Sunday, November 3, 2013

ചുവന്ന ചിന്തകള്‍

ചുവന്ന ചിന്തകള്‍

നെഞ്ചിലെക്കൂടിന്നു  മുകളിലായിന്നലെ

ഇരുളില്‍ പതുങ്ങിയെറിഞ്ഞു നീ നല്‍കിയ

ചെമ്പരത്തിപ്പൂവിതള്‍തന്‍ ചുവപ്പും

കണ്‍കളില്‍ കനലുകളെരിച്ചു നീ കാത്തൊരാ

പക പുകയും ആല തന്‍ വറുതിച്ചുവപ്പും

പ്രിയസഖി എനിയ്ക്കായി മാത്രം വിരിയിച്ച

പനിനീരിലുറയുന്ന പ്രേമചുവപ്പും

 പ്രണയ പ്രതീകമായ് നെറ്റിയിലവള്‍ തൊട്ട  

മായുന്ന കുങ്കുമപ്പൊട്ടിന്‍ ചുവപ്പും

ചന്ദനമുട്ടികള്‍ ആര്‍ത്തി പൂണ്ടപ്പാടെ

ചുറ്റിപ്പിണയ്ക്കുന്നൊരഗ്നിച്ചുവപ്പും

കതിരിടും മുന്‍പേയെന്‍  കനവുകളത്രയും

കൊത്തിപ്പറന്നോരാ കഴുകന്റെ ചുണ്ടിലായ്

ഇനിയുമുണങ്ങാതെ നുണയവേ, ഇറ്റുന്ന

ചൂടു മാറാത്തൊരെന്‍ ചോരച്ചുവപ്പും

കരഞ്ഞു കൊണ്ടെത്തി, ഞാനൊരുപാട് കരയിച്ചു

പിരിയവേ‍, അമ്മതന്‍ മനസ്സിലെ നൊമ്പരം തുള്ളുന്ന,

കോമരക്കോലങ്ങള്‍  കെട്ടുന്ന പട്ടിന്‍ ചുവപ്പും

തെളിയാം,  ചുവപ്പായി ഇനിയുമാ വാനില്‍ ഞാന്‍

ചുവപ്പ് മാത്രം പൂക്കുമീ  മണ്ണിന്നു സാക്ഷിയായ്
 

No comments:

Post a Comment