Saturday, March 31, 2018

മകളേ നിനക്കായ്

പിൻതിരിഞ്ഞൊന്നു നോക്കാതെയന്നു നീ
പിന്നിലെ പടിവാതിൽ കടന്നിരുൾ-
പാതയോരത്തു കാത്ത പ്രേമത്തിന്റെ
പാനപാത്രം കുടിച്ചു വറ്റിച്ച നാൾ

നാലുമിഴികളിൽ തോർന്നതില്ല, മഴ
ക്കാറു തിങ്ങിയ മാനമായ് നെഞ്ചകം
നാലുചുവരുകൾക്കുള്ളിൽ ദുഃഖത്തിലും
നാമമന്ത്രം നിനക്കായ് ജപിച്ചവർ.

കനവുകയറിനാലൂഞ്ഞാലു കെട്ടി നീ,
കതിരു കൊയ്യുവാൻ വിത്തെറിഞ്ഞപ്പൊഴും
കപടകാമാഗ്നി തൻ കാട്ടുതീയതിൽ
സകലമോഹവും ചുട്ടെരിഞ്ഞപ്പൊഴും

തിരികെ വഴികളിൽ മിഴിനട്ടിരുന്നവർ
പരിഭവത്തിന്റെ കെട്ടഴിക്കാത്തവർ
കനൽ ചവിട്ടി നില്ക്കുമ്പൊഴും, മക്കൾക്കു
തണൽ വിരിക്കാൻ കൊതിക്കും മനസ്സുകൾ.

ദീപക് ജി നായർ

No comments:

Post a Comment