Sunday, August 5, 2018

ഒരു യാത്ര പോകണം സായന്തനത്തിന്റെ
ചോരച്ചുവപ്പു വിരിച്ചതാം വീഥിയിൽ
മൗനമൊരു കാർമേഘമായുറഞ്ഞാകാശ-
മെന്തിനോ വേണ്ടി വില പേശിനില്ക്കുന്നിതാ
പെയ്യാതിരിക്കുവാനാകുമോ നീയെന്റെ കണ്ണിലെ കടലാഴമറിയുന്നതല്ലയോ
ചെന്താമരക്കവിളിലുമ്മ വയ്ക്കുന്നുണ്ടു
ചൊല്ലാതെ ചൊല്ലിത്തലോടും കടൽത്തിര.
കല്ലായ് ഉറഞ്ഞ നിൻ കണ്ണുനീർത്തുള്ളികൾ
വല്ലാതെ നോവുന്നു നെഞ്ചകം തന്നിലായ്
കാണാമറയത്തിരുന്നു കൈനീട്ടി നീ
മാടിവിളിക്കുന്നുവെങ്കിലും, പോരുവാൻ
നേരമായില്ലെന്നു ചൊല്ലുന്നു ചാരെ വന്നോ-
ടിക്കളിക്കുന്ന പൈതൽ തൻ പുഞ്ചിരി.

ദീപക് ജി നായർ

No comments:

Post a Comment