കാമം
കുഞ്ഞുവയർ വിശന്നേങ്ങിക്കരഞ്ഞിടും
കുഞ്ഞിനെ തോളിലുറക്കി മെല്ലെ
കാലണയ്ക്കായി കരം നീട്ടിയാനിര-
ത്താകവേ കാൽ വലിച്ചേന്തി നീങ്ങും
കാതരയാണവളമ്മയാണാമനസ്സാ-
കവേ നീറുന്ന കനവു മാത്രം
ചേല തൻ തുമ്പാൽ തടുത്തവൾ
മാറിലേക്കാഴ്ന്നിറങ്ങുന്നെത്ര കൂരമ്പുകൾ
ഒട്ടിയാവയറുകൾ കാണാതെ കണ്ണുകൾ
തെറ്റി തെറിക്കുന്നിടങ്ങളെല്ലാം
കാണാതെ കണ്ടവൾ നാണം മറയ്ക്കുവാൻ
കീറിയ ചേല വലിച്ചൊതുക്കി
നാണയത്തുട്ടിനായ് നീട്ടിയാക്കൈകളിൽ
നാണമില്ലാതവർ തൊട്ടു മെല്ലെ
നാരിയല്ലെങ്കിലും സാരിയുടുക്കുകിൽ
കാമം മുളയ്ക്കുന്ന കാട്ടുജന്മം!
ദീപക് ജി നായര്‍
No comments:
Post a Comment