തിരിച്ചു പോക്ക്
--------------------------------------------------------
വീണ്ടുമീ മണ്ണിന്‍ മധു
നുകര്‍ന്നീടുവാന്‍
വേദാന്ത ഭൂവിന്‍ മധുരം
രുചിക്കുവാന്‍
വേദനകളെല്ലാം മറന്നു പറന്നെന്റെ
വേരുകള്‍ തേടി അണയുന്നതിന്നു
ഞാന്‍
ആകാശ നീലിമയ്ക്കപ്പുറം പായുന്ന
മേഘത്തിരകള്‍ക്കു മേലെയെന്‍
നാടിന്റെ
നാടിമിടിപ്പിനായ് കാതോര്‍ത്തു;
മാത്രകള്‍
നാഴിക പോലെ നിരങ്ങി നീങ്ങുന്നുവോ?
മറവി തന്‍ മച്ചകത്തെന്നോ അടച്ചിട്ട
മധുരമെന്‍ ബാല്യത്തിനോര്‍മ്മകളത്രയും
മറനീക്കി മെല്ലെ തെളിഞ്ഞൂ, നിലാവിലെ
മധുചന്ദ്രരൂപം വിടര്‍ന്ന
പോല്‍, മനമിതില്‍.
കാവിലെ സര്‍പ്പത്തറയ്ക്കു
മേല്‍ തിരിവച്ചു
കാലങ്ങള്‍ മുന്‍പേ പറന്നതാണീക്കിളി
കോമരം തുള്ളുന്ന കോവിലില്‍
നിത്യവും
കോലങ്ങള്‍ കണ്ടു വളര്‍ന്നതാണീക്കിളി
പാടവരമ്പിലിരുന്നു കൊണ്ടെത്രയോ
പാട്ടുകള്‍ പാടി പഠിച്ചതാണീക്കിളി
കാടിന്‍ തണുപ്പു പുതച്ചുകൊണ്ടെത്രയോ
കാട്ടാറില്‍ മുങ്ങിക്കുളിച്ചതാണീക്കിളി
കരയോടു തലതല്ലി നൊമ്പരം പറയുന്ന,
തിര തിന്ന കര തന്റെ ആന്തരം
തേടുന്ന,
തിര തീര മുകളില്‍ പറന്നിരതേടുന്ന
കടലമ്മ പോറ്റിയ
കിളിയായിരുന്നു ഞാന്‍.
കനവുകള്‍ കൊത്തിപ്പെറുക്കി, എന്‍ നാടിന്റെ
നനവിതു കാണാതെ അക്കരപ്പച്ചകള്‍
മനസ്സില്‍ നിറച്ചു പറന്നതാണന്നു നിന്‍
പിന്‍വിളിയലിഞ്ഞൊരു സന്ധ്യയിലഹന്തയാല്‍..
തേടിയതൊന്നുമേ കാണാതെ കണ്ണുനീര്‍
ഊറ്റിക്കുടിച്ചു കഴിച്ചൊരാ രാത്രികള്‍
കാലം പറന്നെത്ര വേഗം, മനസ്സിലും
കാമാര്‍ത്തി മെല്ലെ കരിഞ്ഞതില്ലേ സ്വയം
വീണ്ടുമെന്‍ നാടിന്റെ നാദലയങ്ങളെ
തേടിപ്പറന്നു വരുന്നതാണിന്നു ഞാന്‍
വേദനകളെല്ലാം മറന്നു കൊതിച്ചെന്റെ
വേരുകള്‍ തേടി അണയുകയാണു ഞാന്‍
ദീപക് ജി നായര്‍
No comments:
Post a Comment