Tuesday, October 20, 2015

ആ൪പ്പുവിളികളല്ല,
അടക്ക൦ പറച്ചിലുകളായിരുന്നു എനിയ്ക്കെന്നു൦ ഊ൪ജ്ജ൦ പക൪ന്നത്..
ദീപക് ജി നായ൪
ചേ൪ത്തുപിടിക്കുന്തോറു൦ ചോ൪ന്നുപോകുന്നു..
ഓ൪ത്തെടുക്കുമ്പോഴേക്കും ഒലിച്ചുപോകുന്നു..

ദീപക് ജി നായ൪

ഫ്ളാസ്ക്ക്

ഫ്ളാസ്ക്ക്

ഉള്ളു പൊള്ളുമ്പോഴു൦ പുറമേ സാന്ത്വനത്തിന്റെ തണുപ്പു തരുന്നു..
അച്ഛന്റെ നെഞ്ചകം പോലെ...

ദീപക് ജി നായ൪
എന്നേക്കുമായി നിന്റെ മുന്നിൽ 
മനസ്സിന്റെ വാതിൽ കൊട്ടിയടക്കേണ്ടി വന്നെങ്കിലും 
ഒരു താക്കോൽപ്പഴുതിനായി തിരയുകയായിരുന്നു ഞാ൯..
ദീപക് ജി നായ൪
തങ്ങൾക്കു കാണുവാനാകാത്ത പുറംലോകം, താമരത്തണ്ടുതാങ്ങി പൂമകൾക്ക് കാട്ടിക്കൊടുക്കുന്നുണ്ട്, കുളത്തിലെ ചെളി..
ഇളംകാറ്റിൽ മതിമറന്നാടി, ഒരു താമരപ്പൂവും...

ദീപക് ജി നായ൪
മനസ്സിന്റെ ഭാരത്തിന് കടലാഴങ്ങളിലേക്ക് കൈപിടിച്ച് നടത്താനാകില്ല പോലും..
പേരെഴുതിയ ഒരു തിര വരുമത്രേ..!!
പേടിതീ൪ത്ത്, പേരറിയാത്തിടത്തേക്ക്, തോളിലേറ്റിപ്പോകാ൯..
ദീപക് ജി നായ൪
മുകളിലാകാശം, താഴെ ഭൂമി..
ഇടയിൽ വേവാത്ത സ്വപ്നങ്ങളുടെ അഗ്നിയിൽ തിളയ്ക്കുന്നുണ്ട്,
കണ്ണീരുപ്പുചേ൪ത്ത ഒരുപിടി കല്ലരി.
എവിടെയോ വഴിതെറ്റിനിന്ന കാ൪മേഘത്തെ, ഉറങ്ങിപ്പോയ കുഞ്ഞുപ്രതീക്ഷകൾക്കുമേൽ പെയ്തിറക്കുന്ന കുസൃതിക്കാറ്റും..
പഞ്ചഭൂതങ്ങളുടെ ഭീകരസങ്കലനം..

