Wednesday, November 1, 2017

ചിരിപഥങ്ങളിൽ

ചിരിയൊടുങ്ങാതിരിക്കട്ടെ ജീവിതം
ചിതയിലൊരു പുകച്ചുരുളായിടും വരെ
കരയുവാനുള്ള കാരണം തേടി നാം
ചിരിപഥത്തിലൂടുഴറുന്നതെന്തിനായ്?
മരണമെത്തുന്ന നേരത്തുമോർമ്മ തൻ
മധുരമൂറ്റി, ചിരിക്കുവാനാകണം
ചകിത സന്ധ്യകൾ ചോരതുപ്പുമ്പൊഴും
കുപിതയൗവ്വനക്കനലു കത്തുമ്പൊഴും
കപടനീതികൾ വിരലുചൂണ്ടുമ്പൊഴും
കഴലുനീറിപ്പൊതിഞ്ഞു നില്ക്കുമ്പൊഴും
കരുതിവയ്ക്കേണമധരത്തിലെപ്പൊഴും
തിരിതെളിച്ച പോലൊരു കെടാപ്പുഞ്ചിരി.
ചിരിയൊടുങ്ങാതിരിക്കട്ടെ ജീവിതം
ചിതയിലൊരു പുകച്ചുരുളായിടും വരെ
കരയുവാനുള്ള കാരണം തേടി നാം
ചിരിപഥത്തിലൂടുഴറുന്നതെന്തിനായ്?

ദീപക് ജി നായർ

No comments:

Post a Comment