...I hope..if you are there with me..
വാക്കുകളിൽ കല്ലു കെട്ടി താഴ്ത്തി ,
ചിന്തകളുടെ ഓളം ഒളിപ്പിച്ച്
പരന്നു കിടക്കുന്നുണ്ട് ,
തണുത്തുറഞ്ഞ തടാകം;
ഓളമുണർത്തി,
കെട്ടു പൊട്ടിച്ച്,
വാക്കുകൾ പൊന്തിവരുന്ന
മൂന്നാം പക്കത്തിലേയ്ക്ക്
മൂകസാക്ഷിയായി കാത്തിരിക്കുന്നവൾ.
ദീപക് ജി നായർ
കമ്പിളി
ഞാൻ തണുത്തു പോയിരിക്കുന്നു
ഈ ചൂട് ഞാൻ കടമെടുത്തതാണ്...
പച്ച കാട്ടി കൊതിപ്പിച്ച കൂട്ടത്തിൽ നിന്ന്,
വെട്ടി മാറ്റിയതാണ് , ചോര മണക്കുന്ന ഈ ചൂട്.
സ്വപ്നത്തിൽ ഞാൻ കണ്ട കണ്ണുകളിൽ നിറഞ്ഞത് ഒരു ശാപമായിരുന്നു.
"അറുത്തെടുത്ത എന്റെ പുതപ്പിന്റെ തീയിൽ നീ ചുട്ടുപൊള്ളുക. ഇനിയൊരിക്കലും തണുക്കാത്ത വിധം ദഹിച്ചൊടുങ്ങുക."
ദീപക് ജി നായർ
കണി
ഇരുട്ടിലേക്ക് കൂപ്പുകുത്തുന്നതിനു മുന്നോടിയാണീ അന്തിച്ചുവപ്പെന്ന് കടല വിറ്റു വന്ന ചെക്കൻ.
വരാനിരിക്കുന്നത് പകലാണെന്ന് ഇരുട്ടിൽ തപ്പിത്തടയുന്നവരെ പറഞ്ഞു കൊതിപ്പിക്കുന്നുണ്ട്, അയലത്തെ വീട്ടിലെ താമരാക്ഷി
'മിഠായി പെറുക്കൽ' മത്സരത്തിലെ കുട്ടികളുടെ മനസ്സാണ് തങ്ങൾക്കെന്ന് പറയാതെ പറയുന്നു, എഴുപതിലും 'സൂര്യശോഭ' യോടെ ചിരിക്കുന്നവർ.
ചൂണ്ടു വിരലിലെ കറുപ്പ് മാഞ്ഞിട്ടും, കനവുകോണികളിൽ,
സ്വയം ചവിട്ടുപലകകളായി തീർന്നവർ.
ദീപക് ജി നായർ
കാലിഡോസ്കോപ്പ്
ഉടഞ്ഞു പോയ വളപ്പൊട്ടുകളെ
ഉടയാത്ത കൂട്ടിലിട്ടു വീണ്ടും കുലുക്കി നോക്കുന്നുണ്ട്
എന്തിനോ തേടുത്തളർന്ന ഒരു മനസ്സ്.
ദീപക് ജി നായർ
പറയാതെ വയ്യെനിക്കിനിയുമീ ജൂൺമാസ
മഴയിൽ കുളിച്ച വെൺപൂവേ
നിന്നുടലിൽ വീണൊഴുകിപ്പടർന്നൊരീ തുള്ളിപോൽ
കരളിൽ നീ പെയ്യാതെ പോയതെന്തേ?
മധു നുകർന്നീടുവാനല്ല നിൻ ജീവനിൽ
മധുരം വിളമ്പുവാനായിരുന്നു.
അധരച്ചുവപ്പു കണ്ടല്ലെന്റെ സിരകളിലെ
രുധിരത്തിളപ്പുകൊണ്ടല്ല
അറിയാതെയറിയുവാനായുന്നതിൻ മുൻപു
കൊഴിയാതെ കൊഴിയുന്നു സ്വപ്നം.
ദീപക് ജി നായർ
ബോധിവൃക്ഷത്തിന്റെ പിൻതലമുറക്കാരനാകണം.
ആഴത്തിൽ വേരുകൾ പടർത്തി,
ആകാശത്തേക്കു വളരണം.
കുടയും, കൂടുമാകണം.