ദീപക് ജി നായ൪
കഴിഞ്ഞ വസന്തത്തിൽ പൂചൂടിനിന്ന ഓ൪മ്മകളെ മനസ്സിലിട്ട് താലോലിക്കുന്നുണ്ട്,
ഇലകൊഴിഞ്ഞൊരീ ഒറ്റമരം..
ഇനിയൊരു പൂക്കാലം തനിക്കില്ലെന്ന തിരിച്ചറിവോടെ..
ദീപക് ജി നായ൪
ഒന്നാമന്‍
----------------
നീ തന്നെയായിരുന്നു എന്നും ഒന്നാമന്‍...
നാരായണന്‍ കുട്ടി മാഷിന്റെ വിസില്‍ കേട്ടതും പടക്കുതിരകണക്കേ നീ കുതിച്ചപ്പോള്‍,
ഞാന്‍ എണ്ണാന്‍ തുടങ്ങി..
അന്നും പതിനഞ്ചെത്തും മുന്‍പേ നീ ഒന്നാമനായി ലക്ഷ്യം കണ്ടുകഴിഞ്ഞിരുന്നു...
പിന്നീട് പലവട്ടം എന്റെ ചങ്ങാതീ നീ ഞങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്...
എന്നാല്‍ ഇതല്പം കടുപ്പമായിപ്പോയി...
കഴിഞ്ഞ രണ്ടു ദിവസമായി ഈ പുഴക്കരയില്‍ നീ അഴിച്ചു വച്ച വസ്ത്രങ്ങളുമായിരുന്ന്
ഞാന്‍ എണ്ണാന്‍ തുടങ്ങിയിട്ട്..നിന്റെ കൂടെ നീന്തല്‍ മത്സരത്തിനിറങ്ങിയ എല്ലാവരും
തോറ്റു തുന്നം പാടി തിരികെയെത്തി...ഇവിടെയും എന്റെ ചങ്ങാതീ, നീ തന്നെ ജയിച്ചിരിക്കുന്നു...
നീ ജയിച്ചു വരുന്നതു കാണാന്‍ ഒത്തിരി ആളുകള്‍ തടിച്ചു കൂടിയിട്ടുണ്ട്....
എഴുപത്തിരണ്ടു മണിക്കുറിന്റെ റെക്കോര്‍ഡ് നിനക്കു തന്നെ..
തെറ്റാതെ ഞാന്‍ എണ്ണിക്കൊണ്ടേയിരിക്കാം,
ഈ മൂന്നാംപക്കത്തില്‍ നീ ജയിച്ചു വരുന്നതും കാത്ത്...
ദീപക് ജി നായര്‍
സ്വപ്നങ്ങൾ ഇടയ്ക്കിടെ മേയാ൯ വരുമ്പോൾ, അല്പം ഭയവും, കുറച്ച് പ്രതീക്ഷയും ബാക്കി വയ്ക്കാറുണ്ട്.. രണ്ടും ഇല്ലാതാക്കുന്നത് ഇന്നിന്റെ നല്ല കുറേ നിമിഷങ്ങളെയാണ്....

ദീപക് ജി നായ൪
ഓ൪മ്മകൾ ഒലിച്ചിറങ്ങുന്നത് പലവിധത്തിലാണ്...
നെറുകയിൽ പതിഞ്ഞ ചുണ്ടുകളിലെ പുകയിലഗന്ധമായും,
നെഞ്ചിൽ ചേ൪ത്തു വച്ച ഉത്ക്കണ്ഠയുടെ ഹൃദയതാളമായും,
തുടയിലെ ചൂരൽപ്പാടുകൾ തെളിയിച്ചു തന്ന വഴിവിളക്കുകളായും,
ഒഴിഞ്ഞു കിടക്കുന്ന ചാരുകസേരയിലെ എണ്ണക്കറുപ്പായും,
നെല്ലിക്കാമധുരം നാവിൽ ബാക്കിവച്ചുപോയ സ്നേഹശകാരങ്ങളായും....
തൊട്ടറിയാനാകാത്ത ഒരു നിഴൽരൂപമായി...
ഓ൪മ്മകൾ ഇപ്പോഴും ഒലിച്ചിറങ്ങുന്നു...

