Saturday, October 12, 2013

ബാല്യം

ബാല്യം

പുഞ്ചപ്പാടത്തു കൊയ്ത്തു കഴിഞ്ഞു
 
പുന്നെല്ലിന്‍ മണമെങ്ങും നിറഞ്ഞു
 
തൂശനിലകള്‍ നിലത്തു നിരത്തി
 
തുമ്പപ്പൂപുത്തരിച്ചോറു വിളമ്പി
 
 
പുഞ്ചപ്പാടത്തു കൊയ്ത്തു കഴിഞ്ഞില്ല

പുന്നെല്ലിന്‍ മണമെങ്ങും നിറഞ്ഞില്ല

തൂശനിലകള്‍ നിലത്തു നിരത്തീല

തുമ്പപ്പൂപുത്തരിച്ചോറു വിളംബീല
 
 
കേരം തിങ്ങുന്ന കേരള നാട്ടില്‍
 
കോരനു കുമ്പിളില്‍ കഞ്ഞി നിറഞ്ഞേ
 
 താളത്തില്‍  തുള്ളുന്നോരോളപ്പരപ്പില്‍
 
ഓടങ്ങളാടി തിമിര്‍ത്തു തുഴഞ്ഞേ
 
 
കേരം തിങ്ങിയ  കേരള നാടില്ല

കോരനു കുമ്പിളില്‍ കഞ്ഞി നിറഞ്ഞീല  

താളത്തില്‍ തുള്ളുന്നോരോളപ്പരപ്പില്ല

ഓടങ്ങളാടി തിമിര്‍ത്തു തുഴഞ്ഞീല
 
 
പിഞ്ചുകരങ്ങള്‍ പിടിച്ചു കൊണ്ടച്ഛന്‍
 
കൊണ്ടുനടന്നൂ തറവാട്ടിലെങ്ങും
 
ഇലഞ്ഞി തണലു വിരിച്ചോരാ മുറ്റത്ത്
 
ഉഞ്ഞാലു കെട്ടിയോരാ പുളിങ്കൊമ്പും  
 
 
പിഞ്ചുകരങ്ങള്‍ പിടിച്ചതില്ലച്ഛന്‍

കൊണ്ടുനടന്നില്ല, തറവാടുമില്ല

ഇലഞ്ഞി തണലു വിരിക്കാത്ത  മുറ്റത്ത്

ഉഞ്ഞാലു കെട്ടിയോരാ  പുളിങ്കൊമ്പില്ല
 
 
കാലം മായ്ക്കാത്ത കാലമെന്‍ ബാല്യം

കാലത്തിനിപ്പുറം തേങ്ങുന്ന  മൂല്യം ‍
 

No comments:

Post a Comment