പഴമയുടെ പുതുമ
-----------------------------
രാത്രി ചോദിക്കുന്നിതെന്നോട് പിന്നെയും
ആർത്തനായെന്തിനിരിക്കുന്നിതെപ്പൊഴും
കൂരിരുൾ തിങ്ങി നിറഞ്ഞൊരീ പാതയിൽ
ശാപരൂപിപോലെത്രവർഷങ്ങളായ്
മാറാലകെട്ടിയ മനസ്സുതൻ, പ്രതിരൂപമാർന്നു
പിഞ്ചിയ കമ്പിളി പുതച്ചു നീ...?
കാർന്നു തീർന്ന കരൾച്ചില്ലമേല്‍ സ്വപ്ന -
ക്കൂടൊഴിച്ചു പറന്നു പോയ് പൈങ്കിളി.
കാടൊഴിഞ്ഞു പോയ്, കാട്ടാറുറഞ്ഞു പോയ്
കാലവീചിയില്‍ കെട്ടുകളുടഞ്ഞുപോയ്
പാതയോരത്തിനേകാവകാശിപോൽ
പാതികൂമ്പിക്കുഴിഞ്ഞ കണ്‍കോണിലായ്
നീട്ടിവച്ച നിലവിളക്കിൻ തിരി നാള-
മൊന്നു പടർന്നെരിയുന്നുവോ ...?
അനന്തശയനം കണക്കെക്കിടന്ന നിന്‍
അരികില്‍ നാറും തുണിക്കീറുതന്നിലായ്
എറിഞ്ഞു വീഴുന്ന തുട്ടുകള്‍ കാണാതെ
എരിഞ്ഞു കത്തുവതെന്തിനായ് നിന്നകം
കടന്നു പോകുവതൊക്കെ പുതുമകള്‍
പഴമ കാത്തു നിന്‍ ദേഹം മരിപ്പിനായ്
ചിതയൊരുക്കി കൊതിക്കുന്ന നെഞ്ചകം.
ഉലകമെത്ര തിരിഞ്ഞുപോയ്, ആയിരം
ഉയിരു പോയ്‌വന്നു പിന്നെയും പിന്നെയും
മാസചക്രം മുറിഞ്ഞ ഋതുക്കളും
മാറി മാറിക്കനിഞ്ഞു, കടന്നു പോയ്
ഭൂതകാലത്തിന്റെ അസ്ഥികൂടം പേറി
കാത്തിരിക്കുന്നു നീയെന്തിനായിപ്പൊഴും.
കാലമേ, പറയട്ടെ നിന്‍ ഭ്രാന്തവേഗത്തില-
ടിതെറ്റിയലയുന്ന പഴമയാകുന്നു ഞാന്‍!
ഒരു പുല്‍ക്കൊടിത്തുമ്പിലഭയം കൊതിച്ചുകൊ-
ണ്ടൊഴുകട്ടെ നിന്‍ പാപതിരകള്‍ക്കു മീതെയായ്.
ഇനിയും മരിക്കാത്ത ഭൂതകാലത്തിന്റെ
ഇഴകള്‍ വലിച്ചു ചേര്‍ത്തിയലും സുഖത്തിനായ് ..
ദീപക് ജി നായര്‍

No comments:
Post a Comment