ഭൂതവും ഭാവിയും പറയുന്ന സാക്ഷിയാകണം.
ദീപക് ജി നായർ
ഇനിയെന്നു പെയ്യുമൊരു മഴ, എന്റെ പൂമുല്ല,
വെയിലിൽ കരിഞ്ഞു നില്ക്കുന്നു.
പൊട്ടിച്ചിരിച്ചു കളിച്ചാർത്ത മൊട്ടുകൾ,
ഞെട്ടറ്റു വാടി വീഴുന്നു,
മണ്ണിൽ, ഉദകം കൊതിച്ചു കേഴുന്നു.
ചുറ്റിപ്പടർന്നൊരാ തൂണിൽ മൺ പുറ്റുകൾ,
പറ്റിപ്പിടിച്ചിരിക്കുന്നു
വെയിൽ, കത്തിക്കുലം മുടിക്കുന്നു.
ഇനിയുമെൻ പൂമുല്ല പൂക്കണം, തൂണതിൽ
പ്രണയമോടൊട്ടി, പടരണം.
മൊട്ടുകൾ പൊട്ടിച്ചിരിക്കണം, അതുകേട്ട്
സ്വച്ഛമെനിക്കുന്നുറങ്ങണം..
ദീപക് ജി നായർ
കാടു കയറുന്നു ഞാൻ
പേടിയാണുച്ചക്കു പോലു-
മിവിടൊറ്റയ്ക്കു പോകുവാനായ്.
കാര്യമറിയാത്തവരാണവരെങ്കിലും
പോരിനായ് മുന്നിൽ വഴിമുടക്കും
പേരിലാണിപ്പൊഴും കാര്യം, പ്രവൃത്തികൾ-
ക്കാരുണ്ട് പേരു കൊടുത്തിടുന്നു.
അമ്മ തൻ ജാതി,യതിനുള്ളിൽ കുരുങ്ങി നാം
ഉണ്മകൾ മണ്ണിൽ കുഴിച്ചു മൂടി
ചെന്നിണച്ചൂരു മണക്കുന്നു ചുറ്റിലും
കണ്ണിൽ പുകയുന്നതാത്മരോഷം
കാടു കയറുന്നു ഞാൻ,
കാട്ടാളരില്ലാത്ത കാടിന്റെ പച്ചകൾ
കണ്ടു മദിക്കുവാൻ.
കാടു കയറുന്നു ഞാൻ.
കാട്ടാറിൽ മുങ്ങിക്കുളിച്ചു , പൂങ്കാറ്റിന്റെ
പാട്ടിന്നു താളം പിടിച്ചുറങ്ങാൻ.
കാടു കയറുന്നു ഞാൻ
കാട്ടുപൂവേ നിന്റെ തേനല്ല ,
തേങ്ങൽ തുടച്ചൊതുക്കാം.
കാടു കയറുന്നു ഞാൻ നാടേ
നിനക്കായി നേരുന്നു നന്മകൾ, പോയ് വരട്ടെ
ദീപക് ജി നായർ
തിരയടിക്കുന്നുണ്ടു കടലിന്നുമപ്പുറം
വെയിൽ തിന്നു തീരുമിടനെഞ്ചിൽ.
കരയെടുക്കുന്നുണ്ട് തിര, കടലിനിപ്പുറം
തുടലു പൊട്ടിച്ചു കുതിച്ചു പായുന്നു.
ഇരുളിന്റെ മറയും തകർത്തു തീപ്പകലിന്റെ
തെരുവിലിണ തേടുന്ന ഇരുകാലികൾ.
വിരലറ്റു വീഴുന്ന മോതിരങ്ങൾ, നീല
നിറമുള്ള ചിന്തയിൽ മറവി ബാധിച്ചവർ.
ഒരു കരയിലോർമ്മകൾ മിനുക്കി വയ്ക്കുന്നു
മറുകരയിൽ, മറവിയെ ചേർത്തു നിർത്തുന്നു
തിരയടിക്കുന്നുണ്ടു കടലിന്നുമപ്പുറം
വെയിൽ തിന്നു തീരുന്ന നെഞ്ചിൽ.
കരയെടുക്കുന്നുണ്ട് തിര, കടലിനിപ്പുറം
തുടലു പൊട്ടിച്ചു കുതിച്ചു പായുന്നു.