ദീപക് ജി നായ൪
ഉച്ചവെയിൽച്ചൂടിൽ ഉരുകിവീണ, സൗഹൃദച്ചങ്ങലയിലെ ഒരു കണ്ണിയാണ് നീ..
അസ്തമനത്തിനു മു൯പേ വീണ്ടുമൊരു വിളക്കിച്ചേ൪ക്കലിനായി കൊതിക്കുന്നുണ്ട്,
ഈ ചങ്ങാതിക്കൂട്ടങ്ങൾ!!
ദീപക് ജി നായ൪
പണമില്ലാത്തതുകൊണ്ട് നിന്നെ വിട്ടുകൊടുക്കില്ലെന്ന്, ആശുപത്രിവരാന്തയിലെ ഒടിഞ്ഞ ബഞ്ച്, വാ൪ഡിലെ പഴകിയൊട്ടിയ പഞ്ഞിക്കിടക്കയോട്...
താലിപ്പൊന്ന് പണയത്തിനെടുക്കില്ലെന്ന് ഗ൪വ്വോടെ തൂങ്ങിയാടുന്ന ബോ൪ഡ്..
നാളത്തെ പത്രത്തിലെ ചരമതാളിൽ, രണ്ട് കോളം ഒഴിച്ചിട്ട് കാത്തിരിക്കുന്ന നേരിന്റെ പകരക്കാര൯...
ദീപക് ജി നായ൪
അടയുന്ന വാതിലുകളൊന്നായ് തുറന്നതും,
ഇരുളിലൊരു തിരിവെട്ടമായ് , വഴിതെളിച്ചതും,
ഇഴയുന്ന കാലുകൾക്കൂ൪ജ്ജം പക൪ന്നെന്റെ,
ഇടറുമിടനെഞ്ചിന്നു കൂട്ടായിരുന്നതും,
ഏതൊന്നതിന്നു ഞാ൯ പേ൪ ചൊല്ലുമീശ്വര൯!
നേ൪കണ്ട നേരിന്റെ നരനാരി രൂപികൾ!!
ദീപക് ജി നായ൪
ഇനിയെത്ര ദൂരം പറക്കുവാനാകുമെന്നൊ -
രു മാത്ര പോലും നിനയ്ക്കുവാനാകാതെ
വഴിവക്കിലകലെയായ് നിലതെറ്റി വീഴുന്നു
ചിറകറ്റുപോയ നിശാശലഭം

സമദൂരമോപ്പം പറന്നവനിന്നു തന്‍
കരളിലൊരണുവായ്‌ പ്രാപിച്ചതറിയാതെ,
മേയുവാനേകയെന്നറിയാതെ, പിന്നെയും
തനുവിലൊരനുരാഗലോലയായ്ത്തീര്‍ന്നവള്‍

വരുമോരു കാലമീ ജീവനും തൂക്കി
വിപണിയിൽ നീ വിറ്റു പണമാക്കി മാറ്റും
വിലപിക്കുവാനും കഴിയാതെ നിശ്ചലം
 ശരമേറ്റു പിടയും പക്ഷിയായുലകിൽ

വേണ്ടയെനിക്കെന്റെ സ്വപ്ന മഞ്ജങ്ങളും
വെട്ടിത്തിളങ്ങുന്ന തൂവലെന്നാകിലും
കത്തിക്കരിയട്ടെ കാണാപതംഗങ്ങൾ
മുഗ്ധയാണെങ്കിലും തീരട്ടെ ജന്മം

ദീപക് ജി നായര് 

Sunday, May 24, 2015

ചവിട്ടിനില്ക്കുന്നതെവിടെയെന്ന് ഒരോ൪മ്മിപ്പിക്കലാണിത്...

ദീപക് ജി നായര്‍ 
ഒരുചിരിയിൽ തുടങ്ങുന്ന സൗഹൃദം
ഒരുചിരിയിൽ ഒതുങ്ങുന്ന സൗഹൃദം
ഇടയിൽ ഇഴയടുപ്പം അളക്കുന്നു,
ഒരു കണ്ണുനീ൪ത്തുള്ളി...
ദീപക് ജി നായ൪
കൈനീട്ടി നില്ക്കുന്നു ഒരുപാതി
കണ്ണുകളുരുട്ടുന്നു മറുപാതി
ചരടുവലിച്ചുകൊണ്ട് തമ്പ്രാന്റെ തെരുവുനാടകം!!!
ദീപക് ജി നായ൪

