Saturday, July 26, 2014

ദൃഷ്ടിദോഷം

ദൃഷ്ടിദോഷം
----------------------
അന്നൊരു തൃസന്ധ്യയിലെന്‍ പടിവാതിൽക്കൽ
വന്നംബരച്ചുവപ്പും കണ്ടമ്പരന്നിരിക്കുമ്പോൾ
എങ്ങു നിന്നെങ്ങോ നീണ്ടു പോകുമീപ്പാതയോര-
ത്തമ്പിളിപ്പാലാഴിപോൽ നിന്നവൾ ചിരിക്കുന്നു.
കണ്ണുകൾ വിടർത്തിച്ചേലൊത്തവൾ നടക്കുമ്പോൾ
കണ്ണിണ പോലും ഇമചിമ്മുവാൻ മടിക്കുന്നു
അന്തികത്തണയുമ്പോളെന്നകം തുടിക്കുന്നൂ
സുന്ദരീതിടുക്കത്തിൽ എങ്ങു നീ ഗമിക്കുന്നൂ ?
കണ്ടതു പോരെന്നുള്ളം കുണ്ഠിതപ്പെടുന്നെന്റെ
കണ്ണില്‍നിന്നെങ്ങോ ദൂരത്തെന്തിനായ് മറയുന്നു
മെല്ലെയൊന്നെഴുന്നേറ്റു കണ്ണുകള്‍ക്കൊപ്പം നടന്ന
ന്തരാല്‍ ആശിച്ചൊന്നു കാണുവാന്‍ കഴിഞ്ഞെങ്കില്‍
സത്വരം നടക്കുമ്പോള്‍ അല്‍പദൂരത്തായ്ക്കണ്ടു 
കൊച്ചൊരാള്‍ക്കൂട്ടം മുന്നിലെത്തി ഞാന്‍തിടുക്കത്തില്‍
ഒറ്റനോട്ടത്തില്‍ മനംപൊട്ടിരണ്ടായിപ്പിളര്‍ന്ന-
ട്ടഹസിച്ചൂ ദിക്കും, അര്‍ക്കനും മറയുന്നൂ ..
ശുഭ്രമാം മന്താരത്തിന്‍ ദളങ്ങള്‍ ചുവന്നെത്ര
ക്ഷുദ്രജീവികള്‍ ചിത്രം പകര്‍ത്താന്‍ തിടുക്കുന്നു
ഒട്ടൊന്നു കുനിഞ്ഞെടുത്തെന്‍മടിത്തട്ടില്‍ വച്ചു
മുത്തമൊന്നേകി നെറ്റിതന്നിലായ്, വിടചൊല്ലി
ദൃഷ്ടിദോഷത്താലാകാം മൊട്ടിവള്‍ കരിഞ്ഞിത്ര
പെട്ടെന്നതോര്‍ത്തെന്‍ മനമഗ്നിയില്‍ തിളയ്ക്കുന്നു.

ദീപക് ജി നായര്‍

തിരിച്ചറിവ്

തിരിച്ചറിവ്
-------------------------
ആയതില്ലന്നു നല്കുവാനിത്തിരി,
സ്നേഹമീ മണ്ണില്‍ ജീവിച്ചിരിക്കവേ
കാലമെത്ര കടന്നു പോയിന്നു നിന്‍
കാര്യമോര്‍ക്കാതിരിക്കുവാന്‍ വയ്യെനി- 
യ്ക്കഴലുതീര്‍ത്തൊരീത്തിരകളില്‍ മുങ്ങിവന്നൊ-
രുപിടിച്ചോറിലെന്‍കണ്ണുനീരുപ്പുമ-
വനിതന്നിലായ് ചെയ്ത പാപങ്ങളും,
കഴുകി ബന്ധിച്ചു കര്‍മ്മധര്‍മ്മങ്ങളെ-
ക്കരുതിയര്‍പ്പിക്കുമീ ബലിച്ചോറില്‍ നിന്ന-
രികില്‍ വന്നൊരു വറ്റു നീ കൊത്തണേ.
ഉടലുമാത്രം കറുത്ത നിന്‍ നോട്ടമെന്നുയിരു
കൊത്തിവലിക്കുമ്പോളെങ്കിലും,
ഉലകിലറിയാതെ ചെയ്ത പാപങ്ങളില്‍ 
ഉരുകുമോര്‍മ്മ തന്‍ കണ്ണീരുണങ്ങണേ.