ദീപക് ജി നായർ
പൂവു ചോദിപ്പതെന്തിനായ് ശലഭമേ
ചാരെ വന്നൂ ചിരിച്ചു നില്ക്കുന്നു നീ
ചോരവീണു ചുവന്നൊരെന്നിതളിലോ
തോരണങ്ങളായ് തൂങ്ങുമെന്നിലകളിൽ
കൂർത്ത മുള്ളുകൾ കാവൽ തീർക്കുന്നൊരെൻ
നേർത്ത തേൻകണം കട്ടു, രുചിക്കുവാൻ
കാറ്റിലാടിക്കളിക്കുമെൻ മേനിയിൽ
കാട്ടുപൂവിൻ സുഗന്ധം തിരഞ്ഞതോ ?
പൂവു ചോദിപ്പതെന്തിനായ് ശലഭമേ
ചാരെ വന്നൂ ചിരിച്ചു നില്ക്കുന്നു നീ
ദീപക് ജി നായർ
ഒന്നായ വഴിയിനി രണ്ടായ് പിരിഞ്ഞു പോം
ഒന്നിൽ നീ, മറ്റേതിൽ ഞാനും നടന്നു പോം
ഉണ്ടായ നാൾ മുതൽ ചൂണ്ടാണി വിരൽ തന്നു
കൊണ്ടു നടന്നു ഞാൻ താണ്ടിയ വഴികളിൽ
ഇന്നെന്റെ സ്നേഹവും കരുതലും കൂട്ടിനായ്
തന്നു പോകുന്നിതെൻ വിരലും നിനക്കായി.
ആധികളെല്ലാമെടുക്കുന്നു, മുറിവിൽ നി-
ന്നോർമ്മ തൻ തുള്ളി വീണൊട്ടുമീപ്പാതയിൽ
പതിയേ നടന്നു നീങ്ങുന്നിരുൾ ജീവനിൽ
കൊതിയോടെ മൃതിയെത്തിടുന്ന നേരം വരെ.
ദീപക് ജി നായർ
സ്വാർത്ഥത
അടർന്നു വീഴാറായ തൂക്കുപാലത്തിലെ തിരക്കിനിടയിലാണ് ഞാൻ വീണ്ടും കുരുടനും ബധിരനും മൂകനുമായത്.
ആടിയുലഞ്ഞ പാലത്തിന്റെ താഴെയുള്ള കുത്തൊഴുക്കിലാണ്
ഞാൻ ഇന്ദ്രിയങ്ങളെ കെട്ടഴിച്ചു വിട്ടതും, മനുഷ്യനായതും.
ദീപക് ജി നായർ
പകർത്തെഴുത്തുമൊരപരാധമെന്ന-
തടിയിടർച്ചയാലേ പഠിക്കുന്നിതു ചിലർ.
നിനച്ചതെല്ലാം കിടയ്ക്കുവാൻ മാനവൻ
പടച്ചിടുന്നെത്ര കുറുക്കു പാതകൾ
ഒടുക്കമെത്തുന്നതു കുടുക്കിലാകാം
തടുക്കുവാനിടകൈവിട്ടുപോകാം
ദീപക് ജി നായർ
അകമേ ഒരുതിരി വെട്ടം,
കാറ്റിലുലഞ്ഞു കെടാതെരിയുന്നു
പുറമേ ചുണ്ടിണയിടയിൽ,
പകയോടില പുകയുന്നു.
പകയുടെ പുകയും ,
പൊരുളിൻ തിരിയും ,
പടപൊരുതുന്നു.
ഒറ്റത്തിരിയതൊടുക്കം
പുകയാൽ കെട്ടൊഴിയുന്നു.
ദേഹം വിട്ടൊഴിയുന്നു.
ദീപക് ജി നായർ
ബോധത്തിൽ നിന്നും അബോധത്തിലേയ്ക്കുള്ള യാത്രകളിലാണ് ഞാൻ അഭിനയം നിർത്തുന്നതും
അല്പമെങ്കിലും സ്വയം തിരിച്ചറിയുന്നതും.
ദീപക് ജി നായർ
ചിരിയൊടുങ്ങാതിരിക്കട്ടെ ജീവിതം
ചിതയിലൊരു പുകച്ചുരുളായിടും വരെ
കരയുവാനുള്ള കാരണം തേടി നാം
ചിരിപഥത്തിലൂടുഴറുന്നതെന്തിനായ്?