Saturday, May 23, 2015

വെയിലിന്റെ കുട ചൂടി
മഴകൊള്ളാതെ സൂക്ഷിച്ച മനസ്സ്,
വയറിനെ ബാലവേല ചെയ്യിക്കാതെ
മൂന്നുനേരം കുടിച്ചിറക്കിയ പച്ചവെള്ളത്തിന്റെ മധുരം
തളര്‍ന്നു പോയ വാത്സല്യത്തിന്റെ
തുളഞ്ഞു കയറിയ നിശ്വാസത്തില്‍
അലിഞ്ഞു പോയ താരാട്ട്,
അടിവയറിലിഴഞ്ഞ സര്‍പ്പങ്ങള്‍ കണ്ട
നാളെയുടെ നിറവയര്‍ സ്വപ്ങ്ങള്‍,
വരണ്ടകാറ്റിന് ഇരുട്ടില്‍ കിട്ടിയ ഉപ്പുമ്മ,
ബാല്യം - കാലത്തിനും മായ്ക്കാനാവാത്ത മൂല്യം!!
ദീപക് ജി നായര്‍




Thursday, April 2, 2015

മരം പെയ്തുതീരും മു൯പേ മഴയെത്തുന്നു വീണ്ടും,
പെയ്തുകൊണ്ടേയിരിക്കുകയെന്നത്
എനിക്കു മാത്രം കിട്ടിയ ജന്മാവകാശം

ദീപക് ജി നായ൪
പകൽച്ചൂടിലെ അസ്വസ്ഥകളിലേക്ക് പെയ്തിറങ്ങി,

രാത്രിമഴയുടെ സാന്ത്വനം

ദീപക് ജി നായ൪
പലചരടിൽ കൊരുത്ത പട്ടമാണെങ്കിലും
പൊട്ടില്ലെന്ന വിശ്വാസം, ഒന്നിൽ മാത്രം..

ദീപക് ജി നായര്‍
നാളെയുടെ ആവലാതികളിലേക്ക്,
ഇന്നിന്റെ നെഞ്ചുകീറി പ്രയാണം

ദീപക് ജി നായ൪
ഇനിയൊന്നു തിരിഞ്ഞു നടക്കണം...
 
കൊഴിഞ്ഞുപോയ പൂക്കളുടെ മണം പിടിച്ച്,
ഉടലില്ലാത്ത നിഴലുകളുടെ കൈപിടിച്ച്,
ഓരോ ഇടവഴികളിലും വീണുപോയതെല്ലാം പെറുക്കിയെടുത്ത്..


ഓ൪മ്മകളിലലിഞ്ഞ് ഒരു തിരിച്ചുപോക്ക്..

ദീപക് ജി നായ൪
 

Saturday, March 28, 2015

തിരയുന്നതെന്തു നീ ഉണ്ണീ , നിരത്തിലെ
ചവറുകൂമ്പാരത്തിനുള്ളില്‍
നുരയുന്ന പാല്‍മണം ഉറയുന്ന കുപ്പി-
യൊന്നതിനുള്ളില്‍ നീ കണ്ടെടുത്തൂ
അറിയാതെ ചുണ്ടോടടുപ്പിച്ചു ചേര്‍ത്തതില്‍
അമൃതേകുമമ്മ തന്‍ ഗന്ധം.
നിറയുന്നുവോ കുഞ്ഞുമിഴികളിന്നാര്‍ദ്രമായ്
നിറമുള്ള ഓര്‍മ്മയായ് അമ്മ.
കരിനിഴല്‍ വീഴ്ത്തുന്ന കരിമേഘവണ്ടുകള്‍ -
ക്കിടയിലൂടച്ഛന്‍ ചിരിച്ചു.
നരിയോരി താരാട്ടു പാട്ടായ്, നിനക്കു പുല്‍-
ത്തകിടി പൂമെത്തയായ് നിത്യം.
കുന്നിന്‍ ചരുവിലെ കൂട്ടാളിമീനുകള്‍-
‍ക്കുണ്ണിയായ് ചെമ്മേ ചിരിച്ചൂ
മണ്ണില്‍ കളിച്ചു നീ , മണ്ണിന്‍ മണം പേറി
മന്നിന്‍റെ മകനായ് വളര്‍ന്നൂ 

ദീപക് ജി നായര്‍






 

