നീ ഒരു താരമായ്
രാത്രി തന്നാഴത്തിലാണ്ടുപോകും മുൻപേ
യാത്ര ചോദിക്കുന്നു സൂര്യകാന്തം
നൂറായിരം തളിർ വെറ്റില തിന്നു
ചുവന്നോരാചെഞ്ചുണ്ടിതൾ കറുക്കെ
തിങ്കൾത്തിരുമുടിക്കെട്ടഴിച്ചെങ്ങും
നിലാവിന്റെ നീലിമ നിറഞ്ഞു നിൽക്കെ
വിണ്ണിൽവന്നെന്നോടു കണ്ണിറുക്കിക്കൊണ്ടു
കള്ളപ്പരിഭവം കാട്ടി നിന്നോ
ഇത്ര ദൂരത്തേക്കു പോയതെന്തേ-യെന്നെ
യിത്ര നാളായ് വിളിക്കാത്തതെന്തേ
എന്നെത്തഴുകിക്കടന്നു പോമീക്കാറ്റു
നിന്നിലെക്കണയുമോയിപ്പോഴെങ്ങും
നിൻകളിക്കൂട്ടുകാരെത്രപേരാണിതൊ
ന്നെണ്ണിയെടുക്കുവാനാവതില്ല !
മെല്ലെ തുറന്നിടാമീജനൽപ്പാളി, നിന്നുണ്ണി -
യുറക്കമായ്ക്കണ്ടുവോ നീ
നിന്മണംമാറാത്തോരീ നിലാച്ചേലയിലെൻ
മുഖമമർത്തിയുറങ്ങിടട്ടെ ...........
ദീപക് ജി നായർ

No comments:
Post a Comment