Tuesday, September 10, 2013

മുത്തശ്ശി

മുത്തശ്ശി 

ഭസ്മം മണക്കുന്നുവോ !

കണ്ണുകളടച്ചോരെൻ നെറ്റിത്തടത്തിൽ

കത്തുന്ന തിരിനാളം,

കാതുകളിൽ നാമജപമന്ത്രണം  


കാറ്റിലലിഞ്ഞൊരു തുളസിക്കതിർ മണം 

എന്റെ മുടിയിഴകളിൽ, നെറുകയിൽ 

പരതുന്ന വിരലുകൾ,  

തുപ്പൽക്കറ കോറിയിട്ട ചുവന്ന ചിത്രങ്ങൾ 

ഭസ്മം മണക്കുന്നുവോ !


കോടിമുണ്ടിൻ മണം മാറാതടുക്കിയ 

മൂടിപൊട്ടിയോരാമരപ്പെട്ടികൾ 

കരകരായെന്നു കരഞ്ഞിടാറുള്ളൊരാ 

കയർ വലിച്ചിഴ ചേർത്ത കട്ടിലും 

കഥകൾ കേട്ടു കേട്ടു മയങ്ങിയ 

കനവുകുത്തി നിറച്ചൊരാ രാത്രികൾ 

പുകയിലമണം പേറും  കറുത്ത കമ്പളം 

മെലിഞ്ഞ കൈ ചേർത്തു വരിഞ്ഞ,

സ്നേഹാമൃതുവറ്റാത്ത  മാറിടം 

ഭസ്മം മണക്കുന്നുവോ !


ഭിത്തിയിൽ മണമറ്റ പൂമാല ചാർത്തിയ 

ചിത്രമായിപ്പൊഴും ചിരി തൂകി നില്ക്കവേ   

ഭസ്മം മണക്കുന്നുവോ !


ദീപക് ജി നായർ 
 

No comments:

Post a Comment