Friday, March 27, 2015

ഭ്രൂണമായുറങ്ങുന്ന മകളേ,  നിനക്കായ് ഞാൻ
ഭൂവിതിൽ ഒരുക്കട്ടെ, കൂരിരുൾ തടവറ
താമരമൊട്ടായ് മുന്നിൽ വിടരും ദിനം കാത്തു
കാത്തു ഞാനിരിക്കുന്നീ കൂട്ടിലിന്നുറങ്ങാതെ
കൂർത്തമുൾനഖം നീട്ടി കഴുകന്മാരീ കൂട്ടിൻ
ചോട്ടിലായ് ഇരിപ്പുണ്ടിന്നാദ്യരോദനം കേൾക്കാൻ.
പേറ്റുനോവാറും മുൻപേ തേറ്റയില്‍ കൊരുക്കാന്‍ചെ-
ന്നായ്ക്കളീയിരുട്ടില്‍ പാര്‍ത്തിരിക്കും നേരം കുഞ്ഞേ
കാട്ടുതീപോലേ, ചുറ്റും പരക്കും കാമത്തിന്റെ
വീട്ടുമുറ്റത്തേക്കാകാം ആഗമിപ്പതും പെണ്ണേ
പകലോനൊപ്പം മനസ്സിരുട്ടില്‍ തളയ്ക്കുന്നോര്‍
തിളപ്പാലുടൽ കൊതിച്ചെത്തിടാമെന്നാലും നിൻ
മനസ്സിന്‍ മതില്‍ക്കെട്ടിന്‍ ചുറ്റിലും കെടാതഗ്നി-
ജ്ജ്വാലയായ് പടര്‍ത്തി, പന്നഗത്തിന്‍ പക നീറ്റി
വിഷത്തിൻ ഫണം നീട്ടി, കഴുത്തിൽ കുരുക്കിക്കണ്‍ -
കോണിലായ്, അവസാനചുംബനം കൊടുക്കുക.
ഭ്രൂണമായുറങ്ങുന്ന മകളേ,  നിനക്കായ് ഞാൻ
ഭൂവിതിൽ ഒരുക്കട്ടെ, കൂരിരുൾ തടവറ
താമരമൊട്ടായ് മുന്നിൽ വിടരും ദിനം കാത്തു
കാത്തു ഞാനിരിക്കുന്നീ കൂട്ടിലിന്നുറങ്ങാതെ.

ദീപക് ജി നായര്‍



  



















 

Sunday, March 8, 2015

കാലിൽ മുള്ളുകൊണ്ടു  കുട്ടൻ
കട്ടിലിൽ കിടക്കുന്നു
കാരണം തിരഞ്ഞു വന്നോർ
ക്യാമറ തെളിയ്ക്കുന്നു
വഴിയെ പോയ കാലനെ
കണ്ണുകാട്ടി വിളിയ്ക്കുന്നു
മുള്ളെടുത്തു മാറ്റി വൈദ്യർ
'ബുള്ളറ്റെ'ന്നു വിധിക്കുന്നു
എട്ടിന്റെ 'ന്യൂസിൽ' കുട്ടൻ
ഫോട്ടോയിൽ ചിരിക്കുന്നു
കട്ടിലിൽ കിടന്നിട്ടോ
കുട്ടനും ചിരിക്കുന്നു

ദീപക് ജി നായർ 

Saturday, March 7, 2015

നിറങ്ങളിൽ നിറം ചേർത്ത്
കറുത്തു പോയതും  ജീവിതം
നിറങ്ങളില്ലാതെ വിളറി
വെളുത്തതും ജീവിതം
കറുപ്പിനും വെളുപ്പിനുമിടയിൽ
ചായം തിരയുന്നതും  ജീവിതം
നിറങ്ങൾ ചാലിച്ചു വച്ച്
ക്യാൻവാസിനു മുന്നിൽ
പകച്ചു നിന്നതും ജീവിതം

ദീപക് ജി നായർ





 

