കാടു കയറുന്നു ഞാൻ
പേടിയാണുച്ചക്കു പോലു-
മിവിടൊറ്റയ്ക്കു പോകുവാനായ്.
കാര്യമറിയാത്തവരാണവരെങ്കിലും
പോരിനായ് മുന്നിൽ വഴിമുടക്കും
പേരിലാണിപ്പൊഴും കാര്യം, പ്രവൃത്തികൾ-
ക്കാരുണ്ട് പേരു കൊടുത്തിടുന്നു.
അമ്മ തൻ ജാതി,യതിനുള്ളിൽ കുരുങ്ങി നാം
ഉണ്മകൾ മണ്ണിൽ കുഴിച്ചു മൂടി
ചെന്നിണച്ചൂരു മണക്കുന്നു ചുറ്റിലും
കണ്ണിൽ പുകയുന്നതാത്മരോഷം
കാടു കയറുന്നു ഞാൻ,
കാട്ടാളരില്ലാത്ത കാടിന്റെ പച്ചകൾ
കണ്ടു മദിക്കുവാൻ.
കാടു കയറുന്നു ഞാൻ.
കാട്ടാറിൽ മുങ്ങിക്കുളിച്ചു , പൂങ്കാറ്റിന്റെ
പാട്ടിന്നു താളം പിടിച്ചുറങ്ങാൻ.
കാടു കയറുന്നു ഞാൻ
കാട്ടുപൂവേ നിന്റെ തേനല്ല ,
തേങ്ങൽ തുടച്ചൊതുക്കാം.
കാടു കയറുന്നു ഞാൻ നാടേ
നിനക്കായി നേരുന്നു നന്മകൾ, പോയ് വരട്ടെ
ദീപക് ജി നായർ
No comments:
Post a Comment