Sunday, September 10, 2017

ആശയവിത്തു വിതച്ചു മുളച്ചൊരു
അക്ഷരവൃക്ഷമറുത്തവരാരോ
അറിയുക വിത്തുകളിനിയും മണ്ണിൻ
അടിയിൽ നിന്നുമുയർന്നു തളിർക്കും
അടവികളായിരമക്ഷരവൃക്ഷ-
ത്തണലുവിരിച്ചിളതന്നിലുയിർക്കും
ചോരമണക്കുമിടങ്ങളിലെല്ലാം
ചാരുസുമങ്ങൾ വിടർന്നു ചിരിയ്ക്കും

ദീപക് ജി നായർ


ജീവിതചക്രം

നീറിപ്പുകഞ്ഞിരിപ്പുണ്ടു കോലായിലായ്
ഓടിപ്പഴകിയോരസ്ഥികൂടം
കാലമൊന്നൊന്നായ് തിരിച്ചെടുത്തോർമ്മയും,
കാരിരുമ്പൊത്തൊരാ മെയ് മെഴുപ്പും
മനമതിൻ മുൻപേ പറന്നൊരീത്തനുവിലും
മരണം മറഞ്ഞിരിപ്പുണ്ടു നൂനം
പടികടന്നെത്തുന്ന പാശക്കുരുക്കതിൽ
ഉടലുടുപ്പൂരിയിട്ടകലെയെങ്ങോ
ഉയിരിനായ് കാക്കുന്ന മാംസപിണ്ഡത്തി-
ലേയ്ക്കലിയേണമവിടെപ്പിറന്നിടേണം.

ദീപക് ജി നായർ

മറവിതന്നോടാമ്പൽ നീക്കിയെന്നോർമ്മ തൻ
ഇടവഴിയിലൂടെ തിരിച്ചു പോകാം
അറിവിൻ പുലർച്ചയ്ക്കു മുൻപേയിരുട്ടിലൂ-
ടറിയാതെ പിന്നിട്ട വഴിയിലെല്ലാം
മുറിവിൽ നിന്നിറ്റ ചെഞ്ചോരക്കറയ്ക്കു മേൽ
കാലമേ നീ തന്ന മറവി മാത്രം
നട്ടുച്ചവെയിലാറി മങ്ങിത്തണുക്കവേ
നെട്ടോട്ടമോടിത്തളർന്ന ജന്മം
നഷ്ടക്കണക്കിൻ മണൽത്തരികളെണ്ണി
യിന്നസ്തമിക്കുന്നതീക്കണ്ണുനീരിൽ.

ദീപക് ജി നായർ

Monday, September 4, 2017

ഗുരുദിന സ്മരണ

ഗുരുപദമതിലൊരു ദക്ഷിണവച്ചി-
ട്ടറിവിൻ പാതയിലനവധി വർഷം;
കണ്ടുമറിഞ്ഞും, കഥകൾ പറഞ്ഞും
കാണാത്തതിനായ് തേടിയലഞ്ഞും,
പലവുരു വീണും,  പതിയെ നടന്നും
പലവഴി ചേർന്നും,  ചിലതു പിരിഞ്ഞും
ചിരികളി തന്നിലലിഞ്ഞുമൊരല്പം
പരിഭവഭാവമുണർന്നുമകന്നും
പടികളിറങ്ങും വരെയൊരു തുണയായ്
അരികിലണച്ചു നയിച്ചൊരു ഗുരുവിൻ
പാദുകപൂജയതൊന്നാണിഹപര-
ലോകത്തേറ്റം പരമമതത്രേ!!