മരണമെത്തുന്ന നേരത്തുമോർമ്മ തൻ
മധുരമൂറ്റി, ചിരിക്കുവാനാകണം
ചകിത സന്ധ്യകൾ ചോരതുപ്പുമ്പൊഴും
കുപിതയൗവ്വനക്കനലു കത്തുമ്പൊഴും
കപടനീതികൾ വിരലുചൂണ്ടുമ്പൊഴും
കഴലുനീറിപ്പൊതിഞ്ഞു നില്ക്കുമ്പൊഴും
കരുതിവയ്ക്കേണമധരത്തിലെപ്പൊഴും
തിരിതെളിച്ച പോലൊരു കെടാപ്പുഞ്ചിരി.
ചിരിയൊടുങ്ങാതിരിക്കട്ടെ ജീവിതം
ചിതയിലൊരു പുകച്ചുരുളായിടും വരെ
കരയുവാനുള്ള കാരണം തേടി നാം
ചിരിപഥത്തിലൂടുഴറുന്നതെന്തിനായ്?
ദീപക് ജി നായർ
യദുകുലത്തെ തൻ പേരിൽ ചുമന്നൊരു
ദളിതപുത്രാ തുറക്കു നീ ശ്രീകോവിൽ
ജന്മ സാത്വികർക്കിടയിലൊളി മിന്നലായ്
കർമ്മസാത്വികൻ നീ, തിരി തെളിയ്ക്കുക!
ധർമ്മമൊന്നേ നിനയ്ക്കു നീ മാനസേ
ചർമ്മമല്ല, സത്ക്കർമ്മമാണീശ്വരൻ !!
ദീപക് ജി നായർ
ഒടുവിൽ സൂര്യനും യാത്രചൊല്ലിപ്പിരിഞ്ഞി-
രുൾ പടർന്നൊരീ പാതയിലൂടെ നാം
എതിരെ നിന്നൊഴുകി വന്ന, രണ്ടരുവി പോൽ
പുഴയിലെത്താൻ കൊതിക്കും മനസ്സുകൾ !!
നിറനിലാവിൽ നിൻ , കാൽമണിയൊച്ചകൾ
ബോധചില്ലയിൽ കുറുകുന്ന പക്ഷികൾ
കണ്ണു കാവലായ് നില്ക്കുന്നു ചുറ്റിലും
പെണ്ണവൾക്കുമേലന്ധകാരത്തിലും.
പട്ടുചേല ഞൊറിഞ്ഞുടുത്തോമലാം
മൊട്ടുമാല തൻ മുടിയിൽ തിരുകിയെ-
ന്നിഷ്ടതോഴി നീ മുന്നിൽ നടക്കവേ ,
ഷഷ്ടി പോലും മറക്കുന്നു മാനസം.
ഭോഗമല്ലെന്റെ ഭാഗമായ്ത്തീരുകിൽ
ഭാഗ്യമെന്നറിയുന്നു ഞാനെൻ സഖീ
വാമഭാഗമായൊപ്പം ചരിക്കുകിൽ,
വാരിധി തന്നിലൊന്നായലിഞ്ഞിടാം.
ദീപക് ജി നായർ
ഒരു ചിറകൊടിഞ്ഞു കിടക്കവേ, ചുറ്റിലും
തിരയായിരുന്നതിൻ ചിരിയായിരുന്നു
വരിയായ് ഉറുമ്പുകൾ, കരയിലടിയുന്നതും
കനവുകണ്ടെന്തിനോ കാത്തിരിക്കുന്നു.
നട്ടുച്ചനേരത്തു വലവീശി വന്നൊരാൾ,
നോട്ടം, വിശന്നവരിലായിരുന്നു.
ഒറ്റച്ചിറകുമായ് നീന്തിപ്പിടച്ചന്തി -
നേരത്തു കരയിൽ ഞാനെത്തിടുമ്പോൾ
പൊട്ടിച്ചിരിച്ചാർത്ത തിരയെന്റെ ചാരെ -
വന്നുച്ചിയിലുമ്മതന്നോമനിച്ചു.
കാത്തു തളർന്നയുറുമ്പുകൾ മൗനമായ്
ആരെയോ തേടി തിരിച്ചു പോയി.
കയ്യിൽ ചുരുട്ടിയ വലയുമായ് വന്നൊരാൾ
മെയ്യിതിൽ മെല്ലെ തലോടി നിന്നു .
