വർഷമെത്രയോ കാത്തിരുന്നുത്സവ -
ഹർഷമോടെ നിൻ നടയിലെത്തീടുവാൻ
തർഷമെന്നിൽ നിറച്ചൊരെന്നംബികേ
കൂടശ്ശേരി ഭഗവതീ കൈതൊഴാം.
നാടുവിട്ടന്യ നാട്ടിൽ കഴിഞ്ഞൊരീ
നാളിതത്രയും നേർവഴി തന്നിലായ്
നാട്ടുവെട്ടം തെളിച്ചൂ നയിച്ചൊരെൻ
കൂടശ്ശേരി ഭഗവതീ കൈതൊഴാം.
കൂരിരുട്ടിലൂടൊറ്റയ്ക്കു ജീവിതം
കൂട്ടിമുട്ടിയ്ക്കുവാനായ് ചരിക്കവേ
കൂട്ടുവന്നിരുൾ മാറ്റി തുണച്ചൊരെൻ
കൂടശ്ശേരി ഭഗവതീ കൈതൊഴാം.
കാലദൂരങ്ങളില്ലാതനുഗ്രഹം
കാരണങ്ങൾക്കതീതമായ് നല്കിയ
കാളിയമ്മ തൻ പാദപത്മങ്ങളിൽ ,
കൂടശ്ശേരി ഭഗവതീ കൈതൊഴാം.
കാളിയും, ഭുവനേശ്വരിദേവിയും
കാവിലമ്മയായ് , ഒറ്റ ശ്രീകോവിലിൽ
കാലദോഷങ്ങളെല്ലാമകറ്റുന്ന
കൂടശ്ശേരി ഭഗവതീ കൈതൊഴാം
ദീപക് ജി നായർ
No comments:
Post a Comment