Saturday, September 21, 2013

ഓർമ്മ പുസ്തകം

ഓർമ്മ പുസ്തകം 

പൊടികൊണ്ടു മൂടിയ പുസ്തകക്കെട്ടുകൾ 

പൊടി തട്ടിയോരോന്നടുക്കി വയ്ക്കേ 

ഇടയിൽ മറഞ്ഞിരുന്നോർമ്മകൾ നെയ്യുന്ന 

മഴമേഘനിറമുള്ള പുസ്തകത്തിൽ 

നിറമുള്ള നാളുകൾക്കവസാന സന്ധ്യയിൽ 

നിറകണ്ണിനാൽ നീ കുറിച്ച വാക്യം 

മഷി പടരാതിത്ര നാളുകൾക്കിപ്പുറം 

നനവു പടർത്തുന്നൊരോർമ്മകളായ് 

 ഇനിയെന്നു കാണുമെന്നെഴുതി വച്ചപ്പൊഴും 

അറിയാതെ പോയൊരീ പരമ സത്യം 

അതിനിപ്പുറം നമ്മൾ  കണ്ടതില്ലിതു വരെ 

ഇനിയെന്നു കാണുമെൻ കൂട്ടുകാരാ 


ഒരു വാഴയിലയിൽ പൊതിഞ്ഞുച്ചഭക്ഷണം 

ഒരുമിച്ചു പങ്കിട്ടെടുത്ത നാളിൽ 

എന്നിൽ തിളച്ച തീ  വേനലിൽ കുളിരുള്ള

 കാറ്റായി വീശിപ്പൊതിഞ്ഞ നാളിൽ  

മഴയത്തു വഴികളിൽ  നിറയുന്ന ചെളിവെള്ള

ക്കുഴികളിൽ കാലിട്ടടിച്ചു കളിച്ചതും 

ഉയരമുള്ളൊരു നാട്ടുമാവിൽ നിറഞ്ഞുള്ള 

മധുരമാം മാമ്പഴം കല്ലെറിഞ്ഞും 

ഒടുവിൽ പുളിയാണു,  മധുരമില്ലെന്നോതി 

മനസ്സിൽ കരഞ്ഞു പിൻവാങ്ങിടുമ്പോൾ 

പറയാതെയെൻ മനമറിഞ്ഞു നീ മാവിന്റെ 

ഉയരത്തിൽ   നെഞ്ചുരച്ചേഞ്ഞു കേറി 

പുളിയുള്ള മാങ്ങയിൽ മധുരം നിറച്ചു നീ 

ചിരിയോടെ കൈയ്യിലേക്കിട്ടു  നല്കി 

എന്നുമെൻ നിഴലായി നീയും നിനക്കു ഞാൻ

തണലുമായിക്കഴിഞ്ഞെത്രയോ നാളുകൾ 

ഇന്നു തുറന്നോരീ  ഓർമ്മക്കുറിപ്പിലൂടെന്നെ 

നോക്കിച്ചിരിതൂകി നീ നില്ക്കവേ 

ഇനിയെന്നു കാണുമെന്നൊരു ചോദ്യമുയരവേ 

എന്നും നിനക്കെന്റെ ഭാവുകങ്ങൾ 


ദീപക് ജി നായർ 
 

No comments:

Post a Comment