Friday, March 27, 2015

ഭ്രൂണമായുറങ്ങുന്ന മകളേ,  നിനക്കായ് ഞാൻ
ഭൂവിതിൽ ഒരുക്കട്ടെ, കൂരിരുൾ തടവറ
താമരമൊട്ടായ് മുന്നിൽ വിടരും ദിനം കാത്തു
കാത്തു ഞാനിരിക്കുന്നീ കൂട്ടിലിന്നുറങ്ങാതെ
കൂർത്തമുൾനഖം നീട്ടി കഴുകന്മാരീ കൂട്ടിൻ
ചോട്ടിലായ് ഇരിപ്പുണ്ടിന്നാദ്യരോദനം കേൾക്കാൻ.
പേറ്റുനോവാറും മുൻപേ തേറ്റയില്‍ കൊരുക്കാന്‍ചെ-
ന്നായ്ക്കളീയിരുട്ടില്‍ പാര്‍ത്തിരിക്കും നേരം കുഞ്ഞേ
കാട്ടുതീപോലേ, ചുറ്റും പരക്കും കാമത്തിന്റെ
വീട്ടുമുറ്റത്തേക്കാകാം ആഗമിപ്പതും പെണ്ണേ
പകലോനൊപ്പം മനസ്സിരുട്ടില്‍ തളയ്ക്കുന്നോര്‍
തിളപ്പാലുടൽ കൊതിച്ചെത്തിടാമെന്നാലും നിൻ
മനസ്സിന്‍ മതില്‍ക്കെട്ടിന്‍ ചുറ്റിലും കെടാതഗ്നി-
ജ്ജ്വാലയായ് പടര്‍ത്തി, പന്നഗത്തിന്‍ പക നീറ്റി
വിഷത്തിൻ ഫണം നീട്ടി, കഴുത്തിൽ കുരുക്കിക്കണ്‍ -
കോണിലായ്, അവസാനചുംബനം കൊടുക്കുക.
ഭ്രൂണമായുറങ്ങുന്ന മകളേ,  നിനക്കായ് ഞാൻ
ഭൂവിതിൽ ഒരുക്കട്ടെ, കൂരിരുൾ തടവറ
താമരമൊട്ടായ് മുന്നിൽ വിടരും ദിനം കാത്തു
കാത്തു ഞാനിരിക്കുന്നീ കൂട്ടിലിന്നുറങ്ങാതെ.

ദീപക് ജി നായര്‍



  



















 

No comments:

Post a Comment