Sunday, January 11, 2009

പശ്ചാത്താപം

പശ്ചാത്താപം

മൗനമാം നിന്‍ തേങ്ങലറിയുന്നു ഞാന്‍
നിന്‍റെ കരളിന്‍ പിടച്ചിലുമറിയുന്നതിന്നു ഞാന്‍
കരയാതെ കരയുന്ന കടലായിരുന്നു നീ

കഥയിലെ കനവറ്റ കനിവായിരുന്നു നീ
കാലങ്ങളേറെ നീ കാത്തു സൂക്ഷിച്ചൊരാ
സ്നേഹ ഗര്‍ഭത്തിന്റെ നോവറിഞ്ഞീല ഞാന്‍
നീറുന്ന പുകമണം പേറുമാ ചേല തന്‍
നേരും നേറിവുമറിഞ്ഞതില്ലന്നു ഞാന്‍
നല്ലത് വരുത്തുവാന്‍ നാമം ജപിച്ച നിന്‍
നാവിന്‍റെ നന്മയുമറിഞ്ഞതില്ലന്നു ഞാന്‍

നിന്നില്‍ കുരുക്കാത്ത എന്നെയും കാത്തു നീ
കണ്ണില്‍ തെളിഞ്ഞൊരാ സൂര്യ പ്രതീക്ഷയില്‍
എണ്ണിക്കഴിഞ്ഞെത്ര നാളുകള്‍ രാത്രികള്‍..
പുണ്യമാണെന്ന് കരുതി നീ നീട്ടിയാ
നെയ് വിളക്കൂതി കെടുത്തിയെന്‍ ഭാവവും..
കൈകളാലന്നു നീ മാറത്തു ചേര്‍ത്തുകൊണ്ടെന്‍
കാതില്‍ മന്ത്രിച്ച മധുരമാം വാക്കുകള്‍..
അറിയുന്നതിന്നു ഞാന്‍ അകമഴിഞ്ഞാണു നിന്‍
അലിവിനായ് കേഴുന്നതറിയുകെന്‍ പുണ്യമേ


ദീപക് ജി നായര്‍ 

No comments:

Post a Comment