ദീപക് ജി നായര്‍

Monday, July 21, 2014

അഹന്ത

അഹന്ത
------------------
ഞെട്ടറ്റു വീണു ഞാന്‍ മണ്ണില്‍ പതിക്കവേ
പൊട്ടിച്ചിരിക്കുന്നു പൂക്കളെല്ലാം
ഒട്ടുനാള്‍ മുന്‍പൊരു മൊട്ടായിരുന്നു ഞാന്‍
പൊട്ടിവീണെത്രയോ കൊച്ചുപൂക്കള്‍!
കണ്ണുകള്‍ ചിമ്മിത്തുറന്നു ചിരിച്ചു ഞാന്‍
മണ്ണില്‍പ്പതിച്ചവര്‍ ഭാഗ്യഹീനര്‍.
വിണ്ണുപൊഴിച്ചോരീ കണ്ണീര്‍മഴത്തുള്ളി-
തന്നില്‍ ഒലിച്ചുപോയ് ആ സുമങ്ങള്‍ ..
കണ്ടും, ചിരിച്ചും, കളിപറഞ്ഞും, ചെടി-
ത്തണ്ടിലായ് തണ്ടോടുലഞ്ഞു കാറ്റില്‍.
കാറ്റിന്‍ ഗതിയൊന്നു മാറി, കരിനിഴല്‍
വീഴ്ത്തി, മദം പൂണ്ട കരികണക്കേ,
വേട്ടമൃഗം പോലെയെന്‍ ചെടിത്തണ്ടിലേ-
ക്കാര്‍ത്തിയായ്, വീശിയടിച്ചു വേഗാല്‍
ഞെട്ടിത്തരിച്ചു വിറച്ചു നില്‍ക്കേയെന്റെ
ഞെട്ടറ്റു പോയ്‌, നിപതിച്ചു മണ്ണില്‍.
വിണ്ണുമീ മണ്ണും ചിരിച്ചുരസിക്കവേ
കണ്ണില്‍ നിന്നിറ്റുവീണെന്നഹന്ത.
    
ദീപക് ജി നായര്‍ 

Saturday, July 5, 2014

യാത്രാമൊഴി

യാത്രാമൊഴി
--------------------------
പോകുവാന്‍ ഒരുക്കങ്ങള്‍ തുടങ്ങാം, പുലരും മുന്‍പാരുമേ
അറിയാതെ പോകണം തിടുക്കത്തില്‍.
ആവതില്ലനവധി നോട്ടങ്ങള്‍, ചോദ്യങ്ങളും,ആധിയാല്‍
നിറയും നിന്റെ മിഴികളും കണ്ടീടുവാന്‍ .
ഓലതന്നുണങ്ങിയ കീറുകള്‍ക്കിടയിലായ്,തേങ്ങലിന്‍
കണ്ണീര്‍മഴ മുത്തുകള്‍ പൊഴിക്കുന്നു.
തോളിലായ് തൂങ്ങും  തുണി സഞ്ചിയില്‍ നിറയ്ക്കുവാന്‍,
കീറാത്തതായിട്ടൊന്നും ഇല്ലയെങ്കിലും, നെഞ്ചില്‍
താങ്ങാത്ത ഭാരത്തിന്റെ സഞ്ചിയും മുറുക്കിഞാന്‍
കാണാത്ത ലോകത്തേക്കായ് ഗമിക്കാന്‍ തുടങ്ങട്ടെ..
അമ്മതന്‍ കാലില്‍ തൊട്ടു കണ്‍കളില്‍ നിറയ്ക്കട്ടെ
കുഞ്ഞിന്റെ ചിരിത്തൂവല്‍ ഒന്നു ഞാന്‍ എടുക്കട്ടെ
നിന്റെയാ നെഞ്ചിന്‍ ചൂടില്‍തിളയ്ക്കും സ്നേഹത്തിന്റെ
നൊമ്പരപ്പൂന്തേന്‍ മധു ഒന്നു ഞാന്‍ രുചിക്കട്ടെ
ഭീരുവായ് മുദ്രചാര്‍ത്തിമറക്കാം നിനക്കെന്നെ
ധീരയായ് വാഴാന്‍ മമമംഗളാശംസകള്‍ ..

ദീപക് ജി നായര്‍