ദീപക് ജി നായർ
എവിടെ ഞാൻ പെയ്തു നിറയണം
നീ തന്ന ചിരിയിലോ,
കണ്ണീരൊളിപ്പിച്ച മൊഴിയിലോ?
എവിടെ ഞാൻ ചെന്നിരിക്കണം ,
ജീവിതപ്പടികളിൽ നീ വിരിച്ചിട്ടു പോയതാം
ഓർമ്മകൾക്കരികിലോ?
എവിടെ ഞാനൊന്നു പാറിപ്പറക്കണം
നിനവിൽ നീ നെയ്ത കനവിലോ
നിൻ നിശ്വാസമകന്ന വഴിയിലോ?
വരിക നീയൊരു കാറ്റായ്, എരിഞ്ഞിടും
കനലു കത്തിപ്പടർന്നു തീരട്ടെ ഞാൻ
ചിറകു വേണ്ട പറക്കുവാനാകാശ-
വനിക തന്നിലൊരു താരമായ് തീർന്നിടാം.
ദീപക് ജി നായർ
കടലിൽ നിന്നൊരു തുള്ളി വറ്റിടും പോലെൻ ജന്മം
കരയിലിന്നൊടുങ്ങുമ്പോൾ, സർവ്വതുമതേപടി
കരഞ്ഞു മടുത്തവർ , ചിരിക്കാൻ തുടങ്ങുന്നു
തരിച്ചു നിന്നവർ വീണ്ടും , ചരിക്കാൻ തുടങ്ങുന്നു
തെളിഞ്ഞ സന്ധ്യാദീപം , അമ്മ തൻ നാമജപം
മുറ്റത്തൊരു മൺചെരാതെരിയുന്നുണ്ടെനിക്കാവാം.
കൂട്ടികൾ കൂട്ടം കൂടി കളിക്കുന്നുണ്ടുമ്മറത്തായ്
കൂട്ടുകാരെല്ലാം ദൂരയാത്ര പോയ് മടങ്ങുന്നു
പെണ്ണവൾ പെയ്തുതോർന്നു, ഉച്ചതൻ വെയിൽത്തീയിൽ
കണ്ണുകൾ വറ്റി, കൊടും കാട്ടുതീ പടർത്തുന്നു
ഹന്തയൊന്നടങ്ങി, വിൺതാരമായ് ചിരിക്കുമ്പോൾ
സന്തതം കാലചക്രം സർവ്വതും തിരിക്കുന്നു
ദീപക് ജി നായർ
മിഴികൂമ്പി, മരിച്ചു വീണ പ്രണയമേ ,
തരികിറ്റു കണ്ണുനീരെനിക്കെന്റെ
മരണത്തിലെങ്കിലും.
വഴിപോക്കനല്ലെന്റെ
ഹൃദയത്തിലെപ്പൊഴോ
കവിതയായ്
കത്തിപ്പടർന്ന നിൻ നൊമ്പരം
വരികളായൊഴുകിപ്പരന്നൊടുവിലാക്കടൽ
തിരകളായ് വീണലിഞ്ഞൊന്നായൊടുങ്ങവേ ,
മിഴികൂമ്പി, മരിച്ചു വീണ പ്രണയമേ
തരികിറ്റു കണ്ണുനീരെനിക്കെന്റെ
മരണത്തിലെങ്കിലും.
ദീപക് ജി നായർ
പറയാതെ വയ്യെനിക്കിനിയുമീ ജൂൺമാസ
മഴയിൽ കുളിച്ച വെൺപൂവേ
നിന്നുടലിൽ വീണൊഴുകിപ്പടർന്നൊരീ തുള്ളിപോൽ
കരളിൽ നീ പെയ്യാതെ പോയതെന്തേ?
മധു നുകർന്നീടുവാനല്ല നിൻ ജീവനിൽ
മധുരം വിളമ്പുവാനായിരുന്നു.
അധരച്ചുവപ്പു കണ്ടല്ലെന്റെ സിരകളിലെ
രുധിരത്തിളപ്പുകൊണ്ടല്ല
അറിയാതെയറിയുവാനായുന്നതിൻ മുൻപു
കൊഴിയാതെ കൊഴിയുന്നു സ്വപ്നം.
