Sunday, January 12, 2014

കാമം


കാമം 

കുഞ്ഞുവയർ വിശന്നേങ്ങിക്കരഞ്ഞിടും
കുഞ്ഞിനെ തോളിലുറക്കി മെല്ലെ
കാലണയ്ക്കായി കരം നീട്ടിയാനിര-
ത്താകവേ കാൽ വലിച്ചേന്തി നീങ്ങും
കാതരയാണവളമ്മയാണാമനസ്സാ-
കവേ നീറുന്ന കനവു മാത്രം

ചേല തൻ തുമ്പാൽ തടുത്തവൾ
മാറിലേക്കാഴ്ന്നിറങ്ങുന്നെത്ര കൂരമ്പുകൾ
ഒട്ടിയാവയറുകൾ കാണാതെ കണ്ണുകൾ
തെറ്റി തെറിക്കുന്നിടങ്ങളെല്ലാം
കാണാതെ കണ്ടവൾ നാണം മറയ്ക്കുവാൻ
കീറിയ ചേല വലിച്ചൊതുക്കി

നാണയത്തുട്ടിനായ് നീട്ടിയാക്കൈകളിൽ
നാണമില്ലാതവർ തൊട്ടു മെല്ലെ
നാരിയല്ലെങ്കിലും സാരിയുടുക്കുകിൽ
കാമം മുളയ്ക്കുന്ന കാട്ടുജന്മം!


ദീപക് ജി നായര്‍ 

Saturday, January 11, 2014

പ്രണയിനി

പ്രണയിനി 

രാവിലീ കുളിരിൽ  ഞാൻ  മൂടിപ്പുതക്കുമീ
സ്നേഹകംബളച്ചൂടിൽ ചൂര് നിറച്ചു നീ
ദൂരെയെങ്ങോ നിന്നു മന്ദഹസിക്കവേ ,
താരക പ്രകാശമായണയും നിലാവിൽ നീ
താമരയിതൾ പോൽ എന്നിൽ നിറയും സുഗന്ധമായ്‌
കാർമേഘക്കൂന്തലഴിച്ചാമോദം കുളിർ പെയ്യിച്ചാ -
നന്ദ മഴയായ് എന്നിൽ ആകവേ നിറഞ്ഞു നീ
പകലിൽ  നിൻ പരിഭവ ഭാവങ്ങൾ പകർന്നുഗ്ര
ഇടിയായ്, മിന്നലായ്  മുഖപങ്കജം ചുവക്കവേ
കരച്ചിൽ പാതിയിൽ നിറുത്തി നീ ചിരിയാൽ
തെളിക്കും മഴവില്ലിൻ പ്രണയ വർണ്ണങ്ങളായ്
തിരശീല മറ നീക്കിയുദിക്കും സൂര്യാഗ്നിയായ്
തിരയടിച്ചുയരുന്ന സ്നേഹത്തിൻ കടലു പോൽ
കള കളം പാടിപ്പുലർ സന്ധ്യയിൽ ഉണർത്തുന്ന
കിളികളായ്, കനവിൽ നീയവതരിക്കുന്നൂ നിത്യം

ദീപക് ജി നായര്‍