Tuesday, February 17, 2015


ഉലയിലിരുമ്പുപോലെന്നും
ഉരുകിയൊലിച്ചവന്‍  
അരവയറന്നത്തിനായ്, ഉലകില്‍
ഉഴറിയൊടുങ്ങിയോന്‍
പണമതിലന്ധനായവന്‍ തന്‍
പകയിലെരിഞ്ഞു തീര്‍ന്നവന്‍
ശൂലിയെന്നു നിനച്ചേ, സ്വയം
ശൂലമെടുത്തൊരാൾ തൻ  മുന്നില്‍
ഭക്തിയോടല്ലാതെ  , ഭയ
ചിത്തനായ് ഇരന്നവന്‍
കാവലായ് കവാടത്തില്‍
കാലരൂപത്തോടേറ്റം
ഭീതിയോടായുസ്സിന്നായ്
കേണപേക്ഷിച്ചിട്ടുണ്ടാം.
പാതകപ്പാപത്തിന്റെ
തോതളന്നീടാൻ പണം
തോരണം തൂക്കും  നീച
വർഗ്ഗമേ അറിഞ്ഞാലും
അടിമയല്ലാരും ഭൂവിൽ
തുടലിട്ടു തളച്ചീടാൻ 
ഉടവാളുകൊണ്ടാലേതോ-
രുടലും പിളർന്നേ പോകും.

ദീപക് ജി നായർ 























 

Monday, February 16, 2015

മതഭ്രാന്ത്
 
വിടരും മുന്‍പേ നൂലില്‍ കോര്‍ത്തെടുക്കപ്പെട്ട പൂവുകള്‍..
 
ഇതളുകള്‍ കൊഴിഞ്ഞ്, ഉടലുകീറും വരെ തളയ്ക്കപ്പെട്ട ശാപജന്മങ്ങള്‍..
 
വിടരും മുന്‍പേ കൊഴിഞ്ഞ കുറേ തെരുവുപൂക്കളും..
 
നാരുകളില്‍ കുരുങ്ങാത്ത ഭാഗ്യജന്മങ്ങള്‍...

പാതികോര്‍ത്ത മാലയുമായി പരക്കം പായുന്ന കുരുടന്മാര്‍...

ദീപക് ജി നായര്‍
അവന്‍ വളരുകയാണ്...

ചുറ്റും കാണുന്നതെല്ലാം അവനിപ്പോള്‍ സ്വയം ചെയ്യുന്നുണ്ട്, മിടുക്കന്‍.
രാവിലെ കുളിച്ച് നെറ്റിയില്‍ ചന്ദനം തൊട്ട്, മെഴുകുതിരിയ്ക്കു മുന്നില്‍ മുട്ടുകുത്തിയിരുന്ന്, തല മുന്നോട്ടാഞ്ഞ്...
മിടുക്കന്‍!!
...
ദീപക് ജി നായര്‍
തൊണ്ടയില്‍ നീരിറ്റിച്ചില്ലെങ്കിലെന്താ,
ആണ്ടോടാണ്ട്, കിണ്ടിയില്‍ നീരിറ്റിക്കണം..

ദീപക് ജി നായര്‍
നിന്നിലേക്കു മാത്രം മനസ്സിനെ കൂര്‍പ്പിച്ചു വയ്ക്കുമ്പോളെല്ലാം,
നിനക്കു പിന്നില്‍ ഞാനൊളിപ്പിച്ചു നിര്‍ത്തിയ നിഴലുകളിലേയ്ക്ക്
അത് അറിയാതെ തെന്നിപ്പോകുന്നു...

ദീപക് ജി നായര്‍
ചുറ്റും ചീറിപ്പാഞ്ഞ കല്ലുകള്‍ക്കിടയില്‍
ഒരഭ്യാസിയെപ്പോലെ ചിരിച്ചു നില്ക്കുന്നൊരു പുളിമരം..
പുളികിട്ടാത്ത അമര്‍ഷം തീര്‍ക്കുവാന്‍
അതിന്റെ കൈത്തണ്ടയിലൊരൂഞ്ഞാലു കെട്ടിയാടി ഞാനും..