ദീപക് ജി നായർ
പൂക്കൾ ചിരിച്ചു മണക്കും വഴിയിൽ
മൊട്ടു കരിഞ്ഞ കരിന്തിരികൾ
കാക്കകളെച്ചിലുകൊത്തും വഴികൾ
കാത്ത ബലിച്ചോർ, കൈയ്യടികൾ !!
ആർക്കും വേണ്ടാതീച്ച പൊതിഞ്ഞൊരു
ആർഭാടത്തിനടുക്കളകൾ!
അത്താഴത്തിൻ അരിമണി കൊത്തുമൊ-
രമ്മക്കിളിതൻ പിൻവഴികൾ.
തേങ്ങലൊതുങ്ങിയൊരറകളിൽ നിന്നിര ,
തേടിയിറങ്ങിയ കാലടികൾ.
താങ്ങു തളർന്നവൾ തൻ അരവയറിനു
താങ്ങാകുന്നിരുൾ, ഇറയങ്ങൾ!
അഷ്ടി കളഞ്ഞും , അണികളിലാശയ -
മുഷ്ടി ചുരുട്ടിയ സമരങ്ങൾ
തുഷ്ടിയതിന്നണി ചേർത്ത പരാശ്രിതർ ,
രാഷ്ട്രീയത്തിരു തിമിരങ്ങൾ.
പഴിയതു മിഴിയിതിനാകാം, കണ്ടതു
പറയുക പാപവുമാകാം
പലമൊഴി സത്യവുമാകാം ,
പതിരിൽ അരിമണി കട്ടതുമാകാം.
ദീപക് ജി നായർ
തെക്കിനിമുറ്റത്തേക്കൊന്നു കാതോർക്കുക,
അവിടിപ്പൊഴും കാത്തുകിടപ്പുണ്ടാം നിന്നുടയവർ.
ഒന്നു പോകണമത്രടം വരെ, നെഞ്ചിൽ വിത്തുപാകി
മുളപ്പിച്ച ചെടികൾ തന്നിലകളെ തലോടണം,
അതിലൊരില നുള്ളിയമ്മയെ മണക്കണം,
ഒരു കണ്ണുനീർത്തുള്ളി മണ്ണതിൽ പൊഴിക്കണം.
അച്ഛനെ കാണാമപ്പോൾ വിണ്ണതിൽ തിളയ്ക്കു-
ന്നൊരുച്ചസൂര്യനായ്, വെയിൽക്കൈകളാൽ വരം തരും
ദീപക് ജി നായർ
മറവിതന്നോടാമ്പൽ നീക്കിയെന്നോർമ്മ തൻ
ഇടവഴിയിലൂടെ തിരിച്ചു പോകാം
അറിവിൻ പുലർച്ചയ്ക്കു മുൻപേയിരുട്ടിലൂ-
ടറിയാതെ പിന്നിട്ട വഴിയിലെല്ലാം
മുറിവിൽ നിന്നിറ്റ ചെഞ്ചോരക്കറയ്ക്കു മേൽ
കാലമേ നീ തന്ന മറവി മാത്രം
നട്ടുച്ചവെയിലാറി മങ്ങിത്തണുക്കവേ
നെട്ടോട്ടമോടിത്തളർന്ന ജന്മം
നഷ്ടക്കണക്കിൻ മണൽത്തരികളെണ്ണി
യിന്നസ്തമിക്കുന്നതീക്കണ്ണുനീരിൽ.
ദീപക് ജി നായർ
ജീവിതചക്രം
നീറിപ്പുകഞ്ഞിരിപ്പുണ്ടു കോലായിലായ്
ഓടിപ്പഴകിയോരസ്ഥികൂടം
കാലമൊന്നൊന്നായ് തിരിച്ചെടുത്തോർമ്മയും,
കാരിരുമ്പൊത്തൊരാ മെയ് മെഴുപ്പും
മനമതിൻ മുൻപേ പറന്നൊരീത്തനുവിലും
മരണം മറഞ്ഞിരിപ്പുണ്ടു നൂനം
പടികടന്നെത്തുന്ന പാശക്കുരുക്കതിൽ
ഉടലുടുപ്പൂരിയിട്ടകലെയെങ്ങോ
ഉയിരിനായ് കാക്കുന്ന മാംസപിണ്ഡത്തി-
ലേയ്ക്കലിയേണമവിടെപ്പിറന്നിടേണം.
ദീപക് ജി നായർ