കണികണ്ടുണര്‍ന്നൊരാ മേടപ്പുലരികള്‍
കര്‍ണ്ണികാരത്തിന്റെ കനകമണിമുത്തുകള്‍
കണിവിളക്കിന്‍ തിരി, തീപ്പെട്ടിക്കോലുകള്‍
കണിയാക്കി, തിരി തെളിച്ചമ്മ വിളിപ്പതും
കാത്തു കിടന്നൊരാ സുന്ദര രാത്രികള്‍.
കണി,കണിയെന്നും പറഞ്ഞമ്മ കണ്‍കളില്‍
കൈവിരല്‍ ചേര്‍ത്തു മറച്ചുകൊണ്ടെന്നെയാ
കണിവിളക്കിന്‍ മുന്നിലേക്കു നയിച്ചതും ,
പ്രപഞ്ചപ്രതീകമാം ഓട്ടുരുളി തന്നിലായ്
നിറയുന്ന കാലപ്പുരുഷ രൂപത്തിന്റെ
തലയിലായ് മിന്നുന്ന കൊന്നക്കിരീടവും
കണിവെള്ളരിച്ചേലുനിറയുന്ന പൂമുഖം
കണ്ണിന്‍ തിളക്കമായ് കത്തുന്ന തിരികളും
മനസ്സായ് തെളിഞ്ഞിടും വാല്‍കണ്ണാടിയും
വാക്കുകള്‍ വഴിയുന്ന ഗ്രന്ഥങ്ങളും
കാണാതെ കണ്ടു ഞാന്‍, തൊഴുതൂ നിന്നൂ,ഇടം
കണ്ണാല്‍ തിരഞ്ഞെന്റെ കാലണക്കൈ
നീട്ടം അമ്മ തന്‍ കൈകളില്‍ പിന്നെയും പിന്നെയും
കണ്ണുനീര്‍ വീണു നനഞ്ഞോരാ തുട്ടതില്‍
കണ്ണുപായിച്ചന്നു നോക്കി ഞാന്‍ നിന്നതും
മധുരം പൊതിഞ്ഞോരു വര്‍ണ്ണക്കടലാസിന്‍
നിറമെന്റെ ചുണ്ടിലൊരു ചിരിയായ് വിരിഞ്ഞതും
അയലത്തെ കൂട്ടുകാര്‍ അരികത്തു വന്നെന്റെ
അയവുള്ള നിക്കറിന്‍ തുളവീണ കീശയില്‍
അരുമയായ് ഒരുപിടി ഉപ്പേരി ഇട്ടതും
ഒരു തുണ്ട് മെഴുതിരിത്തുമ്പില്‍ മനസ്സിലെ
കനലു കൊളുത്തിപ്പകര്‍ന്ന തീച്ചൂടില്‍ വെന്ത
ലറിപ്പിളര്‍ന്നിടും ഓലപ്പടക്കത്തിനിടയില്‍ -
നിന്നെരിയാപ്പടക്കം തിരഞ്ഞതും ,
തെളിയുന്നിതോര്‍മ്മയില്‍ മാത്രം വിഷുക്കണി
നിറയുന്നു കണ്‍കളിൽ നനവായി മാത്രം
ദീപക് ജി നായർ

No comments:
Post a Comment