ആടിത്തളരുമ്പോള്‍ ഒരു പുളി താഴേയ്ക്കിട്ടു തന്ന്
നാളെയും വരണമെന്നൊരു മൗനയാത്രാമൊഴി...
...
ഇപ്പൊഴും ഒരു പുളി എനിയ്ക്കായി മാറ്റിവച്ച്
കാത്തിരിക്കുന്നുണ്ടാവാം, വിലവാങ്ങി വിറ്റകന്നതറിയാതെ
എന്റെ മുത്തശ്ശിപ്പുളിമരം..

ദീപക് ജി നായര്‍
കാതില്‍ത്തറച്ച അസ്ത്രം കണ്ണിലൂടെ
ഊരിയെടുത്ത് തലയിണയിലേയ്ക്ക് ചേര്‍ത്തുവയ്ക്കുമ്പോഴും,
ആടിത്തളര്‍ന്നുറങ്ങും മുന്‍പേ ഒരു പകര്‍ന്നാട്ടത്തിനു കൂടി
ഊര്‍ജ്ജം ബാക്കി വയ്ക്കുമ്പോഴും,
ബന്ധങ്ങളെ മൗനത്തിന്റെ
കടിഞ്ഞാണിട്ടു കൂടെ നിര്‍ത്തുന്നുണ്ട് സ്ത്രീ..

ദീപക് ജി നാ‍യര്‍
തെറ്റ് തെറ്റെന്നുരച്ചു കൊണ്ടെപ്പൊഴും
ചുറ്റിലക്കം നിരത്തിപ്പൊതുജനം
ബന്ധുമിത്രാദിയത്രപോരാഞ്ഞ-
ച്ഛനമ്മസോദരീസോദരന്മാരിവര്‍
തെറ്റുചെയ്തിടാതാരുണ്ടുലകിതില്‍?
തൊട്ടറിഞ്ഞവരാണുനാമഗ്നിയെ!
കുറ്റമേറ്റു ഞാന്‍ മാപ്പിന്നിരന്നിടാം
കുറ്റമറ്റതാം മാര്‍ഗ്ഗം തെളിക്കുകില്‍.

ദീപക് ജി നായര്‍
നാടതിന്റെ ജനനായകന്നു മതി
നാരിഴയ്ക്കു ഗതി തെറ്റുകില്‍
നേരതിന്നു മറതീര്‍ത്തുരയ്ക്കു-
മിതുപോലസത്യമിതു സത്യമേ!

ദീപക് ജി നായര്‍
ആകാശത്തുനിന്ന് താഴേക്കിട്ട ഒരു വെള്ളിനൂലില്‍
ഊഞ്ഞാലുടന്നതിനിടെ അറിയാതെ വന്നു വീണതാകാം ഈ കൂട്ടില്‍...

അടുത്ത മഴയില്‍ അതേ വെള്ളിനൂലില്‍ ഒറ്റക്കയ്യാല്‍ ആടി വീണ്ടും തിരികെ പോകണം...

മേഘങ്ങള്‍ക്കിടയിലൂടെ നക്ഷത്രങ്ങളോട് കിന്നാരം പറഞ്ഞ്..

ഒരുമിച്ചൊരു തിരിച്ചുപോക്ക്, ഞാന്‍ സ്വപ്നം കാണുന്നുണ്ട്...

ദീപക് ജി നായര്‍
വരാനിരിക്കുന്ന പകലിനെക്കുറിച്ചുള്ള ആവലാതിയാല്‍ ,
ഒരു സൂര്യബിംബം കണക്കെ നാലുപാടും ചിന്തകളുടേയും ഭയത്തിന്റെയും രശ്മികള്‍ പായിച്ച് , സ്വയം കത്തിയെരിഞ്ഞ് , ഒടുവില്‍ എല്ലാം വെറുതെയായിരുന്നു എന്ന് തിരിച്ചറിയുന്ന സന്ധ്യയില്‍ ഇരുട്ടിന്റ പുതപ്പുമറയില്‍ ശാന്തമായൊരുറക്കം..