ദീപക് ജി നായർ

Sunday, September 3, 2017

കാളിയമ്മ

കറുത്തിരുണ്ട നീലരൂപമെന്നുമെൻ മനസ്സിതിൽ
കുരുത്തുണർന്നു കാളിരൂപമായ് നിറഞ്ഞു നില്ക്കണേ
തളിർത്തിടുന്നൊരാശയുള്ളിലമ്മയെ ഭജിക്കുവാൻ
തളർന്നിടാതെയീശ്വരീകടാക്ഷമെന്നുമേൽക്കണേ
പരംപൊരുൾ പദാംബുജത്തിലെന്നുമേ വസിക്കുവാൻ
പരാശ്രയത്തിനമ്മയെന്നു ഭക്തിയാൽ നിനയ്ക്കണം
അസത്യസത്യമൊന്നുതന്നെയന്തവും അനന്തവും
അജങ്ങളും ഗജങ്ങളും ചരാചരങ്ങളൊക്കെയും
അർത്ഥവും അനർത്ഥവും അനാദിയാദിയത്രയും
അറിഞ്ഞതും പറഞ്ഞതും അറിഞ്ഞിടാതുഴന്നതും
നിറഞ്ഞതും ഒഴിഞ്ഞതും കഴിഞ്ഞതും വരുന്നതും
ജനിച്ചതും മരിച്ചതും ജനിക്കുവാനിരിപ്പതും
അഹത്തിലും പരത്തിലും നിറഞ്ഞ സത്യമൊന്നു നീ
അഹന്തയാറ്റിയുണ്മയെ തെളിച്ച ദീപമാണു നീ.

ദീപക് ജി നായർ

ചിന്തകൾ

ഇളകിത്തെറിക്കാതടക്കുവാനാകുമോ
ഇടവിട്ടു വഴിതെറ്റുമെൻ ചിന്തയത്രയും
കുടയുവാനായുമ്പോളായിരം ചിന്തകൾ
കുതിരപോലോടിക്കിതയ്ക്കുന്നു പിന്നെയും
നിലവിട്ട നിനവുകൾ നുരയിട്ടകത്തളത്തി-
ഴയുന്നിരുട്ടിൽച്ചരിക്കുന്ന ചക്രിപോൽ.
തിരയടിച്ചാർക്കുന്ന കടലായുമാർദ്രമാ-
യൊഴകിപ്പരക്കുന്നിളം കാറ്റു പോലെയും
നേരദൂരങ്ങൾക്കുമപ്പുറത്തെവിടെയോ
നേരൊന്നു തേടി തളർന്നൊരെൻ ചിന്തകൾ.

ദീപക് ജി നായർ

ഇല്ലെനിക്കവകാശവാദങ്ങളെല്ലാം വെറും
കർമ്മവും പ്രാരാബ്ധവുമെന്നു ഞാൻ നിനയ്ക്കട്ടെ
ആദ്യശ്വാസം തൊട്ടന്ത്യ നിശ്വാസമെത്തുവോളം
ആരൊരാളദൃശ്യനായ് പാരിതിൽ നയിക്കുന്നൂ
ആരുമില്ലാതൊറ്റയ്ക്കു ഭൂവിതിൽ പിറന്നതും
ആരെയും നോക്കാതെങ്ങു നോക്കി നാം ചിരിച്ചതും
ആരുതൻ കരം പിടിച്ചേറെ നാളാകും മുൻപേ
ഓടി നാം കളിച്ചതും,  ഓർമ്മകൾ ജനിച്ചതും
താൻ മൂലമെന്നേ വൃഥാ തോന്നിടാമഹന്തയാൽ
ഞാൻ പോലുമസത്യമാണെന്നറിഞ്ഞീടും വരെ.

ദീപക് ജി നായർ

ഒപ്പത്തിനൊപ്പമെന്നല്ലെന്നു ചൊല്ലാം
ഒക്കുന്നതിന്നൊപ്പമാകേണമെല്ലാം

ദീപക് ജി നായർ

ഓണം ഓർമ്മകളിൽ


കാണം കൊടുത്തും ചിരിച്ചൊരോണം
കോരനായ് കുമ്പിൾ നിറച്ചൊരോണം
കണ്ണിൽ നിന്നുപ്പിറ്റു വീണൊരോണം
മണ്ണിൽ വിതച്ചു മെതിച്ചൊരോണം
തമ്മിൽ പറഞ്ഞു ചിരിച്ചൊരോണം
തല്ലിപ്പിരിഞ്ഞു കരഞ്ഞൊരോണം
അച്ഛന്റെ മടിയിലിരുന്നൊരോണം
അച്ഛന്നു തിരിതെളിച്ചെത്രയോണം
വേണം, നമുക്കു പൊന്നോണമെന്നും, മന-
ക്കോണില്‍മണക്കുന്നൊരോര്‍മ്മയോണം.

ദീപക് ജി നായര്‍