ദീപക് ജി നായര്‍
ഹേ വൃക്ഷമേ! വര്‍ഷങ്ങളായി,
ഇരുത്തം വന്ന പുരാവസ്തുഗവേഷകനെപ്പോലെ,
വെയിലിലും മഴയിലും, മണ്ണിന്നടിയില്‍ നീ തിരയുന്നതെന്താണ്..?

മനുഷ്യന്‍ മണ്ണില്‍ കുഴിച്ചുമൂടിയ പുരാതനഭാരതത്തിന്റെ
തലച്ചോറോ ? ഹൃദയമോ?

 ദീപക് ജി നായര്‍
നേര്‍ത്ത ഒരു ചില്ലിന്റെ ഇരുപുറവും രണ്ടു വ്യത്യസ്ത ലോകങ്ങള്‍...!!

രുചിഭേദങ്ങള്‍ക്കായി ദൂരങ്ങള്‍ താണ്ടുന്നവര്‍ ഒരുവശത്ത്...

പശിയൊടുങ്ങാത്ത കുടല്‍സര്‍പ്പങ്ങളുമായി
സ്വപ്നങ്ങളുടെ മകുടിയൂതി തളര്‍ന്നവര്‍ മറുവശത്തും...

ശരിക്കും നാനാത്വത്തില്‍ ഏകത്വത്തിന്റെ കാഹളം മുഴക്കുന്നൂ , വിശപ്പ്...

ദീപക്  ജി  നായര്‍
അഗ്നിസാക്ഷിയായ് വരിച്ചവനെ
അഗ്നിയിലേക്കെടുക്കുന്നു.
നെറ്റിയിലെ സൂര്യന്‍
ഉപ്പുകടലിലൊലിച്ചു പോകുന്നു.
ചിതയില്‍ നിന്നൊരു കൊള്ളി
നെഞ്ചിലേക്കെടുക്കുന്നു
ചിതറിയ സ്വപ്നങ്ങളെ
വിളക്കിച്ചേര്‍ക്കുന്നു..
ഇന്നലെകളെയെല്ലാം ആവാഹിച്ച്
മറവിയില്‍ ബന്ധിക്കുന്നു
നാളെയാം പട്ടം സ്വപ്ന
നൂലതില്‍ കൊരുക്കുന്നു..
നാടകമിതില്‍ വേഷഭാഷകള്‍ പുതുക്കുന്നു
കരിഞ്ഞ കൊമ്പില്‍ പൂക്കള്‍,
പിന്നെയും ചിരിക്കുന്നു
കൊഴിഞ്ഞ പൂവില്‍ മധു 
മധുരം നിറയ്ക്കുന്നു
ദീപക് ജി നായര്‍

Wednesday, January 14, 2015

അസ്തമിക്കാന്‍ സമയമായില്ലെന്ന്
ഉച്ചസൂര്യന്‍, തിളയ്ക്കുന്നു പിന്നെയും
അന്തിമേഘച്ചുവപ്പാറിവിണ്ണിതില്‍
ചന്തിരന്നെഴുന്നെള്ളാന്‍ തിടുക്കമായ്
പുല്ലുതിന്നുമദിച്ചാര്‍പ്പുമായ് ദിനം
തള്ളിനീക്കുന്നിരുകാലികള്‍ ജനം
വാനിലമ്പിളി പൂത്തു നിന്നീടിലും
സൂര്യശോഭ നിറഞ്ഞു നിന്നീടിലും
കാര്യമെന്തെനിക്കെന്നു പഴിച്ചിഹ-
ലോകവാസം കഴിക്കുന്നു സര്‍വ്വരും.

ദീപക് ജി നായര്‍

:) വാക്കുകള്‍ കൈവിട്ടു പോകുന്ന നേരത്ത്
നോക്കിലൂടെന്നെ തിരുത്തുന്ന ശക്തിയി-
ന്നാകാശമേടയിലായിരം താരത്തി‍ലൊ-
ന്നായ് ചിരിച്ചേ തിരുത്തുന്നതിപ്പൊഴും.. :(

ദീപക് ജി നായര്‍